Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെവി തോമസിന്റെയും പിജെ കുര്യന്റെയും ശ്രമങ്ങൾ തുടരുമ്പോഴും കെപിസിസി പ്രസിഡന്റാകാൻ മുല്ലപ്പള്ളി രാമചന്ദ്രന് തന്നെ നറുക്കെന്ന് സൂചന; വിഡി സതീശനെ ആക്കണമെന്ന രാഹുലിന്റെ ആഗ്രഹം നടന്നില്ലെങ്കിൽ വർക്കിങ് പ്രസിഡന്റാക്കിയേക്കും; കെ സുധാകരനും പിടി തോമസിനും വർക്കിങ് പ്രസിഡന്റ് പദവി വീതിച്ച് നൽകും; യുഡിഎഫ് കൺവീനറാകാൻ എംഎംഹസനോ കെ മുരളീധരനോ സാധ്യത; രാജ്യസഭയിലേക്ക് പരിഗണിക്കുന്നത് പിസി വിഷ്ണുനാഥിനെ

കെവി തോമസിന്റെയും പിജെ കുര്യന്റെയും ശ്രമങ്ങൾ തുടരുമ്പോഴും കെപിസിസി പ്രസിഡന്റാകാൻ മുല്ലപ്പള്ളി രാമചന്ദ്രന് തന്നെ നറുക്കെന്ന് സൂചന; വിഡി സതീശനെ ആക്കണമെന്ന രാഹുലിന്റെ ആഗ്രഹം  നടന്നില്ലെങ്കിൽ വർക്കിങ് പ്രസിഡന്റാക്കിയേക്കും; കെ സുധാകരനും പിടി തോമസിനും വർക്കിങ് പ്രസിഡന്റ് പദവി വീതിച്ച് നൽകും; യുഡിഎഫ് കൺവീനറാകാൻ എംഎംഹസനോ കെ മുരളീധരനോ സാധ്യത; രാജ്യസഭയിലേക്ക് പരിഗണിക്കുന്നത് പിസി വിഷ്ണുനാഥിനെ

ബി രഘൂരാജ്

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഉടൻ നിയമനം വരുമെന്ന് സൂചന. മുല്ലപ്പള്ളി രാമചന്ദ്രനെ കേരളത്തിൽ കോൺഗ്രസിനെ നയിക്കാനുള്ള ദൗത്യം എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധി ഏൽപ്പിക്കുമെന്നാണ് സൂചന. അധ്യക്ഷ പദവിയിലെത്താനുള്ള കെവി തോമസിന്റയും പിജെ കുര്യന്റെയും ശ്രമങ്ങൾ നടക്കില്ലെന്നാണ് സൂചന.

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലെ കനത്ത തോൽവിയോടെ കോൺഗ്രസിൽ സമഗ്ര അഴിച്ചുപണിക്കു കളമൊരുങ്ങി. വിദേശത്തുനിന്നു പാർട്ടിയധ്യക്ഷൻ രാഹുൽ ഗാന്ധി തിരിച്ചെത്തുന്ന മുറയ്ക്ക് വൈകാതെ തീരുമാനമുണ്ടാകും. പുതിയ കെപിസിസി. പ്രസിഡന്റിനെ നിയമിക്കുന്നതിനൊപ്പം വർക്കിങ് പ്രസിഡന്റ് എന്ന പുതിയ പദവിയുണ്ടാക്കും. യു.ഡി.എഫിനു പുതിയ കൺവീനറും വൈകില്ല. കേരളത്തിലെ കോൺഗ്രസ് തലപ്പത്ത് മാറ്റം നാളുകളായി ചർച്ചയിലുണ്ടായിരുന്നെങ്കിലും സംഘടനാദൗർബല്യം തന്നെയാണു ചെങ്ങന്നൂരിലെ പരാജയത്തിനു പ്രധാനകാരണമെന്ന തിരിച്ചറിവിലാണു നേതൃമാറ്റം അടിയന്തര അനിവാര്യതയായത്. ലോക്സഭാ തെരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കുന്ന തരത്തിലാകും തീരുമാനങ്ങളെടുക്കുക. സുപ്രധാന തീരുമാനമെല്ലാം രാഹുൽ ഗാന്ധി തന്നെ എടുക്കും.

കേരളത്തിലെ കോൺഗ്രസ് പുനഃസംഘടന ചർച്ച ചെയ്യാൻ നേതാക്കളെ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. പുതിയ കെപിസിസി പ്രസിഡന്റിനെ ജൂൺ 15നകം പ്രഖ്യാപിക്കുമെന്നാണ് സൂചന. ജൂൺ6,7 തീയതികളിൽ ഡൽഹിയിലെത്താനാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. ചത്തീസ്ഗഢ് യാത്ര റദ്ദ് ചെയ്താണ് രാഹുൽ ഗാന്ധി ആ ദിവസങ്ങളിൽ കേരളാ നേതാക്കളെ കാണാൻ തീരുമാനിച്ചിരിക്കുന്നത്. 5ാം തീയതി മാത്രമേ രാഹുൽ വിദേശത്ത് നിന്ന് തിരിച്ചെത്തുകയുള്ളു. കേരളത്തിൽ സംഘടനയെ ശക്തിപ്പെടുത്താനുള്ള ഹൈക്കമാൻഡ് തീരുമാനത്തിന്റെ ഭാഗമാണ് ഈ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു.

കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് പേരുകൾ നിർദ്ദേശിക്കാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടതോടെ സ്ഥാനമോഹികളായ നേതാക്കൾ പണി തുടങ്ങി. എ ഗ്രൂപ്പിൽനിന്ന് ബെന്നി ബെഹനാൻ, ഐയിൽനിന്ന് വി ഡി സതീശൻ, കെ സുധാകരൻ എന്നിവരെ കൂടാതെ മുല്ലപ്പള്ളി രാമചന്ദ്രൻ, കെ വി തോമസ്, കൊടിക്കുന്നേൽ സുരേഷ്, കെ മുരളീധരൻ, കെ സി വേണുഗോപാൽ തുടങ്ങിയ പേരുകളാണ് പ്രധാനമായും ഉയരുന്നത്. കെപിസിസി പ്രസിഡന്റ് എം എം ഹസനും സ്ഥാനത്തുതുടരാൻ താൽപര്യപ്പെടുന്നു. ബെന്നി ബെഹനാന്റെ പേര് ഈ ഘട്ടത്തിൽ ചർച്ചയിൽ ഇല്ല. സമവായ സ്ഥാനാർത്ഥിയായിട്ടാണ് മുല്ലപ്പള്ളിയെ ഏവരും പരിഗണിക്കുന്നത്. രാഹുലിന് താൽപ്പര്യം വിഡി സതീശനെ അധ്യക്ഷ പദവി ഏൽപ്പിക്കാനാണ്. കേരളത്തിലെ ഒരു നേതാവും സതീശന് അനുകൂലമല്ല. ഈ സാഹചര്യമാണ് മുല്ലപ്പള്ളിക്ക് അനുകൂലമാകുന്നത്. രാജ്യസഭാ എംപിയായി പിസി വിഷ്ണുനാഥിനെ മത്സരിപ്പിക്കാനാണ് രാഹുലിന് താൽപ്പര്യം.

കർണ്ണാടകയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായിരുന്നു വിഷ്ണുനാഥ്. ഈ സാഹചര്യത്തിലാണ് വിഷ്ണുനാഥ് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്നത്. തന്നെ സ്ഥാനാർത്ഥിയായി പരിഗണിക്കരുതെന്ന് വിഷ്ണുനാഥ് രാഹുലിനോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നു. അത്തരത്തിലൊരു യുവ നേതാവിനെ രാജ്യസഭയിലേക്ക് എത്തിക്കണമെന്ന ആഗ്രഹമാണ് രാഹുലിനുള്ളത്. പുതിയ മുഖങ്ങൾക്ക് രാജ്യസഭയിൽ അവസരമൊരുക്കാനാണ് ഇത്. രാജ്യസഭാ സീറ്റിലേക്ക് പിജെ കുര്യനും അവകാശമുന്നയിക്കുന്നുണ്ട്. എന്നാൽ പഴയ പടക്കുതിരയ്‌ക്കെതിരെ കേരളത്തിലെ യുവനേതാക്കളെല്ലാം അണി നിരന്നുകഴിഞ്ഞു. ഈ സാഹചര്യത്തിലാണ് വിഷ്ണുനാഥിന് അവസരം ഒരുക്കുന്നത്.

ഗ്രൂപ്പുകൾക്ക് അതീതനും സംശുദ്ധ രാഷ്ട്രീയ പ്രവർത്തന ചരിത്രമുള്ള നേതാവുമായ മുല്ലപ്പള്ളി ഏഴ് വട്ടം ലോക്‌സഭാംഗവും രാജീവ് ഗാന്ധി മന്ത്രിസഭയിലും മന്മോഹൻ സിങ് പ്രധാനമന്ത്രിയായ യുപിഎ ഗവൺമെന്റുകളിലും മന്ത്രിയുമായിട്ടുണ്ട്. രാജീവ് ഗാന്ധിക്ക് പ്രിയപ്പെട്ട നേതാക്കളിലൊരാളായിരുന്നു. ആ അടുപ്പം സോണിയ ഗാന്ധിയുമായും പിന്നീട് രാഹുൽ ഗാന്ധിയുമായും നിലനിർത്താൻ അദ്ദേഹത്തിനു സാധിച്ചു. കഴിഞ്ഞ മൂന്നു വർഷമായി കോൺഗ്രസ് തെരഞ്ഞെടുപ്പ് അഥോറിറ്റി അധ്യക്ഷൻ എന്ന നിലയിൽ മുല്ലപ്പള്ളി നടത്തിയ പ്രവർത്തനങ്ങളേക്കുറിച്ചും നേതൃത്വത്തിനും പ്രവർത്തകർക്കും നല്ല അഭിപ്രായം മാത്രം.

എഐസിസിയുടെയും പിസിസികളിലെയും തെരഞ്ഞെടുപ്പ് വിവാദരഹിതമായി നടത്തുന്നതിൽ മുല്ലപ്പള്ളിയുടെ കാര്യശേഷിയും ഗ്രൂപ്പ് പക്ഷപാതമില്ലാത്ത നിലപാടും വലിയ പങ്കുവഹിച്ചു. ഇതാണ് മുല്ലപ്പള്ളിക്ക് ഗുണകരമായി മാറുന്നത്. എ കെ ആന്റണിയുടെ പിന്തുണയും ഇക്കാര്യത്തിൽ മുല്ലപ്പള്ളിക്കുണ്ട്. മുമ്പ് പലപ്പോഴും കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് സജീവമായി പറഞ്ഞുകേൾക്കുകയും പിന്നീട് ഗ്രൂപ്പിൽത്തട്ടി അവസരം നഷ്ടപ്പെടുകയും ചെയ്ത നേതാവാണ് മുല്ലപ്പള്ളി.

എം എം ഹസനെ യുഡിഎഫ് കൺവീനറാക്കും എന്ന സൂചന ശക്തമാണ്. ഇപ്പോഴത്തെ കൺവീനർ പി പി തങ്കച്ചൻ ആരോഗ്യപ്രശ്‌നങ്ങൾ മൂലം വിശ്രമത്തിലാണ്. ഈ സാഹചര്യത്തിൽ കെ മുരളീധരനും യുഡിഎഫ് കൺവീനറാകാൻ സജീവ ഇടപെടൽ നടത്തുന്നുണ്ട്. മുരളീധരനെ യുഡിഎഫ് കൺവീനറാക്കിയാൽ സമരങ്ങൾ പുതിയ മുഖം വരുമെന്നാണ് വിലയിരുത്തൽ. ഇതിനൊപ്പം മൂന്ന് വർക്കിങ് പ്രസിഡന്റുമാരും പിടി തോമസുമാകും മറ്റ് രണ്ട് വർക്കിങ് പ്രസിഡന്റുമാരെന്നാണ് സൂചന. ക്ലീൻ ഇമേജാണ് പിടി തോമസിന് തുണയാകുന്നത്. എകെ ആന്റണിയും പിടിയെ പിന്തുണയ്ക്കുന്നുണ്ട്. മലബാർ മേഖലക്ക് അധ്യക്ഷസ്ഥാനം എന്ന ആവശ്യവുമായി കെ സുധാകരൻ രംഗത്തിറങ്ങികഴിഞ്ഞു. മലബാർ പരിഗണന കെ സി വേണുഗോപാലിനും ലഭിക്കും . കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ചുക്കാൻ പിടിക്കുന്ന വേണുഗോപാൽ ശക്തനായി തിരിച്ചുവരുമോ എന്ന ആശങ്ക സുധാകരനുണ്ട്.

കർണാടകത്തിൽ കോൺഗ്രസ് തിരിച്ചുവരികയാണെങ്കിൽ വേണുഗോപാൽ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പട്ടികയിൽ ഒന്നാമനാകുമെന്ന ഭീഷണി സുധാകരൻ മുന്നിൽ കാണുന്നു. ഈ സാഹചര്യത്തിൽ മുല്ലപ്പള്ളിക്ക് പിന്നിൽ അണിനിരക്കാനാണ് സുധാകരന്റേയും തീരുമാനം. ജൂണിൽ കേരളത്തിൽ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിൽ ഒരെണ്ണം യുഡിഎഫിന് ലഭിക്കും. മുൻ എഐസിസി സെക്രട്ടറി ഷാനിമോൾ ഉസ്മാൻ രാജ്യസഭാംഗമാകണം എന്ന താൽപര്യം ഹൈക്കമാൻഡിനെ അറിയിച്ചുവെന്ന് പ്രചാരണമുണ്ട്. ഇത് നടക്കാനിടയില്ലെന്നാണ് ഹൈക്കമാണ്ട് നൽകുന്ന സൂചന. പിസി വിഷ്ണുനാഥിനെ സ്ഥാനാർത്ഥിയാക്കാൻ തത്വത്തിൽ തീരുമാനിച്ചു കഴിഞ്ഞു. എഐസിസി സെക്രട്ടറിയെന്ന പദം തന്നെയാണ് വിഷ്ണുനാഥിനെ രാജ്യസഭയിലേക്ക് അയയ്ക്കാൻ ഹൈക്കമാണ്ട് ഉയർത്തുന്ന ന്യായം. വർക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്കു കൊടിക്കുന്നിൽ സുരേഷിന്റെ പേരും സജീവചർച്ചയാണ്.

വർഗീയ വോട്ടുകളുടെ ധ്രുവീകരണമാണു ചെങ്ങന്നൂരിലെ പരാജയത്തിനു കാരണമെന്നു പരസ്യമായി പറയുന്നുണ്ടെങ്കിലും പാർട്ടി സംവിധാനം ഫലപ്രദമല്ലെന്നു രാഹുൽ ഗാന്ധിക്ക് ബോധ്യപ്പെട്ടു കഴിഞ്ഞു. വി എം. സുധീരൻ, വി.ഡി. സതീശൻ എന്നിവർക്കു പുറമേ വി.ടി. ബൽറാം, മാത്യു കുഴൽനാടൻ തുടങ്ങി യുവനിരയും സമഗ്രമാറ്റത്തിനായി രംഗത്തുണ്ട്. ഒരു വ്യാഴവട്ടമായി നേതൃസ്ഥാനത്തിരുന്നവരിൽ ഉമ്മൻ ചാണ്ടി തൽക്കാലം ആന്ധ്രയുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറിയായി തട്ടകം മാറുകയാണ്. പിണറായി സർക്കാരിന്റെ വീഴ്ചകളും പൊലീസ് അതിക്രമങ്ങളും ചെങ്ങന്നൂരിൽ വോട്ടാക്കാൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കു കഴിഞ്ഞില്ലെന്നും വാദമുണ്ട്. ഈ സാഹചര്യത്തിലാണ് അടിമുടി മാറ്റമുണ്ടാക്കാനുള്ള നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP