Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202408Wednesday

ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയാലുടൻ രാജി ചോദിച്ചു വാങ്ങും; ദേവസ്വം ഭൂമി കൈയേറ്റത്തിൽ റവന്യൂ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത് മുഖ്യമന്ത്രിയുടെ നിർദ്ദശപ്രകാരം: അനുപമയെ ആലപ്പുഴയിലേക്ക് അയച്ചത് ഗതാഗമന്ത്രിയെ പൂട്ടാൻ തന്നെ; കളക്ടറുടെ റിപ്പോർട്ട് എതിരായാൽ മന്ത്രിസ്ഥാനം നഷ്ടമാകുമെന്ന് എൻസിപി നേതൃത്വത്തെയും അറിയിച്ചു; ഏഷ്യാനെറ്റ് ആക്രമണത്തോടെ ഒറ്റപ്പെട്ട് കുവൈറ്റ് ചാണ്ടി; പ്രവാസി വ്യവസായി ഊരാക്കുടുക്കിൽ

ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയാലുടൻ രാജി ചോദിച്ചു വാങ്ങും; ദേവസ്വം ഭൂമി കൈയേറ്റത്തിൽ റവന്യൂ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത് മുഖ്യമന്ത്രിയുടെ നിർദ്ദശപ്രകാരം: അനുപമയെ ആലപ്പുഴയിലേക്ക് അയച്ചത് ഗതാഗമന്ത്രിയെ പൂട്ടാൻ തന്നെ; കളക്ടറുടെ റിപ്പോർട്ട് എതിരായാൽ മന്ത്രിസ്ഥാനം നഷ്ടമാകുമെന്ന് എൻസിപി നേതൃത്വത്തെയും അറിയിച്ചു; ഏഷ്യാനെറ്റ് ആക്രമണത്തോടെ ഒറ്റപ്പെട്ട് കുവൈറ്റ് ചാണ്ടി; പ്രവാസി വ്യവസായി ഊരാക്കുടുക്കിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കുട്ടനാട്ടിലെ മാത്തൂർ ദേവസ്വത്തിന്റെ ഭൂമി കൈയേറിയെന്ന പരാതി ഗതാഗത മന്ത്രി തോമസ് ചാണ്ടിക്ക് കുരുക്കാകും. മന്ത്രിക്കെതിരെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷിച്ച് നടപടി സ്വീകരിക്കാൻ റവന്യൂ വകുപ്പാണ് ഉത്തരവിട്ടത്. എന്നാൽ ഇത് മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണെന്ന സൂചന മറുനാടന് ലഭിച്ചു. കുട്ടനാട്ടിലെ മാത്തൂർ ദേവസ്വത്തിന്റെ 34 ഏക്കർ ഭൂമി മന്ത്രി തോമസ് ചാണ്ടി അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുന്നതിനെപ്പറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം അധികൃതരാണ് രംഗത്തെത്തിയത്. ജില്ല കലക്ടർ ടി.വി. അനുപമക്ക് നൽകിയ 365 പേജുള്ള പരാതിക്കൊപ്പം കൈയേറ്റം തെളിയിക്കുന്ന 77 രേഖകളും കൈമാറിയട്ടുണ്ട്. കളക്ടറുടെ റിപ്പോർട്ട് എതിരായാൽ തോമസ് ചാണ്ടിക്ക് മന്ത്രിസ്ഥാനം നഷ്ടമാകും. ഈ റിപ്പോർട്ട് ഉടനെ കളക്ടർ സമർപ്പിക്കുമെന്നാണ് സൂചന.

എന്നാൽ മന്ത്രി തോമസ് ചാണ്ടി ഇപ്പോൾ ചികിത്സയിലാണെന്നാണ് അറിയുന്നത്. ആലുവയിൽ കൈ വേദനയ്ക്കുള്ള ചികിത്സയാണ് നടത്തുന്നത്. ഇതു കഴിഞ്ഞ് എത്തിയാലുടൻ
 രാജി എഴുതി വാങ്ങാൻ മുഖ്യമന്ത്രി പിണറായി വിജയനും തീരുമാനിച്ചതായും സൂചനയുണ്ട്. ഇതേക്കുറിച്ച് എൻസിപി നേതൃത്വവുമായും മുഖ്യമന്ത്രി ആശയവിനിമയം നടത്തിയിട്ടുണ്ട്. മന്ത്രിക്കെതിരായ വാർത്തയ്ക്കു പിന്നാലെ ഏഷ്യാനെറ്റിന്റെ ആലപ്പുഴിലെ ഓഫീസ് ആക്രമിക്കപ്പെട്ടതാണ് നിലപാട് കടുപ്പിക്കാൻ ഇപ്പോൾ സർക്കാരിനെയും പ്രേരിപ്പിച്ചത്. സർക്കാരിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലേക്ക് മന്ത്രിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ എത്തിയതോടെ മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണത്തിന് ഉത്തരവിടാൻ റവന്യൂ മന്ത്രിയോടു നിർദ്ദേശിക്കുകയായിരുന്നു. മാത്തൂർ ഭൂമി കൈയേറിയെന്നതിന് നിരവദി തെളിവുകളും കോടതി വിധികളും ഉള്ള പശ്ചാത്തലത്തിൽ അന്വേഷണം ഏതാനും ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കാനാണ് റവന്യൂ ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടർ ടിവി അനുപമയും നിർദ്ദേശം നൽകിയിട്ടുണ്ട്.

ഉഴവൂർ വിജയന്റെ മരണവുമായി ബന്ധപ്പെട്ട് ചില ആരോപണങ്ങൾ തോമസ് ചാണ്ടിക്കെതിരേയും ഉയർന്നിരുന്നു. ഇതോടെ പാർട്ടിയിൽ തോമസ് ചാണ്ടി ഒറ്റപ്പെട്ടു. ഇതിനിടെയാണ് പുതിയ വിവാദം എത്തുന്നത്. ഏഷ്യാനെറ്റിന്റെ ഓഫീസ് ആക്രമണവും മന്ത്രിയെയാണ് പ്രതിക്കൂട്ടിലാക്കിയത്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. കളക്ടറുടെ അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ നടപടി ഉറപ്പാണ്.

ദേവസ്വത്തിന്റെ ഭൂമി നാല് മാസത്തിനകം ചേർത്തല ലാൻഡ് ട്രിബ്യൂണൽ യഥാർത്ഥ ഉടമയ്ക്ക് തിരിച്ചേൽപിക്കണമെന്ന ഹൈക്കോടതി വിധി മൂന്ന് വർഷമായിട്ടും നടപ്പായില്ലെന്ന് പ്രാഥമികമായി വ്യക്തമായിട്ടുണ്ട്. ഇതേ സംഭവത്തിൽ മന്ത്രി തോമസ് ചാണ്ടിക്കും കുടുംബാംഗങ്ങൾക്കും രണ്ട് ഉദ്യോഗസ്ഥർക്കുമെതിരെ കോട്ടയം വിജിലൻസ് കോടതി കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. വീടിന് നേരെ മുന്നിലുള്ള ഭൂമിയുടെ ടൂറിസം സാധ്യത മുന്നിൽക്കണ്ടാണ് കൈവശംവെച്ചിരിക്കുന്നതെന്നും ലാൻഡ് ട്രിബ്യൂണലിൽ കേസ് നീട്ടിക്കൊണ്ടുപോകുന്നത് അധികാരം ഉപയോഗിച്ചാണെന്നും ദേവസ്വം ആരോപിക്കുന്നു.

തോമസ് ചാണ്ടിയുടെ റിസോർട്ടായ ലേക് പാലസിനെതിരെ ചില ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിനിടെയാണ് കുട്ടനാട്ടിലെ മാത്തൂർ ദേവസ്വത്തിന്റെ 34 ഏക്കർ ഭൂമി മന്ത്രി കൈയേറിയെന്ന വാർത്ത മംഗളത്തിൽ പ്രത്യക്ഷപ്പെടുന്നത്. പത്തനംതിട്ടയിലെ സജിത് പരമേശ്വരനാണ് ഇത് റിപ്പോർട്ട് ചെയ്തത്. ഈ വാർത്ത എല്ലാവരും ഏറ്റെടുത്തു. ഏഷ്യാനെറ്റ് നിരന്തരം വാർത്ത നൽകി. ഇതിനിടെയാണ് ഏഷ്യാനെറ്റ് ഓഫീസിന് നേരെ ആക്രമണമുണ്ടാകുന്നത്. പമ്പയുടെ മറുകരയിലുള്ള ദേവസ്വം ഭൂമി പോൾ ഫ്രാൻസിസ് എന്നയാളാണ് ആദ്യം വ്യാജ പട്ടയം ഉണ്ടാക്കി സ്വന്തമാക്കിയത്. പിന്നീട് വെറും ഏഴുലക്ഷം രൂപക്ക് തോമസ് ചാണ്ടി ഇയാളിൽനിന്ന് ഇത് വാങ്ങി. ഭൂമി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ലാൻഡ് ൈട്രബ്യൂണൽ അപ്പലറ്റ് കോടതിയെ ദേവസ്വം സമീപിച്ചു. ആരോപണത്തിൽ കഴമ്പുണ്ടെന്ന് മനസ്സിലാക്കിയ അപ്പലറ്റ് കോടതി ഭൂമി ഇടപാട് റദ്ദാക്കി. പിന്നീട് ഹൈക്കോടതിയും ഈ ഉത്തരവ് ശരിവെച്ചു.

നാല് മാസത്തിനകം ഭൂമി യഥാർഥ ഉടമക്ക് തിരിച്ചുകൊടുക്കണമെന്ന് ഹൈക്കോടതി 2014 സെപ്റ്റംബറിൽ ലാൻഡ് ൈട്രബ്യൂണലിന് നിർദ്ദേശം നൽകുകയും ചെയ്തു. എന്നാൽ, ഓരോരോ കാരണം പറഞ്ഞ് കേസ് നീട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. പർച്ചേസ് ഓർഡർ കോടതി അസാധുവാക്കിയതോടെ ഭൂമി വിറ്റയാൾ തോമസ് ചാണ്ടിക്ക് നൽകിയ തീറാധാരം ഫലത്തിൽ റദ്ദായി. തന്നെ വഞ്ചിച്ച ഫ്രാൻസിസിനെതിരെ ക്രിമിനൽ കേസ് കൊടുക്കുന്നതിനു പകരം പ്രതിവർഷം പത്തു ലക്ഷത്തിലേറെ രൂപയുടെ വരുമാനമുള്ള ഭൂമി വിട്ടുകൊടുക്കാതിരിക്കാനാണ് തോമസ് ചാണ്ടി ശ്രമിച്ചതെന്ന് ദേവസ്വം അധികൃതർ ആരോപിക്കുന്നത്. ഈ സാഹചര്യത്തിലാണ് കലക്ടർക്ക് ദേവസ്വം പരാതി നൽകിയിരിക്കുന്നത്. 1998 മുതൽ തങ്ങൾ പരാതി നൽകുകയാണെങ്കിലും നീതി ലഭിച്ചില്ലെന്നും കൈയേറ്റത്തിന് ഒത്താശ ചെയ്ത മന്ത്രിക്കെതിരെ രാമങ്കരി കോടതിയിൽ ക്രിമിനൽ കേസ് ഫയൽ ചെയ്യുമെന്നും ദേവസ്വം അധികൃതർ വ്യക്തമാക്കിയിരുന്നു.

ഭൂപരിഷ്‌കരണനിയമവും മറികടന്ന്, വ്യാജരേഖകളുടെ ബലത്തിൽ തോമസ് ചാണ്ടിയും ബന്ധുക്കളും സ്വന്തമാക്കിയ മാത്തൂർ ദേവസ്വത്തിന്റെ ഏക്കർ കണക്കിനു ഭൂമിയുടെ പട്ടയം ആലപ്പുഴ അപ്പലേറ്റ് കോടതി 2010 മാർച്ച് 29-നു റദ്ദാക്കിയിരുന്നു. ഇതിനെതിരേ തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചു. കേസിൽ അപ്പലേറ്റ് കോടതിയുടെ വിധി ശരിവച്ചാണു 2014 സെപ്റ്റംബർ 18-നു ഹൈക്കോടതി ജസ്റ്റിസ് വി. ചിദംബരേശന്റെ ഉത്തരവുണ്ടായത്. മാത്തൂർ ദേവസ്വം ഭരണസമിതിയുടെ ഭാഗവും കേട്ട് നാലുമാസത്തിനുള്ളിൽ തീർപ്പുണ്ടാക്കണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ മൂന്നുവർഷം കഴിഞ്ഞിട്ടും നടപടിയെടുക്കാൻ ലാൻഡ് ട്രിബ്യൂണൽ തയാറാകാത്തതിനു പിന്നിൽ തോമസ് ചാണ്ടിയുടെ സ്വാധീനമാണെന്ന് ആരോപണം.

ഇക്കാര്യത്തിൽ ലാൻഡ് ട്രിബ്യൂണലിലെ ചില അംഗങ്ങളോടു പ്രതികരണമാരാഞ്ഞെങ്കിലും ആരും തയാറായില്ല. തങ്ങളുടെ കാലത്തല്ല ഹൈക്കോടതി നിർദ്ദേശം വന്നതെന്നാണ് ഇവരുടെ നിലപാട്. ഡെപ്യൂട്ടി കലക്ടർ/ ആർ.ഡി.ഒ. അധ്യക്ഷനായ ലാൻഡ് ബോർഡിൽ തഹസിൽദാരും തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയകക്ഷികളുടെ അംഗങ്ങളുമാണുള്ളത്. തോമസ് ചാണ്ടിയുടെ നിഴലായി പ്രവർത്തിക്കുന്നവരാണ് വർഷങ്ങളായി ലാൻഡ് ബോർഡ് അംഗങ്ങളായി തുടരുന്നത്. മാത്തൂർ ദേവസ്വത്തിന്റെ 34 ഏക്കർ 1998-ൽ വ്യാജതണ്ടപ്പേരും പട്ടയവും ചമച്ച് അയ്യർ കുടുംബത്തിന്റെ പേരിലാക്കിയശേഷമാണു പോൾ ഫ്രാൻസിസും ബന്ധുക്കളും സ്വന്തമാക്കിയത്. അതിനു കുട്ടനാട് തഹസിൽദാരും വില്ലേജ് ഓഫീസറും കൂട്ടുനിന്നു. മാത്തൂർ ദേവസ്വം വക ഭൂമിയുടെ യഥാർഥ തണ്ടപ്പേർ നമ്പർ 7867 ആണ്. ഇതു നിലനിൽക്കേയാണു നിർവീര്യമായിക്കിടന്ന 1020, 889 തണ്ടപ്പേരുകളിലേക്കു ഭൂമി മാറ്റിയത്. തുടർന്ന് കണ്ടുകൃഷി നിലമായ ഭൂമിക്കു ഭൂപരിഷ്‌കരണനിയമം മറികടന്ന് സി-3-6479/86 നമ്പരായി 1998 ഏപ്രിൽ നാലിനു പട്ടയം അനുവദിച്ചു.

തഹസിൽദാരും വില്ലേജ് ഓഫീസറും ചേർന്നു പോൾ ഫ്രാൻസിസിനുവേണ്ടി നടത്തിയ കള്ളക്കളികൾ ബോധ്യമായതോടെയാണ് ഇവർ നൽകിയ പട്ടയം ആലപ്പുഴ അപ്പലേറ്റ് കോടതി റദ്ദാക്കിയത്. 1986-ൽ ക്ഷേത്രത്തിനു ലഭിച്ച 7867-ാം നമ്പർ പട്ടയപ്രകാരം 1998 വരെ ദേവസ്വം അധികൃതർ കരം അടച്ചുവന്നതാണ്. എന്നാൽ 89 വർഷത്തെ കരമടയ്ക്കാൻ ചെന്നപ്പോഴാണു ഭൂമി വ്യാജരേഖകളുടെ മറവിൽ മറ്റൊരാൾ സ്വന്തമാക്കിയ കാര്യം വെളിപ്പെട്ടത്. പോൾ ഫ്രാൻസിസിനെ മുൻനിർത്തി വ്യാജരേഖകൾ ചമയ്ക്കാൻ കൂട്ടുനിന്നതു തോമസ്ചാണ്ടിയാണെന്നു മാത്തൂർ ദേവസ്വം ആരോപിക്കുന്നു. നെടുമുടിയിൽ മണിമലയാറിനെയും പമ്പയേയും ബന്ധിപ്പിക്കുന്ന പുത്തൻ തോടിനോടു ചേർന്നുള്ള ഈ ഭൂമി തനിക്കു നൽകണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടി 1997-ൽ മാത്തൂർ ദേവസ്വത്തെ സമീപിച്ചിരുന്നെന്നു ഭാരവാഹികൾ പറയുന്നു. നിയമപരമായി ഭൂമി ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണു കൃത്രിമം കാട്ടി തോമസ് ചാണ്ടി ഭൂമി തട്ടിയെടുക്കുകയായിരുന്നെന്നുമാണ് ദേവസ്വത്തിന്റെ ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP