Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അന്വേഷണം ഇഴഞ്ഞാൽ മഞ്ജു വാര്യർ സെക്രട്ടറിയേറ്റിന് മുമ്പിൽ സത്യാഗ്രഹം ഇരിക്കുമെന്ന് സൂചനകളും പുറത്ത്; ഒന്നിന് പിന്നാലെ ഒന്നായി സിനിമാക്കാർ കൈ വിടുന്നു; പരസ്യമായി പിന്തുണയ്ക്കാൻ ഒപ്പമെന്ന് കരുതിയവർ പോലുമില്ല; സമനില തെറ്റിയ സൂപ്പർസ്റ്റാർ ഉള്ള ബന്ധമെല്ലാം ഉപയോഗിച്ച് സമ്മർദ്ദം തുടരുന്നു

അന്വേഷണം ഇഴഞ്ഞാൽ മഞ്ജു വാര്യർ സെക്രട്ടറിയേറ്റിന് മുമ്പിൽ സത്യാഗ്രഹം ഇരിക്കുമെന്ന് സൂചനകളും പുറത്ത്; ഒന്നിന് പിന്നാലെ ഒന്നായി സിനിമാക്കാർ കൈ വിടുന്നു; പരസ്യമായി പിന്തുണയ്ക്കാൻ ഒപ്പമെന്ന് കരുതിയവർ പോലുമില്ല; സമനില തെറ്റിയ സൂപ്പർസ്റ്റാർ ഉള്ള ബന്ധമെല്ലാം ഉപയോഗിച്ച് സമ്മർദ്ദം തുടരുന്നു

ബി രഘുരാജ്‌

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശക്തമായ നിലപാട് എടുത്ത സിനിമാക്കാർ ചുരുക്കമാണ്. ഗൂഢാലോചന തുറന്നു പറഞ്ഞത് മഞ്ജുവാര്യരാണ്. കെബി ഗണേശ് കുമാറും മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ആഞ്ഞടിച്ചു. പിന്നെ മാക്ടയുടെ വിനയനും ബൈജു കൊട്ടരക്കരയും. ബാക്കിയെല്ലാവരും നിശബ്ദരാണ്. നടിയെ ആക്രമിച്ചത് സിനിമയിലെ മാഫിയ തന്നെയാണെന്ന റിപ്പോർട്ടുകളാണ് ഇതിന് കാരണം. വസ്തു തർക്കും കാശ് ഇടപാടുമാണ് നടിയെ ആക്രമിക്കാൻ കാരണമെന്നാണ് സൂചന. പൾസർ സുനി വെറുമൊരു ആയുധമായിരുന്നുവെന്നാണ് വിലയിരുത്തൽ. സൂപ്പർസ്റ്റാറും പൾസർ സുനിയും ബംഗളുരൂവിലേക്ക് യാത്ര ചെയ്തതും മറ്റും സജീവ ചർച്ചാ വിഷയമാകുന്നു. അപ്പോൾ സിനിമയ്ക്കുള്ളിലെ ഗൂഢാലോചനയാണ് നടിയുടെ ദുരുവസ്ഥയ്ക്ക് കാരണമെന്ന് പറഞ്ഞത് മഞ്ജു വാര്യർ മാത്രമാണ്. എങ്ങനേയും കേസ് ഒതുക്കാൻ ഉന്നത തലത്തിൽ നീക്കമുണ്ടെന്ന് മഞ്ജു തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ നീതിക്കായുള്ള പോരാട്ടം ഏതറ്റം വരേയും കൊണ്ടു പോകാനാണ് തീരുമാനം.

നടി ആക്രമിക്കപ്പെട്ട കേസിൽ നടനെ ചോദ്യം ചെയ്യാതിരിക്കാൻ ശ്രമം സജീവമായി നടന്നിരുന്നു. എന്നാൽ അത് ഫലം കണ്ടില്ല. കഴിഞ്ഞ ദിവസം പൊലീസ് മൊഴി രേഖപ്പെടുത്തിയെന്ന് മനോരമ പോലും റിപ്പോർട്ട് ചെയ്തു. എന്നാൽ താൻ നിരപരാധിയാണെന്നും പറയുന്നത് പോലെ ഒന്നുമില്ലെന്നും നടൻ വിശദീകരിക്കുന്നു. ഇത് മുഖവലിയ്‌ക്കെടുത്ത് കേസ് ഒഴിവാക്കിയാൽ മഞ്ജു വാര്യർ അനിശ്ചിതകാല നിരാഹാരം തുടങ്ങുമെന്നാണ് സൂചന. പൾസർ സുനിയുടെ അറസ്റ്റിന് ശേഷം പൊലീസെടുക്കുന്ന നിലപാടുകളും നിർണ്ണായകമാകും. സിനിമയിലെ അതിശക്തിമാനായ സൂപ്പർതാരത്തിനെതിരെ മൊഴികൊടുക്കാതിരിക്കാൻ പൾസർ സുനിയിൽ സമ്മർദ്ദമുണ്ട്. ക്വട്ടേഷനായിരുന്നു സംഭവമെന്ന് മറ്റ് പ്രതികൾ മൊഴി കൊടുത്തിട്ടുണ്ട്. അതുകൊണ്ട് ക്വട്ടേഷൻ നൽകിയ ആളിനെ കണ്ടെത്തിയേ മതിയാകൂവെന്നാണ് മഞ്ജുവിന്റെ നിലപാട്. ആരുടേയും പേരുയർത്തായെ ക്വട്ടേഷന് പിന്നിലെ ഗൂഢാലോചന വാദം ഉയർത്തിയാകും നടി പ്രതിഷേധിക്കാനെത്തുക.

സിനിമാക്കാരി ആക്രമിക്കപ്പെട്ടു എന്നതിൽ അപ്പുറം സ്ത്രീയ്ക്കുണ്ടായ ദുരവസ്ഥയെ കുറിച്ചാണ് മഞ്ജു ആദ്യം മുതൽ സംസാരിക്കുന്നത്. നടി ആക്രമിക്കപ്പെട്ടപ്പോൾ തന്നെ ഫെയ്‌സ് ബുക്കിലൂടെ അതി ശക്തമായി പ്രതികരിച്ചു. കൊച്ചിയിലെ സിനിമാക്കാരുടെ ഒത്തുചേരലിൽ ഗൂഢാലോചനയെന്നത് തുറന്നു പറഞ്ഞു. അപ്പോഴും ആരും മിണ്ടിയില്ല. സൂപ്പർതാരത്തെ രക്ഷിക്കാനുള്ള അണിയറ നീക്കമായിരുന്നു ആ ഒത്തുചേരലെന്നും മനസ്സിലായി. എങ്ങനേയും നടനെ ഗൂഡാലോചയിൽ കൊണ്ടു വരാതിരിക്കാൻ അമ്മയിലെ മുതിർന്ന നേതാവ് തന്നെ ശ്രമിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുപ്പമുള്ള സിനിമാ നടൻ ഇതിനുള്ള ചരട് വലികൾ നടത്തുന്നു. ഇതിനെ വലിയൊരു വിഭാഗം അംഗീകരിക്കുന്നില്ല. എന്നാൽ സിനിമയിൽ നിന്ന് പുറത്തുപോകുമോ എന്ന ഭയം ഏവർക്കുമുണ്ട്. സിനിമയെ നിയന്ത്രിക്കുന്ന സൂപ്പർതാരത്തെ തള്ളിപ്പറയാൻ രണ്ടും മൂന്നും ഭരത് അവാർഡ് നേടിയ നടന്മാർക്ക് പോലും തയ്യാറാകുന്നില്ല. ഇതെല്ലാം മഞ്ജുവിനെ ചിന്തിപ്പിക്കുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് നടിയെ ആക്രമിച്ചവരെ നിയമത്തിന്റെ മുന്നിലെത്തിക്കാൻ മഞ്ജു മുന്നിട്ടിറങ്ങുന്നത്. എന്തുവന്നാലും മൊഴി മാറ്റില്ലെന്ന ഉറപ്പ് നടിയിൽ നിന്നും മഞ്ജുവിന് കിട്ടിയിട്ടുണ്ട്. വർഷങ്ങളോളമായുള്ള അടുത്ത ബന്ധവും സഹോദര തുല്യമായ താൽപ്പര്യവും ഇരുവരും തമ്മിലുണ്ട്. അതുകൊണ്ട് തന്നെ സിനിമയിലെ ക്രിമിനൽവൽക്കരണം ഇല്ലായ്മ ചെയ്യാൻ കടുത്ത നടപടികളിലേക്ക് കടക്കുകയാണ് എന്നാണ് സൂചന. അതിലൊന്ന് സെക്രട്ടറിയേറ്റിന് മുന്നിലെ അനിശ്ചിതകാല നിരാഹാരമിരിക്കലാണ്. ഇടത് സർക്കാരുമായി അടുത്ത ബന്ധമുള്ള നടന്റെ സൂപ്പർതാരത്തിനായുള്ള ഇടപെടലാണ് ഇതിന് കാരണം. കൊച്ചിയിലെ സിനിമാക്കാരുടെ കൂട്ടായ്മയിൽ സംസാരിച്ചവർക്ക് ആത്മാർത്ഥയില്ലെന്ന വിലയിരുത്തൽ പൊതുവേയുണ്ട്. സ്വത്തിനും കാശിനും വേണ്ടി പെൺകുട്ടിയെ ആക്രമിച്ചവർക്ക് ഒത്താശ ചെയ്യുന്നതിലെ നീതി നിഷേധമാണ് ചർച്ചയാക്കാൻ ആഗ്രഹിക്കുന്നത്. അടുത്ത സുഹൃത്തുക്കളോടും മറ്റും സെക്രട്ടറിയേറ്റിന് മുന്നിലെ സത്യാഗ്രഹത്തെ കുറിച്ച് മഞ്ജു സൂചന നൽകിയെന്നാണ് സൂചന. എന്നാൽ പിന്തുണയ്ക്കാൻ ആരുമില്ല. ഭാഗ്യലക്ഷ്മിയെ പോലുള്ളവരുമായി ഈ സാഹചര്യത്തിൽ മഞ്ജു നിരന്തര ചർച്ചയിലാണ്.

വിഷയത്തിൽ പൊതുവികാരം ഉയർത്താൻ തന്റെ സത്യാഗ്രഹത്തിന് കഴിയുമെന്നാണ് മഞ്ജുവിന്റെ നിലപാട്. ഇത് സർക്കാരിനെതിരായ വികാരമായി മാറും. ഈ സാഹചര്യത്തിൽ പീഡനക്കേസിൽ സൂപ്പർതാരത്തെ രക്ഷിക്കാൻ സർക്കാർ ശ്രമിക്കില്ലെന്നാണ് വിലയിരുത്തൽ. ഈ വിഷയത്തിൽ പ്രതിപക്ഷമായ കോൺഗ്രസ് പോലും ഗൗരവതരത്തിലെ ഇടപെടൽ നടത്തുന്നില്ല. എല്ലാത്തിനോടും പ്രതികരിക്കുന്ന കെപിസിസി അധ്യക്ഷൻ വി എം സൂധീരൻ പോലും വലിയ തോതിൽ സർക്കാരിനെതിരെ ആഞ്ഞടിക്കുന്നില്ല. ബിജെപി മാത്രമാണ് ചില തുറന്നു പറച്ചിലുകൾ നടത്തിയത്. കരുതലോടെ മാത്രമേ ബിജെപിയുമായി അടുക്കാനും കഴിയൂ. മതേതര പ്രതിച്ഛായ നഷ്ടപ്പെടാതെ സെക്രട്ടറിയേറ്റിന് മുന്നിൽ സത്യഗ്രഹത്തിന് സർക്കാരിതര സംഘടനകളുടേയും സ്ത്രീ പക്ഷവാദികളുടേയും പിന്തുണയും പ്രതീക്ഷിക്കുന്നു. എന്നാൽ മഞ്ജുവുമായി സഹകരിക്കാൻ ആഗ്രഹിക്കുന്നവരെ പിന്തുണയ്ക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കാൻ സൂപ്പർതാരം നേരിട്ട് രംഗത്തുണ്ടെന്നതാണ് യാഥാർത്ഥ്യം.

ഇത്രയും ഗുരുതമായി വിഷയത്തിൽ മമ്മൂട്ടിയും മോഹൻലാലും പോലും അതിശക്തമായി പ്രതികരിക്കുന്നില്ല. ബ്ലോഗ് എഴുത്തിൽ ലാൽ ഈ വിഷയം ഉന്നയിച്ചതു പോലുമില്ല. എന്നാൽ ഈ വിഷയത്തിൽ മഞ്ജുവിന് ലാൽ പിന്തുണ കൊടുക്കുമെന്നാണ് സൂചന. അപ്പോഴും പരസ്യമായി രഗത്ത് വരില്ല. സിനിമയിലെ പ്രശ്‌നങ്ങളിൽ ഒരു വിഭാഗത്തിന്റെ പക്ഷം പറയാൻ താനില്ലെന്ന നിലപാടിലാണ് ലാലെന്നാണ് ലഭിക്കുന്ന സൂചന. വിനയനും ബൈജു കൊട്ടാരക്കരയും മഞ്ജുവിനെ പരസ്യമായി പന്തുണയ്ക്കും. ഭാഗ്യലക്ഷ്മിയും മുൻനിരയിലുണ്ടാകും. ഇതിൽ ഇടതു പക്ഷവുമായി ഭാഗ്യലക്ഷ്മി തെറ്റിലാണ്. തൃശൂരിലെ പീഡന വാർത്ത പുറത്തുകൊണ്ടു വന്നതായിരുന്നു ഇതിന് കാരണം. വടക്കാഞ്ചേരി പീഡനത്തിലെ ഇടപെടലിന് ഭാഗ്യലക്ഷ്മിയെ സിപിഐ(എം) സൈബർ സേന കടന്നാക്രമിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ കൂടുതൽ വ്യത്യസ്തമായ മുഖങ്ങൾ തന്നോടൊപ്പം നിന്ന് എല്ലാ പാർട്ടിക്കാരുടേയും പിന്തുണ ഉറപ്പിക്കണമെന്ന ആഗ്രഹം മഞ്ജുവിനുണ്ട്.

മുഖ്യമന്ത്രിയുടെ നിലപാടിൽ മഞ്ജുവിന് ഇപ്പോഴും പ്രതീക്ഷയാണുള്ളത്. ലോ അക്കാദമി വിഷയത്തിൽ മൗനം പാലിച്ചതിനെ ലക്ഷ്മി നായർക്കുള്ള പിന്തുണയായി വ്യാഖ്യാനിച്ചത് പിണറായിയുടെ മുന്നിലുണ്ട്. ഇത് സർക്കാരിന്റെ പ്രതിച്ഛായയേയും ബാധിച്ചു. സിപിഐ പരസ്യ വിമർശനം നടത്തി. നടിയെ ആക്രമിച്ച കേസിൽ അതുണ്ടാകരുതെന്ന നിർബന്ധം മുഖ്യമന്ത്രിക്കുണ്ട്. എന്നാൽ സിപിഐ(എം) നേതാവിന്റെ രണ്ട് മക്കൾക്കും കേസുമായി ബന്ധമുണ്ടെന്ന് ദേശീയ ദിനപത്രമായ ഡിഎൻഎ റിപ്പോർട്ട് ചെയ്തു. ഇതിനിടെയിലും സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സമ്മർദ്ദം ശക്തമാക്കുന്നുവെന്നും സൂചനയുണ്ട്. ആരേയും പിണക്കാത്ത മുഖം രക്ഷിക്കലാണ് കോടിയേരി നിർദ്ദേശിക്കുന്നത്. എന്നാൽ മകന്റെ പേരിൽ ബിജെപി ഉയർത്തിയ വിമർശനം മൂലം കോടിയേരിയും പരസ്യ നിലപാട് എടുക്കില്ല. ഇതും സിനിമയിലെ മാഫിയയ്‌ക്കെതിരെ ആഞ്ഞടിക്കാനുള്ള സാഹചര്യമൊരുക്കുമെന്ന് മഞ്ജു അനുകൂലികൾ കരുതുന്നു.

പ്രമുഖ യുവനടി ആക്രമിക്കപ്പെട്ട സംഭവം വെറും യാദൃച്ഛികമായി ഉണ്ടായതല്ലെന്നും വ്യക്തമായി ഒരുക്കിയ കെണിയായിരുന്നെന്ന് ഉറപ്പുണ്ടെന്നും മഞ്ജുവാര്യർ വ്യക്തമാക്കിയിട്ടുണ്ട്. ഡ്രൈവറെ വിലയ്ക്കെടുത്ത് നടിയെ അപമാനിക്കാനുള്ള രംഗങ്ങൾ മനപ്പൂർവം സൃഷ്ടിക്കുകയായിരുന്നു ചിലരെന്നും ഇതിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് ഉറപ്പാണെന്നും വ്യക്തമാക്കി മഞ്ജുവാര്യർ ലേഖനമെഴുതി. ആരെല്ലാം ചേർന്ന ഒതുക്കാൻ ശ്രമിച്ചാലും ഈ കേസ് അങ്ങനെ വിട്ടുകൊടുക്കില്ലെന്നും താൻ അടങ്ങിയിരിക്കില്ലെന്നും സൂചന നൽകി ശക്തമായ നിലപാടുമായാണ് തന്റെ സുഹൃത്തുകൂടിയായ നടിക്കെതിരെ ഉണ്ടായ ആക്രമണത്തിൽ നിലപാട് വ്യക്തമാക്കി മഞ്ജുവാര്യർ രംഗത്തെത്തിയിട്ടുള്ളത്. സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന വാദം വീണ്ടും ആവർത്തിച്ച നടി ആ ഗൂഢാലോചനയാണ് അന്വേഷണത്തിൽ തെളിയേണ്ടതെന്നും മാദ്ധ്യമങ്ങൾക്ക് നൽകിയ ലേഖനത്തിൽ വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന് ആദ്യം തന്നെ നടി പറഞ്ഞിരുന്നുവെന്നത് വലിയ ചർച്ചയായിരുന്നു. സംഭവം വെറും ആക്രമണം മാത്രമല്ലെന്നും ചിലരുടെ താൽപര്യപ്രകാരം പദ്ധതിയിട്ട് നടപ്പാക്കിയ ക്വട്ടേഷനായിരുന്നുവെന്നും ആക്രമണത്തിന് ഇരയായ നടി തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ പിന്നാലെയാണ് മഞ്ജുവും അക്കാര്യത്തിൽ ശക്തമായ അന്വേഷണം ആവശ്യപ്പെട്ടും ഈ ഗൂഢാലോചനക്കാരെയും വെളിച്ചത്തു കൊണ്ടുവരണമെന്നും ആവർത്തിച്ച് പറയുന്നത്. സംഭവത്തിൽ സിനിമാ ലോകത്തു തന്നെയുള്ള എതിരാളികൾക്ക് ഇക്കാര്യത്തിൽ വ്യക്തമായ പങ്കുണ്ടെന്ന് ഉറപ്പിച്ച നിലയിലായിരുന്നു മഞ്ജുവിന്റെ ലേഖനം.

കഴിഞ്ഞദിവസത്തെ സംഭവം യാദൃച്ഛികമല്ല. ക്രിമിനലുകൾ വളരെ വ്യക്തമായി ഒരുക്കിയ കെണിയായിരുന്നു അത്. ഡ്രൈവറെ വിലയ്ക്കെടുക്കുക, ഒറ്റയ്ക്കാണോ അല്ലയോ എന്ന് ഉറപ്പുവരുത്തുക, പിന്തുടരുക, റോഡിൽ അപകടനാടകം സൃഷ്ടിക്കുക, കാറിലേക്ക് അതിക്രമിച്ചുകയറുക, ഭീഷണിപ്പെടുത്തുകയും ബ്ലാക്മെയിലിങ്ങിന് ശ്രമിക്കുകയും ചെയ്യുക... അങ്ങനെ ഓരോന്നും നേരത്തേ ആലോചിച്ച് ഉറപ്പിച്ചതായിരുന്നെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. അതുകൊണ്ടാണ് ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന് ഞാൻ പറഞ്ഞതും. അതാണ് അന്വേഷണത്തിൽ തെളിയേണ്ടത്. എനിക്ക് ഇവിടത്തെ നമ്മുടെ സർക്കാരിലും അന്വേഷണ ഉദ്യോഗസ്ഥരിലും നിയമസംവിധാനത്തിലും ഉറച്ചവിശ്വാസമുണ്ട്. സത്യം ഒടുവിൽ തെളിയുകതന്നെ ചെയ്യുമെന്നും മഞ്ജു ലേഖനത്തിൽ വ്യക്തമാക്കുന്നു. നീതിക്കായുള്ള പോരാട്ടത്തിൽ നടിക്കൊപ്പം ഉറച്ചുനിൽക്കുമെന്നും ഉറ്റ സുഹൃത്തുകൂടിയായ മഞ്ജു പ്രഖ്യാപിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP