Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബീറ്റിൽസ് പാടി തെളിഞ്ഞ ലോകോത്തര വേദിയിൽ ആദ്യ മലയാളിയെത്തി; ഗ്രാമി അവാർഡ് ജേതാവ് മനോജ് ജോർജിന് താലോലിക്കാൻ മറ്റൊരു സൗഭാഗ്യം; ബ്രിട്ടീഷ് രാജ്ഞിയുടെ ഉടമസ്ഥതയിലുള്ള ഓർക്കസ്ട്ര സംഘത്തിൽ ഇന്ത്യൻ സംഗീതം പൊഴിച്ചതു തൃശ്ശൂരുകാരൻ മനോജിന്റെ വയലിൻ; ഹാരിപോട്ടറിനും സ്റ്റാർവാറിനും സംഗീതം പിറന്ന ആബി സ്റ്റുഡിയോയിൽ റെക്കോർഡിങ് പൂർത്തിയാക്കിയ സന്തോഷത്തിൽ മനോജ്

ബീറ്റിൽസ് പാടി തെളിഞ്ഞ ലോകോത്തര വേദിയിൽ ആദ്യ മലയാളിയെത്തി; ഗ്രാമി അവാർഡ് ജേതാവ് മനോജ് ജോർജിന് താലോലിക്കാൻ മറ്റൊരു സൗഭാഗ്യം; ബ്രിട്ടീഷ് രാജ്ഞിയുടെ ഉടമസ്ഥതയിലുള്ള ഓർക്കസ്ട്ര സംഘത്തിൽ ഇന്ത്യൻ സംഗീതം പൊഴിച്ചതു തൃശ്ശൂരുകാരൻ മനോജിന്റെ വയലിൻ; ഹാരിപോട്ടറിനും സ്റ്റാർവാറിനും സംഗീതം പിറന്ന ആബി സ്റ്റുഡിയോയിൽ റെക്കോർഡിങ് പൂർത്തിയാക്കിയ സന്തോഷത്തിൽ മനോജ്

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: കാലം എന്തെല്ലാം അത്ഭുതങ്ങളാണ് അതിന്റെ യാത്രയിൽ കാത്തു വയ്ക്കുന്നത്. പോൾ മക്കാർട്ടിനിയും ജോൺ ലെനനും റിങ്കോ സ്റ്റാറും ജോർജ് ഹാരിസണും അടങ്ങിയ ബീറ്റിൽസ് സംഘം നടന്നു കയറിയ വഴികളിലൂടെ തൃശൂരിലെ എൽത്തുരുത്തുകാരൻ ആയ മലയാളിയും അഭിമാനത്തോടെ നടന്നു കയറിയിരിക്കുന്നു. നാല് വർഷം മുൻപ് ഗ്രാമി അവാർഡിന്റെ തിളക്കം സ്വന്തം പേരിനോട് ചേർത്ത് വച്ച അതേ മനോജ് ജോർജ് ലണ്ടനിലെ വിഖ്യാതമായ റെക്കോർഡിങ് സ്റ്റുഡിയോയിൽ എത്തിയിരിക്കുന്നു, ഇന്ത്യൻ സംഗീതത്തിന്റെ മാസ്മരികത ഒരിക്കൽ കൂടി ലോകത്തെ അറിയിക്കാൻ. കലാകാരന്മാർക്കിടയിൽ എളിമയും വിനയവും കാത്തുസൂക്ഷിക്കുന്ന അപൂർവം പേരിൽ ഒരാളായ മനോജ്.

മനോജിന് ഗ്രാമി സമ്മാനിച്ച വിൻഡ്‌സ് ഓഫ് സംസാരയുടെ നിർമ്മാതാവ് റിക്കി കെജിനു വേണ്ടി തന്നെയാണ് ഇത്തവണയും തന്റെ മാന്ത്രിക വയലിനുമായി മനോജ് എത്തിയിരിക്കുന്നത്. ലോക സംഗീതത്തിൽ തന്നെ അറിയപ്പെടുന്ന റിക്കി കെജ് തയ്യാറാകുന്ന മ്യൂസിക് ആൽബത്തിന് വേണ്ടിയാണു റോയൽ ഫിലമോർഫിക് ഓർക്കസ്ട്രയോടൊപ്പം മാന്ത്രിക ശബ്ദം ഉതിർക്കാൻ മലയാളിയായ മനോജിനും ക്ഷണം ലഭിക്കുന്നത്. ഈ വ്യത്യസ്ത റെക്കോർഡിങ്ങിൽ മനോജിനൊപ്പം ഇന്ത്യയിൽ നിന്ന് തന്നെ മറ്റൊരാൾ കൂടിയേ ഉള്ളൂ എന്നതും പ്രത്യേകതയാണ്.

ലോകത്തെ ഏറ്റവും വമ്പൻ ഓർക്കസ്ട്ര എന്ന വിശേഷണമാണ് റോയൽ ഫിലേമോഫിക് ഓർക്കസ്ട്രയുടേത്. പേര് സൂചിപ്പിക്കും പോലെ ബ്രിട്ടീഷ് രാജ്ഞിയുടെ ഉടമസ്ഥതയിലാണ് ഈ ഓർക്കസ്ട്ര പ്രവർത്തിക്കുന്നതും. രാജകുടുംബത്തിലെ അതിവിശേഷ ചടങ്ങുകൾക്കു ഇവരിലൂടെയാണ് സംഗീതം പിറന്നു വീഴുക. രാജ്യത്തെ വിശേഷ ദിവസങ്ങളിലും ഇതേ ഗായക സംഘം തന്നെയാണ് സംഗീതവുമായി ബിബിസി അടക്കമുള്ള വേദികളിൽ എത്തുന്നതും.

റോയൽ ഫിലമോർഫിക് ഓർക്കസ്ട്രയോടൊപ്പം മുൻപ് ഒരിന്ത്യൻ റെക്കോർഡിങ്ങിൽ പങ്കെടുത്തിട്ടുണ്ടോ എന്ന് വ്യക്തമല്ലെങ്കിലും ആദ്യ മലയാളി എന്ന പേര് ലഭിച്ചിരിക്കുന്നത് മനോജ് ജോർജിന് ആണെന്ന് ഉറപ്പിക്കാൻ കഴിയും. ഇങ്ങനെ ഒരവസരം ലഭിച്ചതിൽ ഏറെ സന്തുഷ്ടനായാണ് മനോജ് മറുനാടൻ മലയാളിയോട് സംസാരിച്ചത്. എൺപതോളം പേരുടെ ഓർക്കസ്ട്രയാണ് റോയൽ ഫിലമോർഫിക് സംഘം. സംഗീതം ജീവിതത്തോട് ചേർക്കുന്ന ഏവരുടെയും മോഹമാണ് ഈ സംഘത്തിനൊപ്പം പ്രവർത്തിക്കുക എന്നത്. ഇന്ത്യയുടെ ഒരു മൂലയിൽ നിന്നും സംഗീത ലോകത്തിന്റെ ഹൃദയ ഭാഗത്തേക്ക് എത്താൻ കഴിഞ്ഞ സന്തോഷമാണ് ഇപ്പോൾ കൂടെയുള്ളത്. മോസർട്ടിന്റെയും ബീതോവന്റെയും ഓർമ്മകൾ സൂക്ഷിക്കുന്ന സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്യപ്പെടുന്നു എന്നത് തന്നെ മഹാഭാഗ്യം.

ഹാരിപോട്ടറിനും സ്റ്റാർ വാറിനും ഒക്കെ സംഗീതം പിറക്കുന്നതും ഇവിടെ തന്നെയാണ്. സംഗീത പ്രേമികളുടെ സ്വർഗം എന്ന് വിശേഷിപ്പിക്കാവുന്ന ലണ്ടനിലെ ആബി റോഡ് സ്റ്റുഡിയോയിലാണ് റെക്കോർഡ് നടന്നത്. ഈ സ്റ്റുഡിയോയ്ക്കും ഏറെ പ്രത്യേകതകളുണ്ട്. 1920 - 30 കാലഘട്ടത്തിൽ നിർമ്മിതമായെന്നു കരുതപ്പെടുന്ന ഇവിടെ ചെയ്യപ്പെടുന്ന സംഗീതം ആധുനിക ലോകം ഏറെ മിഴിവോടെ ആസ്വദിക്കാൻ തുടങ്ങിയതും ലോക ക്ലാസിക്കുകൾ ഇവിടെ പിറക്കാൻ കാരണമായി. ഒട്ടേറെ സംഗീതോപകരണങ്ങൾ ഒരേ സമയം മിഴി തുറക്കുന്നതും ഈ സ്റ്റുഡിയോയുടെ പ്രത്യേകതയുമാണ്. ഇത്രയധികം പേരെ ഒന്നിച്ചു നിയന്ത്രിക്കാൻ കഴിയുന്ന മറ്റു വേദികൾ ലോകത്തു തന്നെ അപൂർവമാണ്. നാൽപതു മുതൽ അമ്പതു വരെ വയലിനിസ്റ്റുകൾക്കു ഒരേ സമയം ഇവിടെ പെർഫോം ചെയ്യാൻ കഴിയും.

ഏകദേശം 25 വ്യത്യസ്തത തരം സംഗീത ഉപകരണങ്ങളും ഇവിടെയുണ്ട്. ഫ്ളൂട്ടും ക്ലരണറ്റും വൊഗോയും എല്ലാം അതിശയകരമായി സമന്വയിക്കുന്ന ഇടം കൂടിയാണിത്. അത്തരം ഒരു വേദിയിൽ തനിക്കും ഇടം ലഭിച്ചു എന്ന സന്തോഷമാണ് ഇപ്പോൾ കൂടെയുള്ളത് - റോയൽ ഓർക്കസ്ട്രയോടൊപ്പം ലഭിച്ച അവസരത്തെ കുറിച്ചു മനസ് തുറക്കുമ്പോൾ മനോജ് ജോർജിന് നൂറു നാവാണ്. ഏറെ സമയം സൗണ്ട് സ്‌കോർ ചെയ്ത ശേഷമാണ് മനോജ് റെക്കോർഡിങ് പൂർത്തിയാക്കിയത്. ഏഴര മിനിട്ടുള്ള ട്രക്കാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. റിക്കി കെജിന്റെ മ്യൂസിക് ആൽബത്തിലെ മാസ്റ്റർ പീസായി മനോജിന്റെ സംഗീതം ഇടം പിടിക്കും എന്നാണ് സംഗീത ലോകത്തിന്റെ പ്രതീക്ഷ.

നാല് വർഷം മുൻപ് ഗ്രാമി അവാർഡ് നോമിനേഷനിലൂടെയാണ് മലയാളികളും ലോകവും ഇദ്ദേഹത്തെ അറിഞ്ഞു തുടങ്ങിയത്. അതുവരെ തൃശൂരിലെ പള്ളി ക്വയറിൽ പാടി തെളിഞ്ഞ ഒരു സംഗീതകാരൻ എന്നതിൽ അപ്പുറം വലിയ വിശേഷങ്ങൾ അദ്ദേഹത്തെ തേടി എത്തിയിരുന്നില്ല. എന്നാൽ തന്റേതായ ശൈലിയിൽ സംഗീതത്തെ കൂടെ നിർത്തിയ അദ്ദേഹം ഇന്ത്യൻ സംഗീത ലോകത്തിന്റെ പ്രതിച്ഛായയായണ് പാശ്ചാത്യ ലോകത്തു അറിയപ്പെടുന്നത്. ഗ്രാമിയിലൂടെ വിൻഡ്‌സ് ഓഫ് സംസാര ലോകം മുഴുവൻ ശ്രദ്ധിക്കാൻ കരണമായപ്പോഴും മനോജ് ജോർജ് സാധാരണക്കാരനായി തുടരുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP