Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുഞ്ഞാലി മരക്കാറുടെ തലപ്പാവിൽ ഗണപതി! യാഥാസ്ഥിതി മുസ്ലിം ഒരിക്കലും ഹിന്ദു ദൈവത്തിന്റെ ചിഹ്നം ധരിക്കില്ല; മതപരിവർത്തനത്തിനു തയ്യാറാകാത്തതു കൊണ്ടാണ് മരക്കാരെയും യോദ്ധാക്കളെയും പോർച്ചുഗീസുകാർ വധിച്ചത്; മരക്കാർക്ക് പ്രണയവുമില്ല; ഇത് ചരിത്രത്തെ വളച്ചൊടിക്കൽ; 'മരക്കാർ അറബിക്കടലിന്റെ സിംഹം' നിയമക്കുരുക്കുകളിലേക്ക്; പ്രദർശനം അനുവദിക്കില്ലെന്ന് മരക്കാറുടെ പിൻതലമുറ; പ്രിയദർശൻ-മോഹൻലാൽ ടീമിന്റെ സ്വപ്‌ന പദ്ധതിയിൽ വിവാദം

കുഞ്ഞാലി മരക്കാറുടെ തലപ്പാവിൽ ഗണപതി! യാഥാസ്ഥിതി മുസ്ലിം ഒരിക്കലും ഹിന്ദു ദൈവത്തിന്റെ ചിഹ്നം ധരിക്കില്ല; മതപരിവർത്തനത്തിനു തയ്യാറാകാത്തതു കൊണ്ടാണ് മരക്കാരെയും യോദ്ധാക്കളെയും പോർച്ചുഗീസുകാർ വധിച്ചത്; മരക്കാർക്ക് പ്രണയവുമില്ല; ഇത് ചരിത്രത്തെ വളച്ചൊടിക്കൽ; 'മരക്കാർ അറബിക്കടലിന്റെ സിംഹം' നിയമക്കുരുക്കുകളിലേക്ക്; പ്രദർശനം അനുവദിക്കില്ലെന്ന് മരക്കാറുടെ പിൻതലമുറ; പ്രിയദർശൻ-മോഹൻലാൽ ടീമിന്റെ സ്വപ്‌ന പദ്ധതിയിൽ വിവാദം

എം മനോജ് കുമാർ

തിരുവനന്തപുരം: പ്രിയദർശൻ-മോഹൻലാൽ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം 'മരക്കാർ അറബിക്കടലിന്റെ സിംഹം' നിയമക്കുരുക്കുകളിലേക്ക്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ പ്രിയദർശൻ കൂട്ട്ക്കെട്ട് ഒന്നിക്കുന്ന ചിത്രമാണ് നിയമകുരുക്കിലേക്ക് നീങ്ങുന്നത്. കോഴിക്കോട് കൊയിലാണ്ടിയിലെ കുഞ്ഞാലി മരയ്ക്കാർ കുടുംബാംഗങ്ങളാണ് ചിത്രത്തിന് പ്രതിസന്ധി തീർത്ത് ഹൈക്കോടതിയെ സമീപിക്കുന്നത്. 


സംവിധായകനായ പ്രിയദർശൻ, സിനിമയുടെ നിർമ്മാതാവായ ആന്റണി പെരുമ്പാവൂർ, സഹനിർമ്മാതാക്കളായ കോൺഫിഡന്റ് ഗ്രൂപ്പ്, മാക്സ് ലാബ്, മൂൺ ഷോട്ട് എന്റർടെയിന്മെന്റ് എന്നിവരെ എതിർകക്ഷികളാക്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തര വകുപ്പിനും വാർത്താ വിതരണ വകുപ്പിനും സെൻസർ ബോർഡിനും നോട്ടീസ് അയച്ചിട്ടുണ്ട്.  തെന്നിന്ത്യൻ സിനിമ ലോകത്തിലെ മുൻനിര താരങ്ങളാണ് അണിനിരക്കുന്ന ചിത്രമാണ് പ്രതിസന്ധിയിൽ അകപ്പെടുന്നത്. തെന്നിന്ത്യൻ താരം പ്രഭു, ബോളുവുഡ് നടൻ സുനിൽ ഷെട്ടി, നെടുമുടി വേണു, സുഹാസിനി, പ്രണവ് മോഹൻലാൽ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ തുടങ്ങിവർ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

കുഞ്ഞാലിമരയ്ക്കാരുടെ താവഴിയിൽപ്പെട്ട മുഫീദ അറഫാത്ത് മരക്കാരാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. കുഞ്ഞാലി മരക്കാരുടെ നാലാമന്റെ ജീവിത കഥ വളച്ചൊടിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ചരിത്രത്തെ വളച്ചൊടിച്ച് ഇതേ രീതിയിൽ സിനിമ പുറത്തിറക്കരുത് എന്നാണ് നോട്ടീസിലെ ആവശ്യം. സിനിമ ഇതേ രീതിയിൽ പുറത്തിറങ്ങിയാൽ സമൂഹത്തിൽ അത് പലവിധത്തിലുള്ള തെറ്റിദ്ധാരണകൾക്ക് വഴിതെളിക്കും. കുഞ്ഞാലി മരക്കാരുടെ ചരിത്രവുമല്ല സിനിമയിൽ പറയുന്നത്. അതിനാൽ പ്രദർശനം നിറുത്തിവയ്ക്കണം എന്നാണ് നോട്ടീസിൽ പറയുന്നത്. മാർച്ച് ഇരുപത്തിയാറിനു പ്രദർശനത്തിനു എത്തുന്ന ഈ ബിഗ് ബജറ്റ് ചിത്രം ഇതോടെ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്.

കുഞ്ഞാലി മരക്കാർ സിനിമയിൽ പ്രണയം, വേഷം, ഭാഷ ഇതിലെല്ലാം വൈരുധ്യങ്ങളുണ്ട്. ഇത് ചരിത്രം തിരുത്തലാണ്. സിനിമ ഇതേ രീതിയിൽ സംപ്രേഷണത്തിന്നെത്തിക്കുന്നത് തടയണമെന്നാണ് നോട്ടീസിലെ ആവശ്യം. സിനിമയുടെ റിലീസ് തടയണമെന്ന ആവശ്യമുന്നയിച്ച് കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിനും ഇവർ പരാതി നൽകിയിട്ടുണ്ട്. പരാതി നൽകിയ മുഫീദയുടെ ഭർതൃപിതാവ് കുഞ്ഞാലി മരക്കാരെക്കുറിച്ച് റിസർച്ച് ചെയ്ത് കുഞ്ഞാലിമരയ്ക്കാരുടെ ജീവിത കഥ 'അറിയപ്പെടാത്ത കുഞ്ഞാലിമരക്കാർ' എന്ന പേരിൽ പുസ്തകമായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇതിൽ നിന്നെല്ലാം തീർത്തും വിഭിന്നമായ സിനിമയാണ് ഇറങ്ങാൻ പോകുന്നത്. ഇതുകൊണ്ടാണ് മസാല ചേരുവകൾ ചേർത്ത് ഇതേ രീതിയിൽ സിനിമ പുറത്തിറക്കരുത് എന്ന് നോട്ടീസിൽ ആവശ്യപ്പെടുന്നത്. സ്വാതന്ത്ര്യ സമരത്തിലെ ഒരുജ്വല ചിത്രമാണ് കുഞ്ഞാലി മരക്കാരുടെ പോരാട്ടം. പോർച്ചുഗീസ് ആധിപത്യത്തിന്നെതിരെയുള്ള പതിനാറാം നൂറ്റാണ്ടിലെ ത്രസിപ്പിക്കുന്ന സമുദ്രയുദ്ധത്തിന്റെ കഥകൂടിയാണ് കുഞ്ഞാലിമരക്കാർമാരുടെത്.

കുഞ്ഞാലിമരക്കാരെയും നാൽപ്പത് പേരേയും പോർച്ചുഗീസുകാർ പിടികൂടിയ ശേഷം ഗോവയിൽ കൊണ്ടുപോയി തല വെട്ടി മാറ്റുകയായിരുന്നു. ഈ തല കണ്ണൂരിൽ കൊണ്ട് വന്നു പ്രദർശിപ്പിച്ചു. സിനിമയിയിൽ പക്ഷെ ഈ ചരിത്രം മാറുകയാണ്. കുഞ്ഞാലിമരക്കാർ വിവാഹിതനായിരുന്നില്ല. അദ്ദേഹത്തിനു പ്രണയവുമുണ്ടായിരുന്നില്ല. പക്ഷെ സിനിമയിൽ കുഞ്ഞാലി മരക്കാർ നാലാമനു പ്രണയമുണ്ട്. ഇത് ചരിത്രം വളച്ചൊടിക്കലാണ്. സിനിമയിൽ തലപ്പാവിൽ കുഞ്ഞാലി മരക്കാർ ഗണപതിയുടെ ചിഹ്നം ധരിക്കുന്നുണ്ട്. ഗണപതി ഹിന്ദു ദൈവമാണ്. കുഞ്ഞാലി മരക്കാർ യാഥാസ്ഥിക മുസൽമാനും. കുഞ്ഞാലി മരക്കാർ ഒരിക്കലും ഗണപതിയുടെ ചിഹ്നം ധരിച്ചിരുന്നില്ല. മതപരിവർത്തനത്തിനു തയ്യാറല്ല എന്ന് തീരുമാനിച്ചതുകൊണ്ടാണ് കുഞ്ഞാലിമരക്കാരെയും യോദ്ധാക്കളെയും പോർച്ചുഗീസുകാർ വധിച്ചത്. ഇത് ചരിത്രമാണ്. ഒരു യഥാർത്ഥ മുസ്ലിം ഈ രീതിയിലുള്ള ഒരു ചിഹ്നവും അണിയില്ല. അതുകൊണ്ട് തന്നെ ഗണപതിയുടെ ചിഹ്നം തലപ്പാവിൽ പേറി എന്നുള്ളത് ചരിത്രത്തെ വളച്ചൊടിക്കലാണ്-നോട്ടീസിൽ പറയുന്നു.

മരക്കാർ കുടുംബത്തിലെ അറഫാത്ത് മരക്കാരുടെ വിശദീകരണം:

മരക്കാർ അറബിക്കടലിന്റെ സിംഹം അതേ രീതിയിൽ പുറത്തിറങ്ങരുത്. ഇത് ചരിത്രത്തിന്റെ തെറ്റായ അവതരണമാണ്. പതിനാറാം നൂറ്റാണ്ടിലെ ത്രസിപ്പിക്കുന്ന കടൽ യുദ്ധത്തിന്നിടയിൽ മുപ്പതാം വയസിലാണ് കുഞ്ഞാലി മരക്കാരെ പോർച്ചുഗീസുകാർ ബന്ധിയാക്കുന്നത്. വധിക്കുന്നത് ഗോവയിൽ കൊണ്ട് പോയും. കുഞ്ഞാലി മരക്കാർ മൂന്നാമന്റെ പെങ്ങളുടെ മകനാണ് കുഞ്ഞാലി മരക്കാർ നാലാമൻ. വിവാഹം കഴിക്കാതെ പോരാടി വീര മരണത്തെ പുൽകിയ യോദ്ധാവാണ് അദ്ദേഹം. സിനിമയിൽ കുഞ്ഞാലി മരക്കാർക്ക് പ്രണയമുണ്ട്. ഇത് ചരിത്രം വളച്ചൊടിക്കലാണ്. കുഞ്ഞാലി മരക്കാർക്ക് പ്രണയമില്ല. സിനിമയിൽ ഇത് തെറ്റായി ചിത്രീകരിക്കുന്നു. കുഞ്ഞാലി മരക്കാരെ സംബന്ധിച്ച് ചരിത്ര പുസ്തകങ്ങളുണ്ട്. ഇതൊന്നും ആധാരമാക്കിയല്ല സിനിമ ഇറക്കുന്നത്. എഴുപതോളം പുസ്തകങ്ങൾ വാങ്ങി റെഫർ ചെയ്തിട്ടാണ് ഹൈക്കോടതി അഭിഭാഷകനായ നൂറുദ്ദീൻ മുസലിയാർ സിനിമയുമായി ബന്ധപ്പെട്ടവർക്ക് നോട്ടീസ് അയച്ചത്. അറിയപ്പെടാത്ത കുഞ്ഞാലിമരക്കാർ എന്ന എന്റെ ബാപ്പയുടെ പുസ്തകവുമുണ്ട്. ഒട്ടനവധി റിസർച്ച് ചെയ്താണ് അദ്ദേഹം പുസ്തകം എഴുതിയത്. ഞാനാണ് അത് പ്രസിദ്ധീകരിച്ചത്. ശരിയായ ചരിത്രമുള്ള സിനിമ ഇറങ്ങട്ടെ. ഞങ്ങൾക്ക് എതിർപ്പില്ല. ചരിത്രം തിരുത്തി സിനിമ വരുമ്പോൾ ഇതാകും ആളുകളുടെ മനസിൽ പതിയുന്നത്. ഇതാണ് ഞങ്ങൾ എതിർക്കുന്നത്. ഇതേ രീതിയിൽ സിനിമ പ്രദർശനത്തിനു എത്തരുത്. ഇതാണ് ഞങ്ങളുടെ ആവശ്യം-അറഫാത്ത് മരക്കാർ പറയുന്നു.

ലീഗൽ നോട്ടീസ് അയച്ചത് ഒട്ടനവധി പുസ്തകങ്ങൾ റഫർ ചെയ്ത ശേഷമാണെന്ന് അഭിഭാഷകൻ നൂറുദ്ദീൻ മുസലിയാർ പറഞ്ഞു. സിനിമ പ്രദർശനത്തിനു എത്തിക്കരുത് എന്ന ഹൈക്കോടതിയിൽ നൽകുന്ന കേസിന് മുന്നോടിയായാണ് നോട്ടീസ് അയച്ചത്. പൊതുതാത്പര്യമുള്ള വിഷയങ്ങൾ ഹൈക്കോടതിയുടെ ശ്രദ്ധയിൽ എത്തിക്കാൻ എപ്പോഴും താത്പര്യം കാണിക്കുന്ന ഒരു അഭിഭാഷകൻ കൂടിയാണ് ഞാൻ. അതിനാലാണ് ഈ കേസ് ഞാൻ ഏറ്റെടുത്തത്. സിനിമയുടെ പ്രദർശനം ഹൈക്കോടതി വഴി തടയും. വൈദേശിക അധിനിവേശത്തിന്നെതിരെ യുദ്ധം ചെയ്ത വീര സേനാനിയാണ് കുഞ്ഞാലി മരക്കാർ. ചരിത്രം വളച്ചോടിച്ചാണ് സിനിമ ഇറങ്ങുന്നത്. ക്രിസ്ത്യാനിയാകാൻ കഴിയില്ലെന്ന് പറഞ്ഞു മരണം വരിച്ച സേനാനിയാണ് കുഞ്ഞാലി മരക്കാർ. വിഗ്രഹം തലയിൽ വെച്ച കുഞ്ഞാലി മരക്കാരാണ് സിനിമയിൽ ഉള്ളത്. മുസ്ലിം പോരാളി വിഗ്രഹം തലയിൽ വെയ്ക്കില്ല. പഴശിരാജാവ് കുരിശും പിടിച്ച് പോരാടി എന്ന് ചിത്രീകരിക്കും പോലെയാണ് ഇതും. പ്രദർശനം തടയാനുള്ള നിയമപരമായ പോരാട്ടം തുടരും-നൂറുദ്ദീൻ മുസലിയാർ പറയുന്നു.

പോർച്ചുഗീസ് സ്വേച്ഛാധിപത്യത്തിനെതിരെ പോരാടിയ ചരിത്രമാണ് കുഞ്ഞാലി മരക്കാർമാരുടെത്. പോർച്ചുഗീസ് ശക്തിക്കെതിരെ ധീരമായ പോരാട്ടം നടത്തിയതു കോഴിക്കോട് സാമൂതിരിയുടെ നാവിക ന്യാധിപന്മാരായ നാലു കുഞ്ഞാലി മരയ്ക്കാർമാർ ആയിരുന്നു. കോഴിക്കോട്ടാണ് പോർച്ചുഗൽ ആദ്യം ആധിപത്യമുറപ്പിക്കാൻ ശ്രമിച്ചത്. കൊളോണിയലിസത്തിനെതിരായ കേരളത്തിലെ ആദ്യത്തെ ശക്തമായ പ്രതിരോധവും ഇവിടെനിന്നാണാരംഭിച്ചത്. കുഞ്ഞാലി മൂന്നാമനുശേഷം മുഹമ്മദ് മരയ്ക്കാർ എന്ന കുഞ്ഞാലി മരയ്ക്കാർ നാലാമൻ കോട്ടയ്ക്കൽ കോട്ടയുടെ അധിപനും സാമൂതിരിയുടെ നാവിക പടത്തലവനുമായി. പോർച്ചുഗീസ് ശക്തി 'ഭിന്നിപ്പിച്ച് ഭരിക്കുക' എന്ന തന്ത്രമുപയോഗിച്ചു സാമൂതിരിയെയും മരയ്ക്കാരെയും തമ്മിലടിപ്പിക്കാൻ ചാരന്മാരെയും നിയോഗിച്ചു. എന്തു വിട്ടുവീഴ്ച ചെയ്തും സാമൂതിരിയുമായി സൗഹൃദമുറപ്പിച്ച്, കുഞ്ഞാലിയെ ഒറ്റപ്പെടുത്തി ഉന്മൂലനം ചെയ്യാൻ പോർച്ചുഗീസ് അധികാരികൾ തീരുമാനിച്ചു. ഒടുവിൽ സാമൂതിരിക്ക് പോർച്ചുഗീസ് ശക്തിയുമായി ഒരു ഉടമ്പടി ഉണ്ടാക്കേണ്ടി വന്നു. ഇതോടെ കുഞ്ഞാലി മരക്കാർ നാലാമൻ പ്രതിസന്ധിയിലായി.

1600 മാർച്ച് ഏഴിന് പോർച്ചുഗീസ് സാമൂതിരി സംയുക്ത സൈന്യം കോട്ടയ്ക്കൽ കോട്ട ഉപരോധിച്ചു. പൊരുതി ജയിക്കാനാവില്ലെന്നു മനസ്സിലാക്കിയ മരയ്ക്കാർ, സാമൂതിരിയുമായി ചർച്ചയ്ക്കു തയാറായി. കുഞ്ഞാലി മരയ്ക്കാർ അനുയായികളോടൊപ്പം സാമൂതിരിയുടെ സമീപമെത്തി തന്റെ വാൾ രാജാവിനു സമർപ്പിച്ചു കൈ കൂപ്പി. പോർച്ചുഗീസുകാരുടെ ചതിപ്രയോഗം വീണ്ടും ആവർത്തിക്കപ്പെട്ടു. ബലം പ്രയോഗിച്ചു കീഴടക്കി എന്നു വരുത്തിത്തീർക്കാൻ ഫുർത്താഡോ ഓടിയെത്തി കുഞ്ഞാലി മരയ്ക്കാരെ പിടികൂടി. സാമൂതിരിയുടെ പടയാളികൾ ക്ഷുഭിതരായി പോർച്ചുഗീസുകാരെ ആക്രമിച്ചു കുഞ്ഞാലിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഗോവയിൽ പോർച്ചുഗീസുകാർ അദ്ദേഹത്തിന്റെ മൃതദേഹത്തോടുപോലും മൃഗീയമായി പെരുമാറി. മൃതദേഹം നാലായി വെട്ടിമുറിച്ച് ഗോവയിലെ പനജി കടപ്പുറത്തു പല ഭാഗങ്ങളിലായി തൂണുകളിൽ നാട്ടി. കുഞ്ഞാലി മരക്കാരുടെ ശിരസ്സ് വെട്ടിയെടുത്ത് ഉപ്പിലിട്ട് കണ്ണൂരിൽ പരസ്യമായി മുളങ്കമ്പിൽ കുത്തിനിർത്തി പ്രദർശിപ്പിച്ചു. പോർച്ചുഗീസ് സാമ്രാജ്യത്തോടു പോരാടാൻ ഒരുമ്പെടുന്നവർക്കുള്ള ഒരു താക്കീതായിരുന്നു ഇത്. ഇതോടെ കുഞ്ഞാലി മരക്കാർ പോരാട്ടത്തിനു അന്ത്യവുമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP