Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫിലിംസ് ഡിവിഷൻ, ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്, പിഡബ്യുഡി, ഫയർ തുടങ്ങി എല്ലാ ലൈസൻസുകളും ലഭിച്ചു; ക്യൂബ് സിനിമാസിന്റെ 2 കെ അടക്കമുള്ള ആധുനിക സജ്ജീകരണങ്ങളും ഏർപ്പെടുത്തുകയും ചെയ്തു; എന്നിട്ടും പ്രവർത്തനാനുമതി നൽകാതെ വലിപ്പിച്ച് മണ്ണാർക്കാട് നഗരസഭ; ആറുമാസമായി ഉദ്ഘാടനം കാത്തു കിടന്ന് മിലൻ സിനിമാസ്; പ്രവാസി വ്യവസായി സാജന് പുറകെ മൾട്ടിപ്ലക്സ് ഉടമ അബ്ദുൽ ലത്തീഫും ആത്മഹത്യയുടെ വക്കിൽ; ആന്തൂരിനു പിറകെ പ്രതിക്കൂട്ടിലായി ലീഗ് ഭരിക്കുന്ന മണ്ണാർക്കാട് നഗരസഭയും

ഫിലിംസ് ഡിവിഷൻ, ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്, പിഡബ്യുഡി, ഫയർ തുടങ്ങി എല്ലാ ലൈസൻസുകളും ലഭിച്ചു; ക്യൂബ് സിനിമാസിന്റെ 2 കെ അടക്കമുള്ള ആധുനിക സജ്ജീകരണങ്ങളും ഏർപ്പെടുത്തുകയും ചെയ്തു; എന്നിട്ടും പ്രവർത്തനാനുമതി നൽകാതെ വലിപ്പിച്ച് മണ്ണാർക്കാട് നഗരസഭ; ആറുമാസമായി ഉദ്ഘാടനം കാത്തു കിടന്ന് മിലൻ സിനിമാസ്; പ്രവാസി വ്യവസായി സാജന് പുറകെ മൾട്ടിപ്ലക്സ് ഉടമ അബ്ദുൽ ലത്തീഫും ആത്മഹത്യയുടെ വക്കിൽ; ആന്തൂരിനു പിറകെ പ്രതിക്കൂട്ടിലായി ലീഗ് ഭരിക്കുന്ന മണ്ണാർക്കാട് നഗരസഭയും

എം മനോജ് കുമാർ

പാലക്കാട്: മിലൻ സിനിമാസിനു മേൽ മണ്ണാർക്കാട് നഗരസഭയുടെ ചുവപ്പ് കുരുക്ക്. പണിതീർത്ത് എല്ലാ ലൈസൻസുകളും ലഭിച്ചിട്ടും സിനിമാ തിയേറ്ററിനു ലൈസൻസ് നൽകാതെ ആറുമാസമായി ഫയൽ മണ്ണാർക്കാട് നഗരസഭ പിടിച്ചുവെച്ചിരിക്കുന്നു. ഉദ്ഘാടനം കാത്തിരിക്കുന്ന മിലൻ സിനിമാസ് ഇതുകാരണം ആറുമാസമായി അടഞ്ഞുകിടക്കുകയുമാണ്. മൾട്ടിപ്ലക്സ് തിയേറ്ററിനു സർക്കാരിൽ നിന്ന് ലഭിക്കേണ്ട ലൈസൻസുകൾ മുഴുവൻ ലഭിച്ചിട്ടും മണ്ണാർക്കാട് നഗരസഭ അനുമതി നൽകാതിരുന്നത്‌കൊണ്ട് മാത്രമാണ് മൾട്ടിപ്ലക്‌സ് അടഞ്ഞു കിടക്കുന്നത്. കണ്ണൂർ ആന്തൂരിൽ കൺവെൻഷൻ സെന്ററിന് നഗരസഭ അനുമതി നല്കിയാതിരുന്നത് കാരണം പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്തത് വിവാദമായിരിക്കെയാണ് നഗരസഭ അനുമതി നൽകാതിരിക്കുന്നത് കാരണം പാലക്കാട് ഒരു വ്യവസായിയും ആത്മഹത്യയുടെ വക്കത്ത് എത്തിനിൽക്കുന്നത്. തിയേറ്ററിന്റെ അകത്ത് ഒരു വശത്ത് സ്ഥലം കുറവാണ് എന്ന നിസാര കാരണം ചൂണ്ടിക്കാട്ടിയാണ് മണ്ണാർക്കാട് നഗരസഭ അനുമതി വൈകിക്കുന്നത്. നഗരസഭ അനുമതി നൽകുന്നില്ലെന്നു ഉറപ്പായപ്പോൾ ഹൈക്കോടതിയിൽ ഹർജി നൽകി കാത്തിരിക്കുകയാണ് മിലൻ തിയേറ്റർ ഉടമ അബ്ദുൽ ലത്തീഫ് ഇപ്പോൾ.

രണ്ടു തിയേറ്റർ ഉള്ള മിലൻ സിനിമാസിനു അനുമതി നൽകിയിരുന്നെങ്കിൽ എട്ടു ലക്ഷത്തോളം രൂപ ആറുമാസം മുൻപ് മുതൽ തന്നെ ടാക്‌സ് ഇനത്തിൽ സർക്കാരിലേക്ക് വന്നു ചേരുമായിരുന്നു. ക്യൂബ് സിനിമാസിന്റെ ഉൾപ്പെടെ എല്ലാ ആധുനിക സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടും മൾട്ടിപ്ലക്സ് അടഞ്ഞുകിടക്കുന്നതിനാൽ ഉടമയായ അബ്ദുൾ ലത്തീഫിനും ലക്ഷങ്ങൾ ഓരോ മാസവും നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. എനിക്ക് കെഎഫ്‌സിയിൽ നിന്ന് ഒന്നരക്കോടി രൂപ ലോണുണ്ട്. ഈ ലോണിലേക്ക് ഓരോ മാസവും ഒന്നരലക്ഷത്തോളം രൂപ ഞാൻ മുടങ്ങാതെ അടച്ചു കൊണ്ടിരിക്കുകയാണ്. മണ്ണാർക്കാട് നഗരസഭ തിയേറ്ററിനു ലൈസൻസ് നൽകാതിരിക്കുന്നത് കാരണം എനിക്ക് വൻ നഷ്ടമാണ്. വരുമാനമില്ലാതെയാണ് കെഎഫ്‌സിയുടെ ലോൺ ഞാൻ അടച്ചുകൊണ്ടിരിക്കുന്നത്. എങ്ങിനെ കൂടുതൽ കാലം ലോൺ അടച്ച് മുന്നോട്ടു പോകാനാവും. മണ്ണാർക്കാട് നഗരസഭ സെക്രട്ടറിയും അസിസ്റ്റന്റ് എഞ്ചിനീയറുമാണ് വിവിധ കാരണങ്ങൾ പറഞ്ഞു അനുമതി നീട്ടിനീട്ടിക്കൊണ്ടു പോകുന്നത്-മിലൻ സിനിമാസ് ഉടമ അബ്ദുൾ ലത്തീഫ് മറുനാടനോട് പറഞ്ഞു.

ഫിലിംസ് ഡിവിഷൻ, ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്, പിഡബ്യുഡി, ഫയർ തുടങ്ങി എല്ലാ ലൈസൻസുകളും ലഭിച്ചിട്ടാണ് മണ്ണാർക്കാട് മുനിസിപ്പാലിറ്റി മാത്രം ലൈസൻസ് നൽകാതെ അനുമതി ഫയലിൽ അടയിരിക്കുന്നത്. മണ്ണാർക്കാട് നഗരസഭ ഭരിക്കുന്നത് യുഡിഎഫാണ്. പ്രതിപക്ഷത്ത് സിപിഎമ്മും. പക്ഷെ സിപിഎമ്മിലെ ചിലരും പഞ്ചായത്ത് ഭരണസമിതിയിലെ ചിലരും കൂടിയാണ് മിലൻ സിനിമാസിന്റെ അനുമതി വൈകിപ്പിക്കുന്നത്. 'അനുമതി നിഷേധത്തിന് പിന്നിൽ ആരൊക്കെയെന്ന് എനിക്കറിയാം. പക്ഷെ ഇവരുടെ പേരുകൾ തത്ക്കാലം ഞാൻ പുറത്തു പറയുന്നില്ല. മന്ത്രി തലത്തിൽ ഞാൻ പരാതി നൽകിയിട്ടുണ്ട്. മന്ത്രി ഈ പ്രശ്‌നത്തിൽ ഇടപെടാമെന്ന് ഉറപ്പും നൽകിയിട്ടുണ്ട്. അതുകൊണ്ട് പ്രശ്‌നപരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയാണ് ഇപ്പോഴുള്ളത്.'-ലത്തീഫ് പറയുന്നു.

മുൻപ് മണ്ണാർക്കാട്ടെ ഒരു വിവാഹമണ്ഡപമായിരുന്നു ഈ കെട്ടിടം. വിവാഹ മണ്ഡപം വിലയ്ക്കെടുത്താണ് അബ്ദുൾ ലത്തീഫ് മിലൻ സിനിമാസ് പണിഞ്ഞത്. വിവാഹമണ്ഡപത്തിന്റെ പുറംവശങ്ങൾ ലത്തീഫ് ഒന്നും ചെയ്തില്ല. അകവശം മാത്രം മാറ്റിപ്പണിതു. അകം രണ്ടായി തിരിച്ചു രണ്ടു തിയേറ്റർ ആയി മാറ്റി. ക്യൂബ് സിനിമാസിന്റെ എല്ലാ ആധുനിക സജ്ജീകരണങ്ങളും ഏർപ്പെടുത്തി. അതിനുശേഷമാണ് അനുമതിക്കായി അധികൃതരെ സമീപിച്ചത്. ഫയർ, ടൗൺ പ്ലാനിങ്, പിഡബ്ള്യുഡി തുടങ്ങിയ ലൈസൻസുകൾ കരസ്ഥമാക്കിയ ശേഷമാണ് നഗരസഭാ അനുമതിക്ക് വേണ്ടി മണ്ണാർക്കാട് നഗരസഭയെ സമീപിച്ചത്. പക്ഷെ നൂറു ന്യായവാദങ്ങൾ ചൂണ്ടിക്കാട്ടി മണ്ണാർക്കാട് മുനിസിപ്പാലിറ്റി അനുമതി നിഷേധിക്കുകയായിരുന്നു. നഗരസഭാ സെക്രട്ടറിയും അസിസ്റ്റന്റ് എഞ്ചിനീയറും കൂടിയാണ് ഇതിനു പിന്നിൽ കളിക്കുന്നത് എന്നാണ് ലത്തീഫ് ചൂണ്ടിക്കാട്ടുന്നത്.

പിഡബ്‌ള്യുഡി, ഫയർ ഉൾപ്പെടെ സർക്കാരിന്റെ നാല് ക്ലിയറൻസ് സർട്ടിഫിക്കറ്റുകളാണ് ലത്തീഫിന്റെ കയ്യിലിരിക്കുന്നത്. ഇനി വേണ്ടത് നഗരസഭയുടെ അനുമതി മാത്രം. പക്ഷെ ഓരോ കാരണങ്ങൾ ചൂണ്ടിക്കാട്ടി നഗരസഭ പിന്നോട്ടടിക്കുകയാണ്. ക്യൂബ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ എല്ലാം പൂർത്തീകരിച്ചിട്ടും പക്ഷെ ആറുമാസമായി തിയേറ്റർ അടഞ്ഞു കിടക്കുകയുമാണ്. നഗരസഭയ്ക്ക് ഒപ്പം ചില രാഷ്ട്രീയ നീക്കങ്ങൾ കൂടി മിലൻ സിനിമാസ് അടഞ്ഞുകിടക്കുന്നതിനു പിന്നിലുണ്ട്. സിപിഎമ്മിലെ ചിലരും യുഡിഎഫിലെ ചിലരുമാണ് അനുമതി നിഷേധിക്കുന്നത്. മണ്ണാർക്കാട് മുനിസിപ്പിൽ അധ്യക്ഷ ലത്തീഫിന്റെ ഭാര്യയുടെ സഹോദരിയുടെ മകൾ കൂടിയാണ്. എന്നിട്ടുമാണ് ലത്തീഫിന് മുന്നിൽ നഗരസഭയുടെ ഈ അനുമതി നിഷേധം വരുന്നത്. ആറുമാസമായി മൾട്ടിപ്ലക്‌സിന് അനുമതി നൽകാത്തത് കാരണം ഹൈക്കോടതിയിൽ ലത്തീഫ് ഹർജിയും ഫയൽ ചെയ്തിട്ടുണ്ട്. പക്ഷെ മന്ത്രി തലത്തിലുള്ള ഇടപെടലിൽ തീരുമാനം വരുമെന്ന് കരുതിയാണ് ലത്തീഫ് ഇപ്പോഴും കാത്തിരിക്കുന്നത്.

മണ്ണാർക്കാട് നഗരസഭാ സെക്രട്ടറിയുടെ മറുനാടനോടുള്ള വിശദീകരണം ഇങ്ങിനെ:

മിലൻ സിനിമാസ് ഹൈക്കോടതിയിൽ നഗരസഭയ്ക്കെതിരെ കേസ് നൽകിയിട്ടുണ്ട്. ലൈസൻസ് നൽകുന്നില്ല എന്ന് പറഞ്ഞാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. അബ്ദുൾ ലത്തീഫിന്റെ മകൻ ജലീഷ് നൽകിയ കേസ് ആണിത്. ഇതിന്റെ കൗണ്ടർ നഗരസഭ ഹൈക്കോടതിയിൽ നൽകിയിട്ടുണ്ട്. ഈ കേസ് ഹൈക്കോടതിയിൽ നടക്കുന്നുണ്ട്. ഇതിൽ തീർപ്പ് വരട്ടെ. രണ്ടാമത് കല്യാണ മണ്ഡപം തിയേറ്റർ ആക്കി മാറ്റിയതാണ്. അപ്പോൾ നഗരസഭയുടെ കെട്ടിട നിർമ്മാണ ചട്ടം കൂടിയല്ല, സിനിമാ നിയമങ്ങൾ കൂടി നോക്കേണ്ടതുണ്ട്. ഉള്ളിൽ ഒരു സ്ഥലത്ത് ഓപ്പൺ സ്‌പെയ്‌സ് ഇല്ല. ഓപ്പൺ സ്പെയ്സ് വേണം. ഫയർ എൻഒസി നൽകുമ്പോൾ അവർ പ്രത്യേക സ്ഥലം സ്ഥലമുണ്ടാക്കാൻ വേണ്ടി പൊളിച്ചു കളയണം എന്ന് പറഞ്ഞിട്ടുണ്ട്. ഫൈനൽ ഫയറിന്റെ പ്ലാനിന്റെ അകത്ത് ഇങ്ങിനെ പൊളിച്ചു കളയണം. ഇങ്ങിനെ പൊളിച്ചു കളഞ്ഞാൽ തിയറ്ററിന്റെ സ്ട്രക്ച്ചർ മുഴുവൻ മാറ്റേണ്ടി വരും. പക്ഷെ പൊളിച്ചു മാറ്റേണ്ട ഭാഗം പൊളിച്ചു മാറ്റിയ ശേഷം ഈ കാര്യം ആലോചിക്കാം-നഗരസഭാ സെക്രട്ടറി ജൂഹി മരിയാ ടോം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP