Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോഴ്‌സ് തുടങ്ങിയപ്പോൾ മുതൽ ഉള്ള അപര്യാപ്തകളുടെ നീണ്ട ലിസ്റ്റ് ഇപ്പോഴും അങ്ങനെ തന്നെ; പ്രവർത്തനം ആരംഭിച്ച് അഞ്ച് വർഷമായിട്ടും സൗകര്യങ്ങൾ ഇപ്പോഴും മൂന്നാംകിട ലോഡ്ജ് മാതൃകയിൽ; മഞ്ചേരി മെഡിക്കൽ കോളേജിലെ ആദ്യബാച്ച് വിദ്യാർത്ഥികളുടെ എം.ബി.ബി.എസ് അംഗീകാരത്തിനുള്ള പരിശോധന ഉടൻ; കോളേജിൽ പരിശോധന നടത്താൻ പോകുന്ന മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ ഇത് കണ്ടാൽ അംഗീകാരം എങ്ങനെ കിട്ടുമെന്ന ആശങ്കയിൽ വിദ്യാർത്ഥികളും

കോഴ്‌സ് തുടങ്ങിയപ്പോൾ മുതൽ ഉള്ള അപര്യാപ്തകളുടെ നീണ്ട ലിസ്റ്റ് ഇപ്പോഴും അങ്ങനെ തന്നെ; പ്രവർത്തനം ആരംഭിച്ച് അഞ്ച് വർഷമായിട്ടും സൗകര്യങ്ങൾ ഇപ്പോഴും മൂന്നാംകിട ലോഡ്ജ് മാതൃകയിൽ; മഞ്ചേരി മെഡിക്കൽ കോളേജിലെ ആദ്യബാച്ച് വിദ്യാർത്ഥികളുടെ എം.ബി.ബി.എസ് അംഗീകാരത്തിനുള്ള പരിശോധന ഉടൻ; കോളേജിൽ പരിശോധന നടത്താൻ പോകുന്ന മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ ഇത് കണ്ടാൽ അംഗീകാരം എങ്ങനെ കിട്ടുമെന്ന ആശങ്കയിൽ വിദ്യാർത്ഥികളും

എം.എസ്. സനിൽകുമാർ

2013ലാണ് മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് പ്രവർത്തനം ആരംഭിക്കുന്നത്. അന്ന് മുതലേ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിൽ കിടന്ന് കുലുങ്ങുകയായിരുന്നു കോളേജ്. 2013ൽ ആദ്യബാച്ച് എം.ബി.ബി.എസ് വിദ്യാർത്ഥികൾ പഠനം തുടങ്ങി. ഇനി മൂന്നോനാലോ മാസം കഴിയുമ്പോൾ ഹൗസ് സർജ്ജൻസി പൂർത്തിയാക്കി ഇവർ പുറത്തിറങ്ങും. ഇവരുടെ എം.ബി.ബി.എസ് ഡിഗ്രിക്ക് അംഗീകാരം ലഭിക്കുന്നതിന് ആദ്യം കോളേജിന് അംഗീകാരം കിട്ടേണ്ടതുണ്ട്. എല്ലാ വർഷവും എം.സിഐ പരിശോധന നടത്തുമെങ്കിൽ ഒരു ബാച്ചിന്റെ അഞ്ചാം വർഷം കോളേജിൽ അടിസ്ഥാന സൗകര്യങ്ങൾ സംബന്ധിച്ച് വിശദമായ പരിശോധന എം.സിഐ നടത്താറുണ്ട്.

അത്തരത്തിൽ ആദ്യ ബാച്ചിന്റെ ആംഗീകാരം സംബന്ധിച്ച് രണ്ടുതവണ എം.സിഐ മഞ്ചേരി കോളേജിൽ പരിശോധന നടത്തിയിരുന്നു. രണ്ട് തവണയും കോളേജിന് അംഗീകാരം നൽകാനാവില്ലെന്നാണ് എം.സിഐ കണ്ടെത്തിയത്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം തന്നെ പ്രധാന കാരണം. ഇനിയൊരിക്കൽ കൂടി എം.സിഐ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് വരുന്നുണ്ട്. ഈ പരിശോധനയിലും കോളേജ് പരാജയപ്പെട്ടാൽ വിദ്യാർത്ഥികളുടെ ഭാവി തുലാസ്സിലാകും. സർപ്രൈസ് ഇൻസ്പെക്ഷനാകും എം.സിഐ നടത്തുക. എന്നുവരുമെന്ന് ഒരുപിടിയുമില്ല. വരും, കാണും, കണ്ടെത്തും, പോകും എന്നുവച്ചാൽ എം.സിഐ തിരിച്ചുപോകും എന്നല്ല, കോളജിന്റെ അംഗീകാരം തന്നെ പോകും അതാണ് മഞ്ചേരി മെഡിക്കൽ കോളജിന്റെ ഇപ്പോഴത്തെ അവസ്ഥ. ചില ചിത്രങ്ങളിലൂടെ കാര്യങ്ങൾ വിശദമാക്കാം.

ഡോക്ടർമാർക്കും റെസിഡൻസിനും കുട്ടികൾക്കും താമസിക്കാനുള്ള ക്വാർട്ടേഴ്സുകളും ഹോസ്റ്റലുകളും ഒരുമെഡിക്കൽ കോളേജിൽ ഉണ്ടാകേണ്ടതുണ്ട്. എം.സിഐയുടെ അംഗീകാരം ലഭിക്കുന്നതിന് ഇത് അത്യാവശ്യവുമാണ്. ഇതിൽ ചില കാര്യങ്ങളുടെ അപര്യാപ്തത കൂടി ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ രണ്ടുതവണയും എം.സിഐ കോളേജിന് അംഗീകാരം നൽകാതിരുന്നത്. ഡോക്ടർമാർക്കും റസിഡൻസിനും താമസിക്കാനും ഇപ്പോഴും മെഡിക്കൽ കോളജിൽ സൗകര്യങ്ങളില്ല. 50 ശതമാനം ഡോക്ടർമാരും നൂറ് ശതമാനം റസിഡന്റുമാരും നിർബന്ധമായും കോളജിൽ ക്യാമ്പസിൽ തന്നെ താമസിക്കണമെന്നാണ് ചട്ടം.

അതിനുവേണ്ടുന്ന ക്വാർട്ടേഴ്സ് ഫെസിലിറ്റികൾ ആശുപത്രി വളപ്പിലുണ്ടാകണം. എന്നാൽ കോളേജ് തുടങ്ങി ഇന്നേവരെ അത്തരമൊരു സംവിധാനം മഞ്ചേരിയിലില്ല. പകരം ഒരുതട്ടിക്കൂട്ട് സംവിധാനം ഒരുക്കിയിട്ടുണ്ട്. പഴയ കോൺസൺട്രേഷൻ ക്യാമ്പുകളെ ഓർമ്മിപ്പിക്കുന്ന വിധത്തിലുള്ള ചെറുകുടിലുകൾ. കഴക്കൂട്ടത്ത് മേനംകുളത്തെ നാഷണൽ ഗെയിംസ് വില്ലേജ് പൊളിച്ചപ്പോൾ കിട്ടിയ അവശിഷ്ടങ്ങൾ തട്ടിക്കൂട്ടി ഉണ്ടാക്കിവെച്ചൊരു തട്ടിക്കൂട്ട് കെട്ടിടം. പലമുറികളായി തിരിച്ചിരിക്കുന്നു. എന്നാൽ, ഇത് ഒരു പട്ടിക്കുഞ്ഞിനുപോലും താമസയോഗ്യമല്ല. ഇന്നുവരെ ആരും അവിടെ താമസിച്ചിട്ടുമില്ല.

കഴിഞ്ഞ പ്രളയകാലത്ത് മഴയത്ത് ഈ കെട്ടിടത്തിന്റെ പിൻവശവും ഭാഗങ്ങളും തകർന്ന് തരിപ്പണമായി. അങ്ങനെ പൊളിഞ്ഞടുങ്ങിക്കിടക്കുകയാണ് ഈ കെട്ടിടം. ഈ കെട്ടിടത്തിന്റെ മുൻവശത്ത് വെണ്ടക്കാ വലിപ്പത്തിൽ ഗംഭീര ബോർഡും പ്രദർശിപ്പിച്ചിരിക്കുന്നു. 'ഫാക്കൽറ്റി ആൻഡ് റെസിഡന്റ് ഗ്രൂപ്പ് കോട്ടേജ്' മുൻവശത്തുനിന്ന് നോക്കിയാൽ തരക്കേടില്ലാത്ത കെട്ടിടം. പിൻവശത്തുപോയാലോ, ഇതോടൊപ്പം ചേർത്തിരിക്കുന്ന ചിത്രങ്ങൾ കഥപറയും. ഡോക്ടർമാർക്കും അദ്ധ്യാപകർക്കും റസിഡന്റസിനും താമസിക്കാൻ സ്ഥലമില്ലാത്തതിനാൽ മഞ്ചേരിയുടെ പലഭാഗത്തും വാടകയ്ക്ക് താമസിക്കുകയാണ് ഇവർ ഇപ്പോൾ. അയൽ ജില്ലകളിലുള്ളവർ പോയി വരുന്നു. ആശുപത്രിയിൽ ഡോക്ടർമാർക്കും റെസിഡന്റ്സിനും ക്വർട്ടേഴ്സ് ഇല്ല എന്ന ഒറ്റക്കാരണം മതി എം.സിഐ കോളേജിന്റെ അംഗീകാരം റദ്ദാക്കാൻ.

എം.ബി.ബി.എസിന് പഠിക്കുന്ന കുട്ടികളുടെ അവസ്ഥയും വ്യത്യസ്തമല്ല. നിലവിൽ താൽക്കാലിക സംവിധാനങ്ങളിലാണ് അവരുടെ വാസം. ഇതിന് ഒരു പരിഹാരം ഉണ്ടാകുന്നുണ്ട്. കഴിഞ്ഞദിവസം ആരോഗ്യമന്ത്രി കുട്ടികളുടെ ഹോസ്റ്റലിന് ശിലാസ്ഥാപനം നിർവ്വഹിച്ചു. നല്ലകാര്യം, പക്ഷേ, ഡോക്ടർമാരുടെയും അദ്ധ്യാപകരുടെയും റസിഡന്റുമാരുടെയും കാര്യത്തിൽ എന്തുചെയ്യും. എം.സിഐ പറന്നിറങ്ങുമ്പോൾ ഇത്തവണ അവർ കോളജിന്റെ മുക്കും മൂലയും പരിശോധിക്കുമെന്ന് ഉറപ്പ്.

ഗംഭീര ബോർഡ് കണ്ട് ഫാക്കൽറ്റികളുടെയും റെസിഡന്റുമാരുടെയും ക്വർട്ടേഴ്സ് അവർ പരിശോധിച്ചാൽ കള്ളിവെളിച്ചത്താകും. ഒരു മെഡിക്കൽ കോളജ് തട്ടിക്കൂട്ടാൻവേണ്ടി സൃഷ്ടിച്ചുവെച്ച തട്ടിപ്പ് പുറത്താകും. വിദ്യാർത്ഥികളുടെ ഭാവി തുലാസ്സിലാകും. എന്തുചെയ്യാൻ കഴിയും നമുക്ക്. സർക്കാരിന്റെ അടിയന്തര ശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടാകേണ്ടിയിരിക്കുന്നു.. നൂറുകുട്ടികളുടെ ഭാവിയാണ്. ഓർക്കണം സർക്കാരേ...

കേരളത്തിൽ ഒരു മെഡിക്കൽ കോളജ് തുടങ്ങുന്നതിന് അവശ്യം വേണ്ട സാധനസാമഗ്രികൾ...

1. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കീഴിൽ വല്ല്യ തരക്കേടില്ലാതെ പ്രവർത്തിച്ച് വരുന്ന ജില്ലാ/ജനറൽ/താലൂക്ക് ആശുപത്രി - ഒരെണ്ണം

2. ആശുപത്രിക്കടുത്ത് എവിടെങ്കിലും നിലവിൽ ഉപയോഗത്തിലില്ലാത്ത പഴയ കെട്ടിടങ്ങൾ - രണ്ടെണ്ണം

3.അടുത്തെവിടെങ്കിലുമുള്ള പരിസ്ഥിതി ദുർബലമായ പ്രദേശം - 20 ഏക്കർ

4. ജീവനക്കാരുടെ തസ്തികകൾ (തൂപ്പുകാരൻ മുതൽ പ്രിൻസിപ്പൽ വരെ) - 18 എണ്ണം

5. മെഡിക്കൽ കൗൺസിൽ പരിശോധനയുടെ തലേന്നാൾ കേരളത്തിലെ മറ്റ് സർക്കാർ മെഡിക്കൽ കോളജുകളിൽ നിന്ന് ഡോക്ടർമാരെ കൊണ്ടുവരാനുള്ള ലോറികൾ - നാലെണ്ണം

6. പ്‌ളാസ്റ്റിക് കസേര (ലക്ചറർ ഹാളിലേയ്ക്ക്) - 200 എണ്ണം

7. ബ്‌ളാക്ക് ബോർഡ് (ലക്ചറർ ഹാളിലേയ്ക്ക്) - രണ്ടെണ്ണം

8. White chalk - 1 box

9. ഏതെങ്കിലും സർക്കാർ ആശുപത്രി മോർച്ചറികളിലുള്ള Unknown unclaimed body (for dissection hall) - നാലെണ്ണം

10. ബുക്ക് വിൽപ്പനക്കാരുടെ കയ്യിലുള്ള വിറ്റുപോകാത്ത ലോകത്തെ ഏതെങ്കിലും ഭാഷയിലുള്ള പഴയ എഡിഷൻ മെഡിക്കൽ ബുക്ക്
പഴയ സ്റ്റോക്ക് - രണ്ട് ലോഡ്

11. ഫ്‌ളക്‌സ് ബോർഡുകൾ ( മെഡിക്കൽ കോളജ്, ആശുപത്രി എന്നിവ എഴുതി പ്രദർശിപ്പിക്കുന്നതിന്) - നാല് എണ്ണം

12. പഴയ വീടോ സ്ഥാപനങ്ങളോ പൊളിച്ചു വിൽക്കുന്നതിൽ നിന്നുള്ള സാധന സാമഗ്രികൾ (വിദ്യാർത്ഥികളുടെ ഹോസ്റ്റൽ, അദ്ധ്യാപകരുടെ ക്വാർട്ടേഴ്‌സ് എന്നിവയുടെ മാതൃകയിൽ സെറ്റ് നിർമ്മിക്കുന്നതിന്) - രണ്ട് ലോഡ്

ഇത്രയും ആയെങ്കിൽ 100 MBBS സീറ്റുകൾ ഉള്ള ഒരു മെഡിക്കൽ കോളജ് കേരളത്തിൽ റെഡി.

ഇനി നമുക്ക് പഠിച്ച് തുടങ്ങാം...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP