Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാടുകാണി ചുരത്തിലെ മഖ്ബറ തകർത്ത് മുകളിൽ തെങ്ങിൻ തൈ നട്ട് വർഗീയ ലഹളയ്ക്ക് ശ്രമം; മുൻപ് രണ്ട് തവണ പരാജയപ്പെട്ട ശ്രമം നടത്തിയത് മുജാഹിദുകൾ എന്ന് സംശയിച്ച് പൊലീസ്; സൂഫികളുടെ ഖബർ കെട്ടിപ്പൊക്കുന്നതും ആദരിക്കുന്നതും അനിസ്ലാമികമാണെന്ന് വിശ്വസിക്കുന്നവർ കേരളത്തിലും അസമാധാനം വിതയ്ക്കാൻ രംഗത്ത്

നാടുകാണി ചുരത്തിലെ മഖ്ബറ തകർത്ത് മുകളിൽ തെങ്ങിൻ തൈ നട്ട് വർഗീയ ലഹളയ്ക്ക് ശ്രമം; മുൻപ് രണ്ട് തവണ പരാജയപ്പെട്ട ശ്രമം നടത്തിയത് മുജാഹിദുകൾ എന്ന് സംശയിച്ച് പൊലീസ്; സൂഫികളുടെ ഖബർ കെട്ടിപ്പൊക്കുന്നതും ആദരിക്കുന്നതും അനിസ്ലാമികമാണെന്ന് വിശ്വസിക്കുന്നവർ കേരളത്തിലും അസമാധാനം വിതയ്ക്കാൻ രംഗത്ത്

എംപി.റാഫി

മലപ്പുറം: നിലമ്പൂർ വഴിക്കടവ് നാടുകാണി ചുരത്തിൽ മഖ്ബറ (കെട്ടി പൊക്കിയ പുണ്യാത്മാക്കളുടെ ഖബർ ) തകർത്ത് മുകളിൽ തെങ്ങിൻ തൈ നട്ട നിലയിൽ. പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ച ശൈഖ് മുഹമ്മദ് സ്വാലിഹ് എന്നവരുടെ മഖ്ബറയാണ് ഇന്നലെ രാത്രിയിൽ തകർക്കപ്പെട്ടത്. ഇതിന് മുമ്പ് രണ്ട് തവണ ഇതേ മഖ്ബറ പൊളിക്കാനുള്ള ശ്രമം നടന്നിരുന്നു. ഇത് വിവാദമാകുകയും ചെയ്തിരുന്നു.

കഴിഞ്ഞ മാസം മഖ്ബറയുടെ ഒരു ഭാഗം രാത്രിയിലെത്തിയ സംഘം തകർത്തതായിരുന്നു ഇതിൽ ഒരു സംഭവം. ഈ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ടെങ്കിലും പ്രതികളെ പിടികൂടാനായിട്ടില്ല. ഇതിനിടെയാണ് വീണ്ടും മഖ്ബറ തകർക്കുകയും മുകളിൽ തെങ്ങിൻ തൈ നടുകയും ചെയ്തിരിക്കുന്നത്.

2009 ൽ ആയിരുന്നു മറ്റൊരു സംഭവം. അന്ന് ഖബർ തകർക്കുന്നതിനിടെ നാല് മുജാഹിദ് പ്രവർത്തകരെ പൊലീസ് പിടികൂടിയിരുന്നു. നൈറ്റ് പട്രോളിംഗിനിടെ വഴിക്കടവ് എസ്.ഐയും സംഘവുമാണ് ഇവരെ പിടികൂടിയത്. വണ്ടൂർ സ്വദേശികളായ സി.ടി നൗഷാദ്, സമീർ നവാസ്, ഷാജി ബാബു, അബ്ദുൽ ശുക്കൂർ എന്നിവരെയായിരുന്നു അന്ന് പിടികൂടിയത്. ഇവരെല്ലാം തീവ്ര സലഫി ആശയക്കാരാണ്. ഇവർക്കോ ഇവരുമായി ബന്ധപ്പെട്ടവർക്കോ കൃത്യത്തിൽ പങ്കുണ്ടോയെന്നാണ് പൊലീസ് സംശയിക്കുന്നത്. കഴിഞ്ഞ മാസം രജിസ്റ്റർ ചെയ്ത കേസിന് പുറമെ ഇന്നലെയുണ്ടായ സംഭവത്തിലും കേസ് രജിസ്റ്റർ ചെയ്തതായി വഴിക്കടവ് എസ്.ഐ പറഞ്ഞു.

വർഗീയ ലഹളയുണ്ടാക്കാനുള്ള ശ്രമമാണ് പിന്നിലെന്നാണ് കണക്കാക്കുന്നത്.മഹത്തുക്കളായ സൂഫികളുടെ ഖബർ കെട്ടി പൊക്കുന്നതും ഇവരെ ആദരിക്കുന്നതും അനിസ്ലാമികമാണെന്നാണ് ഐ.എസ് (ഇസ്ലാമിക് സ്റ്റേറ്റ് ) അടക്കമുള്ള തീവ്ര സലഫി ആശയക്കാർ വിശ്വസിക്കുന്നത്. ഇത്തരം ആചാരങ്ങൾ പുലർത്തുന്ന ബഹു ഭൂരിഭാഗം മുസ്ലിംങ്ങളും പിഴച്ചവരാണെന്നും മുശ് രിക്കുകൾ ( ബഹുദൈവാരാധകർ ) ആണെന്നുമാണ് തീവ്ര ആശയക്കാർ വിശ്വസിക്കുന്നത്. ലേകത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്ന ചരിത്ര സ്മാരകങ്ങളും മഖ്ബറകളും തീവ്രവാദ സംഘങ്ങൾ തകർക്കുന്നത് ഇന്നും തുടർന്ന് കൊണ്ടിരിക്കുന്നുണ്ട്.

വഴിക്കടവ് സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. തീവ്ര മതവിഭാഗങ്ങളിലേക്കാണ് അന്വേഷണം നീളുന്നത്.അതേ സമയം മഖ്ബറ പൊളിച്ചതിനെ ചൊല്ലി ആരോപണ പ്രത്യാരോപണങ്ങളും സജീവമായിട്ടുണ്ട്.

കോഴിക്കോട് ഊട്ടി സംസ്ഥാന പാതയിലെ നാടുകാണി ചുരത്തിലാണ് തകർക്കപ്പെട്ട മഖ്ബബറ. യമനിൽ നിന്ന് അറുനൂറ് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിലെത്തിയ സംഘത്തിൽ കോഴിക്കോട് നിന്ന് മലമ്പാത വഴി ബംഗളൂരുവിലേക്കുള്ള വഴിയിൽ നാല് പേർ നിലമ്പൂരിനടുത്ത നാടുകാണിയിൽ വെച്ച് നിര്യാതരായെന്നാണ് ചരിത്രം.

വഴിക്കടവ് നിന്ന് ഊട്ടിയിലേക്കും തിരിച്ച് ഊട്ടിയിൽ നിന്ന് വഴിക്കടവിലേക്കുമുള്ള യാത്രക്കിടയിൽ ജാതി, മത വ്യത്യാസമില്ലാതെ ആളുകൾ .ഇവിടെ സന്ദർശനത്തിന് എത്താറുണ്ട്. തുടരെ മഖ്ബബറക്കെതിരെ ആക്രമണമുണ്ടായിട്ടും പൊലീസ് വേണ്ട മുൻകരുതൽ എടുത്തില്ലെന്ന ആക്ഷേപവും നാട്ടുകാർ ഉയർത്തുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP