Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോഹൻലാൽ വീട്ടിലെത്തുമെന്ന ഫാൻസുകാരുടെ ഉറപ്പിൽ ചോർന്നൊലിക്കുന്ന വാടക വീട്ടിൽ താരത്തിന് ഇരിപ്പിടം ഒരുക്കാൻ സന്തോഷും കുടുംബവും വാങ്ങിയിട്ടത് അരലക്ഷം രൂപയുടെ ഫർണ്ണീച്ചർ; കൗൺസിലർ ഉൾപ്പെടെയുള്ളവർ കാത്തിരുന്ന് മടുത്തപ്പോൾ അറിഞ്ഞു ലാൽ വരില്ലെന്ന്; രാജ്യത്തെ പ്രഥമ അവയവ ദാതാക്കളായ ദമ്പതികളെ കബളിപ്പിച്ച് ഫാൻസുകാർ; ഒന്നും താൻ അറിഞ്ഞില്ലെന്ന് ലാൽ

മോഹൻലാൽ വീട്ടിലെത്തുമെന്ന ഫാൻസുകാരുടെ ഉറപ്പിൽ ചോർന്നൊലിക്കുന്ന വാടക വീട്ടിൽ താരത്തിന് ഇരിപ്പിടം ഒരുക്കാൻ സന്തോഷും കുടുംബവും വാങ്ങിയിട്ടത് അരലക്ഷം രൂപയുടെ ഫർണ്ണീച്ചർ; കൗൺസിലർ ഉൾപ്പെടെയുള്ളവർ കാത്തിരുന്ന് മടുത്തപ്പോൾ അറിഞ്ഞു ലാൽ വരില്ലെന്ന്; രാജ്യത്തെ പ്രഥമ അവയവ ദാതാക്കളായ ദമ്പതികളെ കബളിപ്പിച്ച് ഫാൻസുകാർ; ഒന്നും താൻ അറിഞ്ഞില്ലെന്ന് ലാൽ

ആർ പീയൂഷ്

തിരുവനന്തപുരം: ഫാൻസുകാർ തമ്മിലുള്ള കുടിപ്പക തീർക്കാൻ രോഗശയ്യയിലായ ദമ്പതികളെ ഇരയാക്കി. മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷനും യൂണിവേഴ്സൽ റിയൽ മോഹൻലാൽ ഫാൻസ് ആൻഡ് വെൽഫെയർ ഓർഗനൈസേഷനും തമ്മിലുള്ള പക തീർക്കാൻ സാധുക്കളായ ദമ്പതികളെ കരുവാക്കുകയായിരുന്നു. ശ്രീകാര്യം പൗഡിക്കോണം മഞ്ജുഷാ ഭവനിൽ സന്തോഷ്(40),ലേഖ(34) എന്നീ ദമ്പതികളാണ് ഫാൻസുകാരുടെ ക്രൂരമായ കബളിപ്പിക്കലിന് ഇരയായത്. രാജ്യത്തെ പ്രഥമ അവയവദാന ദമ്പതികളാണ് ഇവർ. അവയവദാനത്തിന് ശേഷം വേണ്ട ചികിത്സ ലഭ്യമാകാതിരുന്നതോടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ പിടികൂടിയതോടെ തീരെ അവശ നിലയിലാണ് ഇവർ. ജീവിക്കാനായി ബുദ്ധിമുട്ടുന്ന ഇവരുടെകഥ ജനം ടിവി, മനോരമ ന്യൂസ് എന്നീ ചാനലുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് മുതലെടുത്താണ് ഫാൻസുകാർ ഇവരെ കബളിപ്പിച്ചത്.

കഴിഞ്ഞ ആഴ്ചയാണ് സന്തോഷിന്റെ മൊബൈൽ നമ്പരിലേക്ക് ഒരു ഫോൺകോൾ വരുന്നത്. മോഹൻലാലിന്റെ പ്രൈവറ്റ് സെക്രട്ടറിയാണെന്നും പേര് മനോജ് എന്നും പരിചയപ്പെടുത്തിയായിരുന്നു സംഭാഷണം തുടർന്നത്. മോഹൻലാൽ നിങ്ങളുടെ വാർത്ത കണ്ടു എന്നും വീട്ടിലേക്ക് വരാൻ താത്പര്യം അറിയിച്ചിട്ടുണ്ട് എന്നും അയാൾ പറഞ്ഞു. വരുന്ന വിവരം ആരോടും പറയണ്ട എന്നും വൈകുന്നേരം ആറുമണിക്കും ഒൻപതിനും ഇടയിലായിരിക്കും വരിക എന്നും അറിയിച്ചു. ഇത് കേട്ട സന്തോഷ് ആകെ സന്തോഷത്തിലായി. ഏറെ ദുരിതത്തിലായ തന്റെ കുടുംബത്തെ കാണാൻ താരദൈവം വരുന്നു എന്ന സന്തോഷത്തിൽ മതിമറന്നു.

രണ്ട് ദിവസം കഴിഞ്ഞ് ഒരു ഗൾഫ് നമ്പരിൽ നിന്നും കോൾ വന്നു. പ്രൈവറ്റ് സെക്രട്ടറി ഹരിയാണെന്നും അടുത്ത ആഴ്ചതന്നെ മോഹൻലാൽ വീട്ടിലെത്തും എന്നും അറിയിച്ചു. യൂണിവേഴ്സൽ റിയൽ മോഹൻലാൽ ഫാൻസ് ആൻഡ് വെൽഫെയർ ഓർഗനൈസേഷനിൽ അംഗത്വമുള്ളയാളാണ് സന്തോഷ്. ഇതോടെ വിവരം യൂണിവേഴ്സൽ റിയൽ മോഹൻലാൽ ഫാൻസ് ആൻഡ് വെൽഫെയർ ഓർഗനൈസേഷൻ കാരെ അറിയിച്ചു. അവരും ഏറെ സന്തോഷത്തിലായിരുന്നു. മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷനിൽ നിന്നും തെറ്റി പിരിഞ്ഞ് പുതിയ സംഘടന രൂപീകരിച്ച ഇവർക്ക് മോഹൻലാലിനെ അടുത്ത് കാണാൻ കഴിയും എന്നതിന്റെ സന്തോഷത്തിലുമായി. കഴിഞ്ഞ 28 ന് എത്തുമെന്നാണ് ഫോണിൽ ബന്ധപ്പെട്ടവർ അറിയിച്ചത്. ഇതിനെ തുടർന്ന് മോഹൻ ലാലിനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ചെയ്യാൻ തുടങ്ങി.

സന്തോഷ് താമസിക്കുന്ന വാടക വീട്ടിൽ കേറി ഇരിക്കാൻ ഒരു നല്ലൊരു കസേര പോലും ഇല്ലാത്ത അവസ്ഥയിലായിരുന്നു. അതുകൊണ്ട് തന്നെ അടുത്തുള്ള ഫർണ്ണീച്ചർ ഷോപ്പിൽ നിന്നും കടം മേടിച്ച് അരലക്ഷം രൂപയോളം വിലവരുന്ന സോഫയും കർട്ടനുകളും വാങ്ങി മോടി വരുത്തി. ലാലിന് കുടിക്കാൻ നൽകാൻ ജ്യൂസും തയ്യാറാക്കി. വീട്ടിലേക്ക് വരാൻ വഴിയില്ലാത്തതിനാൽ അടുത്ത വീട്ടിലെ പറമ്പിലൂടെ വഴി ഒരുക്കി ട്യൂബ് ലൈറ്റും തെളിയിച്ചു. ഇങ്ങനെ പ്രതീക്ഷയോടെ ഇഷ്ടതാരത്തെ കാണാൻ ആ കുടുംബം നാട്ടുകാർക്കൊപ്പം കാത്തിരുന്നു. എന്നാൽ രാവേറെ ചെന്നിട്ടും മോഹൻ ലാലിനെ കാണാനില്ല.

വാർഡ് കൗൺസിലറും ഫാൻസ് കാരും ഇരുന്നു മഷിഞ്ഞപ്പോൾ സ്ഥലത്തെത്തിയ ഒരു മാധ്യമ പ്രവർത്തകൻ ആന്റണി പെരുമ്പാവൂരിനെ വിളിച്ചു ലാൽ എവിടെ എത്തി എന്നന്വേഷിച്ചു. ഫോൺവിൡകേട്ട് പെരുമ്പാവൂരും മറ്റുള്ളവരും ഒരുപോലെ ഞെട്ടി. അങ്ങനെയൊരു സംഭവം അറിഞ്ഞിട്ടില്ല എന്ന് മറുപടി കിട്ട്. ഇതോടെയാണ് തങ്ങൾ വഞ്ചിതരായി എന്ന് കുടുംബത്തിന് മനസ്സിലായത്. ലാലേട്ടന് നൽകാൻ യൂണിവേഴ്സൽ റിയൽ മോഹൻലാൽ ഫാൻസ് ആൻഡ് വെൽഫെയർ ഓർഗനൈസേഷൻ അംഗങ്ങൾ വലിയൊരു ഫലകമൊക്കെ തയ്യാറാക്കി വച്ചിരുന്നു. എന്നാൽ എല്ലാം വൃഥാവിലാവുകയായിരുന്നു. താരം എത്തുമെന്ന് പ്രതീക്ഷയിൽ കാത്തിരുന്ന കുടുംബം ഇതോടെ കടുത്ത മാനസിക സമ്മർദ്ദത്തിൽ ആകുകയും ചെയ്തു.

മൂന്ന് വർഷം മുൻപാണ് സന്തോഷ് തന്റെ വൃക്ക ദാനം ചെയ്തത്. ലേഖ കരൾ പകുത്ത് നൽകിയിട്ട് ഒന്നരവർഷവും. അഞ്ച് മാസം മുൻപാണ് സന്തോഷിന്റെ വൃക്കയ്ക്ക് തകരാർ സംഭവിക്കുന്നത്. എറണാകുളം ലേക്ക്ഷോറിലാണ് ചികിത്സ. ഓട്ടോ ഡ്രൈവറായിരുന്ന സന്തോഷ് ചികിത്സയ്ക്കായുള്ള പണം കണ്ടെത്താനായി സ്വന്തമായുണ്ടായിരുന്ന വീടും പറമ്പും വിൽക്കേണ്ടി വന്നു. ഒടുവിൽ വരുമാന മാർഗ്ഗമായിരുന്ന ഓട്ടോ റിക്ഷയും ഒടുവിൽ വിറ്റു. ചികിത്സയ്ക്ക് പണം കണ്ടെത്താനാവാതെ വിഷമിച്ചപ്പോൾ ഫാൻസ് അസോസിയേഷനും നാട്ടുകാരും മറ്റ് പൊതു പ്രവർത്തകരും സഹായിച്ച് പണം കണ്ടെത്തിയാണ് ചികിത്സ നടത്തുന്നത്. ഭാര്യലേഖയ്ക്കും ആരോഗ്യ നില തൃപ്തികരമല്ല. ഏറെ അവശതകൾ നേരിടുകയാണിവർ. രണ്ട് ആൺകുട്ടികളാണിവർക്ക്. ആകാശും അഭിജിത്തും. ആകാശ് എട്ടാം ക്ലാസ്സിലും അഭിജിത്ത് മൂന്നാംക്ലാസ്സിലുമാണ് പഠിക്കുന്നത്.

ഒരു മാസം ചികിത്സയ്ക്കായി അരലക്ഷത്തോളം രൂപ ഇവർക്ക് വേണം. രോഗാധിക്യം മൂലം കഷ്ടതയിൽ വലയുന്ന ഈ കുടുംബത്തെയാണ് ഫാൻസുകാരുടെ കുടിപ്പക തീർക്കാൻ ഇരയാക്കിയത്. മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷനാണ് ഇതിന് പിന്നിലെന്നാണ് യൂണിവേഴ്സൽ റിയൽ മോഹൻലാൽ ഫാൻസ് ആൻഡ് വെൽഫെയർ ഓർഗനൈസേഷൻ പ്രവർത്തകർ ആരോപിക്കുന്നത്. എന്ത് തന്നെയായാലും ഈ കുടുംബത്തോട് ചെയ്ത ചതി ക്രൂരമായി പോയി എന്നാണ് വിവരം അറിഞ്ഞ നാട്ടുകാർ പ്രതികരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP