Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചത് ആഭ്യന്തര വകുപ്പ് അറിഞ്ഞു തന്നെ; രമേശ് ചെന്നിത്തല ഫോണിൽ വിളിച്ച് അഭിനന്ദിച്ചു; മറിച്ചുള്ള പ്രചരണങ്ങൾ തെറ്റിദ്ധാരണ പരത്താൻ; ഇല്ലാക്കഥകൾ ചിലർ ഏറ്റുപാടുന്നെന്ന് ടോമിൻ തച്ചങ്കരി മറുനാടൻ മലയാളിയോട്‌

എഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചത് ആഭ്യന്തര വകുപ്പ് അറിഞ്ഞു തന്നെ; രമേശ് ചെന്നിത്തല ഫോണിൽ വിളിച്ച് അഭിനന്ദിച്ചു; മറിച്ചുള്ള പ്രചരണങ്ങൾ തെറ്റിദ്ധാരണ പരത്താൻ; ഇല്ലാക്കഥകൾ ചിലർ ഏറ്റുപാടുന്നെന്ന് ടോമിൻ തച്ചങ്കരി മറുനാടൻ മലയാളിയോട്‌

തിരുവനന്തപുരം: മാർക്കറ്റ് ഫെഡ് എംഡിയായ ടോമിൻ തച്ചങ്കരിക്ക് എഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചെന്ന വാർത്ത കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. നിരവധി കേസുകളിൽ ആരോപണ വിധേയനായ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകിയത് വിവാദത്തിലാകുകയും ചെയ്തിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ സർക്കാർ തീരുമാനത്തെ എതിർത്തുകൊണ്ട് രംഗത്തെത്തി. അതേസമയം ഒന്നുമറിഞ്ഞില്ലെന്നായിരുന്നു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചത്. എന്നാൽ തന്റെ സ്ഥാനക്കയറ്റം സംബന്ധിച്ച വിവാദങ്ങൾ തീർത്തും അനാവശ്യമാണെന്നാണ് തച്ചങ്കരി മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. ആഭ്യന്തര വകുപ്പ് തന്റെ സ്ഥാനക്കയറ്റത്തെ കുറിച്ച് അറിഞ്ഞില്ലെന്ന് വാർത്തകൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനക്കയറ്റം ലഭിച്ച കാര്യമറിഞ്ഞ് രമേശ് ചെന്നിത്തല ഫോണിൽ വിളിച്ച് അഭിനന്ദിച്ചതായും ടോമിൻ തച്ചങ്കരി വ്യക്തമാക്കി. രണ്ട് വർഷം മുമ്പ് ലഭിക്കേണ്ടിയിരുന്ന സ്ഥാനക്കയറ്റം അനാവശ്യ വിവാദങ്ങളിൽ കുരുങ്ങി നീണ്ടു പോവുകയാണ് ഉണ്ടായതെന്നുമാണ് അദ്ദേഹം പറഞ്ഞു.

'ഒരാൾ, പാടും, മറ്റുചിലർ അതേറ്റു പാടുന്നു'- എഡിജിപിയായി സ്ഥാനക്കയറ്റം ലഭിച്ചതിന് പിന്നാലെയുണ്ടായ വിവാദങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. ഇങ്ങനെയായിരുന്നു. പൊലീസ് വകുപ്പിൽ ഒട്ടേറെ പേർക്ക് സ്ഥാനകയറ്റം ലഭിക്കുന്നുണ്ട്. അതൊരു നിയമാനുസൃത നടപടി ക്രമം മാത്രമാണ്. എന്നാൽ തന്റെ കാര്യത്തിൽ ഇങ്ങനെ അനാവശ്യമായ വിവാദങ്ങൾ ഉണ്ടാക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിക്കുന്നു.

എന്നാൽ കേരളാ പൊലീസിലെ മറ്റ് ഉദ്യോഗസ്ഥർക്ക് ലഭിച്ച നീതി തനിക്ക് ലഭിച്ചില്ലെന്നാണ് തച്ചങ്കരി പറയുന്നത്. 'യഥാർത്ഥത്തിൽ 2012 ലാണ് തനിക്ക് എഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കേണ്ടിയിരുന്നത്. ആഭ്യന്തര വകുപ്പ് അറിയാതെയാണ് തന്റെ സ്ഥാനക്കയറ്റമെന്ന തരത്തിലുള്ള പ്രചരണങ്ങൾ തെറ്റിദ്ധാരണ പരത്താൻ വേണ്ടി മാത്രമുള്ളതാണ്. സ്ഥാനക്കയറ്റം അറിഞ്ഞ് ആഭ്യന്തരവകുപ്പ് മന്ത്രി തന്നെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചതായും തച്ചങ്കരി പറഞ്ഞു.

ഐപിഎസ് ഉദ്യോഗസ്ഥന്മാരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച ഫയൽ ആഭ്യന്തരവകുപ്പ് അറിയേണ്ടതില്ല. അത് മുഖ്യമന്ത്രിയുടെ പരിധിയിൽ വരുന്ന വിഷയമാണ്. എന്നാൽ പുതിയ നിയമനത്തെ സംബന്ധിച്ചാണെങ്കിൽ ആഭ്യന്തര വകുപ്പിന്റെ അംഗീകാരം ആവശ്യമാണ്. തന്റെ കാര്യത്തിൽ സ്ഥാനക്കയറ്റം മാത്രമാണ് ഉണ്ടായിട്ടുള്ളത്. പുതിയ നിയമനം ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ പുതിയ വിവാദങ്ങൾ അനാവശ്യമാണെന്നം അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒട്ടേറെ പീഡനങ്ങളും പ്രയാസങ്ങളും താൻ ഇതിനകം അനുഭവിച്ച് കഴിഞ്ഞു. ഇപ്പോൾ വിവാദങ്ങളെല്ലാം ആസ്വദിക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടാണ് ഇവയൊക്കെ തരണം ചെയ്യാൻ കഴിയുന്നതെന്നും തച്ചങ്കരി പറഞ്ഞു. അതേസമയം വിവാദങ്ങൾ സൃഷ്ടിച്ച് പാടുന്നവരും അതേറ്റ് പാടുന്നവരു പൊലീസ് വകുപ്പിൽ നിന്നു തന്നെയാണോ എന്ന ചോദ്യത്തിന് ഉത്തരം പറയാൻ തച്ചങ്കരി തയ്യാറായില്ല.

അതേസമയം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പങ്കെടുക്കാതിരുന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു ടോമിൻ തച്ചങ്കരിക്ക് സ്ഥാനക്കയറ്റം നൽകാനുള്ള തീരുമാനം കൈക്കൊണ്ടത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രത്യേക താൽപ്പര്യം എടുത്തുവെന്ന വിധത്തിലായിരുന്നു ഇത് സംബന്ധിച്ച മാദ്ധ്യമവാർത്തകൾ. സ്ഥാനക്കയറ്റത്തെ കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്ന് രമേശ് ചെന്നിത്തല പറയുകയും ചെയ്തിരുന്നു. എന്നാൽ ചെന്നിത്തല അറിഞ്ഞുകൊണ്ട് തന്നെയാണ് എല്ലാം നടന്നതെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

മാർക്കറ്റ് ഫെഡ് എം.ഡിയായ ടോമിൻ ജെ. തച്ചങ്കരിക്ക് സ്ഥാനക്കയറ്റം നൽകുന്നതിനെതിരെ ചീഫ് സെക്രട്ടറി അധ്യക്ഷനായ സ്‌ക്രീനിങ് കമ്മിറ്റി നൽകിയ റിപ്പോർട്ട് മറികടന്നായിരുന്നു തീരുമാനം കൈക്കൊണ്ടത്. ഈ സ്ഥാനക്കയറ്റം ഭരണഘടനാ വിരുദ്ധമാണെന്ന വി എസ് അച്യുതാനന്ദൻ ആരോപിക്കുകയും ചെയ്തു. മുഖ്യമന്ത്രിയടെ വിവേചനാധികാരം ഉപയോഗിച്ചായിരുന്നു സ്ഥാനക്കയറ്റം നൽകിയത്. നിയമാനുസൃതമാണ് ഈ സ്ഥാനക്കയറ്റം നൽകിയതെന്ന് മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു.

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയുമായി ബന്ധപ്പെട്ടാണ് തച്ചങ്കരിയുടെ സ്ഥാനക്കയറ്റത്തിലുള്ള തീർപ്പ് വൈകിയിരുന്നത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സ്‌ക്രീനിങ് കമ്മിറ്റി സ്ഥാനക്കയറ്റത്തിന് എതിരെ ശുപാർശ നൽകുകയും ചെയ്തിരുന്നു. ഇതിന് ശേഷം ഇക്കാര്യത്തിൽ സർക്കാർ നിയമോപദേശം തേടുകയുമുണ്ടായി. സ്ഥാനക്കയറ്റത്തിന് അനുകൂലമായിട്ടായിരുന്നു നിയമോപദേശം. ഇടതുമുന്നണി ഭരണകാലത്തും തച്ചങ്കരിയുടെ സ്ഥാനക്കയറ്റത്തിന് ആവശ്യമുയർന്നെങ്കിലും വി എസ് ഇടപെട്ട് തടയുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP