Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹൃദ്‌രോഗം മാറ്റാനും സ്തനവലിപ്പം കൂട്ടാനും ലൈംഗികശേഷി വർദ്ധിപ്പിക്കാനും മരുന്നുകളുണ്ടോ? വ്യാജ പരസ്യങ്ങളിൽ പൊറുതി മുട്ടിയ ഡ്രഗ്‌സ് കൺട്രോളർ പരസ്യം നിർത്തണമെന്ന് ആവശ്യപ്പെട്ട് പത്രങ്ങൾക്ക് കത്തെഴുതി; ഇനിയും നിയമ ലംഘനം തുടർന്നാൽ മനോരമ ആയാലും മാതൃഭൂമി ആയാലും കേസ് എടുക്കാൻ തീരുമാനം

ഹൃദ്‌രോഗം മാറ്റാനും സ്തനവലിപ്പം കൂട്ടാനും ലൈംഗികശേഷി വർദ്ധിപ്പിക്കാനും  മരുന്നുകളുണ്ടോ? വ്യാജ പരസ്യങ്ങളിൽ പൊറുതി മുട്ടിയ ഡ്രഗ്‌സ് കൺട്രോളർ പരസ്യം നിർത്തണമെന്ന് ആവശ്യപ്പെട്ട് പത്രങ്ങൾക്ക് കത്തെഴുതി; ഇനിയും നിയമ ലംഘനം തുടർന്നാൽ മനോരമ ആയാലും മാതൃഭൂമി ആയാലും കേസ് എടുക്കാൻ തീരുമാനം

എം എസ് സനിൽകുമാർ

തിരുവനന്തപുരം : ഹൃദ് രോഗം മാറ്റാൻ, മദ്യപാനം നിർത്താൻ, സ്തനസൗന്ദര്യം നിലനിർത്താൻ, ലൈംഗികാസക്തി വർദ്ധിപ്പിക്കാൻ... മനോരമേ, മാതൃഭൂമീ ...ഇനിയെങ്കിലും ഇത്തരം പരസ്യങ്ങൾ കൊടുക്കരുത് . മലയാള മനോരമ, മാതൃഭൂമി ഉൾപ്പെടെയുള്ള പത്രങ്ങൾക്ക് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ നൽകിയ കത്തിലെ ഉള്ളടക്കമാണ് ഇപ്പറഞ്ഞത്. നിയമവിരുദ്ധമായി മരുന്നുകൾ വിൽക്കാനുള്ള പരസ്യങ്ങൾ സംസ്ഥാനത്തെ പത്രങ്ങളിൽ വ്യാപകമാകുന്നത് സംബന്ധിച്ചാണ് ഡ്രഗ്‌സ് കൺട്രോളർ പത്രങ്ങൾക്ക് കത്ത് നൽകിയത്.

ഹൃദ് രോഗം മാറ്റാൻ, മദ്യപാനം നിർത്താൻ, സ്തനസൗന്ദര്യം നിലനിർത്താൻ, ലൈംഗികാസക്തി വർദ്ധിപ്പിക്കാൻ, ബുദ്ധിവികാസത്തിനും ഓർമക്കുറവിനും എന്നിങ്ങനെയുള്ള വിവിധ തലക്കെട്ടുകളോടുകൂടി അലോപ്പതി - ആയുർവേദ മരുന്നുകളുടെ പരസ്യങ്ങൾ പത്രങ്ങളുടെ ക്ലാസിഫൈഡ് കോളത്തിൽ വ്യാപകമായി കണ്ടുവരുന്നതായി കത്തിൽ പറയുന്നു. ഇത് നിയമവിരുദ്ധമാണ്. സ്വയം ചികിൽസയ്ക്കും മരുന്നുപയോഗത്തിനും ഉതകുന്ന രീതിയിലുള്ള എല്ലാ പരസ്യങ്ങളും നിരോധിക്കാൻ കേന്ദ്രസർക്കാർ നിയമം നടപ്പിലാക്കിയിട്ടുണ്ട്.

ഈ നിയമത്തിന് വിരുദ്ധമായി മരുന്നുകളെ സംബന്ധിച്ച് അത്ഭുതകരമായ ഫലപ്രാപ്തിയും വ്യാജമായ അവകാശ വാദങ്ങളും ഉന്നയിക്കുന്ന രീതിയിലുള്ള പരസ്യങ്ങൾ പത്രങ്ങളിൽ പ്രസിദ്ധീകരിച്ച് വരുന്നതായി ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് കത്തിൽ പറയുന്നു. പത്രങ്ങൾക്ക് ഡ്രഗ്‌സ് കൺട്രോളർ കത്ത് നൽകിയിട്ട് മാസങ്ങളായി. എന്നാൽ ഒരു പത്രവും ഇത് മുഖവിലയ്‌ക്കെടുക്കാൻ തയ്യാറായിട്ടില്ല.

ലക്ഷക്കണക്കിന് രൂപയാണ് ഈ പരസ്യങ്ങൾ നൽകുന്നത് വഴി പത്രങ്ങൾക്ക് വരുമാനം ലഭിക്കുന്നത് . അതുകൊണ്ടുതന്നെയാണ് ഡ്രഗ്‌സ് കൺട്രോളറുടെ മുന്നറിയിപ്പ് ലഭിച്ചിട്ടും പത്രങ്ങൾ ഇത്തരം പരസ്യങ്ങൾ തുടർന്നും പ്രസിദ്ധീകരിക്കുന്നത്. മറ്റൊരു കേന്ദ്ര നിയമമായ ഡ്രഗ്‌സ് ആൻഡ് കോസ്മറ്റിക് നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിവധതരം രോഗാവസ്ഥകൾ മരുന്നുകൾ മുഖേന ഭേദമാക്കാമെന്ന് ഒരു അവകാശ വാദവും ഉന്നയിക്കാൻ പാടില്ലായെന്നും ചട്ടമുണ്ട് . കഷണ്ടി, അകാലനര, അമിതവണ്ണം, ബുദ്ധിമാന്ദ്യം, എയ്ഡ്‌സ്, അന്ധത, പ്രമേഹം തുടങ്ങീ 51 ഇനം രോഗാവസ്ഥകളാണ് ഈ ചട്ടത്തിൽ പ്രതിപാദിച്ചിട്ടുള്ളത്. ഇതെല്ലാം ലംഘിച്ചാണ് പരസ്യം നൽകൽ. കഴിഞ്ഞ ആഴ്ചയിൽ മലയാള മനോരമയുടെ ക്ലാസിഫൈഡ് പേജിൽ പ്രസിദ്ധീകരിച്ച പരസ്യങ്ങൾ തന്നെ ഉദാഹരണം. മനോരമയുടെ ക്ലാസിഫൈഡ് പേജിന്റെ പകർപ്പ് ചുവടെ ചേർക്കുന്നു .

ലൈംഗികാവയവങ്ങളുടെ ആകാരവും വലിപ്പവും വ്യതാസപ്പെടുത്തുവാൻ, ലൈംഗിക വേഴ്ചയുടെ സമയം ദീർഘിപ്പിക്കാൻ ഉതകുന്നമരുന്നുകൾ എന്നിങ്ങനെയുള്ള അവകാശങ്ങൾ ഉന്നയിക്കുവാൻ പാടില്ലായെന്നും ഈ ചട്ടങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം പരസ്യങ്ങളും പത്രങ്ങളുടെ ക്ലാസിഫൈഡ് വിഭാഗത്തിൽ ധാരാളമായി കണ്ടുവരുന്നു എന്നും ഡ്രഗ്‌സ് കൺട്രോളർ വ്യക്തമാക്കുന്നു.

പൊതുജനങ്ങൾക്ക് തെറ്റിദ്ധാരണ ഉളവാക്കുന്ന ഇത്തരത്തിലുള്ള വ്യാജമരുന്നുകളുടെ തുടർച്ചയായ ഉപയോഗം ജനങ്ങളുടെ ആരോഗ്യസ്ഥിതിയെ പ്രതികൂലമായി ബാധിക്കും. തെറ്റിദ്ധാരണ മൂലമുള്ള അശാസ്ത്രീയമായ മരുന്നുപയോഗം സമൂഹത്തിന്റെ പൊതുവിലുള്ള ആരോഗ്യാവസ്ഥയ്ക്ക് കടുത്ത വെല്ലുവിളിയാണ്. വിദഗ്ധരായ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ മാത്രം ഉപയോഗിക്കേണ്ട നാഡീവ്യൂഹ ഉത്തേജക മരുന്നുകളോ സ്റ്റിറോയിഡുകളോ അവയുടെ ചേരുവകൾ അടങ്ങിയിട്ടുള്ള അതിവീര്യമുള്ള രാസവസ്തുക്കളോ ആയിരിക്കാം ഇത്തരം പരസ്യങ്ങൾ വഴി വിൽക്കപ്പെടുന്നത്.

സംസ്ഥാനത്തെ ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് ഇത്തരത്തിലുള്ള വ്യാജപരസ്യങ്ങൾ വഴി വിൽക്കപ്പെടുന്ന മരുന്നുകളുടെ കച്ചവടക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും പരസ്യങ്ങളുടെ കുത്തൊഴുക്ക് കാരണം ഫലപ്രദമായ നടപടി സാധ്യമാകുന്നില്ലെന്ന് ഡ്രഗ്‌സ് കൺട്രോളർ കത്തിൽ പറയുന്നു. വ്യാജപരസ്യങ്ങൾ മൂലം കള്ളപ്രചരണം നടത്തുന്നവരെ നിയമത്തിന്റെ സഹായത്തോടെ മാത്രം സമൂഹത്തിന്റെ മുന്നിൽ കൊണ്ടുവരുക എന്നുള്ളത് അത്രയെളുപ്പമല്ലെന്ന് ഡ്രഗ്‌സ് കൺട്രോളർ വ്യക്തമാക്കുന്നു.

ക്ലാസിഫൈഡ് എന്ന തലക്കെട്ടിന് കീഴെ വരുന്ന ഇത്തരത്തിലുള്ള പരസ്യങ്ങളിൽ പലപ്പോഴും മേൽവിലാസംപോലും സൂചിപ്പിക്കാതെ വെറും ഫോൺനമ്പർ മാത്രമാണ് നൽകുക. ഈ ഫോൺ നമ്പറുകളിലേക്ക് വിളിക്കുന്ന ആവശ്യക്കാർക്ക് അവരുടെ സ്ഥലത്ത് മരുന്ന് എത്തിക്കുകയാണ് പതിവ്. ഇത്തരത്തിലുള്ള വ്യാജ പരസ്യങ്ങൾ കണ്ട് വഞ്ചിതരാവുന്നവരുടെ കൈയിൽ നിന്ന് ഭീമമായ തുകയാണ് കച്ചവടക്കാർ ഈടാക്കുന്നത്.

പലപ്പോഴും ഇത്തരം മരുന്നുകളുടെ ഗുണനിലവാര പരിശോധനയ്ക്കുള്ള സാമ്പിൾ പോലും ലഭിക്കാത്ത അവസ്ഥയുണ്ടെന്ന് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് വ്യക്തമാക്കുന്നു. ഈ കത്തിന്റെ അവസാനം വളരെ ഗുരുതരമായ ഒരു മുന്നറിയിപ്പും ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് നൽകുന്നുണ്ട്.
1954 ലെ നിയമമനുസരിച്ച് ഇത്തരം പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നത് കുറ്റകരവും ശിക്ഷാർഹവുമാണെന്ന് പത്രങ്ങൾക്ക് ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്. പൊതുജനങ്ങളുടെ താൽപര്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന പത്ര സ്ഥാപനങ്ങളുടെ പ്രസിദ്ധീകരണങ്ങളിൽ നിന്ന് ഇത്തരത്തിലുള്ള പരസ്യങ്ങൾ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ് ഡ്രഗ്‌സ് കൺട്രോളറുടെ കത്ത് അവസാനിക്കുന്നത്.

കത്ത് നൽകിയിട്ടും ഇത്തരത്തിലുള്ള വ്യാജ പരസ്യങ്ങൾ നൽകുന്ന പരിപാടി പത്രങ്ങൾ തുടരുന്ന സാഹചര്യത്തിൽ നിയമനടപടി സ്വീകരിക്കാനാണ് ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ നീക്കം. വ്യാജപരസ്യങ്ങൾ നൽകുന്ന പത്രങ്ങൾക്കെതിരെ ഉടൻ കേസെടുക്കുമെന്ന് ഡ്രഗ്‌സ് കൺട്രോളർ പി. ഹരിപ്രസാദ് മറുനാടൻ മലയാളിയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP