Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചാനൽ ചർച്ചയിൽ വലിച്ചുകീറിയ നികേഷ് കുമാർ സ്ഥാനാർത്ഥിയായപ്പോൾ ഒളിച്ചും പതുങ്ങിയും കാന്തപുരത്തെ കാണാനെത്തി; മുസ്ലിം ലീഗിലെ മൂന്നു സ്ഥാനാർത്ഥികൾക്ക് മാത്രം പിന്തുണ; പിന്തുണ തേടി കാന്തപുരത്തെ കാണാൻ എത്തുന്നവരിൽ ഇടതു-വലതു നേതാക്കൾക്ക് പുറമേ ബിജെപിക്കാരും

ചാനൽ ചർച്ചയിൽ വലിച്ചുകീറിയ നികേഷ് കുമാർ സ്ഥാനാർത്ഥിയായപ്പോൾ ഒളിച്ചും പതുങ്ങിയും കാന്തപുരത്തെ കാണാനെത്തി; മുസ്ലിം ലീഗിലെ മൂന്നു സ്ഥാനാർത്ഥികൾക്ക് മാത്രം പിന്തുണ; പിന്തുണ തേടി കാന്തപുരത്തെ കാണാൻ എത്തുന്നവരിൽ ഇടതു-വലതു നേതാക്കൾക്ക് പുറമേ ബിജെപിക്കാരും

എം പി റാഫി

കോഴിക്കോട്: മലബാറിലെ മുസ്ലിം വോട്ടുബാങ്കിൽ നിർണ്ണായക സ്വാധീനമുള്ള കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ അനുകൂലികളുടെ വിഭാഗത്തിന് ഉള്ളത്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് സമയങ്ങളിൽ ഉസ്താദിനെ കാണാൻ എത്തുന്ന നേതാക്കളുടെ എണ്ണവും കുറവല്ല. മലബാറിലെ രാഷ്ട്രയ ഭാഗദേയം നിർണ്ണയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്നതിർ കാന്തപുരത്തിന് പങ്കുണ്ട്. കഴിഞ്ഞ തവണ വലത്തേക്ക് തിരിഞ്ഞ എ പി വിഭാഗം വോട്ടുകൾ ഇത്തവണ ഇടത്തേക്ക് ചായുമെന്നാണ് പുറത്തുവരുന്ന സൂചന. അണികൾക്ക് ഇതിന്റെ വ്യക്തമായ നിർദ്ദേശം കാന്തപുരം നൽകുകയും ചെയ്തു. എന്നിട്ടും ഇടതു - വലതു മുന്നണികൾ കാന്തപുരവുമായി ഇപ്പോഴു ചർച്ചയിലാണ്.

ഒളിഞ്ഞും തെളിഞ്ഞുമാണ് രാഷ്ട്രീയ നേതാക്കളെത്തി കാന്തപുരവുമായി ചർച്ച നടത്തിയത്. കഴിഞ്ഞ ഒരാഴ്ചക്കിടെ കോൺഗ്രസ്, സിപിഐ-എം, ബിജെപി തുടങ്ങിയ പാർട്ടികളിലെ പ്രമുഖനേതാക്കൾ കാന്തപുരവുമായി ചർച്ച നടത്തി. നേരിട്ടും ഫോണിലൂടെയുമെല്ലാം നേതാക്കൾ പിന്തുണ തേടിയെന്നാണ് വിവരം. മത, സാമുദായിക നേതാക്കളുടെ അരമന കയറാൻ തങ്ങളെ കിട്ടില്ലെന്നു പറഞ്ഞ സിപിഎമ്മിന്റെ തലതൊട്ടപ്പന്മാരും ചർച്ച നടത്തിയവരുടെ കൂട്ടത്തിലുണ്ട്. ചാനൽ സ്റ്റുഡിയോയിൽ ഇരുന്ന് കാന്തപുരത്തിന്റെ നിലപാടുകളെ അതിനിശിതമായി വിമർശിക്കുന്ന എം വി നികേഷ് കുമാറും സ്ഥാനാർത്ഥിയായപ്പോൾ കാന്തപുരത്തിന്റെ പിന്തുണ തേടി എത്തി എന്നത് കൗതുകമായി മാറി.

വിദേശത്തായിരുന്ന കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ കഴിഞ്ഞ ആഴ്ചയിലായിരുന്നു നാട്ടിലെത്തിയത്. ഇതോടെ ദിവസവും രാഷ്ട്രീയക്കാർ സന്ദർശിക്കാനെത്തുന്നതായാണ് ഔദ്യോഗികവൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ വ്യക്തിപരമായി കാന്തപുരത്തെ ബന്ധപ്പെട്ടിരുന്നെങ്കിലും ലീഗ് ഔദ്യോഗികമായി ഇതുവരെയും പിന്തുണ തേടിയിട്ടില്ല. ഇടതുമുന്നണിയുമായും കോൺഗ്രസുമായും അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന എപി സുന്നികൾ പല കാലങ്ങളിലായി വിവിധ മുന്നണികളോടൊപ്പം നിന്നിരുന്നു. പാർട്ടി വോട്ടുകൾക്കപ്പുറം നിഷ്പക്ഷ വോട്ടുകളാണ് എന്നും കേരളത്തിന്റെ ഗതിവിഗതികൾ തീരുമാനിച്ചിരുന്നത്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പടുത്തതോടെ ഉസ്താദിനെ സന്തോഷിപ്പിച്ച് കിട്ടാവുന്നത്ര പിന്തുണ നേടിയെടുക്കാനുള്ള തിരക്കിലാണ് രാഷ്ട്രീയ പാർട്ടികൾ.

മുൻകാലങ്ങളിൽ ഇടത് അനുകൂല സമീപനം സ്വീകരിച്ച എപി സുന്നികൾ 2011ൽ മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള യു.ഡി.എഫിനെ മിക്ക സ്ഥലങ്ങളിലും പിന്തുണച്ചു. മുൻവർഷങ്ങളിൽനിന്നും വ്യത്യസ്തമായി നിലപാട് പരസ്യപ്പെടുത്താനും കാന്തപുരം സമസ്തക്കുള്ളിൽ ആലോചനയുണ്ട്. പുതുതായി രൂപീകരിച്ച കേരള മുസ്ലിം ജമാഅത്തിലൂടെയായിരിക്കും നിലപാടുകൾ വ്യക്തമാക്കുക. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി പ്രവർത്തക കൺവെൻഷനുകളും യോഗങ്ങളും വിളിച്ചു ചേർത്ത് തെരഞ്ഞെടുപ്പ് നിലപാട് വ്യക്തമാക്കാനാണ് തീരുമാനം.

വിവിധ പാർട്ടികളോട് വ്യത്യസ്ത സമീപനം പുലർത്താനാണ് ഇത്തവണ കീഴ്ഘടകങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്. അടിസ്ഥാനപരമായി സഹായിക്കുന്നവരെ തിരിച്ചു സഹായിക്കുക എന്ന സമസ്തയുടെ പ്രഖ്യാപിത നിലപാടായിരിക്കും ഉണ്ടാവുക. എന്നാൽ മൂന്ന് മുസ്ലിം ലീഗ് സ്ഥാനാർത്ഥികളൊഴിച്ച് മറ്റു ലീഗ് സ്ഥാനാർത്ഥികൾക്കൊന്നും ഇത്തവണ എപി സുന്നികളുടെ വോട്ടു ലഭിക്കില്ല. കാന്തപുരവുമായി അടുത്ത ബന്ധം പുലർത്തുന്നവരും എപി സുന്നികളുടെ പരിപാടികളിലെല്ലാം നിത്യസാന്നിദ്ധ്യവുമായ മൂന്ന് ലീഗ് സ്ഥാനാർത്ഥികൾക്ക് പിന്തുണ നൽകാനും ധാരണയുണ്ട്. കഴിഞ്ഞ അഞ്ചു വർഷക്കാലങ്ങളിൽ മുസ്ലിം ലീഗ് എപി സുന്നികളോട് സ്വീകരിച്ചു പോന്ന സമീപനമാണ് ഇവരെ ചൊടിപ്പിച്ചിരിക്കുന്നത്.

ലീഗിനെ വലിയ തോതിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എപി സുന്നികൾ പിന്തുണച്ചിട്ടും മുസ്ലിം സംഘടനകളെ ഒരുപോലെ കാണാൻ ലീഗിന് കഴിഞ്ഞില്ലെന്നതാണ് ലീഗിനെതിരെയുള്ള പ്രധാനമായ ആക്ഷേപം. ലീഗ് അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങൾ വൈസ് പ്രസിഡന്റായ ഇ.കെ സമസ്തയുടെ നിർദ്ദേശമനുസരിച്ച് കാന്തപുരത്തിന്റെ പരിപാടികൾ ലീഗ് ബഹിഷ്‌കരിച്ചതും തിരുകേശ വിവാദത്തിൽ ഹൈദരലി തങ്ങൾ നൽകിയ സംഭാവനത്തുക തിരികെ ആവശ്യപ്പെട്ടതുമെല്ലാം ലീഗിന് എപി സുന്നികളുടെ പിന്തുണ നഷ്ടമാകാൻ കാരണമായി. കാന്തപുരം നടത്തിയ കേരളയാത്രയിൽ സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പ്രമുഖരും ദേശീയ മുസ്ലിംലീഗ് നേതാക്കളും എത്തിയെങ്കിലും മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വമോ എംഎൽഎ മാരോ മന്ത്രിമാരോ ക്ഷണിച്ചിട്ടും എത്താതിരുന്നത് എപി സുന്നികളിൽ കടുത്ത അമർഷത്തിന് ഇടയാക്കി.

ഈ തെരഞ്ഞെടുപ്പിലും മുസ്ലിം ലീഗ് നേതൃത്വം ഒരുമിച്ചിരിക്കാനോ എപി സുന്നികളുടെ ആവശ്യങ്ങൾ കേൾക്കാനോ തയ്യാറാകാത്തത് നിലപാട് കടുപ്പിക്കാൻ കാരണമായി. എന്നാൽ തികച്ചും വ്യത്യസ്തമായിരിക്കും കോൺഗ്രസ് സ്ഥാനാർത്ഥികളുമായി വച്ചു പുലർത്തുന്ന സമീപനം. കോൺഗ്രസിന് പലയിടത്തും പിന്തുണ നൽകാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും സിപിഐ(എം)-കോൺഗ്രസ് നേർക്കുനേർ മത്സരം വരുന്നിടത്ത് കൂടുതൽ അടുപ്പമുള്ളവരെയും വ്യക്തിബന്ധമുള്ളവരെയും നോക്കിയാകും പിന്തുണ. ചില കോൺഗ്രസ് സ്ഥാനാർത്ഥികളെ ജയിപ്പിക്കണമെന്നതു പോലെ ചില സിപിഐ(എം) സ്ഥാനാർത്ഥികളെയും ജയിപ്പിക്കണമെന്ന വ്യക്തമായ അജണ്ടയുണ്ട്.

അജണ്ടകളും നിലപാടുകളുമെല്ലാം ഏകദേശം നിശ്ചയിച്ചുറപ്പിച്ചു കഴിഞ്ഞെങ്കിലും കാന്തപുരത്തെ തേടി എത്തുന്ന രാഷ്ട്രീയ നേതാക്കൾക്ക് ആർക്കും പിടികൊടുക്കാത്ത സമീപനമാണ് ഇപ്പോൾ ഉസ്താദ് എടുക്കുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായി മുസ്ലിം ജമാഅത്തിലൂടെ പ്രഖ്യാപിക്കാനാണ് തീരുമാനം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം സിപിഐഎം നേതാക്കളായ സഖാവ് പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ എന്നിവർ പല തവണ കാന്തപുരത്തെ ബന്ധപ്പെടുകയും പിന്തുണ തേടിയിട്ടുമുണ്ട്. മാത്രമല്ല, ഇവരുടെ പ്രതിനിധികൾ കാന്തപുരവുമായി ചർച്ച നടത്തുകയും ചെയ്തു. രമേശ് ചെന്നിത്തല നിരന്തരമായി പിന്തുണ തേടി കാന്തപുരത്തെ ബന്ധപ്പെടാറുണ്ട്.

ബിജെപിയും കാന്തപുരത്തിന്റെ സഹായം ചോദിക്കുന്നതിൽ പിന്നിലല്ല. ഇതിനോടകം പല നേതാക്കളും കാന്തപുരത്തെ സമീപിച്ചു കഴിഞ്ഞു. നാലു ദിവസം മുമ്പ് അഴിക്കോട് ഇടത് സ്ഥാനാർത്ഥി എം വി നികേഷ് കുമാറിന് വോട്ടഭ്യർത്ഥിച്ച് എം.വി ജയരാജൻ, നികേഷ് കുമാർ, കെപി മോഹനൻ എന്നിവർ എത്തുകയുണ്ടായി. മർക്കസ് മീഡിയയുമായി പല തവണ ബന്ധപ്പെട്ട ശേഷമായിരുന്നു നികേഷ് കാന്തപുരവുമായി കൂടിക്കാഴ്ചക്ക് അവസരം തരപ്പെടുത്തിയത്. ഇ.അഹമ്മദ്, പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ മുനീർ, ഇബ്രാഹീം കുഞ്ഞ്, മഞ്ഞളാംകുഴി അലി അടക്കമുള്ള ലീഗ് നേതാക്കൾ കാന്തപുരവുമായി നല്ല ബന്ധം കാത്തു സൂക്ഷിക്കുന്നുണ്ടെങ്കിലും പരസ്യമായ ചർച്ചയ്ക്കു വരുന്നതിന് പാരയാകുന്നത് ഇ.കെ സുന്നി നേതാക്കളാണ്. ഇതു മറികടക്കാൻ ലീഗിനു കഴിഞ്ഞിട്ടുമില്ല.

ചൊവ്വാഴ്ച മുഖ്യന്ത്രി ഉമ്മൻ ചാണ്ടി കാന്തപുരത്തെ കാണാൻ കാരന്തൂർ മർക്കസിൽ നേരിട്ടെത്തുകയുണ്ടായി. ഒരാഴ്ചമുമ്പ് കോഴിക്കോട്ടെത്തിയ മുഖ്യമന്ത്രി അബൂബക്കർ മുസ്ല്യാരെ കാണാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അന്ന് കാന്തപുരം വിദേശത്തായിരുന്നു. ഇതിനാൽ ചൊവ്വാഴ്ച കോഴിക്കോട്ടെത്തിയ മുഖ്യമന്ത്രി വീണ്ടും കാണാനെത്തുകയായിരുന്നു. സംസ്ഥാനത്തെ പ്രധാന എ ഗ്രൂപ്പുകാർക്കു വേണ്ടിയെല്ലാം മുഖ്യമന്ത്രി പിന്തുണ തേടിയെങ്കിലും പ്രധാനമായും കുന്ദമംഗലം സ്ഥാനാർത്ഥി ടി സിദ്ദീഖിനു വേണ്ടിയായിരുന്നു അഭ്യർത്ഥന. എന്നാൽ മർക്കസ് നിൽക്കുന്ന മണ്ഡലമായ കുന്ദമംഗലത്ത് സിദ്ദീഖ് മത്സരിക്കില്ലെന്നത് നേരത്തെ കാന്തപുരത്തെ അറിയിച്ചിരുന്നു.

എന്നാൽ പിന്നീട് സിദ്ദീഖ് മത്സരരംഗത്ത് എത്തും മുമ്പ് ഇടത് സ്ഥാനാർത്ഥി പിടിഎ റഹീമുമായി കാന്തപുരം ധാരണ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, കാന്തപുരത്തിന്റെ വിശ്വസ്തൻ കൂടിയാണ് സിദ്ദിഖിനെതിരെ മത്സരിക്കുന്ന സിറ്റിങ് എംഎ‍ൽഎയായ പിടിഎ റഹീം. കാന്തപുരവുമായും മർക്കസുമായും നല്ല അടുപ്പമുള്ള വ്യക്തിയാണ് ടി സിദ്ദീഖ് എന്നതും എപി സുന്നികളെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. എന്നാൽ സുന്നി വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ ലീഗ് നോമിനിയായാണ് സിദ്ദീഖ് എത്തിയതെന്നാണ് എപി വിഭാഗം കണക്കാക്കുന്നത്. ടി, സിദ്ദീഖ്, കെസി അബു എന്നിവരും കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.

കെ.ടി ജലീൽ, പിടിഎ റഹീം തുടങ്ങിയ പ്രമുഖരും ചെറു കക്ഷി നേതാക്കളും അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം അബൂബക്കർ മുസ്ലിയാരെ കാണാൻ കഴിഞ്ഞ ദിവസങ്ങളിലായി എത്തി. ഇതുവരെ നേരിട്ടും അല്ലാതെയും ചർച്ച നടത്തിയ നേതാക്കളെല്ലാം വിവിധ വാഗ്ദനാങ്ങളും നൽകിയതായാണ് വിവരം. പ്രധാനമായും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അംഗീകാരമാണ്. വാഗ്ദാനങ്ങൾ നൽകുന്നതിൽ കോൺഗ്രസ് നേതാക്കളായിരുന്നു മുൻപന്തിയിൽ.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്‌കൂളുകളിൽ ചിലതിന് അംഗീകാരം, മർക്കസ് നോളജ് സിറ്റിയിലെ വിവിധ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള സഹായം, മർക്കസ് ലോ കോളേജിന് എയ്ഡഡ് പദവി എന്നിവ കോൺഗ്രസ് നേതാക്കൾ ഉറപ്പു കൊടുത്തതായും അറിയുന്നു. തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ മർക്കസിലേക്കുള്ള രാഷ്ട്രീയക്കാരുടെ ഒഴുക്ക് കൂടുമെന്നാണ് ഇതു സൂചിപ്പിക്കുന്ന്. ഇപ്പോൾ ആർക്കും പിടികൊടുക്കാത്ത കാന്തപുരം മുസ്ലിം ജമാഅത്തിലൂടെ ഏതു രീതിയിലുള്ള ഔദ്യോഗികരാഷ്ട്രീയ പ്രഖ്യാപനമാണ് നടത്തുക എന്നാണ് രാഷ്ട്രീയക്കാർ ഉറ്റുനോക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP