Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡെന്റൽ കോളേജിന് പിജി വാങ്ങി നൽകാൻ കോഴ വാങ്ങിയത് ഏഴ് കോടി; പാർട്ടിയിൽ പിടിമുറുക്കാൻ ആയുധം പൊടി തട്ടിയെടുത്ത് കുമ്മനവും മുരളീധരനും; ആരോപണത്തിൽ ശ്രീശൻ കമ്മീഷൻ അന്വേഷണം തുടങ്ങി; പ്രതിക്കൂട്ടിൽ നിൽക്കുന്നത് കൃഷ്ണദാസ് പക്ഷത്തെ പ്രമുഖൻ; ബിജെപിയെ പിടിച്ചുലയ്ക്കുന്ന വിവാദം

ഡെന്റൽ കോളേജിന് പിജി വാങ്ങി നൽകാൻ കോഴ വാങ്ങിയത് ഏഴ് കോടി; പാർട്ടിയിൽ പിടിമുറുക്കാൻ ആയുധം പൊടി തട്ടിയെടുത്ത് കുമ്മനവും മുരളീധരനും; ആരോപണത്തിൽ ശ്രീശൻ കമ്മീഷൻ അന്വേഷണം തുടങ്ങി; പ്രതിക്കൂട്ടിൽ നിൽക്കുന്നത് കൃഷ്ണദാസ് പക്ഷത്തെ പ്രമുഖൻ; ബിജെപിയെ പിടിച്ചുലയ്ക്കുന്ന വിവാദം

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം. എബി വാജ്പേയിയുടെ സർക്കാരിന്റെ കാലത്ത് കേരളത്തിലെ ബിജെപിയെ പിടിച്ചുലച്ച വിവാദമായിരുന്നു പെട്രോൾ പമ്പ്-ഗ്യാസ് ഏജൻസി വിവാദം. അന്നത്തെ നേതാക്കളുടെ അടുപ്പക്കാർക്കെല്ലാം പെട്രോൾ പമ്പും ഗ്യാസ് ഏജൻസിയും ലഭിച്ചതാണ് ഈ വിവാദത്തിന് ആധാരം. ഒ രാജഗോപാലിന്റെ പ്രസിദ്ധമായ ഇന്ത്യാ ടുഡേ അഭിമുഖത്തിലേക്ക് പോലും കാര്യങ്ങളെത്തിച്ചത് ഈ ആരോപണങ്ങളായിരുന്നു. ഒന്നും തെളിഞ്ഞില്ലെങ്കിലും പാർട്ടിയിൽ സമൂല അഴിച്ചുപണിക്ക് അത് കാരണമായി. ഇപ്പോൾ വീണ്ടും കേന്ദ്രത്തിൽ ബിജെപി ഭരണം. അഴിമതി വിരുദ്ധ പ്രതിച്ഛായയുമായാണ് മോദിയുടെ മുന്നോട്ട് പോക്ക്. അപ്പോഴും കേരളത്തിലെ ബിജെപിയിൽ അഴിമതിപ്പോര് മുറുകുകയാണ്. പാർട്ടിക്കുള്ളിലെ വിവാദത്തിൽ അന്വേഷണത്തിന് കമ്മീഷനേയും നിയോഗിച്ചു. അഴിമതിക്കെതിരെ പാർട്ടിക്കുള്ളിൽ നിലപാട് കുടുപ്പിക്കുന്നത് സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനാണ്. ദേശീയ പ്രസിഡന്റ് അമിത് ഷായുടെ നിർദ്ദേശമാണ് തുണയായത്.

സംഘടനയിൽ പിടിമുറുക്കാൻ കുമ്മനത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് കൂടുതൽ ഉപദേശകരെ നിയോഗിച്ചത്. എന്നാൽ ഇതിൽ ചില ഉപദേശകർ രാജ്യ രഹസ്യം ചോർത്ത കേസിൽ അന്വേഷണം നേരിടുന്നവരാണ്. ഇതിൽ നിന്ന് രക്ഷപ്പെടാൻ കുമ്മനത്തെ ഉപയോഗിക്കുകയാണെന്ന വാദം സജീവമാണ്. ഇങ്ങനെ വിഴുപ്പഴക്കലുകൾ സജീവമാകുമ്പോഴാണ് അഴിമതിയുടെ വടിയെടുത്ത് മറു വിവാഭഗത്തെ നിശബ്ദനാക്കാൻ കുമ്മനം ഒരുങ്ങുന്നത്. വ്യാജ സർട്ടിഫിക്കറ്റ് കേസിൽ അന്വേഷണം നേരിടുന്ന ഉപദേശകനെ വച്ചു കൊണ്ട് കുമ്മനം ഇത് ചെയ്യുന്നത് മറു വിഭാഗങ്ങളെ അലോസരപ്പെടുത്തുന്നുണ്ട്. എന്നാൽ അഴിമതിയിലെ അന്വേഷണം അമിത് ഷായുടെ നിർദ്ദേശ പ്രകാരമായതിനാൽ ആർക്കും മിണ്ടാനുമാകുന്നില്ല.

ബിജെപിയുടെ പാലക്കാട് യോഗത്തിലാണ് കൃഷ്ണദാസ് പക്ഷത്തെ പ്രമുഖനെതിരെ പാർട്ടി മുൻ സംസ്ഥാന അദ്ധ്യക്ഷൻ വി മുരളീധരൻ അഴിമതി ആരോപണം ഉന്നയിച്ചത്. തിരുവനന്തപുരത്തെ പ്രമുഖ മെഡിക്കൽ വിദ്യാഭ്യാസ ശൃംഖലയുടെ ഉടമയായിൽ നിന്നും ഈ നേതാവ് 7 കോടി കൈപറ്റിയെന്നാണ് കേന്ദ്ര നേതാക്കളുടെ സാന്നിധ്യത്തിൽ ആക്ഷേപം വന്നത്. മെഡിക്കൽ കോളേജിൽ പി ജി കോഴ്സുകൾ ആരംഭിക്കാനുള്ള അനുമതി കേന്ദ്രത്തിൽ നിന്നും നേടി കൊടുക്കുന്നതിനാണ് കോഴ കൈ പറ്റിയതെന്നും മുൻ സംസ്ഥാന അദ്ധ്യക്ഷൻ യോഗത്തിൽ തുറന്നടിച്ചു. ഇത് പുറം ലോകം അറിഞ്ഞാൽ പാർട്ടിയുടെ യശസ് ഇടിയുംമെന്നും കളങ്കിതരുടെ പാർട്ടിയായി നമ്മുടെ പ്രസ്ഥാനം മാറുമെന്നും ഇതിന് അറുതി വരണമെന്നും മുരളീധരൻ ആവിശ്യപ്പെട്ടു.

കേന്ദ്രത്തിലെ ഭരണം കാട്ടി ചിലർ പണകൊയ്ത്തു നടത്തുകയാണന്നും അദ്ദേഹം ആരോപിച്ചു. ഇതേ തുടർന്ന് കേന്ദ്ര നേതൃത്വമാണ് ആക്ഷേപം അന്വേഷിക്കാൻ കമ്മീഷനെ നിയോഗിക്കാൻ നിർദ്ദേശിച്ചത്. പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്റെ കൂടി താൽപര്യത്തിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ശ്രീശൻ, സംസ്ഥാന സെക്രട്ടറി എ കെ നസീർ എന്നിവരെ അന്വേഷണ കമ്മീഷനായി നിയോഗിച്ചു. ഇരുവരും മുരളീധരനുമായി അടുപ്പമുള്ള നേതാക്കളാണ്. ഇവർ പ്രവർത്തനവും തുടങ്ങി. ആരോപണ വിധേയരായ പാർട്ടി നേതാക്കളിൽ നിന്നെല്ലാം മൊഴിയെടുത്തു. തിരുവനന്തപുരം കേന്ദ്രീകരിച്ച് നിലവിൽ പ്രവർത്തിക്കുന്ന നേതാവാണ് പ്രതി സ്ഥാനത്ത്. സംസ്ഥാനത്തെ പ്രധാന സെല്ലിന്റെ കൺവീനറും ആരോപണ വിധേയനാണ്. തിരുവനന്തപുരത്തെ കൃഷ്ണദാസ് പക്ഷത്തെ പ്രമുഖനാണ് ഈ നേതാവ്.

അതിനിടെ പാർട്ടി നിയോഗിച്ച രണ്ടംഗ കമ്മീഷൻ കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് ഉടമയിൽ നിന്നും തെളിവെടുക്കുകയും ചെയ്തു. തെളിവെടുപ്പിൽ 7 കോടിയല്ല അഞ്ച് കോടിയാണ് നേതാവിന് നൽകിയതെന്ന് അദ്ദേഹം മൊഴി കൊടുത്തതായാണ് സൂചന. .മെഡിക്കൽ പി ജി കോഴ്സ് അനുവദിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്താനാണ് നേതാവ് പണം കൈപറ്റിയെതെന്നും കമ്മീഷന് മുന്നിൽ അദ്ദേഹം വ്യക്തമാക്കിയെന്നാണ് പാർട്ടി നൽകുന്ന സൂചന. അഴിമതി ആരോപണം നേരിടുന്ന നേതാവിന്റെ കുഴപ്പം കൊണ്ടല്ല പി ജി കോഴ്സ് ലഭിക്കാത്തതെന്നും തന്റെ തന്നെ ചില പ്രശ്നങ്ങൾ കാരണമാണന്നും പണം നൽകിയതിൽ പരാതി ഇല്ലന്നുമാണ് മൊഴി. പരാതി ഇല്ലെങ്കിലും ഇക്കാര്യങ്ങൾ എഴുതി നൽകാൻ കമ്മീഷൻ ആവിശ്യപ്പെട്ടു. ഇത് ഉടമ അനുസരിക്കുകയും ചെയ്തു. ഈ പരാതി മുരളീധരൻ പക്ഷത്തെ നേതാവായ ശ്രീശൻ മറ്റാർക്കും നൽകിയിട്ടില്ല. അടുത്ത ബിജെപി നേതൃയോഗത്തിൽ റിപ്പോർട്ട് അവതരിപ്പിക്കും.

പണം കൈമാറാനും സഹായത്തിനുമായി കൂടെ നിന്ന മറ്റൊരു പാർട്ടി നേതാവിനെതിരെയുംതെളിവെടുപ്പിൽ പരാമർശം ഉണ്ടായി. ബിജെപി യുടെ സെല്ലുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന നേതാവിനുള്ള പങ്കും വെളിപ്പെട്ടു. മൊഴിയിൽ പരാമർശമുള്ളമുള്ളതിനാൽ ഈ നേതാവിനെതിരെയും കമ്മീഷൻ അന്വേഷണം നടത്തുന്നുണ്ട്. അമിത്ഷാ യുടെ മുന്നിലെത്തിയ കേസായതിനാൽ അങ്ങനെ വെറുതെ വിടാൻ ബി ജ പി സംസ്ഥാന അദ്ധ്യക്ഷൻ ഒരുക്കമല്ലന്നാണ്്് സൂചന. കുമ്മനത്തിന്റെ അഴിമതി വിരുദ്ധ നിലപാടുകൾക്കുമേൽ ഈ സംഭവം കരിനിഴൽ വീഴ്‌ത്തുമെന്നതിനാൽ അതീവ രഹസ്യമായാണ് അന്വേഷണവും നടപടികളും നീങ്ങുന്നത്. ഏഴെട്ടു മാസം മുൻപ് കോഴിക്കട്ടെ ഒരു പ്രമുഖ ആശുപത്രിയിൽ നിന്നും കോഴ വാങ്ങിയതായി മുരളീധര പക്ഷത്തെ ഒരു പ്രമുഖനെതിരെയും ആരോപണം ഉയർന്നിരുന്നു, പിന്നീട് ആശുപത്രി അധികൃതർ തന്നെ ഇങ്ങനെയൊരു സംഭവമില്ലന്ന് വിശദീകരിച്ചു. ഇതോടെ ഈ വിവാദം കെട്ടടങ്ങി. ഇതിന് പിന്നാലെയാണ് പുതിയ അഴിമതി പ്രശ്നം.

നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം പല വിധ ആവിശ്യങ്ങൾക്കും കാര്യങ്ങൾക്കുമായി വൻകിട ബിസിനസുകാർ കേരളത്തിലെ ചില നേതാക്കൾ പ്രതിമാസം ലക്ഷങ്ങളാണ് ഒഴുക്കുന്നതെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം പറയുന്നത്. പ്രമുഖ നേതാക്കൾക്കായി തന്നെ ഇടനിലക്കാർ ഉണ്ടെന്നാണ് വിവരം. ഇടപാടുകൾ പലതും ഏജന്റുമാർ വഴി ആയതിനാൽ മിഷൻ പാളിയാലും നേതാക്കളുടെ പേര് പുറത്തുവരാറില്ല്രേത. പണം കൈപറ്റിയിട്ടും കാര്യം സാധിക്കാതെ വന്നത് മെഡിക്കൽ കോളേജ് ഉടമ സ്വകാര്യമായി ചില ബിജെപി നേതാക്കളോടു പറഞ്ഞതാണ് മുരളീധര പക്ഷം ആയുധമാക്കിയത്. വിവിരം അമിതാഷായുടെ മുന്നിൽ വരെ എത്തിയതും പാർട്ടിയിലെ ഗ്രൂപ്പ് പോരിന്റെ കൂടി ഭാഗമാണ്. ഇത് കേന്ദ്ര നേതൃത്വത്തേയും വിഷമിപ്പിക്കുന്നുണ്ട്.

ബിജെപിയുടെ ഭാവി പ്രസിഡന്റുമാരിൽ ഒരാളായി പരിഗണിക്കപ്പെടുന്ന വ്യക്തിക്കെതിരെയാണ് മെഡിക്കൽ കോഴ ആരോപണം എത്തുന്നത്. ഇത് പാർട്ടിയെ വലിയ വെട്ടിലാക്കുന്നുണ്ട്. കേരളത്തിലെ ആർഎസ്എസ് നേതൃത്വവും ഇതേ കുറിച്ച് അന്വേഷിക്കുന്നുണ്ട്. ഇത് വെറുമൊരു ഗ്രൂപ്പ് പക തീർക്കാനുള്ള ആക്ഷേപമാണോ എന്നാണ് പരിശോധന. ഏതായാലും അന്വേഷണ കമ്മീഷനെ കൊണ്ട് വ്യക്തതയുള്ള റിപ്പോർട്ട് വാങ്ങാനാണ് കുമ്മനത്തിന്റെ ശ്രമം. ഭാവിയിൽ ആരും കോഴ ഇടപാടിൽ പെടാതിരിക്കാനാണ് ശ്രമം.

എന്നാൽ സ്വന്തം പേഴ്സണൽ സ്റ്റാഫിൽ രാജ്യദ്രോഹ കുറ്റത്തിൽ അന്വേഷണം നേരിടുന്നവരെ നിയോഗിച്ച കുമ്മനത്തിന് വ്യാജ ആരോപണങ്ങളിൽ അന്വേഷണം നടത്താൻ എന്ത് ധാർമികതയെന്നാണ് കൃഷ്ണദാസ് വിഭാഗത്തിലെ പ്രമുഖൻ മറുനാടനോട് ചോദിച്ചത്. കോഴിക്കോട്ടെ ആരോണത്തിൽ പാർട്ടി കമ്മീഷൻ ഉണ്ടായില്ലെന്നും ചൂണ്ടിക്കാട്ടുന്നു. അങ്ങനെ ബിജെപിയിൽ ചർച്ച കൊഴുക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP