Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മകന്റെ കല്യാണ സമയത്ത് മന്ത്രിയാകണമെന്ന ശശീന്ദ്രന്റെ അഭ്യർത്ഥന മാനിച്ച് മുഖ്യമന്ത്രി; മാണി സി കാപ്പന് ഉറപ്പ് നൽകുന്നത് ഫെബ്രുവരി എട്ടിലെ ശശീന്ദ്രന്റെ മകന്റെ കല്യാണത്തിന് ശേഷം മന്ത്രിയാക്കാമെന്ന്; മാർച്ചിൽ മന്ത്രിസഭാ വികസനം ഉറപ്പായതോടെ ചർച്ചയാകുന്നത് ഉരുളുന്നത് ആരുടെയൊക്കെ തലകൾ എന്നത് തന്നെ; ഇനി രണ്ടു മാസം മന്ത്രിസഭാ വികസന ചർച്ചകൾ

മകന്റെ കല്യാണ സമയത്ത് മന്ത്രിയാകണമെന്ന ശശീന്ദ്രന്റെ അഭ്യർത്ഥന മാനിച്ച് മുഖ്യമന്ത്രി; മാണി സി കാപ്പന് ഉറപ്പ് നൽകുന്നത് ഫെബ്രുവരി എട്ടിലെ ശശീന്ദ്രന്റെ മകന്റെ കല്യാണത്തിന് ശേഷം മന്ത്രിയാക്കാമെന്ന്; മാർച്ചിൽ മന്ത്രിസഭാ വികസനം ഉറപ്പായതോടെ ചർച്ചയാകുന്നത് ഉരുളുന്നത് ആരുടെയൊക്കെ തലകൾ എന്നത് തന്നെ; ഇനി രണ്ടു മാസം മന്ത്രിസഭാ വികസന ചർച്ചകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭാ പുനഃസംഘടന വൈകുന്നതിന് പിന്നിൽ ഗതാഗതമന്ത്രി എകെ ശശീന്ദ്രന്റെ മകന്റെ കല്യാണം. ശശീന്ദ്രനെ മന്ത്രിസഭയിൽ നിന്ന് മാറ്റാൻ മുഖ്യമന്ത്രി പിണറായി വിജയനും എൻസിപി നേതൃത്വവും തീരുമാനിച്ചിട്ടുണ്ട്.

എൻസിപി പ്രതിനിധിയായി മാണി സി കാപ്പനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനാണ് ഇത്. ശശീന്ദ്രനെ എൻസിപിയുടെ സംസ്ഥാന അധ്യക്ഷനാക്കും. ഗതാഗതമന്ത്രിയെന്ന നിലയിലെ മോശം പ്രകടനമാണ് ഈ മാറ്റത്തിന് കാരണം. മന്ത്രിസ്ഥാനം ഒഴിയാൻ സമ്മതം അറിയിച്ച ശശീന്ദ്രന്റെ മകന്റെ കല്യാണം വരെ മന്ത്രിസ്ഥാനത്ത് തുടരാൻ അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയായിരുന്നു. ഇത് മാനിച്ചാണ് മന്ത്രിസഭാ പുനഃസംഘടന വൈകിപ്പിക്കുന്നത്.

ഫെബ്രുവരി എട്ടിനാണ് ശശീന്ദ്രന്റെ മകന്റെ കല്യാണം. അതുകൊണ്ട് തന്നെ ബജറ്റ് അവതരണത്തിനുള്ള നിയമസഭാ സമ്മേളനത്തിന് ശേഷമേ ഇനി പുനഃസംഘടന ഉണ്ടാകൂ. മാർച്ച ആദ്യം പുനഃസംഘടനയാണ് മുഖ്യമന്ത്രി ലക്ഷ്യമിടുന്നത്. ആരെയെല്ലാം മന്ത്രിയാക്കണമെന്നതിൽ മത-പ്രാദേശിക ഘടകങ്ങളും സ്വാധീനം ചെലുത്തും. തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് മന്ത്രിസഭ പൊളിച്ചു പണിയാനുള്ള ആലോചനകൾ സജീവമാകുമ്പോൾ ഏറ്റവും കൂടുതൽ പ്രതീക്ഷ വീണാ ജോർജിനും സജി ചെറിയാനും.

ഓർത്തഡോക്സ് സഭയുടെ പ്രതിനിധിയായി വീണ ജോർജ് മന്ത്രിയാകുമെന്നാണ് സൂചന. സജി ചെറിയാനും പരിഗണനാ പട്ടികയിലുണ്ട്. നിലവിൽ രണ്ട് വനിതാ മന്ത്രിമാരാണ് ഉള്ളത്. ഇത് മൂന്നായി ഉയർത്താനാണ് മുഖ്യമന്ത്രി പിണറായിയുടെ തീരുമാനം. കൊട്ടാരക്കരയുടെ അയിഷാ പോറ്റിയും ലിസ്റ്റിലുണ്ട്. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ, എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ തുടങ്ങിയവർ മന്ത്രിസഭയിൽ നിന്ന് പുറത്താകുമെന്നാണ് റിപ്പോർട്ടുകൾ. കെടി ജലീലിനും പദവി നഷ്ടമാകും.

അഞ്ചോളം പുതിയ മന്ത്രിമാർ കാബിനറ്റിലെത്തുമെന്നാണ് വിവരം. സ്പീക്കർ ശ്രീരാമകഷ്ണൻ മന്ത്രിസഭയിലെത്തുമെന്നും സൂചനയുണ്ട്. പി ശ്രീരാമകൃഷ്ണൻ മന്ത്രിയാകുന്നതോടെ മുതിർന്ന എംഎൽഎമാരായ സുരേഷ് കുറുപ്പോ രാജു എബ്രഹാമോ സ്പീക്കർ സ്ഥാനത്തെത്തുമെന്ന് പ്രതീക്ഷിക്കുന്നത്. ഇരുവരേയും മന്ത്രിയാക്കുന്നതിനോട് പിണറായി വിജയന് താൽപ്പര്യമില്ല. സുരേഷ് കുറുപ്പ് സ്പീക്കറാകാനാണ് കൂടുതൽ സാധ്യത. അങ്ങനെ വന്നാൽ റാന്നിയിലെ എംഎൽഎയ്ക്ക് നിരാശയാകും ഉണ്ടാവുക. അതിനിടെ സ്വതന്ത്രനായി ജയിച്ച് മന്ത്രിസഭയിലെത്തിയ കെടി ജലീലിന് സ്ഥാനം നഷ്ടമാകുമെന്ന് സൂചനയുണ്ട്.

എംജി സർവ്വകലാശാലയിലെ മാർക്ക് ദാനവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഇതിന് കാരണം. മോശം പെർഫോമൻസുള്ള പലർക്കും സ്ഥാനം നഷ്ടമായേക്കാം. വിവാദം ഉണ്ടാക്കുന്നവരേയും പുറത്താക്കാനാണ് സാധ്യത. കടകംപള്ളി സുരേന്ദ്രൻ അടക്കമുള്ളവരുടെ സ്ഥാനത്തിന് ഭീഷണിയുണ്ടെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരത്തിന്റെ പ്രതിനിധിയായ വട്ടിയൂർക്കാവിൽ നിന്ന് ജയിച്ച പ്രശാന്തിനെ മന്ത്രിസഭയിൽ എടുക്കാനും സാധ്യതയുണ്ട്. മന്ത്രിസഭയ്ക്ക് യുവമുഖം നൽകാനാണ് ഇത്. പാലായെ പോലെ വട്ടിയൂർക്കാവും സിപിഎമ്മിന് ബാലകേറാമല പോലെയായിരുന്നു. ഇതാണ് ഉജ്ജ്വല വിജയത്തോടെ പ്രശാന്ത് മാറ്റിയെടുത്തത്.

ജനകീയരായ നേതാക്കളെ ഉൾപ്പെടുത്തിയുള്ള പുനഃസംഘടനയാണ് ലക്ഷ്യമിടുന്നത്. വനിതാ മന്ത്രിമാരായ കെ കെ ശൈലജയ്ക്കും ജെ മേഴ്സിക്കുട്ടിയമ്മയ്ക്കും സ്ഥാനമാറ്റമുണ്ടാകില്ല. പുനഃസംഘടന കഴിയുമ്പോൾ സംസ്ഥാനത്തെ മന്ത്രിമാരുടെ എണ്ണം 20ൽ നിന്ന് 21 ആയി ഉയരുമെന്നാണ് റിപ്പോർട്ട്. മുതിർന്ന നേതാക്കളായ ഇ പി ജയരാജനും എ കെ ബാലനും സ്വയം മന്ത്രിസ്ഥാനമൊഴിഞ്ഞില്ലെങ്കിൽ ഇവർ അഞ്ച് വർഷം പൂർത്തിയാക്കും. എന്നാൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ മന്ത്രിസ്ഥാനത്തു നിന്ന് നീക്കിയേക്കുമെന്ന് സൂചനയുണ്ട്. ധനമന്ത്രി തോമസ് ഐസക്, വൈദ്യുത മന്ത്രി എം എം മണി, വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് തുടങ്ങിയവർ സ്ഥാനത്തു തുടരും.

എം സ്വരാജ്, എ എൻ ഷംസീർ തുടങ്ങിയ യുവ എംഎൽഎമാരെയും മുതിർന്ന നേതാവ് സി കെ ശശീന്ദ്രനെയും മന്ത്രിസഭയിലേയ്ക്ക് പരിഗണിക്കുന്നുണ്ടെങ്കിലും അതിന് കൂടുതൽ മന്ത്രിമാർ രാജി വെക്കാൻ തയ്യാറാകേണ്ടതുണ്ട്. ഇതിനിടെ ബാലകൃഷ്ണപിള്ളയുടെ ആവശ്യം പരിഗണിച്ച് ഗണേശ് കുമാറിനെ മന്ത്രിയാക്കുന്നതും പരിഗണനയിലാണ്. ഗണേശിന് ഗതാഗത വകുപ്പ് നൽകാൻ മുഖ്യമന്ത്രിക്ക് താൽപ്പര്യമുണ്ടെന്നാണ് സൂചന. സി പി എം മന്ത്രിമാർ മത്രമേ മാറാൻ സാധ്യതയുള്ളൂ. മന്ത്രി സഭാ പുനഃസംഘടനയുണ്ടായാൽ ഘടക കക്ഷികളെ ഉൾപെടുത്താൻ സാധ്യത കുറവാണ്. അതു കൊണ്ട് തന്നെ കേരളാ കോൺഗ്രസ് ബി യുടെ സാധ്യത മുഖ്യമന്ത്രിയുടെ തീരുമാനത്തെ അനുസരിച്ചിരിക്കും.

സിപിഎം മന്ത്രിമാരിൽ പലരുടേയും പ്രകടനത്തിൽ മുഖ്യമന്ത്രി തൃപ്തനല്ല. മന്ത്രിമാരായ എസി മൊയ്തീൻ, ടി പി രാമകൃഷ്ണൻ എന്നിവരെ സംഘടനാ ചുമതലയിലേക്ക് മടക്കി കൊണ്ടു വരാനാണ് പിണറായി ആഗ്രഹിക്കുന്നുണ്ട്. മന്ത്രിസഭയ്ക്ക് കൂടുതൽ യുവത്വം നൽകി അതിലൂടെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങളിലേക്ക് സർക്കാരിന്റെ പ്രവർത്തനങ്ങളെ കൂടുതൽ എത്തിക്കാനാണ് പിണറായിയുടെ ശ്രമം. മറ്റാരെ പരീക്ഷിച്ചാലും വിജയിക്കാത്ത റാന്നിയിൽ രാജു എബ്രഹാം 5 വട്ടം ജയിച്ചിട്ടും മന്ത്രിയാക്കിയില്ല. യുഡിഎഫ് കോട്ടയായ കോട്ടയത്തെ ഏറ്റുമാനൂരിൽ തുടർച്ചയായി ജയിക്കുന്ന സുരേഷ് കുറുപ്പിനും മന്ത്രിയാകണമെന്ന മോഹമുണ്ട്. ഇതു രണ്ടും നടക്കില്ലെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP