Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മാവേലിക്കര ബിഷപ്പിന്റെ ശാലോം ഭവനിൽ യുവാവിന്റെ മരണം കൊലപാതകമോ? സംശയങ്ങൾ ജനിപ്പിക്കുന്ന ചിത്രങ്ങൾ മറുനാടൻ മലയാളി പുറത്തുവിടുന്നു; കണ്ണിലൂടെയും ചെവിയിലൂടെയും രക്തം വന്നതെങ്ങനെ? സഭയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിൽ മകനെ കൊന്നതുതന്നെയെന്ന് മാതാവ്

മാവേലിക്കര ബിഷപ്പിന്റെ ശാലോം ഭവനിൽ യുവാവിന്റെ മരണം കൊലപാതകമോ? സംശയങ്ങൾ ജനിപ്പിക്കുന്ന ചിത്രങ്ങൾ മറുനാടൻ മലയാളി പുറത്തുവിടുന്നു; കണ്ണിലൂടെയും ചെവിയിലൂടെയും രക്തം വന്നതെങ്ങനെ? സഭയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിൽ മകനെ കൊന്നതുതന്നെയെന്ന് മാതാവ്

അർജുൻ സി വനജ്

കൊച്ചി: മാവേലിക്കര രൂപതയുടെ കീഴിൽ അറനൂറ്റിമംഗലത്തു പ്രവർത്തിക്കുന്ന ശാലോം ഭവനിൽ മുപ്പത്തെട്ടുകാരൻ ചെട്ടിക്കുളങ്ങര സ്വദേശിയായ രാജീവിന്റെ മരണം കൊലപാതകമാണെന്നു മറുനാടൻ മലയാൽയോടു മാതാവിന്റെ വെളിപ്പെടുത്തൽ. ആത്മഹത്യയെന്നു വിലയിരുത്തിയ മരണം കൊലപാതകമാണെന്നു സംശയിക്കാൻ ഉതകുന്ന സംശയങ്ങളും ബന്ധുക്കൾ ഉന്നയിക്കുന്നു. കൊലപാതക സാധ്യത സൂചന നൽകുന്ന ചിത്രങ്ങളും മറുനാടൻ ലഭിച്ചു. മാനസികാസ്വാസ്ഥ്യമുള്ള മകന്റെ കണ്ണിലൂടെയും ചെവിയിലൂടെയും രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹമെന്നും ശരീരത്തിൽ നിരവധി മുറിവുകളുണ്ടായിരുന്നതായും മാതാവ് പറഞ്ഞു.

മുഖത്തെ മുറിവ് എങ്ങനെയുണ്ടായി എന്ന് ശാലോം അധികൃതരോട് ആരാഞ്ഞപ്പോൾ വിത്യസ്ത മറുപടിയാണ് ലഭിച്ചത്. രാജീവും രോഗിയായ മറ്റൊരു അന്തേവാസിയുമായി ഉണ്ടായ അടിപിടിയിൽ സംഭവിച്ചതാണെന്ന് ശാലോം ഭവൻ ഡയറക്ടർ ഫാ. തോമസ് പി ജോൺ പറഞ്ഞപ്പോൾ, മറ്റൊരു വ്യക്തി പറഞ്ഞത് ടൈലിൽ തട്ടി വീണതാണെന്നാണ്. അടിപിടിക്കു ശേഷം രാത്രി ബാത്ത്റൂമിലെ വെന്റിലേഷനിൽ കയറിട്ടു തൂങ്ങിമരിക്കുകയായിരുന്നുവെന്നാണു സ്ഥാപനത്തിന്റെ വിശദീകരണം. എന്നാൽ തന്റെ മകൻ മരണത്തെ വല്ലാതെ ഭയപ്പെട്ടിരുന്ന വ്യക്തിയാണെന്നും ആത്മഹത്യ ചെയ്യില്ലെന്നും മാതാവ് ലളിത വിതുമ്പലോടെ മറുനാടനോട് പറഞ്ഞു.

രാജീവ് എന്തോ കണ്ട് ഭയന്നതിനെതുടർന്നുണ്ടായ മാനസികാസ്വാസ്ഥ്യത്തെത്തുടർന്നു ജനുവരി പതിനെട്ടിനാണ്് അറുനൂറ്റിമംഗലം ശാലോം ഭവനിൽ ഏൽപ്പിക്കുന്നത്. അതിനുശേഷം നിരന്തരം അവിടെയെത്തി സുഖവിവരങ്ങൾ തിരക്കാറുണ്ട്. മാർച്ച് 18നു ശനിയാഴ്ച വൈകുന്നേരം ഫാ. തോമസിന്റെ കോൾ വന്നു. രാജീവ് മറ്റൊരു രോഗിയുമായി അടിപിടിയുണ്ടാക്കിയെന്നും, വലതു കണ്ണിന് പരിക്കേറ്റതിനാൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോയി ചികിത്സ നൽകിയതിന് ശേഷം കൊണ്ടുവന്നുവെന്നുമായിരുന്നു ഫാദർ പറഞ്ഞത്.

ഈ സമയം പഴനിയിലേക്ക് തീർത്ഥയാത്ര പോകാനൊരുങ്ങുകയായിരുന്ന ഞങ്ങൾ അങ്ങോട്ട് ചെല്ലാമെന്നു പറഞ്ഞു. എന്നാൽ വേണ്ടെന്നായിരുന്നു ഫാ. തോമസിന്റെ പക്ഷം. ആറ് മണിയോടെ ശാലോം ഭവനിലേക്ക് വിളിച്ചപ്പോൾ രാജീവിന് കുഴപ്പം ഇല്ലെന്നാണ് മറുപടി ലഭിച്ചത്. തുടർന്ന് 8.42 ന് വീണ്ടും വീട്ടിലേക്ക് വിളിച്ചു. രാജീവ് ബാത്ത് റൂമിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചുവെന്നും ക്രിട്ടിക്കൽ സ്റ്റേജ് ആണെന്നും അറിയിച്ചു- ലളിത പറയുന്നു.

തുടർന്ന് വീട്ടിലേക്ക് വന്ന നമ്പറിൽ തിരിച്ചുവിളിച്ചപ്പോൾ രാജീവ് മരിച്ചിട്ട് അഞ്ചുമിനുട്ട് ആയി എന്നാണ് മറുപടി ലഭിച്ചത്. സഭയുടെ കീഴിൽ തന്നെ നൂറനാട് പ്രവർത്തിക്കുന്ന കെ.സി.എം ആശുപത്രിയിലേക്കാണ് രാജീവിനെ ആദ്യം എത്തിച്ചതെന്നും, പിന്നീട് ബന്ധുക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ ഇടപ്പോൺ ഉള്ള ജോസ്‌കോ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. നിർത്താതെ രക്തം വരുന്ന നിലയിലാണ് ഇവിടെവെച്ച് മൃതദേഹം കണ്ടതെന്നും ബന്ധുക്കൾ പറയുന്നു.

മൃതദേഹം ജോസ്‌കോ ആശുപത്രിയുടെ മോർച്ചറിയിൽ എത്തിച്ചതും, സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോകാതിരുന്നതും കൂടുതൽ സംശയങ്ങൾക്ക് ഇടനൽകുന്നുവെന്നാണ് രാജീവിന്റെ മാതാവ് ലളിത പറയുന്നത്. സംഭവത്തിലെ ദുരൂഹത നീക്കണമെന്നും കൂടുതൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ലളിത ചെങ്ങന്നൂർ ഡിവൈ.എസ്‌പിക്ക് പരാതി നൽകി. ഈ മാസം 26 ന് നൽകിയ പരാതിയുടെ പകർപ്പും മറുനാടന് ലഭിച്ചു.

അതേസമയം, കേസുമായി മുന്നോട്ടു പോയാൽ സ്ഥാപനത്തിന്റെ സൽപ്പേരിന് മോശം ഉണ്ടാകുമെന്നും, രാജീവിന്റേത് ആത്മഹത്യതന്നെയാണെന്നും ഫാദർ തോമസ് പറഞ്ഞതായി മാതാവ് ലളിത മറുനാടനോട് വെളിപ്പെടുത്തി.

രാജീവ് ആത്മഹത്യ ചെയ്തതെന്ന് മാനേജ്മെന്റ് പറയുന്ന സ്ഥലം ഇന്നലെ ബന്ധുക്കൾ പരിശോധിച്ചു. വളരെ ഇടുങ്ങിയതും തീരെ പൊക്കമില്ലാത്തതുമായ ബാത്ത് റൂമിൽ എങ്ങനെയാണ് തൂങ്ങിമരിക്കുകയെന്നാണ് സന്ദർശനത്തിന് ശേഷം രാജീവിന്റെ സഹോദരൻ മറുനാടൻ മലയാളിയോട് അഭിപ്രായപ്പെട്ടു. പൊക്കമില്ലാത്ത ബാത്ത് റൂമിന്റെ വെന്റിലേറ്ററിൽ കയർകെട്ടി ആത്മഹത്യ ചെയ്തുവെന്ന വാദം തീരെ അംഗീകരിക്കാൻ പറ്റില്ലെന്നും അവർ പറയുന്നു. ഇതാണ് രാജീവിന്റേതുകൊലപാതകമാണെന്ന് സംശയം ബലപ്പെടുത്തുന്നത്.

സെല്ലിലുള്ള മറ്റൊരു രോഗിയുമായി അടിയുണ്ടാവുകയും, ഇത് തടയാൻ എത്തിയ സെക്യൂരിറ്റി ജീവനക്കാരും മറ്റ് ആളുകളും ചേർന്ന് രാജീവിനെ അടിച്ച് കൊലപ്പെടുത്തിയെന്നുമുള്ള വാദമാണ് ബന്ധുക്കൾ മുന്നോട്ട് വയ്ക്കുന്നത്. ശരീരത്തിൽ ഗുരുതരമായ മർദ്ദനമേറ്റ രാജീവിന് ആത്മഹത്യ ചെയ്യാൻ ആവില്ലെന്നാണ് പോസ്റ്റ്മോർട്ടം ചെയ്ത സർജ്ജന്റെ നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവരുന്നമുറയ്ക്ക് കൂടുതൽ വ്യക്തത വരുമെന്നാണ് ബന്ധുക്കളുടെ പ്രതീക്ഷ.

അതേസമയം, രാജീവിന്റേത് ആത്മഹത്യയാണെന്നും, കയർ അഴിച്ചെടുക്കുമ്പോൾ രാജീവിന് ജീവൻ ഉണ്ടായിരുന്നുവെന്നും, ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചതെന്നും ശാലോം ഭവൻ ഡയറക്ടർ ഫാ. തോമസ് പി ജോൺ മറുനാടൻ മലയാളിയോട് പറഞ്ഞു. സെല്ലിലെ മറ്റൊരു രോഗിയുമായി ഉണ്ടായ അടിയിലാണ് കണ്ണിന് പരിക്കേറ്റതെന്നും ഫാദർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP