Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇവിടെ ഫ്‌ളൈറ്റ് ഇറങ്ങുന്നില്ല; അവിടെ ഫ്‌ളൈറ്റ് പൊങ്ങുന്നുമില്ല; ജോർദാനിലെ ഷൂട്ടിങ് സംഘത്തിനു ഭക്ഷണവും വെള്ളവും ആവശ്യത്തിലേറെ ലഭ്യവുമാണ്; ലോക്ക് ഡൗൺ കഴിഞ്ഞാൽ പൃഥ്വിരാജ് അടക്കമുള്ളവർ സുരക്ഷിതരായി തിരികെ എത്തും; ആട് ജീവിതം ടീമിന് ജോർദ്ദാനിൽ പ്രതിസന്ധിയില്ലെന്ന് മല്ലികാ സുകുമാരൻ; ആശങ്ക വേണ്ടെന്ന് മറുനാടനോട് പൃഥ്വിയുടെ അമ്മ

ഇവിടെ ഫ്‌ളൈറ്റ് ഇറങ്ങുന്നില്ല; അവിടെ ഫ്‌ളൈറ്റ് പൊങ്ങുന്നുമില്ല; ജോർദാനിലെ ഷൂട്ടിങ് സംഘത്തിനു ഭക്ഷണവും വെള്ളവും ആവശ്യത്തിലേറെ ലഭ്യവുമാണ്; ലോക്ക് ഡൗൺ കഴിഞ്ഞാൽ പൃഥ്വിരാജ് അടക്കമുള്ളവർ സുരക്ഷിതരായി തിരികെ എത്തും; ആട് ജീവിതം ടീമിന് ജോർദ്ദാനിൽ പ്രതിസന്ധിയില്ലെന്ന് മല്ലികാ സുകുമാരൻ; ആശങ്ക വേണ്ടെന്ന് മറുനാടനോട് പൃഥ്വിയുടെ അമ്മ

എം മനോജ് കുമാർ

തിരുവനന്തപുരം: കൊറോണയുമായി ബന്ധപ്പെട്ടു വന്ന നിയന്ത്രണങ്ങളിൽ കുടുങ്ങി 'ആട് ജീവിതത്തിന്റെ ഷൂട്ടിങ് സംഘം ജോർദ്ദാനിൽ കുടുങ്ങിയതോടെ പൃഥ്വിരാജിന്റെ ആരാധകർ വിഷമത്തിലാണ്. ജോർദാനിൽ കർഫ്യൂ വന്നതോടെ വദിറം എന്ന സ്ഥലത്ത് മരുഭൂമിയിലാണ് ഇവർ കുടുങ്ങിയത്. സംവിധായകൻ കൂടിയായ സൂപ്പർ താരത്തെ എങ്ങിനെയെങ്കിലും നാട്ടിലെത്തിക്കാൻ ആരാധകർ എല്ലാ ശ്രമവും നടത്തുകയാണ്. ഇതിന്നിടയിലാണ് ഷൂട്ടിങ് സംഘം തത്ക്കാലം അവിടെത്തന്നെ തുടരണമെന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി മുരളീധരന്റെ പ്രഖ്യാപനം വെള്ളിടിയായി ഇവർക്ക് മുകളിൽ പതിക്കുന്നത്. പ്രത്യേക വിമാനത്തിൽ ഷൂട്ടിങ് സംഘത്തെ തിരികെ എത്തിക്കാമെന്ന മോഹത്തിനാണ് കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനത്തോടെ അവസാനമായത്.

വ്യക്തി സവിശേഷതകൾ ഈ കൊറോണ കാലത്ത് പരിഗണനാർഹമല്ലെന്ന പ്രഖ്യാപനമാണ് കേന്ദ്രമന്ത്രിയിൽ നിന്നും വന്നത്. ഇതോടെ ഏപ്രിൽ ആദ്യവാരം അവസാനിക്കുന്ന വിസാ കാലാവധി നീട്ടിക്കിട്ടാനുള്ള ശ്രമത്തിലാണ് ഷൂട്ടിങ് സംഘം ഏർപ്പെട്ടിരിക്കുന്നത്. അതിനുള്ള സഹായങ്ങൾ എംബസി വഴി ലഭ്യമാക്കാമെന്നാണ് വിദേശ കാര്യമന്ത്രാലയത്തിൽ നിന്നും ഇവർക്ക് ലഭിച്ച ഉറപ്പ്. ആട് ജീവിതത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടു ജോർദാനിലേക്ക് പോയ സംവിധായകൻ ബ്ലസിയും നടൻ പൃഥ്വിരാജും അടക്കമുള്ള സംഘമാണ് അവിടെ കുടുങ്ങിയത്.

58 അംഗ സിനിമാ സംഘമാണ് ഇപ്പോൾ മരുഭൂമിയിൽ ക്യാമ്പ് ചെയ്യുന്നത്. ഒരു മാസം മുമ്പാണ് ജോർദാനിൽ ആടുജീവിതത്തിന്റെ ചിത്രീകരണം തുടങ്ങിയത്. പക്ഷെ കൊറോണ വ്യാപിച്ചതോടെ ആദ്യം ലോക്ക് ഡൗൺ ചെയ്ത രാജ്യങ്ങളിലൊന്നാണ് ജോർദാൻ. നിലവിൽ ജോർദാനിൽ കർഫ്യൂവാണ്. ഇതോടെ ബ്ലസിയും പൃഥ്വിരാജും അടക്കമുള്ള സംഘം അവിടെ കുടുങ്ങുകയായിരുന്നു. ഏപ്രിൽ രണ്ടാം വാരം വരെയുള്ള ഭക്ഷണമേ മരുഭൂമിയിലുള്ള റിസോർട്ടിലുള്ളൂ എന്ന വാർത്തയാണ് മലയാള സിനിമാസ്വാദകരെയും അങ്കലാപ്പിലാക്കിയത്. ഇതോടെയാണ് ഇവരെ തിരികെ എത്തിക്കാൻ പ്രത്യേക വിമാനം അയക്കണമെന്നുള്ള ആവശ്യം മുഴങ്ങിയത്

പൃഥ്വിരാജും ബ്ലസിയും ജോർദാനിൽ കുടുങ്ങിയതോടെ ആദ്യം രംഗത്ത് വന്നത് പൃഥ്വിയുടെ ആരാധകരാണ്. പൃഥ്വിയെ തിരികെ എത്തിക്കാൻ സോഷ്യൽ മീഡിയ ആയുധമാക്കിയാണ് ആരാധകർ യുദ്ധം നടത്തുന്നത്. പ്രത്യേക വിമാനം വിട്ടു ബ്ലെസിയും പൃഥ്വിരാജും അടക്കമുള്ള സംഘത്തെ നാട്ടിലെത്തിക്കാനാണ് ആവശ്യം ഉയരുന്നത്. പക്ഷേ ജോർദാനിൽ കുടുങ്ങിയ സിനിമാ സംഘത്തോട് അവിടെത്തന്നെ തുടരാനാണ് കേന്ദ്രവിദേശകാര്യ സഹമന്ത്രി കെ.മുരളീധരൻ നിർദ്ദേശിച്ചത്. നിലവിലുള്ള നിയന്ത്രണങ്ങളിൽ ഇളവ് നൽകാനാകില്ലെന്നാണ് മന്ത്രി പ്രതികരിച്ചത്.

മലയാളികൾ വിവിധ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുമ്പോൾ ഷൂട്ടിങ് സംഘത്തിനെ മാത്രമായി തിരികെ എത്തിക്കാനുള്ള ആവശ്യത്തിന്നെതിരെ സോഷ്യൽ മീഡിയയിൽ നിന്ന് ശക്തമായ എതിർപ്പുകൾ ഉയർന്നിരുന്നു. ഇവരെ തിരിച്ചെത്തിക്കണമെന്നു സോഷ്യൽ മീഡിയയിൽ തന്നെ ആവശ്യം ഉയർന്നപ്പോഴാണ് മറുവിഭാഗം ശക്തമായ എതിർ പ്രചാരണങ്ങളുമായി രംഗത്ത് വന്നത്. ഇത് മനസിലാക്കിയാണ് ഷൂട്ടിങ് സംഘത്തെ മാത്രമായി ജോർദാനിൽ നിന്നും തിരികെ എത്തിക്കാൻ കഴിയില്ലെന്ന് കേന്ദ്രസഹമന്ത്രിയുടെ പ്രതികരണം വന്നത്. ഷൂട്ടിങ് സംഘം ജോർദാനിൽ തുടരുന്നതിൽ പൃഥ്വിരാജിന്റെ ആരാധകർക്കുള്ള ആശങ്കകൾ തനിക്ക് ഇല്ലെന്നാണ് പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരൻ മറുനാടൻ മലയാളിയോട് പ്രതികരിക്കുന്നത്.

ജർമ്മൻ സംഘത്തെ ജർമ്മൻ ഫ്‌ളൈറ്റ് വന്നു കൊണ്ട് പോയത് പോലെ ജോർദാനിലേക്കും ഇവർക്ക് വേണ്ടി പ്രത്യേക വിമാനം അയക്കണമെന്നു ആവശ്യപ്പെടാൻ ഞാനില്ല-മല്ലിക പറയുന്നു. തത്ക്കാലം അവർക്ക് അവിടെ ആശങ്കപ്പെടെണ്ട സാഹചര്യമില്ല. പ്രത്യേക വിമാനം അയക്കണമെന്ന പറയാനുള്ള ആവശ്യം ജോർദാനിൽ നിലനിൽക്കുന്നില്ല. ഞാൻ എന്റെ മകനുമായി സംസാരിച്ചിരുന്നു. കേന്ദ്രമന്ത്രി മുരളീധരൻ തന്നെ എന്നെ വിളിച്ചിരുന്നു. ആശങ്കപ്പെടെണ്ട സാഹചര്യമില്ല എന്ന് പറയാണാണ് വിളിച്ചത്. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ വിളിച്ചിരുന്നു. ചലച്ചിത്ര അക്കാദമി ചെയർമാൻ കമലും വിളിച്ചിരുന്നു. പൃഥ്വിരാജുമായി ബന്ധപ്പെട്ട വിഷയത്തിലാണ് എന്നെ അവർ വിളിച്ചത്. എനിക്ക് രാഷ്ട്രീയമുള്ളത്‌കൊണ്ടല്ല അവർ വിളിച്ചത്.

ഞാൻ സുകുമാരന്റെ ഭാര്യയാണ്. പൃഥ്വിരാജിന്റെ അമ്മയാണ്. ഈ രീതിയിലാണ് അവർ വിളിച്ചത്. തത്ക്കാലം ജോർദാനിൽ പൃഥ്വിരാജിനും സംഘത്തിനും യാതൊരു കുഴപ്പവുമില്ല. ആശങ്കകൾക്ക് അടിസ്ഥാനമില്ല. ഏപ്രിൽ രണ്ടാം വാരം വരെ മാത്രമേ ഭക്ഷണ സാധനങ്ങൾ ഉള്ളൂ എന്നതും അടിസ്ഥാന രഹിതമായ കാര്യമാണ്. വെള്ളത്തിനും ഭക്ഷണത്തിനും ഒരു പ്രതിസന്ധിയുമില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. ഭക്ഷണവും വെള്ളവുമെല്ലാം ആവശ്യത്തിൽ കൂടുതലുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. അതുകൊണ്ട് തന്നെ മറിച്ചുള്ള വാർത്തകൾക്ക് അടിസ്ഥാനമില്ല. ഇവിടെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചമാതിരി അവിടെയും ലോക്ക് ഡൗണുണ്ട്.

പതിനാലാം തീയതി കഴിയട്ടെ. അതിനു ശേഷം അവർക്ക് ഇന്ത്യയിൽ തിരികെ എത്താൻ കഴിയും. ഇവിടെ പ്ലെയിൻ ഇറങ്ങുന്നില്ല. അവിടെ പ്ലെയിൻ പൊങ്ങുന്നില്ല. പിന്നെ എങ്ങിനെ തിരികെ വരും. ഈ ഘട്ടത്തിൽ ആശങ്കകൾ ഉണ്ടോ എന്നതാണ് ചോദ്യം. അതിനാണ് അവരെ ഞാൻ ബന്ധപ്പെട്ടത്. നിലവിൽ പ്രശ്‌നങ്ങൾ ഒന്നും തന്നെയില്ല. അനിശ്ചിതത്വം നീങ്ങുന്നത് വരെ ജോർദാനിൽ അവർക്ക് കഴിയാം. അതിനുള്ള സാഹചര്യം അവിടെയുണ്ട്. ലോക്ക് ഡൗൺ കഴിഞ്ഞാൽ കേന്ദ്രസർക്കാർ തിരികെ എത്തിക്കുമോ എന്ന കാര്യം എനിക്കറിയില്ല. പൃഥ്വിരാജിന് ഒരു ആശങ്കയുമില്ല. അവൻ അങ്ങിനെ ആശങ്കപ്പെടുന്നയാളല്ല. പൃഥ്വിയുടെ ഭാര്യയുമായും ഞാൻ എപ്പോഴും സംസാരിക്കുന്നുണ്ട്. സുപ്രിയക്കും ആശങ്കയില്ല. ലോക്ക് ഡൗൺ കഴിഞ്ഞാൽ ഫ്‌ളൈറ്റുകൾ സർവീസ് നടത്തും. ഇതോടെ പൃഥ്വിക്കും എത്താൻ കഴിയും-മല്ലിക പറയുന്നു.

ഈ മാസം അഞ്ചാം തീയതി വരെയാണ് ആട് ജീവിതം ഷൂട്ടിങ് നിശ്ചയിച്ചിരുന്നത്. കൊറോണ ഭീതി കാരണം ഇടയ്ക്ക് ഷൂട്ടിങ് നിർത്തിവയ്‌ക്കേണ്ടി വന്നു. അനുമതി വാങ്ങി വീണ്ടും ഷൂട്ടിങ് പുനരാരംഭിച്ചു. ഏപ്രിൽ എട്ടു വരെയാണ് വിസ കാലാവധിയുള്ളത്. സംഭവങ്ങളിൽ ആശങ്കയറിയിച്ച് സംവിധായകൻ ബ്ലെസി അയച്ച മെയിൽ ചർച്ചയായിരുന്നു. ഫിലിം ചേംബറിനാണ് ബ്ലസി കത്ത് നൽകിയത്. ഫിലിം ചേംബർ മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽ ഈ പ്രശ്‌നം കൊണ്ട്വന്നിരുന്നു.

ഇതോടെയാണ് ജോർദാനിൽ കുടുങ്ങിയ ഫിലിം സംഘത്തെ തിരികെ എത്തിക്കാനുള്ള നീക്കങ്ങൾ ഊർജ്ജിതമായത്. പക്ഷെ കേന്ദ്രമന്ത്രിയുടെ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ ഇവർ ലോക്ക് ഡൗൺ കഴിയും വരെ ജോർദാനിൽ തുടരേണ്ടി വരും എന്ന അവസ്ഥയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP