Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കേരളത്തിന്റെ നിത്യയൗവനം ദേശീയ യുവജന ദിനത്തിൽ രാമലീല മൈതാനത്തിൽ എന്ന് പറഞ്ഞ് ഒ രാജഗോപാലിനെ സ്തുതിച്ച് ബിജെപി ജനറൽ സെക്രട്ടറി പോസ്റ്റിട്ടാൽ വിവാദമാകുമോ? രാജഗോപാലിന്റെ പിന്നിലിരുന്ന് ഉറങ്ങുന്ന പിഎസ് ശ്രീധരൻ പിള്ളയാണ് യഥാർത്ഥ ഉന്നമെന്ന് സൂചിപ്പിച്ച് ഒരു വിഭാഗം രംഗത്ത്; ആർഎസ്എസ് പ്രചാരകനായ എം ഗണേശിന്റെ പോസ്റ്റ് ബിജെപിയിൽ പുതിയ കലാപത്തിന് വഴി തുറന്നപ്പോൾ

കേരളത്തിന്റെ നിത്യയൗവനം ദേശീയ യുവജന ദിനത്തിൽ രാമലീല മൈതാനത്തിൽ എന്ന് പറഞ്ഞ് ഒ രാജഗോപാലിനെ സ്തുതിച്ച് ബിജെപി ജനറൽ സെക്രട്ടറി പോസ്റ്റിട്ടാൽ വിവാദമാകുമോ? രാജഗോപാലിന്റെ പിന്നിലിരുന്ന് ഉറങ്ങുന്ന പിഎസ് ശ്രീധരൻ പിള്ളയാണ് യഥാർത്ഥ ഉന്നമെന്ന് സൂചിപ്പിച്ച് ഒരു വിഭാഗം രംഗത്ത്; ആർഎസ്എസ് പ്രചാരകനായ എം ഗണേശിന്റെ പോസ്റ്റ് ബിജെപിയിൽ പുതിയ കലാപത്തിന് വഴി തുറന്നപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിന്റെ നിത്യയുവത്വവും ദേശീയ യുവജന ദിനത്തിൽ രാമലീല മൈതാനത്തിൽ എന്ന് പറഞ്ഞ് ഒ രാജഗോപാലിനെ സ്തുതിച്ച് പോസ്റ്റിട്ട ബിജെപി ജനറൽ സെക്രട്ടറി എം ഗണേശ് ഉന്നമിട്ടത് ബിജെപിയുടെ അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ളയെയോ? ശബരിമല സമരത്തിന്റെ പേരിലെ വിവാദങ്ങൾക്കും ഗ്രൂപ്പ് പോരുകൾക്കും പുതിയ മാനം നൽകുകയാണ് ഗണേശിന്റെ പോസറ്റ്. രാജഗോപാലിനെ ഉയർത്തിക്കാട്ടിയത് വഴി ശ്രീധരൻ പിള്ളയെ കളിയാക്കുകയാണ് ഗണേശ് ചെയ്തതെന്നാണ് ഉയരുന്ന ആരോപണം. ഫെയ്‌സ് ബുക്കിൽ ഇട്ടപോസ്റ്റിൽ കർമ്മ നിരതനായ രാജഗോപാലിന് പിറകെ ഉറങ്ങുന്ന ശ്രീധരൻ പിള്ളയുള്ളതാണ് എല്ലാ പ്രശ്‌നങ്ങൾക്കും കാരണം.

ശ്രീധരൻ പിള്ള അധ്യക്ഷനായതോടെ ബിജെപിയിൽ ഏകോപനത്തിന് കുറവുണ്ടായെന്നാണ് വിലയിരുത്തൽ. ബിജെപിയിലെ സംഘടനാ കാര്യങ്ങൾ നോക്കുന്നത് എം ഗണേശാണ്. സംഘടനാ തലത്തിൽ രണ്ടാമനാണ് ഗണേശ്. ആർ എസ് എസാണ് ബിജെപിയിലേക്ക് ഗണേശിനെ നിയോഗിച്ചിരിക്കുന്നത്. പ്രചാരകനായ ഗണേശ് ബിജെപിയെ സംഘടനാ തലത്തിൽ കരുത്തരാക്കുകയെന്ന ഉത്തരവാദിത്തമാണ് നിറവേറ്റേണ്ടത്. എന്നാൽ ഗണേശും പിള്ളയും രണ്ട് വഴിക്ക് നീങ്ങുന്നതു കൊണ്ട് തന്നെ ഇതൊന്നും നടക്കുന്നില്ല. പ്രസിഡന്റുണ്ടെങ്കിലും ബിജെപിയിൽ ജനറൽ സെക്രട്ടറിക്ക് വലിയ ഉത്തരവാദിത്തമാണുള്ളത്. പിപി മുകുന്ദനും ഉമാകാന്തനും ബിജെപിയിൽ ജനറൽ സെക്രട്ടറിമാരായിരുന്നപ്പോൾ അവർക്കായിരുന്നു സംഘടനാ തലത്തിൽ മേൽകൈ. കുമ്മനം രാജശേഖരൻ പ്രസിഡന്റായപ്പോഴാണ് ഉമാകാന്തനെ മാറ്റി ഗണേശിനെ ബിജെപിയുടെ ജനറൽ സെക്രട്ടറിയായി ആർഎസ്എസ് നിയോഗിച്ചത്. എന്നാൽ സംഘടനാ തലത്തിൽ കാര്യമായ ഇടപടെലുകൾ ഗണേശിന് നടത്താനുമായില്ല.

ബിജെപിയുടെ ഓഫീസ് സെക്രട്ടറിയെന്ന നിലയിൽ എംടി രമേശാണ് എല്ലാം കുമ്മനത്തിന്റെ കാലത്ത് നിയോഗിച്ചത്. പി എസ് ശ്രീധരൻ പിള്ള എത്തിയതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. എല്ലാ തീരുമാനവും ശ്രീധരൻ പിള്ള എടുക്കുന്ന അവസ്ഥയെത്തി. തുടക്കത്തിൽ എംടി രമേശും ഗണേശും പിള്ളയും ഒരു മനസോടെ പോയെങ്കിലും ശബരിമലയിലെ പ്രതിഷേധങ്ങളോടെ എല്ലാം മാറി മറിഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാരം കിടക്കണെന്ന ശ്രീധരൻ പിള്ളയുടെ നിർദ്ദേശം എംടി രമേശ് അടക്കമുള്ളവർ അംഗീകരിച്ചില്ല. സമരത്തിന്റെ കരുത്ത് ചോർത്തത് മുൻനിര നേതാക്കളുടെ വിട്ടു നിൽക്കലായിരുന്നു. ശ്രീധരൻ പിള്ളയും നിരാഹാരം കിടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രമേശും കൂട്ടരും ആരോപണങ്ങളെ നേരിട്ടത്. ഇതിനിടെയിൽ ശ്രീധരൻ പിള്ള കൊച്ചിയിൽ ഇരുന്ന് സംഘടനയിൽ നിയന്ത്രണങ്ങൾ തുടങ്ങി. ഇത് ബിജെപിയിൽ തമ്മിൽ പോര് ശക്തമാക്കി.

ഈ പശ്ചാത്തലത്തിലാണ് ബിജെപിയുടെ ദേശീയ കൗൺസിൽ ഡൽഹിയിൽ ചേരുന്നത്. പാർട്ടിക്കാര്യങ്ങളോടല്ല വക്കീൽ പണിയോടാണ് ശ്രീധരൻ പിള്ളയ്ക്ക് താൽപ്പര്യമെന്ന് മറു വിഭാഗം പ്രചരണവും തുടങ്ങി. ശബരിമലയിലെ സത്യാഗ്രഹം വേണ്ടത്ര കൂടിയാലോചനകളില്ലാതെ നടപ്പാക്കിയതിനേയും വിമർശിച്ചു. എന്നാൽ പാർട്ടി കോർ കമ്മറ്റിയോഗമാണ് സെക്രട്ടറിയേറ്റ് സമരത്തിൽ തീരുമാനം എടുത്തതെന്നും ഓരോ ദിവസവും ഓരോ ജില്ലയ്ക്ക് ചുമതല നൽകിയെന്നും ശ്രീധരൻ പിള്ള പറയുന്നു. എന്നാൽ ഇത് നടപ്പിലാക്കേണ്ട ഗണേശ് വീഴ്ച വരുത്തി, ഇതാണ് സമരത്തെ അട്ടിമറിച്ചതെന്നാണ് ശ്രീധരൻ പിള്ളയുടെ പക്ഷം. ആർഎസ്എസ് നിയോഗിച്ച ഗണേശൻ പിള്ളയ്ക്ക് പൂർണ്ണമായും എതിരായതിന് തെളിവായി പുതിയ പോസ്റ്റിനെ ചൂണ്ടിക്കാട്ടുന്നു. പാർട്ടിയിൽ വൻ വിവാദമായിട്ടും ഈ പോസ്റ്റ് പിൻവലിക്കാൻ പോലും ഗണേശൻ തയ്യറായിട്ടില്ല. താൻ നിരുപദ്രവകരായി ഇട്ട പോസ്റ്റാണിതെന്നാണ് ഗണേശൻ പറയുന്നത്.

അങ്ങനെ എങ്കിൽ വിവാദം ചൂണ്ടിക്കാണിച്ചപ്പോൾ തന്നെ പിൻവലിക്കുമായിരുന്നു. അത് ചെയ്യാത്തതിലൂടെ തന്നെ ശ്രീധരൻ പിള്ളയെ വ്യക്തിപരമായി ആക്രമിക്കുകയാണ് ലക്ഷ്യമെന്ന് വ്യക്തമായതായും ശ്രീധരൻ പിള്ള അനുകൂലികൾ പറയുന്നു. ആർഎസ്എസ് സംസ്ഥാന നേതൃത്വത്തേയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഗണേശിന്റെ ഇടപെടലുകളിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും അതൃപ്തനായിരുന്നു. ഗണേശിനെ തിരിച്ചു വിളിക്കണമെന്ന് ആർഎസ്എസ് സംസ്ഥാന നേതൃത്വത്തോടെ ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് ആർഎസ്എസ് അംഗീകരിച്ചില്ല. കുമ്മനം മാറി ശ്രീധരൻ പിള്ള എത്തിയതോടെ ജനറൽ സെക്രട്ടറി സ്ഥാനത്തും തന്റെ വിശ്വസ്തനെ നിയോഗിക്കാൻ താൽപ്പര്യമുണ്ട്. ഇത് മനസ്സിലായതോടെയാണ് ഗണേശ് മറുപക്ഷത്തേക്ക് ചുവടു മാറുന്നത്. ഏതായാലും പുതിയ പോസ്റ്റ് വലിയ ഗ്രൂപ്പ് ചർച്ചകൾക്കാണ് വഴിവയ്ക്കുന്നത്.

ബിജെപിയിൽ വി മുരളീധരപക്ഷവും പികെ കൃഷ്ണദാസ് പക്ഷവുമാണുണ്ടായിരുന്നത്. കൃഷ്ണദാസിന്റെ പിന്തുണയോടെയാണ് ശ്രീധരൻ പിള്ള അധ്യക്ഷനാകുന്നത്. എന്നാൽ ശ്രീധരൻപിള്ള സ്വന്തം നിലയ്ക്ക് കാര്യങ്ങൾ തീരുമാനിച്ചതോടെ എല്ലാം മാറി മറിഞ്ഞു. മൂന്നാമതൊരു ഗ്രൂപ്പ് കൂടി സജീവമായി. ഇതിനിടെയാണ് ഗണേശിന്റെ പോസ്റ്റും ചർച്ചകളിലെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP