Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാവങ്ങളെ പിഴിഞ്ഞു തടിച്ചു കൊഴുത്ത തോട്ടം തൊഴിലാളി നേതാക്കൾക്ക് ഈ പാപഭാരത്തിൽ നിന്നും ഒഴിഞ്ഞു പോകാനാവുമോ? മൂന്നാർ തമിഴ്‌നാടിന്റെ ഭാഗമാക്കണമെന്ന വാദം വീണ്ടും ശക്തമായി; തൊഴിൽ സമരത്തിന് സർവ്വ സഹായവും ഒരുക്കി തമിഴ്‌നാട്ടിലെ വിഭജനവാദികൾ; നീക്കം പൊളിക്കാൻ വി എസ് ഇഫക്ടിനാകുമോ?

പാവങ്ങളെ പിഴിഞ്ഞു തടിച്ചു കൊഴുത്ത തോട്ടം തൊഴിലാളി നേതാക്കൾക്ക് ഈ പാപഭാരത്തിൽ നിന്നും ഒഴിഞ്ഞു പോകാനാവുമോ? മൂന്നാർ തമിഴ്‌നാടിന്റെ ഭാഗമാക്കണമെന്ന വാദം വീണ്ടും ശക്തമായി; തൊഴിൽ സമരത്തിന് സർവ്വ സഹായവും ഒരുക്കി തമിഴ്‌നാട്ടിലെ വിഭജനവാദികൾ; നീക്കം പൊളിക്കാൻ വി എസ് ഇഫക്ടിനാകുമോ?

ബി രഘുരാജ്‌

ഇടുക്കി: മൂന്നാറിലെ തൊഴിലാളി സമരത്തിന് പിന്നിൽ തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള സംഘടനകളാണെന്ന് സൂചന. തമിഴ് തൊഴിലാളികലെ സമരത്തിനിറക്കി മൂന്നാർ തമിഴ് ഭൂരിപക്ഷ പ്രദേശമാണെന്ന് വരുത്തുകയാണ് ലക്ഷ്യം. നേരത്തെ മുല്ലപ്പെരിയാർ സമരകാലത്തും തൊഴിലാളികളെ കൊണ്ട് സമരം നടത്തിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ രാഷ്ട്രീയമായി അതിനെ ഇല്ലായ്മ ചെയ്യാൻ കേരളത്തിനായി. ഈ സാഹചര്യത്തിലാണ് മൂന്നാറിലെ ബോണസ് സമരത്തിൽ മുതലെടുപ്പ് നടത്താനുള്ള നീക്കം. മൂന്നാറിനേയും ഇടുക്കിയിലെ ഒരു ഭാഗത്തേയും തമിഴ്‌നാടിന്റെ പ്രദേശമാക്കാനാണ് ഗൂഢാലോചന. ഇതിനെ ചെറുക്കാൻ കേരളവും വ്യക്തമായ പദ്ധതി തയ്യാറാക്കും.

മൂന്നാറിൽ ജോലിയെടുക്കുന്ന ഒരു വിഭാഗത്തിന് തമിഴ്‌നാടിനോട് താൽപ്പര്യമുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് തമിഴ്‌നാടിന്റെ നീക്കങ്ങൾ. തമിഴ്‌നാടിനൊപ്പം ചേർന്നാൽ ലഭിക്കാവുന്ന ആനുകൂല്യങ്ങളും സൗജന്യങ്ങളും ഉയർത്തിയാണ് മൂന്നാർ ജനതയെ തമിഴ്‌നാടിനോട് അടുപ്പിക്കാൻ നീക്കം നടക്കുന്നത്. ഇതിനായി സിഡി പ്രചരണം പോലും സജീവമാണ്. ഇക്കാര്യങ്ങൾ സംസ്ഥാന പൊലീസിന്റെ ഇന്റലിജിൻസിനും വ്യക്തമായി അറിയാം. മൂന്നാറിലെ സാഹചര്യം സംസ്ഥാന സർക്കാരിനെ അവർ അറിയിച്ചു കഴിഞ്ഞു. മൂന്നാർ സമരത്തെ പൊളിച്ചാലും ഭാവിയിൽ ഇത്തരം ലക്ഷ്യത്തോടെയുള്ള വലിയ സമരങ്ങൾ സജീവമാകും. കേരളത്തിലെ തൊഴിലാളി സംഘടനകൾ തന്നെയാണ് ഈ സാഹചര്യം ഉണ്ടാക്കിയത്. തൊഴിലാളികളുടെ പേരിൽ ടാറ്റയിൽ നിന്നും മറ്റും പണം വാങ്ങി സുഖജീവിതമാണ് തൊഴിലാളി നേതാക്കൾ നടത്തുന്നത്. ഇത് കണ്ടും കേട്ടും മനസ്സ് മടുത്താണ് മൂന്നാറിലെ തൊഴിലാളികളും തമിഴ്‌നാട്ടിൽ നിന്ന് വിഭജനത്തിനായി വാദിക്കുന്നവരുടെ ക്യാമ്പിൽപ്പെട്ടത്.

മൂന്നാറിലെ സമരത്തെ നയിക്കാൻ വി എസ് അച്യുതാനന്ദൻ എത്തുന്നത് ഇതിന്റെ ഭാഗമായാണ്. സംസ്ഥാന സർക്കാരിനെ കടന്നാക്രമിച്ചാണ് വി എസ് മൂന്നാർ സമരത്തെ പിന്തുണച്ചത്. ടാറ്റയുമായുള്ള ബോണസ് പ്രശ്‌നത്തിൽ തൊഴിലാളികളെ സർക്കാർ വഞ്ചിച്ചുവെന്നാണ് ആക്ഷേപം. എന്നാൽ ഈ പ്രസ്താവനയെ പ്രതീക്ഷയോടെയാണ് സർക്കാരും കാണുന്നത്. നിലവിൽ ഒരു രാഷ്ട്രീയ നേതാവിനേയും സമരക്കാർ അടുപ്പിക്കുന്നില്ല. ടാറ്റയുമായി ചേർന്ന് തൊഴിലാളി നേതാക്കൾ വഞ്ചിച്ചുവെന്നാണ് ആക്ഷേപം. അതായത് കേരളത്തിലെ രാഷ്ട്രീയ നേതൃത്വം ഒന്നടങ്കം പറ്റിച്ചെന്ന് പറയാതെ പറയുകയാണ് അവർ. മൂന്നാറിലെ തമിഴ് ജനതയെ സ്വാധീനിക്കാനുള്ള തമിഴ്‌നാടിന്റെ കുതതന്ത്രമായി ഇതിനെ വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് വി എസ് അച്യൂതാനന്ദന് പ്രസക്തി കൂടുന്നത്. കേരളത്തിലെ സിപിഎമ്മിനും ഈ വിഷയത്തെ കുറിച്ച് നല്ല ബോധ്യമുണ്ട്. അതുകൊണ്ട് തന്നെ വിഎസിന്റെ മൂന്നാർ യാത്രയെ അവരും പിന്തുണയ്ക്കും.

മൂന്നാറിലെ തേയില തോട്ടങ്ങളിൽ പണിയെടുക്കുന്നവർ സാധാരണക്കാരിൽ സാധാരണക്കാരാണ്. അതുകൊണ്ട് തന്നെ ജോലിയെടുത്തില്ലെങ്കിൽ അവർ ബുദ്ധിമുട്ടിലാകും. എന്നാൽ ഇപ്പോൾ സമരം നടത്തുമ്പോൾ ഈ സാമ്പത്തിക പ്രശ്‌നമെന്നും അവരിൽ പ്രതിഫലിച്ചിട്ടില്ല. ദിവസേന അൻപതിനായിരത്തിലധികം രൂപ സമരത്തിനായി ചെലവിടേണ്ടതുമുണ്ട്. എന്നു പറഞ്ഞാൽ സമരക്കാരുടെ കുടുംബാവശ്യങ്ങൾ ഉൾപ്പെടെ കൃത്യമായി നിർവ്വഹിക്കപ്പെടുന്നുണ്ട്. തമിഴ്‌നാട്ടിലെ ചില സംഘടനകൾ ആണ് സാമ്പത്തിക സഹായം നൽകുന്നത്. അതുകൊണ്ടാണ് കേരളത്തിലെ നേതാക്കളെ അകറ്റി നിറുത്തി സമരം ശക്തമാക്കുന്നത്. മൂന്നാറിലെ വിനോദസഞ്ചാരം താളം തെറ്റുമ്പോൾ ഇടപെടലുകൾ സജീവമാകും. അങ്ങനെ കേരളത്തിനെതിരായ വികാരം ദേശീയ തലത്തിൽ പ്രതിഫലിപ്പിക്കാനാണ് നീക്കം. ഇതു മനസ്സിലാക്കിയാണ് വി എസ് മൂന്നാറിലെത്തുന്നത്. ഇതോടെ ഈ നീക്കവും പൊളിയും.

മൂന്നാറിലെ തൊഴിലാളികൾക്ക് വി എസ് എന്ന നേതാവിനോട് വല്ലാത്തൊരു അടുപ്പമുണ്ട്. അതുകൊണ്ട് തന്നെ സമര മുന്നണിയിൽ വി എസ് എത്തിയാൽ ആർക്കും എതിർക്കാനാവില്ല. മൂന്നാറിൽ സമരം നയിക്കാനെത്തുമെന്ന് വി എസ് പ്രഖ്യാപിച്ചയുടൻ തന്നെ സമര സമിതി സ്വാഗതവും ചെയ്തു. അതുമാത്രമേ അവർക്ക് വിഎസിന്റെ കാര്യത്തിൽ ചെയ്യാനാകൂ. വി എസ് എത്തുന്നതോടെ തമിഴ്‌നാട്ടിൽ നിന്നുള്ള സാമ്പത്തിക സഹായവും നിലയ്ക്കും. അതിലെല്ലാം ഉപരി തൊഴിലാളികൾക്ക് അനുകൂല തീരുമാനം ഉണ്ടാക്കാൻ ടാറ്റയോട് സർക്കാർ തന്നെ സമ്മർദ്ദവും ചെലുത്തും. വിഎസിന്റെ നേതൃത്വത്തിൽ സമരം വിജയിപ്പിച്ച് തൊഴിലാളി മനസ്സ് കേരളക്കരയ്ക്ക് അനുകൂലമാക്കാനാണ് നീക്കം. നിലവിലെ സാഹചര്യത്തിൽ സമരം ഉടൻ അവസനാപ്പിക്കാമെന്ന പ്രതീക്ഷയിൽ തന്നെയാണ് സർക്കാർ. വനിതാ തൊഴിലാളികളെ സ്വാധീനിക്കാൻ ബിജി മോൾ എംഎൽഎയെ സമർത്ഥമായി ഉപയോഗിക്കാനാണ് നീക്കം.

നിലവിലെ സാഹചര്യത്തിൽ മൂന്നാറിലെ തോട്ടം തൊഴിലാളികൾ നടത്തുന്ന സമരം ഒത്തുതീർപ്പിലെത്തിക്കാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടു. ഈ പ്രക്ഷോഭം മൂന്നാറിലെ തോട്ടം മേഖലയെ മാത്രമല്ല വിനോദ സഞ്ചാര മേഖലയേയും പ്രതികൂലമായി ബാധിക്കുകയാണ്. തൊഴിലാളികളാവട്ടെ നരകതുല്യമായ ജീവിതം നയിക്കേണ്ട സാഹചര്യവും നിലനിൽക്കുകയാണ്. തൊഴിലാളി സമരങ്ങളോട് യു.ഡി.എഫ് സർക്കാർ തുടർന്നുവരുന്ന നിസംഗനിലപാടാണ് പ്രശ്‌നം ഇത്രയേറെ രൂക്ഷമാക്കുന്നതിന് ഇടയാക്കിയത്. തൊഴിലാളികൾ മുന്നോട്ട് വെക്കുന്ന ന്യായമായ പ്രശ്‌നങ്ങൾ പരിഗണിച്ചുകൊണ്ട് സമരം അടിയന്തരമായി ഒത്തുതീർപ്പിലെത്തിക്കേണ്ടത് നമ്മുടെ നാടിന്റെ ആവശ്യമാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സ്ഥിതി ഗതികളെ ഗൗരവത്തോടെ വീക്ഷിക്കുന്നതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും അറിയിച്ചിട്ടുണ്ട്.

മൂന്നാറിൽ പ്രചരിക്കുന്ന കേരള വിരുദ്ധ തമിഴ് സിഡികളുടെ ഉറവിടത്തെയും മറ്റും കുറിച്ച് അന്വേഷണം നടത്താൻ ആഭ്യന്തര വകുപ്പ് നേരത്തെ ഉത്തരവിട്ടിരുന്നു. മൂന്നാറിനെ തമിഴ്‌നാടിനോടൊപ്പം ചേർക്കണമെന്ന് പ്രചരിപ്പിക്കുന്നതായിരുന്നു സിഡിയുടെ ഉള്ളടക്കം. ഈ പ്രചരണത്തിന്റെ മുന്നോടിയായി തമിഴ്‌നാട്ടിലെ എം ഡി എം കെ എന്ന പാർട്ടിയുടെ നേതാവായ വൈകൊ മൂന്ന് തവണ മൂന്നാർ സന്ദർശിച്ചതായി കരുതുന്നു. സിഡിയിലെ വീഡിയൊ ചിത്രങ്ങൾ, ഒരു തമിഴ് ചാനലിന്റെ പ്രാദേശിക ലേഖകൻ എടുത്ത് നൽകിയതാണെന്നാണ് അറിവായിട്ടുള്ളത്. മൂന്നാർ പ്രദേശത്തെ തോട്ടം തൊഴിലാളികൾക്കിടയിലാണ് ഈ സി ഡി പ്രചരിരുന്നത്്. എന്നാൽ ഈ സിഡിയുടെ ഉറവിടം കണ്ടെത്താനുള്ള സംസ്ഥാന പൊലീസിന്റെ നീക്കം എങ്ങുമെത്തിയില്ല. മുളയിലെ നുള്ളേണ്ട പ്രചരണത്തെ തോൽപ്പിക്കാൻ കഴിയാത്തത് തന്നെയാണ് ഇപ്പോൾ വലിയ ക്രമസമാധാന പ്രശ്‌നങ്ങൾ മൂന്നാറിലുണ്ടാകാൻ കാരണം. മുല്ലപ്പെരിയാർ വിഷയം കത്തി നിന്നപ്പോഴായിരുന്നു സിഡി പ്രചരണവും മറ്റും നടന്നത്. വീണ്ടും ഇത് ആവർത്തിക്കാൻ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ കണക്ക് കൂട്ടൽ.

മൂന്നാറിലെ തോട്ടം മേഖലയിലെ തൊഴിലാളികളിൽ 95 ശതമാനവും തമിഴരാണ്. ദേവികുളം, പീരുമേട് താലൂക്കുകൾ തമിഴ് നാടിന് അവകാശപ്പെട്ടതാണെന്നാണ് മുമ്പ് പ്രചരിച്ചിരുന്ന സിഡിയിലെ പ്രധാന സന്ദേശം. ഇപ്പോൾ തന്നെ തമിഴിന് മൂന്നാറിൽ കാര്യമായ പ്രാധാന്യമുണ്ട്. ഇടുക്കിയിലെ മൂന്നാർ മേഖലയിൽ നിന്നുള്ള ചില എംഎൽഎ മാർ നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്യുന്നത് പോലും തമിഴിലാണ്. അപ്പോൾ പിന്നെ മൂന്നാർ തമിഴ്‌നാട്ടിലാകുന്നതല്ലേ നല്ലതെന്നാണ് ചോദ്യം ഉയർത്തുന്നത്. പക്ഷേ ഇതിന് തടയിടാനും മൂന്നാറിലെ തമിഴ് വാദം ചെറുക്കാനും സർക്കാർ ഒന്നും തന്നെ ചെയ്തിട്ടില്ലെന്ന് മാത്രമല്ല ഇവിടത്തെ തമിഴർ കേരളക്കരക്കാരാണെന്നതിന് വേണ്ട തെളിവായ റേഷൻകാർഡും മറ്റും ഒക്കെ നൽകുന്നുണ്ട് താനും. മൂന്നാറിലെ സാധാരണക്കാരിൽ സന്ദേശം എത്തിക്കാനായി ജില്ലാ പഞ്ചായത്ത് പോലും പലപ്പോഴും തങ്ങളുടെ പ്രചരണ പരിപാടികൾ തമിഴിൽ നടത്താറുണ്ട്. ഇതെല്ലാം തമിഴരുടെ തമിഴ് വികാരം കൂട്ടാനും മലയാളികൾക്കെതിരെ തിരിയാനും കാരണമാവുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP