Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യോഗ്യതയുള്ള നഴ്‌സുമാരെ ഒരു കാശുപോലും കൊടുക്കാതെ കൊത്തിക്കൊണ്ടു പോവാൻ ബ്രിട്ടൻക്യൂ നിൽക്കുമ്പോൾ നഴ്‌സുമാരെ സഹായിക്കാൻ എന്ന പേരിൽ ഒരു കാര്യവുമില്ലാതെ മന്ത്രി ടി പി രാമകൃഷ്ണനും ജീവനക്കാരും ബ്രിട്ടനിൽ ടൂറടിച്ച് ചുറ്റുന്നു; ഒരു വർഷം മുൻപ് ഒപ്പുവച്ച കരാറു കൊണ്ട് ഒരു ഗുണവും ഉണ്ടാകാതിരുന്നിട്ടും ടൂറടിക്കാൻ കാരണം കണ്ടെത്തി മന്ത്രിസംഘം ആഘോഷത്തിൽ; ഗൾഫിലെ നഴ്‌സുമാരുടെ യാത്രാതടസ്സം നീക്കാൻ മെനക്കെടാത്ത മന്ത്രി യുകെയിൽ ചുറ്റിക്കറങ്ങുന്നതെന്തിന്?

യോഗ്യതയുള്ള നഴ്‌സുമാരെ ഒരു കാശുപോലും കൊടുക്കാതെ കൊത്തിക്കൊണ്ടു പോവാൻ ബ്രിട്ടൻക്യൂ നിൽക്കുമ്പോൾ നഴ്‌സുമാരെ സഹായിക്കാൻ എന്ന പേരിൽ ഒരു കാര്യവുമില്ലാതെ മന്ത്രി ടി പി രാമകൃഷ്ണനും ജീവനക്കാരും ബ്രിട്ടനിൽ ടൂറടിച്ച് ചുറ്റുന്നു; ഒരു വർഷം മുൻപ് ഒപ്പുവച്ച കരാറു കൊണ്ട് ഒരു ഗുണവും ഉണ്ടാകാതിരുന്നിട്ടും ടൂറടിക്കാൻ കാരണം കണ്ടെത്തി മന്ത്രിസംഘം ആഘോഷത്തിൽ; ഗൾഫിലെ നഴ്‌സുമാരുടെ യാത്രാതടസ്സം നീക്കാൻ മെനക്കെടാത്ത മന്ത്രി യുകെയിൽ ചുറ്റിക്കറങ്ങുന്നതെന്തിന്?

പ്രത്യേക ലേഖകൻ

ലണ്ടൻ: തൊഴിൽ - നൈപുണ്യ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണനും മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് ഉൾപ്പെടെ ഉദ്യോഗവൃന്ദവും ഏതാനും ദിവസങ്ങളായി യുകെയിൽ ടൂറടിച്ച് ചുറ്റിക്കറങ്ങുന്നതിന്റെ പിന്നിൽ വമ്പൻ തട്ടിപ്പ്. യുകെയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള സർക്കാർ ആശുപത്രികളിൽ മലയാളി നഴ്സുമാരെ സൗജന്യമായി എത്തിക്കുന്നത് സംബന്ധിച്ച ചർച്ചകളും കരുക്കളുമായാണ് മന്ത്രിസംഘത്തിന്റെ യാത്ര എന്നു പറയുമ്പോഴും അതിന്റെ പിന്നിലെ ലക്ഷ്യം വെറും ടൂറടിയും ധൂർത്തുമെന്ന് ഉറപ്പാവുകയാണ്. മന്ത്രി സംഘത്തിന്റെ യാത്രാ ചെലവ് നികുതി ദായകന്റെ കണക്കിൽ പെടുമോ എന്നു മാത്രമാണ് ഇനി വ്യക്തമാകാനുള്ളത്.

കേരള സർക്കാർ ഏജൻസിയായ ഒഡെപെക് വഴി ചുരുങ്ങിയത് വരും വർഷങ്ങളിൽ അയ്യായിരം പേർക്കെങ്കിലും യുകെയിൽ നഴ്സായി ജോലി ചെയ്യുമെന്നാണ് മന്ത്രി സംഘം ഇന്നലെ മാഞ്ച്സറ്റർ എൻഎച്ച്എസ് ആശുപത്രി സന്ദർശിച്ച ശേഷം പുറത്തിറക്കിയ പത്രക്കുറിപ്പിൽ അവകാശപ്പെടുന്നത്. യുകെയിലെ വിവിധ എൻഎച്ച്എസ് ട്രസ്റ്റുകൾ മന്ത്രി സംഘം സന്ദർശിക്കുകയും കരാറുകൾ ഒപ്പു വയ്ക്കുകയും ചെയ്തതായി പത്രക്കുറിപ്പിൽ അവകാശപ്പെടുന്നു. ഒരു വർഷത്തെ പ്രവൃത്തി പരിചയവും, ഐഇഎൽടിഎസ്, ഒഇടി എന്നിവ പാസാവുകയും ചെയ്ത നഴ്‌സുമാർക്ക് കരാർ പ്രകാരം ഇംഗ്ലണ്ടിലെ സർക്കാർ ആശുപത്രികളിൽ നിയമനം ലഭിക്കുമെന്ന് പത്രക്കുറിപ്പിലൂടെ അവകാശപ്പെടുന്നു.

കൂടാതെ, വിവിധ കോഴ്‌സുകൾക്ക് ചെലവാകുന്ന തുകയും വിസാ ചാർജ്ജും വിമാനടിക്കറ്റും സൗജന്യമായിരിക്കും. യുകെയിൽ മൂന്നുമാസത്തെ സൗജന്യതാമസവും ലഭ്യമാകും എന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. ഇടനിലക്കാരില്ലാതെ യുകെയിലേക്ക് നഴ്‌സുമാർക്ക് അവസരം ലഭിക്കുന്നത് വലിയ നേട്ടമാണ്. സർക്കാർ സർവീസിലുള്ള നഴ്‌സുമാർക്കും അവധിയെടുത്ത് ഈ അവസരം പ്രയോജനപ്പെടുത്താം. അയ്യായിരത്തിലധികം നഴ്‌സുമാരെ യുകെ സർക്കാരിന് കേരളത്തിൽ നിന്ന് നിയമിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പത്രക്കുറിപ്പിൽ അവകാശപ്പെടുന്നു.

എന്നാൽ ഇതിന്റെ വിശദാംശങ്ങൾ തേടി പോയപ്പോഴാണ് മന്ത്രി സംഘത്തിന്റെ സന്ദശനം വെറും തട്ടിപ്പാണ് എന്നു വ്യക്തമാകുന്നത്. നഴ്സുമാരെ കിട്ടാതെ വലയുന്ന എൻഎച്ച്എസ് നേരത്തെ തന്നെ എങ്ങനെയെങ്കിലും നഴ്സുമാരെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. അനേകം ഏജന്റുമാരെ ഇവർ ഇതിന് ചുമതലപ്പെടുത്തിയിട്ടുണ്ട്. അത്തരത്തിലുള്ള ഒരു ഏജൻസി കരാർ മാത്രമാണ് ഇപ്പോൾ ഒഡെപെകുമായി ഉണ്ടാക്കിയതും. ഇതനുസരിച്ച് ഇപ്പോൾ റിക്രൂട്ട്മെന്റ് നടത്തിക്കൊണ്ടിരിക്കുന്ന ഏജന്റുമാരെ പോലെ തന്നെ എൻഎച്ച്എസിന്റെ ഒരു ഏജന്റായി ഈ സർക്കാർ ഏജൻസിക്കും പ്രവർത്തിക്കാം. എന്നാൽ ജോലി ലഭിക്കുന്നതിനുള്ള നിബന്ധനകളിൽ യാതൊരു ഇളവും ബാധകമല്ല. അതായത് സ്വകാര്യ ഏജൻസികൾ വഴി ജോലിക്ക് വന്നാലും സർക്കാർ ഏജൻസി വഴി വന്നാലും ഐഇഎൽടിഎസ് പാസായേ പറ്റൂ എന്നർത്ഥം. സിബിറ്റി പരീക്ഷയും യുകെയിൽ എത്തിയ ശേഷമുള്ള പ്രാക്ടിക്കൽ പരീക്ഷയും ഇവർക്കും ബാധകമാണ്. വിസ നൽകുന്ന കാലാവധിക്കോ പിആർ ലഭിക്കുന്ന കാലാവധിക്കോ മാറ്റമില്ല.

അപ്പോൾ പിന്നെ മന്ത്രിയും സംഘവും എത്തിയ കരാറിന് എന്ത് പ്രത്യേകത എന്ന ചോദ്യം ഉയരുകയാണ്. ഒഡെപെക് വഴി നിയമനം ലഭിച്ചാൽ നിയമനത്തിനു കമ്മീഷൻ കൊടുക്കേണ്ടെന്നും വിമാന ടിക്കറ്റ് കിട്ടുമെന്നും മൂന്ന് മാസത്തെ അക്കമൊഡേഷൻ സൗജന്യമായി കിട്ടുമെന്നും ഇവർ പറയുന്നുണ്ട്. ഇതും സ്വകാര്യ ഏജൻസികൾക്ക് ബാധകമാണ്. ഏതെങ്കിലും ഒരു അംഗീകൃത ഏജന്റ് ഉദ്യോഗാർത്ഥികളിൽ നിന്നും കാശ് വാങ്ങിയാൽ അവരുടെ ലൈസൻസ് റദ്ദ് ചെയ്യുകയും അവർക്കെതിരെ നിയമനടപടി ഉണ്ടാവുകയും ചെയ്യും. 50,000ത്തിൽ അധികം ഒഴിവുകൾ ഉള്ള എൻഎച്ച്എസ് യോഗ്യതയുള്ള ആരെ ലഭിച്ചാലും എടുത്തുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് ഈ ആനുകൂല്യങ്ങൾ ഒക്കെ നൽകുന്നത്. അതുകൊണ്ട് തന്നെ സർക്കാർ ഏജൻസി വഴി പോയാൽ പ്രത്യേകിച്ച് ഒരു ഗുണവും ഇല്ല എന്നു മാത്രമല്ല ദോഷം ഉണ്ട് താനും.

രണ്ടു പ്രധാന ന്യൂനതകളാണ് സർക്കാർ ഏജൻസി വഴി പോയാൽ ഉണ്ടാവുക. ഒന്നാമത്തേത് യുകെയിലെ നഴ്സിങ് നിയമങ്ങളും വിസ പ്രൊസസും ഒക്കെ കൃത്യമായി അറിയുന്ന ഒരു ഉദ്യോഗസ്ഥൻ പോലും സർക്കാർ ഏജൻസിയിൽ ഇല്ല. ഇവർക്ക് ജോലി കിട്ടുന്നതു വരെയുള്ള ഏതാണ്ട് നാലു മുതൽ ആറു മാസം വരെയുള്ള പ്രൊസസുകൾ ചെയ്യുക പ്രശ്നമാകും. വിവിധ ഡിപ്പാർട്ട്മെന്റുകളിൽ നിന്നും നിയമിച്ചിരിക്കുന്ന സാധാ സർക്കാർ ഉദ്യോഗസ്ഥർക്ക് ഉദ്യോഗാർത്ഥികളുടെ വിഷയത്തിൽ കൃത്യമായി ഉത്തരം പറയാനോ ഫോളോ ചെയ്യാനോ ഉള്ള വൈദഗ്ധ്യം ഉണ്ടാവുകയില്ല. എന്തു ചോദിച്ചാലും കൈമലർത്തുന്ന ഉദ്യോഗസ്ഥന്മാർക്ക് പ്രൊസസ് പൂർത്തിയാക്കാൻ കഴിയില്ല. മറ്റൊരു പ്രധാന വിഷയം ഒഡെപെക്കിന് യുകെയിൽ ഓഫീസ് ഇല്ലാത്തതിനാൽ യുകെയിൽ എത്തിക്കഴിഞ്ഞാലുള്ള സഹായങ്ങൾ ഒന്നും ലഭിക്കുകയില്ല എന്നതാണ്. അതേ സമയം യുകെയിലും കേരളത്തിലും ഓഫീസുകൾ ഉള്ള ഏജൻസികൾക്ക് ഉദ്യോഗാർത്ഥികളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനും ജോലിക്കുള്ള പ്രൊസസിലെ ഓരോ ഘട്ടവും കൈകാര്യം ചെയ്യാനും കഴിയും.

രസകരമായ വസ്തുത ഒരു വർഷം മുൻപ് സമാനമായ കരാർ ഒഡെപെകും ചില എൻഎച്ച്എസ് ട്രസ്റ്റുകളും തമ്മിൽ ഒപ്പിട്ടതാണ് എന്നതാണ്. എന്നിട്ട് വിരലിൽ എണ്ണാൻ കഴിയുന്ന നഴ്സുമാരെ പോലും എത്തിക്കാൻ ഇവർക്ക് കഴിഞ്ഞില്ല. അതേ സമയം വിവിധ സ്വകാര്യ ഏജൻസികളുമായി ചേർന്ന് വൻ തൊഴിൽ റിക്രൂട്ട്മെന്റ് നടത്താൻ ഇടയ്ക്കിടെ എൻഎച്ച്എസ് പ്രതിനിധികൾ യുകെയിൽ നിന്നും കേരളത്തിൽ എത്താറുണ്ട്. ആവശ്യത്തിന് ഉദ്യോഗാർത്ഥികളെ എത്തിക്കാൻ കഴിയുമെന്ന് ഉറപ്പില്ലെങ്കിൽ എൻഎച്ച്എസ് ട്രസ്റ്റുകൾ സർക്കാരിനെ വിശ്വസിച്ച് ഇവിടെ റിക്രൂട്ട്മെന്റിനായി എത്തുകയുമില്ല. ചുരുക്കിപ്പറഞ്ഞാൽ മന്ത്രിക്കും ഉദ്യോഗസ്ഥന്മാർക്കും ഒരു ടൂർ എന്നതിനപ്പുറം യാതൊരു പ്രയോജനവും ഈ കരാർ വഴിയില്ല. പ്രളയദുരിത പുനരധിവാസത്തിന്റെ കാലത്ത് ഖജനാവിൽ നിന്നും കാശെടുത്താണോ അതോ എൻഎച്ച്എസ് ട്രസ്റ്റുകൾ തന്നെയാണോ യാത്രാചെലവും മറ്റു ചെലവുകളും നൽകിയത് എന്നു മാത്രമാണ് അറിയേണ്ടത്.

യുകെയിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്റ് സൗജന്യമാകുന്നത് എൻഎച്ച്എസ് ആശുപത്രികൾ ഓരോ ഉദ്യോഗാർത്ഥിക്കുമുള്ള ഫീസ് ഏജൻസിക്ക് നൽകുന്നതുകൊണ്ടാണ്. ഇങ്ങനെ ഒരു ഫീസ് ഒഡെപെക്കിനും ലഭിക്കും. ഈ പണം ഇടനിലക്കാർ അടിച്ചുമാറ്റുമോ എന്നു കൂടി കണ്ടെത്തേണ്ടതുണ്ട്. സർക്കാർ ഏജൻസി എന്ന നിലയിൽ വിദേശത്ത് നിന്നും ബിസിനസ് താൽപര്യത്തോടെ കാശ് സ്വീകരിക്കാൻ ഒഡെപെക്കിന് കഴിയാത്തതിനാൽ യുകെയിലെ തന്നെ മന്ത്രിക്കും ഉദ്യോഗവൃന്ദങ്ങൾക്കും താൽപര്യം ഉള്ള ചില വ്യക്തികൾ ഈ പണം അടിച്ചു മാറ്റാനുള്ള സാധ്യത കൂടുതലാണ്. മന്ത്രി കടകംപള്ളി സുരേന്ദ്രനെയും, തോമസ ഐസക്കിനെയും കെ ടി ജലീലിനെയും സ്ഥിരമായി യുകെയിൽ സ്വീകരിച്ച് ആനയിക്കുന്ന മുൻ എസ്എഫ്ഐക്കാരുടെ ഒരു സംഘം ഇത്തരം കച്ചവട താൽപര്യങ്ങളിൽ അതീവ തൽപരരായതിനാൽ അവർ ഇടനിലക്കാരായി കാശ് അടിച്ചുമാറ്റാനുള്ള സാധ്യത കൂടുതലാണ്.

ആകെ ഇതുകൊണ്ട് അൽപം എങ്കിലും മെച്ചമുള്ള സർക്കാർ സർവ്വീസിൽ കേരളത്തിൽ ജോലി ചെയ്യുന്ന ചില നഴ്സുമാർക്കാണ്. ഇതുവരെ ഇത്തരക്കാർക്ക് ജോലി ചെയ്യാൻ വിദേശത്ത് പോവണമെങ്കിൽ ബന്ധു സന്ദർശനം എന്നോ മറ്റോ നുണ പറഞ്ഞു പോവണമായിരുന്നു. ഇനി മുതൽ ഉള്ള കാര്യം പറഞ്ഞു പോകാൻ സാധിക്കും. എന്നാൽ ഇവരും ഐഇഎൽടിഎസോ, ഓഇടിയോ പാസാകണം. ഐഇഎൽടിഎസ് ആണെങ്കിൽ റൈറ്റിങിൽ 6.5ഉം മൂന്ന് മോഡ്യുലുകളിലായി 7ഉം ലഭിച്ചാലേ പറ്റൂ. ഓഇടി ആണെങ്കിൽ എല്ലാ വിഷയത്തിലും ബി ഗ്രേഡ് നേടണം. സർക്കാർ നഴ്സുമാർക്കും ഇതു ബാധകമാണ്. എന്നാൽ പുതിയ നീക്കത്തോടെ ഓഡെപെക്ക് വഴി സർക്കാർ നഴ്സുമാർക്ക് അഞ്ച് വർഷത്തേയ്ക്ക് അവധി എടുത്തു പോയി മടങ്ങാൻ എളുപ്പമാകും.

ആവശ്യത്തിന് നഴ്സുമാർ ഇല്ലാതെ വലയുന്ന കേരളത്തിലെ സർക്കാർ ആശുപത്രികളിലെ നഴ്സുമാരെ സർക്കാർ മുൻകൈയിൽ തന്നെ വിദേശത്ത് ജോലിക്ക് അയക്കുന്നതിലെ ധാർമികതയും ചർച്ചയാവുന്നുണ്ട്. ഉയർന്ന ശമ്പളം ലഭിക്കുമെങ്കിലും സർക്കാരിന് ഇതുവഴി നഷ്ടം മാത്രമാണ് ഉണ്ടാവുക. സർക്കാർ നഴ്സുമാർ വിദേശ ജോലിക്ക് പോകുമ്പോൾ ഇവിടെ നഴ്സുമാർ ഇല്ലാതെ വലയും. ഇതും വൻ വിവാദമായി വളരാൻ സാധ്യതയുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്. മന്ത്രിയോടൊപ്പം അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, ഒഡെപെക് ചെയർമാൻ എൻ ശശിധരൻ നായർ, മന്ത്രിയുടെ അഡീഷണൽ പി എ ദീപു പി നായർ എന്നിവരും എത്തിയിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് യുകെയിൽ എത്തിയ ഇവർ രണ്ട് ദിവസം കൂടി യുകെയിൽ ടൂർ തുടരും. അതിനു ശേഷം ഇവർ നാട്ടിലേയ്ക്ക് മടങ്ങും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP