Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മകളുടെ പേരിലുള്ള ജയ് വെഞ്ച്വേഴ്‌സിന് ഫ്‌ളാറ്റ് സമുച്ചയം പോക്കുവരവ് ചെയ്യണം എന്നാവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചത് ആർടെക്ക് അശോകൻ; കള്ളക്കളി പൊളിച്ച് ജോയ് കൈതാരവും; വാദം മുറുകിയപ്പോൾ വെളിയിൽ വന്നത് സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ച പിന്നാമ്പുറ കഥകൾ; പുറമ്പോക്ക് കയ്യേറി നിർമ്മിച്ച ഫ്‌ളാറ്റ് സമുച്ചയത്തിൽ നിന്ന് അഞ്ച് സെന്റ് ഉടനടി തിരികെ നൽകാൻ ആർടെക്കിനെ ഞെട്ടിച്ച് ഹൈക്കോടതി വിധിയും; മരടിനു പിന്നാലെ പാറ്റൂരിലെ വിവാദ ഫ്‌ളാറ്റും ഷോപ്പിങ് മാളും പൊളിച്ചു മാറ്റൽ ഭീതിയിൽ

മകളുടെ പേരിലുള്ള ജയ് വെഞ്ച്വേഴ്‌സിന് ഫ്‌ളാറ്റ് സമുച്ചയം പോക്കുവരവ് ചെയ്യണം എന്നാവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചത് ആർടെക്ക് അശോകൻ; കള്ളക്കളി പൊളിച്ച് ജോയ് കൈതാരവും; വാദം മുറുകിയപ്പോൾ വെളിയിൽ വന്നത് സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ച പിന്നാമ്പുറ കഥകൾ; പുറമ്പോക്ക് കയ്യേറി നിർമ്മിച്ച ഫ്‌ളാറ്റ് സമുച്ചയത്തിൽ നിന്ന് അഞ്ച് സെന്റ് ഉടനടി തിരികെ നൽകാൻ ആർടെക്കിനെ ഞെട്ടിച്ച് ഹൈക്കോടതി വിധിയും; മരടിനു പിന്നാലെ പാറ്റൂരിലെ വിവാദ ഫ്‌ളാറ്റും ഷോപ്പിങ് മാളും പൊളിച്ചു മാറ്റൽ ഭീതിയിൽ

എം മനോജ് കുമാർ

തിരുവനന്തപുരം: മരട് ഫ്‌ളാറ്റിനു പിന്നാലെ പാറ്റൂരിലെ വിവാദ ഫ്‌ളാറ്റ് സമുച്ചയത്തിലെ ഷോപ്പിങ് കോംപ്ലക്‌സ് കൂടി പൊളിച്ചു നീക്കേണ്ടി വരുമോ? ഈ കൊറോണ കാലത്ത് വൻകിട ബിൽഡർ ആർടെക് അശോകന് കനത്ത തിരിച്ചടി നൽകിയാണ് വിവാദ ഫ്‌ളാറ്റ് സമുച്ചയവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി വന്നിരിക്കുന്നത്. മുൻപ് സർക്കാരിനു തിരികെ നൽകാൻ ലോകായുക്ത വിധിച്ച ഭൂമിയിൽ ഇപ്പോഴും ആർടെക് കൈവശം വയ്ക്കുന്ന 4.356 സെന്റ് ഭൂമി ഉടനടി സർക്കാരിനു തിരികെ നൽകാനാണ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്. ലോകായുക്ത വിധിയുടെ ചുവടു പിടിച്ചാണ് ഈ ഹൈക്കോടതി വിധിയും വന്നിരിക്കുന്നത്.

സർക്കാർ പുറമ്പോക്ക് കയ്യേറി ഫ്‌ളാറ്റ് നിർമ്മിക്കുന്നുവെന്ന് ആരോപിച്ച് 2014ൽ ജോയ് കൈതാരം ലോകായുക്ത വഴി കൊളുത്തിയ തീ തന്നെയാണ് ഇപ്പോൾ ഹൈക്കോടതി വിധിയുടെ രൂപത്തിൽ ആർടെക്കിനു തിരിച്ചടിയായി വന്നിരിക്കുന്നത്. മകളുടെ പേരിലുള്ള ജയ് വെഞ്ച്വേഴ്‌സിന് പാറ്റൂരിലെ വിവാദഭൂമി പോക്കുവരവ് ചെയ്ത് നൽകണമെന്ന ആർടെക്കിന്റെ ഹർജിയിലാണ് ആർടെക്കിന് തിരിച്ചടിയായി വിധി വന്നിരിക്കുന്നത്. ഈ വിവരം അറിഞ്ഞു ആർടെക്ക് വിവാദം കുത്തിപ്പൊന്തിച്ച ജോയ് കൈതാരം കേസിൽ കക്ഷി ചേർന്നിരുന്നു. ഈ കേസിലാണ് ഇപ്പോൾ ഹൈക്കോടതി വിധി വന്നിരിക്കുന്നത്. ഫ്‌ളാറ്റ് സമുച്ചയവും ഷോപ്പിങ് മാളും അടങ്ങുന്ന ഭൂമി ഇനി മകളുടെ പേരിലുള്ള കമ്പനിക്ക് പോക്ക് വരവ് ചെയ്യണമെങ്കിൽ അഞ്ചു സെന്ററിൽ താഴെയുള്ള സർക്കാർ ഭൂമി ആർടെക്കിന് വിട്ടു നൽകേണ്ടി വരും.

ഹൈക്കോടതി വിധി പ്രകാരം 4.356 സെന്റ് ഭൂമി സർക്കാരിനു തിരികെ നൽകാൻ ആർടെക് അശോകന്റെ കൈവശമില്ല. ഉള്ള ഭൂമിയിൽ ഫ്‌ളാറ്റ് സമുച്ചയവും ഷോപ്പിങ് മാളും ഒക്കെ കെട്ടിയുയർത്തിക്കഴിഞ്ഞു. നാലര സെന്റ് സ്ഥലം കൂടി തിരികെ നൽകാൻ വിധി വന്നതോടെ ഫ്‌ളാറ്റ് പൊളിച്ചായാലും ഷോപ്പിങ് മാൾ പൊളിച്ചായാലും സർക്കാർ ഭൂമി തിരികെ നൽകിയെ തീരൂ. വന്നിരിക്കുന്നത് ഹൈക്കോടതി വിധിയും. സർക്കാരിനു തിരികെ നൽകാൻ ഭൂമി ഇല്ലാതിരിക്കെയാണ് വിധി ആർടെക് ഗ്രൂപ്പിന് മുന്നിൽ വെല്ലുവിളി ഉയർത്തുന്നത്.

ഫ്‌ളാറ്റ് സമുച്ചയം പൊളിച്ച് അഞ്ചു സെന്ററിൽ താഴെയുള്ള ഭൂമി തിരികെ നൽകാൻ കഴിയില്ല. ഫ്‌ളാറ്റിനു മുന്നിലുള്ളത് ഷോപ്പിങ് മാളാണ്. ഷോപ്പിങ് മാളിന് ചുറ്റുമുള്ളത് സെറ്റ് ബാക്ക് സ്ഥലമാണ്. വഴിയും ഫയർ പാസേജും കൂടി ഉൾപ്പെടുന്ന സ്ഥലമാണത്. ഈ സെറ്റ് ബാക്ക് സ്ഥലം സർക്കാരിനു തിരികെ നൽകാൻ കഴിയില്ല. ഈ ഘട്ടത്തിൽ സ്ഥലം തിരികെ നൽകണമെന്നുണ്ടെങ്കിൽ ഷോപ്പിങ് മാളിന്റെ ഒരു വശം പൊളിക്കേണ്ട അവസ്ഥയും നേരിടുന്നുണ്ട്. ഇനി ഷോപ്പിങ് മാൾ പൊളിച്ചില്ലെങ്കിൽ കൂടി സർക്കാരിനു സ്ഥലം തിരികെ നൽകേണ്ടി വരും.

മാൾ പൊളിക്കാതെ ഈ സ്ഥലം എങ്ങനെ തിരികെ നൽകുമെന്നാണ് ആർടെക്കിനു മുന്നിൽ ഉയരുന്ന ചോദ്യം. ഏതാണ് നൽകേണ്ട സ്ഥലം എന്ന് ഹൈക്കോടതി വിധിയിൽ പരാമർശിച്ചിട്ടില്ല. അഞ്ചു സെന്റിൽ താഴെ പുറമ്പോക്ക് ഭൂമിയുണ്ട്. ഇത് ലോകായുക്ത വിധിയിൽ പരാമർശിക്കുന്നുണ്ട്. ഈ ഭൂമി ആർടെക്കിന്റെ കൈവശമാണ്. അപ്പോൾ അഞ്ച് സെന്ററിൽ താഴെയുള്ള ഈ ഭൂമി ഉടനടി ആർടെക്ക് സർക്കാരിനു കൈമാറണം.

പുറമ്പോക്ക് ഏതെന്നു കോടതികൾ അന്വേഷിക്കുമ്പോൾ പുറമ്പോക്ക് ഏതെന്നു മാർക്ക് ചെയ്യാതെയാണ് താലൂക്ക് അധികൃതർ ഭൂമി എഴുതിവിട്ടത്. ഭൂമി ഏതെന്നു കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെന്നാണ് താലൂക്ക് അധികൃതരുടെ പക്ഷം. പക്ഷെ ഭൂമി ഇത് ആർടെക്കിന്റെ കൈവശമാണ്. ഈ രീതിയിൽ ഫയൽ ആർടെക്കിനു അനുകൂലമായി അനുകൂലമായി താലൂക്ക് അധികൃതർ എഴുതി വിട്ടത്‌കൊണ്ടാണ് ഭൂമി ഏതെന്നു ഹൈക്കോടതി വിധിയിൽ പരാമർശിക്കാതിരുന്നത്. അടിമുതൽ മുടിവരെ അഴിമതിയും ഒത്തുകളിയും വിഴുങ്ങിയ ഫ്‌ളാറ്റ് കേസിലാണ് വിധി വന്നിരിക്കുന്നത്.

നിലവിലെ ഫ്‌ളാറ്റ് സമുച്ചയം പണയപ്പെടുത്തി എൽഐസി ഹൗസിങ്ഫിനാൻസിൽ നിന്നും ആർടെക്ക് അശോകൻ ലോൺ എടുത്തിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. ഫ്‌ളാറ്റ് ഉടമകൾക്ക് കൈമാറിയ ഫ്‌ളാറ്റ് സമുച്ചയം പണയപ്പെടുത്തി എടുത്ത ലോണും ഫ്‌ളാറ്റ് ഉടമകൾക്ക് തലവേദനയായി മാറിയേക്കും. വിവാദ ഫ്‌ളാറ്റ് ഉൾപ്പെടുന്ന സ്ഥലമുടമകളിൽ ഒരാളായ രാജേന്ദ്രൻ പാറ്റൂർ ഫ്‌ളാറ്റിനൊപ്പമുള്ള ഷോപ്പിങ് സമുച്ചയം വിൽക്കുന്നതിന്നെതിരെ വഞ്ചിയൂർ കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയിട്ടുണ്ട്. ഈ കേസുമായി രാജേന്ദ്രൻ മുന്നോട്ട് നീങ്ങുമ്പോഴാണ് ഫ്‌ളാറ്റ് സമുച്ചയം പണയപ്പെടുത്തി ആർടെക്ക് ലോൺ എടുത്ത കാര്യം വെളിയിൽ വരുന്നത്.

കേസ് കോടതിയിൽ വന്നപ്പോൾ ജോയിന്റ് വെഞ്ച്വർ ഉടമ്പടി ഹാജരാക്കാൻ ആർടെക്ക് അശോകൻ രാജേന്ദ്രനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് കൈവശമില്ലാത്തതിനാൽ ആർടെക്കിനോട് തന്നെ ജെവി എഗ്രിമെന്റ്‌റ് ഹാജരാക്കാൻ രാജേന്ദ്രൻ ആവശ്യപ്പെട്ടു. ജെവി എഗ്രിമെന്ന്‌റിനു പകരം ആർടെക്ക് കോടതിയിൽ സത്യവാങ്മൂലം നൽകുകയാണ് ചെയ്തത്. ഈ സത്യവാങ്മൂലം കണ്ടപ്പോഴാണ് സ്ഥലം ഉടമകളിൽ ഒരാളായ താൻ അറിയാതെ ആർടെക്ക് അശോകൻ ഫ്‌ളാറ്റ് സമുച്ചയം പണയപ്പെടുത്തി എൽഐസിയിൽ നിന്നും ലോൺ എടുത്ത കാര്യം രാജേന്ദ്രൻ മനസിലാക്കുന്നത്. സ്റ്റേ വാങ്ങിയ രാജേന്ദ്രൻ തന്നെയാണ് ഈ കാര്യം മറുനാടനോട് പറഞ്ഞത്.

ആർടെക്കിന്നെതിരെ ഞെട്ടിക്കുന്ന കാര്യങ്ങൾ തന്നെയാണ് രാജേന്ദ്രൻ മറുനാടനോട് പറഞ്ഞത്. ഫ്‌ളാറ്റിന്റെ സ്ഥലം കൂടി എടുത്താണ് മാൾ നിർമ്മിച്ചിരിക്കുന്നത്. നിലവിൽ പാറ്റൂരിലെ ഈ ഫ്‌ളാറ്റ് സമുച്ചയം നിർമ്മിക്കാൻ 158 സെന്റ് ഭൂമി വേണം. ഇത്രയും സ്ഥലത്ത് മാത്രമേ ഇപ്പോൾ നിലനിൽക്കുന്ന 276000 സ്‌ക്വയർ ഫീറ്റ് ഫ്‌ളാറ്റ് സമുച്ചയം കെട്ടിപ്പൊക്കാൻ കഴിയൂ. എന്നാൽ പാറ്റൂരിലെ ഫ്‌ളാറ്റ് 97 സെന്റിലാണ് നിർമ്മിച്ചിരിക്കുന്നത്. നിലവിലെ കെട്ടിട നിർമ്മാണ റൂൾ പ്രകാരം ഈ രീതിയിൽ 1,60,000 സ്‌ക്വയർ ഫീറ്റ് മാത്രമേ കെട്ടാൻ കഴിയൂ. പക്ഷെ പാറ്റൂരിലേത് 276000 സ്‌ക്വയർ ഫീറ്റും. ഇത് തന്നെ നിയമങ്ങളുടെ പച്ചയായ ലംഘനമാണ്. ഈ രീതിയിൽ മിച്ചം പിടിച്ച സ്ഥലമായ അറുപത് സെന്റ് വച്ചാണ് ഷോപ്പിങ് മാൾ നിർമ്മിച്ചത്.

ഫ്‌ളാറ്റ് ഉടമകൾക്ക് അനുവദിക്കുന്ന അൺ ഡിവൈഡഡ് ഷെയറിൽ തിരിമറി നടത്തിയാണ് മാൾ കെട്ടിയത്. ഈ സ്ഥലം ഫ്‌ളാറ്റ് ഉടമകൾക്ക് അവകാശപ്പെട്ടതാണ്. പക്ഷെ ആ സ്ഥലം കാണാനേയില്ല. അവിടെ ഷോപ്പിങ് മാൾ വന്നു കഴിഞ്ഞിരിക്കുന്നു. ഈ സ്ഥലം നൽകിയെങ്കിൽ മാത്രമേ ഫ്‌ളാറ്റ് ഉടമകൾക്ക് അവകാശപ്പെട്ട സെറ്റ് ബാക്ക് ലഭിക്കൂ. ഫ്‌ളാറ്റിന്റെ മൂന്നു സൈഡിൽ സെറ്റ് ബാക്ക് ഇല്ല. ഫയറും വഴിയും ഒക്കെ ഉൾപ്പെടുന്നതാണ് ഈ സെറ്റ് ബാക്ക് എന്ന് ഓർക്കണം. പക്ഷെ ഷോപ്പിങ് മാൾ പ്രശ്‌നം വന്നപ്പോൾ സ്ഥലം കയറ്റിക്കെട്ടി സെറ്റ് ബാക്ക് ക്ലിയർ ചെയ്തിട്ടുണ്ട്. പക്ഷെ ഫ്‌ളാറ്റിന്റെ കാര്യത്തിൽ ഇത് നടപ്പായിട്ടില്ല. ഫ്‌ളാറ്റ് ഉടമകൾക്ക് പത്ത് മീറ്റർ സ്ഥലം സെറ്റ് ബാക്കിനു വേണം. അവിടെ എട്ടേമുക്കാൽ മീറ്റർ മാത്രമേയുള്ളൂ. മുന്നിൽ സെറ്റ്ബാക്ക് ഏഴു മീറ്റർ വേണം. അവിടെ മൂന്നു മീറ്റർ മാത്രമേയുള്ളൂ. ഒരു വണ്ടി വന്നാൽ മറ്റുള്ള വണ്ടികൾ ബ്ലോക്ക് ആകും. എല്ലാം ഫ്‌ളാറ്റ് ഉടമകൾക്ക് അവകാശപ്പെട്ട സ്ഥലം എടുത്ത് ഷോപ്പിങ്മാൾ കെട്ടിയത് കാരണമാണ്-രാജേന്ദ്രൻ പറയുന്നു.

2018 എപ്രിലിലാണ് പാറ്റൂർ കേസിൽ നിർണായക ഉത്തരവ് ലോകായുക്ത പുറപ്പെടുവിച്ചത്. ഇടക്കാല ഉത്തരവിലൂടെ 12.279 സെന്റ് ഭൂമി പിടിച്ചെടുക്കാൻ ഉത്തരവിട്ട ശേഷമാണ് 4.36 സെന്റുകൂടി പിടിച്ചെടുക്കാൻ ലോകായുക്ത ഉത്തരവിട്ടത്. വിശദമായ തെളിവെടുപ്പും ഹിയറിങ്ങും നടത്തിയാണ് 4.356 സെന്റ് പുറമ്പോക്ക് ഭൂമി കൂടി പിടിച്ചെടുക്കുവാൻ ഉത്തരവിട്ടത്. ആകെ 16.635 സെന്റ് ഭൂമിയാണ് പുറമ്പോക്കെന്നു കോടതി കണ്ടെത്തിയിരിക്കുന്നത്. അതിൽ ഇപ്പോഴും ആർടെക്കിന്റെ കൈവശമിരിക്കുന്ന സ്ഥലം കൂടി സർക്കാരിനു വിട്ടു നൽകാനാണ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്. ഫ്‌ളാറ്റ് നിൽക്കുന്ന ഭൂമിയിലൂടെയാണ് ജല അഥോറിറ്റിയുടെ പൈപ്പ് ലൈൻ കടന്നുപോയിരുന്നത്. ഇതു മാറ്റി സ്ഥാപിച്ചതോടെയാണ് വിവാദം കുടം തുറന്നു പുറത്ത് വന്നത്.

സർക്കാർ പുറമ്പോക്ക് കയ്യേറി ഫ്‌ളാറ്റ് നിർമ്മിക്കുന്നുവെന്ന് ആരോപിച്ച് 2014 ലാണ് ജോയ് കൈതാരം ലോകായുക്തയെ സമീപിച്ചത്. പ്രാഥമിക അന്വേഷണം തുടങ്ങിയ ലോകായുക്ത നിർമ്മാണം സ്റ്റേ ചെയ്തു. ഇതിനെതിരെ ആർടെക്ക് ഹൈക്കോടതിയെ സമീപിച്ചു നിർമ്മാണം തുടരുവാനുള്ള അനുമതി നേടി. പ്രാഥമിക അന്വഷണത്തിന്റെ ഭാഗമായി അന്നത്തെ വിജിലൻസ് എഡിജിപി ജേക്കബ് തോമസിനെ അന്വേഷണ ഉദ്യോഗസ്ഥനായി ലോകായുക്ത നിയമിച്ചു. ജേക്കബ് തോമസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇടക്കാല ഉത്തരവിലുടെ ലോകായുക്ത 12.279 സെന്റ് സ്ഥലം ഫ്‌ളാറ്റ് നിർമ്മാതാക്കളിൽനിന്നു പിടിച്ചെടുക്കുവാൻ ഉത്തരവിട്ടു.

തുടർന്ന് തിരുവനന്തപുരം ജില്ലാ കലക്ടർ ഈ സ്ഥലം പിടിച്ചെടുത്തു. ഇതിന് പുറമേയാണ് 4.356 സെന്റ് സ്ഥലം പിടിച്ചെടുക്കുവാൻ നിർദ്ദേശം നല്കിയിരിക്കുന്നത്. ഈ സ്ഥലം പക്ഷെ ആർടെക്കിന്റെ കൈവശം തന്നെ തുടരുകയായിരുന്നു. മകളുടെ കമ്പനിക്ക് ഈ സ്ഥലം പോക്കുവരവിനു അനുമതി തേടി ആർടെക്ക് അശോകൻ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് ഇതിനു ആദ്യം സ്ഥലം വിട്ടു നൽകാൻ ഹൈക്കോടതി ഉത്തരവായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP