Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനി ജോർജിന്റെ പുലഭ്യം വിളി മുഴുവൻ നേതാവിന് നേരെ; കെഎം മാണിയുടെ വീട്ടിൽ കേരളാ കോൺഗ്രസ് എംഎൽഎമാർ ജോർജ്ജിന്റെ രാജി ഏകകണ്ഠമായി ആവശ്യപ്പെട്ടു; ചീഫ് വിപ്പ് സ്ഥാനത്തു നിന്നും പുറത്താക്കാനുള്ള കത്തുമായി മാണിയും ജോസഫും മുഖ്യമന്ത്രിയെ കണ്ടു; അന്തിമ തീരുമാനം ഉമ്മൻ ചാണ്ടിയുടേത്

ഇനി ജോർജിന്റെ പുലഭ്യം വിളി മുഴുവൻ നേതാവിന് നേരെ; കെഎം മാണിയുടെ വീട്ടിൽ കേരളാ കോൺഗ്രസ് എംഎൽഎമാർ ജോർജ്ജിന്റെ രാജി ഏകകണ്ഠമായി ആവശ്യപ്പെട്ടു; ചീഫ് വിപ്പ് സ്ഥാനത്തു നിന്നും പുറത്താക്കാനുള്ള കത്തുമായി മാണിയും ജോസഫും മുഖ്യമന്ത്രിയെ കണ്ടു; അന്തിമ തീരുമാനം ഉമ്മൻ ചാണ്ടിയുടേത്

ബി രഘുരാജ്‌

തിരുവനന്തപുരം: ഒടുവിൽ കെഎം മാണി മൗനം വെടിയുന്നു. തുടർച്ചയായി അച്ചടക്കം ലംഘിക്കുന്ന പിസി ജോർജ്ജിനെ പുറത്താക്കനുള്ള ആദ്യ നടപടി എന്ന നിലയിൽ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും ഒഴിവാക്കാൻ തീരുമാനമായി. ഇപ്പോൾ മാണിയുടെ വീട്ടിൽ നടക്കുന്ന കേരളാ കോൺഗ്രസിന്റെ എട്ട് എംഎൽഎമാരുടേയും സംയുക്ത യോഗമാണ് ജോർജ്ജിനെ ഒഴിവാക്കാൻ തീരുമാനം എടുത്തത്. പാർട്ടിയിൽ നിന്നും തൽക്കാലം പുറത്തേണ്ട എന്നും ചീഫ് വിപ്പ് സ്ഥാനത്തു നിന്നും പുറത്താക്കാമെന്നുമാണ് തീരുമാനം. യോഗം ഇപ്പോഴും തുടരുകയാണ്. യോഗത്തിനിടെയിൽ മാണിയും മന്ത്രി പിജെ ജോസഫും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ക്ലിഫ് ഹൗസിലെത്തി സന്ദർശിച്ചു. പാർട്ടി തീരുമാനം കത്തിലൂടെ മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു.

എന്നാൽ കരുതലോടെ തീരുമാനം എടുക്കാമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ആദ്യം ചീഫ് വിപ്പ് സ്ഥാനം ഒഴിയാൻ ജോർജ്ജിനോട് ആവശ്യപ്പെടാം. അല്ലാത്ത പക്ഷം പുറത്താക്കാമെന്നാണ് മാണിക്ക് മുഖ്യമന്ത്രി നൽകിയ മറുപടിയെന്നാണ് സൂചന. അതിനിടെ ജോർജ്ജുമായി മുഖ്യമന്ത്രി സംസാരിച്ചതായും സൂചനയുണ്ട്. തന്നെ പുറത്താക്കിയാൽ ഭരണം അട്ടമിറിക്കുമെന്ന ഭീഷണി പോലും ജോർജ്ജ് ഉയർത്തിയതായാണ് സൂചന. എല്ലാവരോടും ആലോചിച്ച് കേരളാ കോൺഗ്രസിന്റെ കത്തിൽ മുഖ്യമന്ത്രി തീരുമാനം അറിയിക്കും. കോൺഗ്രസിനുള്ളിലും ചർച്ച ചെയ്യും. ജോർജ്ജിനെ കൈവിടുന്നതിനെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എതിർക്കുകയാണ്. എന്നാൽ കേരളാ കോൺഗ്രസിന് അനുവദിച്ച ചീഫ് വിപ്പ് സ്ഥാനം ആർക്ക് നൽകണമെന്ന് തീരുമാനിക്കാൻ മാണിക്കുണ്ടെന്ന് വിശദീകരിച്ച് ജോർജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്ന് മാറ്റുമെന്നാണ് സൂചന. രണ്ട് ദിവസത്തിനുള്ളിൽ തീരുമാനമുണ്ടായില്ലെങ്കിൽ മാണി കടുത്ത നിലപാടിലേക്ക് മാറും.

തന്നോടൊപ്പം ആണെന്ന് എന്നും പിസി ജോർജ് അവകാശപ്പെടുന്ന തോമസ് ഉണ്ണിയാടനും റോഷി അഗ്‌സറ്റിനുമാണ് ചീഫ് വിപ്പിനെ പുറത്താക്കണമെന്ന ആവശ്യവുമായി ഇന്ന് മാണിയുടെ വീട്ടിൽ ആദ്യം എത്തിയത്. തുടർന്ന് മന്ത്രി പിജെ ജോസഫ് അടക്കമുള്ള മറ്റ് എംഎൽഎമാരേയും വിളിച്ചു വരുത്തി. ജോർജ് ഉയർത്തുന്ന അച്ചടക്ക പ്രശ്‌നങ്ങൾ ചർച്ച ചെയ്തു. ധനമന്ത്രിയെ അധിക്ഷേപിക്കുന്ന ജോർജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന പൊതുവികാരവുമെത്തി. എല്ലാം മനസ്സിലാക്കി മാണിയും സമ്മതം മൂളി. ഇതോടെയാണ് ജോർജ്ജിന് ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കാൻ തീരുമാനമായത്. തൽക്കാലം പാർട്ടിയിൽ നിന്ന് പുറത്താക്കില്ല. ചീഫ് വിപ്പ് സ്ഥാനം നഷ്ടമാകുന്നതോടെ ജോർജ്ജ് തന്നെ സ്വയം പാർട്ടി വിട്ടുപോകുമെന്നാണ് കേരളാ കോൺഗ്രസ് എമ്മിലെ പൊതു വിലയിരുത്തൽ.

ചീഫ് വിപ്പ് സ്ഥാനം ഒഴിയണമെന്ന് ജോർജ്ജിനോട് ഇന്ന് തന്നെ ആവശ്യപ്പെടുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. പാർട്ടിയുടെ ആവശ്യം അംഗീകരിച്ച് രാജി നൽകിയില്ലെങ്കിൽ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് ജോർജ്ജിനെ മാറ്റുകയെന്ന ഉദ്ദേശത്തോടെയാണ് മുഖ്യമന്ത്രിക്ക് കെഎം മാണി കത്ത് നൽകിയത്. നൽകും. കേരളാ കോൺഗ്രസ് എമ്മിന്റെ ആ വിഷയത്തിലെ തീരുമാനത്തെ അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ എന്തുവന്നാലും രണ്ട് ദിവസത്തിനപ്പുറം ചീഫ് വിപ്പ് സ്ഥാനത്ത് ജോർജ്ജ് ഉണ്ടാകില്ലെന്നാണ് കേരളാ കോൺഗ്രസ് എം നേതാക്കൾ മറുനാടൻ മലയാളിയോട് വ്യക്തമാക്കുന്നത്.

ഇന്നത്തെ യോഗത്തിൽ ജോർജ്ജിനെതിരെ കടുത്ത നിലപാടാണ് ജോസഫും സ്വീകരിച്ചത്. ചർച്ചയുടെ ആദ്യ ഘട്ടത്തിൽ അവർ മിണ്ടാതിരുന്നു. എന്നാൽ മാണിയുടെ നിലപാട് മനസ്സിലാക്കിയ ശേഷം പൊട്ടിത്തെറിച്ചു. ഫ്രാൻസിസ് ജോർജ്ജിനെ പൊട്ടനെന്ന് ജോർജ്ജ് വിളിച്ചപ്പോൾ മിണ്ടാതിരുന്നതിന്റെ ഫലമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് പോലും ജോസഫ് അഭിപ്രായപ്പെട്ടു. ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് മാത്രമല്ല, പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കണമെന്നാണ് ജോസഫ് ആവശ്യപ്പെട്ടത്. എന്നാൽ കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയിൽ ജോർജ്ജിനെ എത്തിക്കാൻ വേണ്ടി അതുവേണ്ടെന്ന നിലപാടിൽ മാണി ഉറച്ചു നിന്നു.

ജോർജ്ജ് പുറത്തായാലും കേരളാ കോൺഗ്രസ് എമ്മിന് ഒന്നും സംഭവിക്കില്ലെന്നാണ് വിലയിരുത്തൽ. ഇതു സംബന്ധിച്ച വിശദ ചർച്ചകൾ ഇന്നത്തെ എംഎൽഎമാരുടെ യോഗത്തിൽ നടന്നു. പാർട്ടി ഒറ്റക്കെട്ടായി മാണിക്ക് പിന്നിലുണ്ടെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തു. ജോർജ്ജിനെ പുറത്താക്കുന്നതിലൂടെ ബാർ കോഴയിലെ ആരോപണങ്ങളിൽ നിന്ന് മാണി മുക്തനാകുമെന്നാണ് പ്രതീക്ഷ. ആരേയും പേടിയില്ലാത്തതു കൊണ്ടാണ് ജോർജ്ജിനെതിരെ നടപടി എടുത്തതെന്ന് വിലയിരുത്താൻ കഴിയും. എല്ലാ തെളിവുകളും ഉള്ളതിനാൽ ആർക്കും തന്നെ തൊടാൻ കഴിയില്ലെന്ന വാദമാണ് പൊതു വേദികളിൽ ജോർജ്ജ് ഉയർത്തുന്നത്. ആങ്ങനെ ജോർജ്ജിനെ ഒരു പേടിയും മാണിക്കില്ലെന്ന് വരുത്തി പ്രതിരോധത്തിൽ നിന്ന് ആക്രമണത്തിലേക്ക് കളം മാറുകയാണ് കേരളാ കോൺഗ്രസ്.

എല്ലാ നേതാക്കളും മാണിക്ക് വേണ്ടി രംഗത്ത് എത്തും. പാർട്ടി വിരുദ്ധ പ്രവർത്തനമാണ് ജോർജ്ജ് നടത്തിയതെന്നും നിലപാട് എടുക്കും. ബാർ കോഴയിലെ പാർട്ടി അന്വേഷണ സമിതി റിപ്പോർട്ടും പുറത്തുവിടുന്നതും ആലോചനയിലാണ്. ജോർജ്ജിന്റെ ഗൂഡാലോചനാ വിശദീകരിക്കുന്ന റിപ്പോർട്ടാകും അത്. മാണി എന്ത് തീരുമാനം എടുത്താലും അംഗീകരിക്കുമെന്ന് ജോസഫും വ്യക്തമാക്കിയിട്ടുണ്ട്. കോട്ടയത്തും ഇടുക്കിയിലും കേരളാ കോ്ൺഗ്രസിന്റെ ശക്തി ഇല്ലാതാക്കാൻ ജോർജ്ജിന് കഴിയില്ല. അന്വേഷണ റിപ്പോർട്ട് പുറത്തുവിടുന്നതിനേയും എതിർക്കില്ല. എന്നാൽ ഇക്കാര്യത്തിൽ പാർട്ടി ചെയർമാൻ അന്തിമ തീരുമാനം എടുക്കണമെന്നാണ് നിർദ്ദേശം.

എന്നാൽ ഈ റിപ്പോർട്ട് പുറത്ത് വിടില്ലെന്ന് മാദ്ധ്യമങ്ങളോട് മാണി തന്നെ വിശദീകരിച്ച സാഹചര്യവും ഉണ്ട്. ജോർജ്ജിനെതിരെയുള്ള റിപ്പോർട്ട് പുറത്തുവിട്ടാൽ അതിലും പ്രശ്‌നമുണ്ടാകും. കാരണം ചില കോൺഗ്രസ് നേതാക്കളുടെ പേരുകൂടി അതിൽ പരാമർശിക്കപ്പെടും. ഈ സാഹചര്യത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്ന അഭിപ്രായത്തോട് പൂർണ്ണ യോജിപ്പ് മാണിക്കില്ല. മുന്നണി ബന്ധങ്ങളെ ബാധിക്കാതെ മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കാത്ത നടപടിക്ക് മാത്രമേ മാണി നിലകൊള്ളൂ എന്നാണ് സൂചന. അതിനാൽ സിഎഫ് തോമസ് ചെയർമാനായ സമിതിയുടെ റിപ്പോർട്ട് പുറത്തുവിടാതിരിക്കാൻ തന്നെയാണ് സാധ്യത. പാർട്ടിയുടെ പ്രമുഖ നേതാക്കളെ കാര്യങ്ങൾ ബോധ്യപ്പെടുത്തി മാത്രമേ ഇക്കാര്യത്തിൽ തീരുമാനം എടുക്കൂ.

ബജറ്റ് അവതരണ ശേഷം ജോർജ്ജ് നടത്തിയ പ്രതികരണങ്ങളോട് വ്യാപക എതിർപ്പാണ് കേരളാ കോൺഗ്രസിൽ ഉണ്ടായത്. പാർട്ടിയുടെ സ്റ്റിയറിങ് കമ്മറ്റിയിൽ ബാർ കോഴ ചർച്ചയാക്കാനുള്ള നീക്കവും നടന്നില്ല. ജോർജ്ജ് പറയുന്നത് പാർട്ടി നയമല്ലെന്ന് തുറന്നു പറഞ്ഞ് മാണി തന്നെ പോരാട്ടം നേരിട്ട് ഏറ്റെടുത്തു. പാലായിലെ സ്വീകരണ യോഗത്തിൽ ജോർജ്ജ് എത്താത്തത് വാർത്തയല്ലെന്ന് പറഞ്ഞ് പരിഹസിക്കുകയും ചെയ്തു. മാണിയെ ബലികൊടുത്തൊരു തീരുമാനം ഉണ്ടാകില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ധനമന്ത്രിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. അച്ചടക്കം ലംഘനം നടത്തുന്ന ജോർജ്ജിനെതിരെ നടപടി എടുക്കേണ്ടത് കേരളാ കോൺഗ്രസാണെന്ന് കെപിസിസി വക്താവ് എംഎം ഹസ്സനും വ്യക്തമാക്കി. അതോടെ യുഡിഎഫ് നേതൃത്വം മുഴുവൻ തന്റെ പിന്നിലാണെന്ന് ഉറപ്പിക്കാൻ മാണിക്കായി.

യുഡിഎഫിന് എന്നും തലവേദനയാകുന്ന ജോർജ്ജിനെ കൈവിടാമെന്ന് മുഖ്യമന്ത്രിയും മാണിയോട് നേരിട്ട് വ്യക്തമാക്കി. ചന്ദ്രബോസ് കൊലക്കേസിൽ നിസാമിനെതിരെ ഡിജിപിയുമായി ബന്ധപ്പെട്ടുയർത്തിയ വിവാദങ്ങൾ ഉൾപ്പെടെ പലതും ജോർജ്ജിന് വിനയായി. സർക്കാരിനെ ബോധപൂർവ്വം പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമമാണെന്ന് മുഖ്യമന്ത്രിയും തിരിച്ചറിഞ്ഞു. ഇതിനിടെ കേരളാ കോൺഗ്രസിൽ നിന്ന് എംഎൽഎമാരെ അടർത്തിയെടുക്കാനും നീക്കം സജീവമാക്കി. ജോർജ്ജിന്റെ ഈ നീക്കവും പൊളിച്ചാണ് കേരളാ കോൺഗ്രസിന്റെ പൂർണ്ണ നിയന്ത്രണം മാണി കൈപ്പിടിയിൽ ഒതുക്കിയത്. ഈ സാഹചര്യത്തിലാണ് ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് ജോർജ്ജിനെ മാറ്റാനുള്ള തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP