പഞ്ചായത്തുമായി ഒത്തുകളിച്ച് ആസ്റ്റർ മെഡിസിറ്റി ചികിത്സ തുടങ്ങി; സ്റ്റോപ്പ് മെമോ നിലനിൽക്കെ ചികിത്സ ആരംഭിച്ചതിന്റെ രേഖകൾ മറുനാടൻ മലയാളിക്ക്: മമ്മൂട്ടിയുടെ കൊച്ചിയിലെ പഞ്ചനക്ഷത്ര ആശുപത്രി പ്രവർത്തനം തുടങ്ങിയതിങ്ങനെ
September 01, 2014 | 12:54 PM IST | Permalink

കൊച്ചി: പ്രവാസി വ്യവസായ പ്രമുഖനായ ആസാദ് മൂപ്പന്റെ ഉടമസ്ഥതയിൽ ഉള്ള ആസ്റ്റർ മെഡിസിറ്റിക്കായി ചേരാനെല്ലൂർ ഗ്രാമപഞ്ചായത്തിന്റെ വഴിവിട്ട സഹായം. നിയമവിരുദ്ധമായി കെട്ടിടം പണിയെന്നാരോപിച്ച് സ്റ്റോപ്പ് മെമോ നിലനിൽക്കേ ആശുപത്രിയിൽ മരിച്ചവർക്ക് പഞ്ചായത്തിൽ നിന്നും മരണ സർട്ടിഫിക്കറ്റ്. ഇതിന്റെ രേഖകൾ മറുനാടൻ മലയാളിക്ക് ലഭിച്ചു. മെഡിസിറ്റി ആശുപതിക്ക് പാരാമെഡിക്കൽ ലൈസൻസ് ഉണ്ടെങ്കിലും പഞ്ചായത്തീരാജ് അനുശാസിക്കുന്ന ഡി&ഒ ലൈസൻസ് എടുത്തില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഏപ്രിൽ മാസം മൂന്നാം തീയതിയാണ് ചേരാനെല്ലൂർ ഗ്രാമപഞ്ചായത്ത് ആശുപത്രിക്ക് സ്റ്റോപ്പ്‌മെമോ നൽകിയത്. മെഗസ്സ്റ്റാർ മമ്മൂട്ടിയുടെ മകൾക്കും മരുമകനും ആസ്റ്റർ മെഡിസിറ്റിയിൽ ഓഹരി പങ്കാളിത്തമുണ്ട്.
കെട്ടിടനിർമ്മാണത്തിന് മാത്രം അനുമതി വാങ്ങിയിട്ടുള്ള മെഡിസിറ്റിയിൽ ഈ വർഷം ഫെബ്രുവരി 24 മുതൽ തന്നെ ഒപി ചികിത്സ ആരംഭിച്ചിരുന്നു. ഇത് ശ്രദ്ധയില്പെട്ടാണ് ആശുപത്രിയുടെ പ്രവർത്തനം നിർത്തിവെക്കാൻ അധികൃതർ നിർദേശിച്ചത്. ആശുപത്രിയുടെ പ്രവർത്തനം നിർത്തിവയ്ക്കണമെന്ന് പഞ്ചായത്ത് ബോർഡിന്റെ 4ാം നമ്പർ തീരുമാനമാണെന്ന് രേഖകൾ പറയുന്നു. അതിന്റെ പിറകുപറ്റി ഏപ്രിൽ 30ന് തന്നെ പഞ്ചായത്തിൽ നിന്നും മെഡിസിറ്റിക്ക് സ്റ്റോപ്പ് മെമോ കൈമാറി. പിന്നീട് സ്റ്റോപ്പ് മെമോ നീക്കയത് മാസങ്ങൾക്ക് ശേഷമാണ്. എന്നാൽ ഈ കാലയളവിൽ തന്നെ ആശുപത്രി യാതൊരു ലൈസൻസും കൂടാതെ പ്രവർത്തിച്ചതിന് തെളിവാണ് മെയ് മാസം 25ാം തീയതി വന്ന മരണറിപ്പോർട്ടുകൾ. ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ വച്ച് ചികിത്സയിലിരിക്കെ മരിച്ചതായി കാണിച്ച് രണ്ട് പേരുടെ മരണ സർട്ടിഫിക്കറ്റിനായിട്ടുള്ള അപേക്ഷകളാണ് മെഡിസിറ്റി പഞ്ചായത്തിന് കൈമാറിയത്.
പത്തനംതിട്ട സ്വദേശിയുടേയും, എറണാകുളം സ്വദേശിയുടേയും മരണറിപ്പോർട്ടുകൾ പഞ്ചായത്തിന് മെഡിസിറ്റി കൈമാറിയത്. പത്തനംതിട്ട സ്വദേശിയുടേയും മരണ റിപ്പോർട്ടുകൾ പഞ്ചായത്തിന് മെഡിസിറ്റി കൈമാറിയത് മെയ് 25നാണ്. ഒരാൾ രണ്ട് ദിവസം ആശുപത്രിയിലുണ്ടായിരുന്നു. മറ്റേയാൾ വന്നദിവസം തന്നെ മരിക്കുകയായിരുന്നുവെന്ന് അപേക്ഷയിലെ തിയ്യതികൾ വ്യക്തമാക്കുന്നു. അന്വേഷണമെന്ന പ്രഹസനത്തിന്‌ശേഷം ലൈസൻസില്ലാത്ത ആശുപത്രിയിൽ മരിച്ച രോഗികൾക്ക് പഞ്ചായത്ത് മരണസർട്ടിഫിക്കറ്റും പഞ്ചായത്ത് നൽകി. സ്റ്റോപ്പ്‌മെമോ നിലനില്ക്കുന്ന കാലത്ത് തന്നെയാണ് അനധികൃതമായി മെഡിസിറ്റിക്കായി ഈ സഹായങ്ങൾ ചെയ്തുകൊടുത്തതെന്നാണ് രസകരമായ വസ്തുത.
പിന്നീട് കോടതിയെ സമീപിച്ച മെഡിസിറ്റി ഇതുകൂടി ചൂണ്ടിക്കാട്ടിയാണ് പഞ്ചായത്തിനെതിരെ വാദിച്ചത്. ഒടുവിൽ സാങ്കേതികമായ വിജയം മെഡിസിറ്റി കോടതിയിൽ നിന്ന് നേടുകയായിരുന്നു. സ്റ്റോപ്പ് മെമോ നിലനിന്നിരുന്ന 4 മാസക്കാലവും ആശുപത്രി സുഗമമായി പ്രവർത്തിച്ചിരുന്നു. പേരിന് മാത്രം തങ്ങളുടെ ജോലി പൂർത്തിയാക്കിയ പഞ്ചായത്ത് മനപൂർവ്വം തോറ്റുകൊടുക്കുകയായിരുന്നുവെന്ന് ഇതിൽ നിന്ന് വ്യക്തം പഞ്ചായത്ത് കമ്മിറ്റിയിൽ ഉൾപ്പെടെ ഒരുവിഭാഗം മെമ്പർമാർ മെഡിസിറ്റി അനുകൂല നിലപാടിനെ എതിർത്തെങ്കിലും ഫലമുണ്ടായില്ല. ഭീകരഭൂരിപക്ഷവുമായി കോൺഗ്രസ്സാണ് ചേരാനെല്ലൂർ പഞ്ചായത്ത് ഭരിക്കുന്നത്. ജനതാദൾഎസിന്റെ ഒരംഗവും, എൻ.സി.പിയുടെ ഒരംഗവുമാണ് പുറത്തുനിന്നുള്ളത്.
കൊച്ചി നഗരത്തിനടുത്ത ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിലെ 12ാം വാർഡിലാണ് 38 ഏക്കർ ഭൂമിയിൽ മെഡിസിറ്റി തുടങ്ങിയത്. പദ്ധതിയുടെ ആദ്യഘട്ടമാണ് പ്രവർത്തനം ആരംഭിച്ചത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള മൾട്ടിസ്‌പെഷാലിറ്റി ആശുപത്രി സമുച്ചയമാണ് മെഡിസിറ്റിയെന്ന് സംരംഭകർ അവകാശപ്പെടുന്നു. 5000 കോടി രൂപ ചെലവിലാണ് ആസ്റ്റർ മെഡി സിറ്റി കൊച്ചിയിൽ തുടങ്ങുന്നത്. ആദ്യഘട്ടത്തിൽ 575രോഗികളെ കിടത്തിചികിത്സിക്കാനുള്ള സൗകര്യങ്ങലാണ് ആശുപത്രിയിലുള്ളത്. രണ്ടാംഘട്ടത്തിൽ കിടക്കകളുടെ എണ്ണം 1075 ആയി വർധിക്കും. അന്താരാഷ്ട്ര കൺവൻഷൻ സെന്റർ, ഫോർ സ്റ്റാർ ഹോട്ടൽ, അപ്പാർട്ട്‌മെന്റ് കോംപ്ലക്‌സ് എന്നിവയും മെഡിസിറ്റിയിലുണ്ടാകും.
അതിനിടെ 500 കോടി രൂപ ചെലവിൽ നിർമ്മാണം പൂർത്തിയായ കെട്ടിടങ്ങൾ തീരദേശപരിപാലന നിയമം (സിആർഇസഡ്) ലംഘിച്ചതായാണ് പരാതിയും നേരത്തെ ഉയർന്നിരുന്നൂ. നദീ തീരത്തുനിന്ന് 100 മീറ്റർ മാറിയേ നിർമ്മാണ പ്രവർത്തനം നടത്താവൂവെന്നാണ് നിയമം. മെഡിസിറ്റി ഈ ദൂരപരിധി പാലിച്ചിട്ടില്ലെന്നാണ് പരാതി. സർവ്വേ നമ്പർ 213 ലാണ് കെട്ടിടനിർമ്മാണത്തിന് പഞ്ചായത്ത് അനുമതി നൽകിയിട്ടുള്ളതെങ്കിലും ഇതിനു പുറമേ മറ്റു സർവ്വേ നമ്പറിലുള്ള ഭൂമികളിലും കയ്യേറ്റം നടന്നെന്ന ആരോപണവും ഉയർന്നിരുന്നു.
അന്താരാഷ്ട്ര നിലവാരമുള്ള കാൻസർ സെന്ററാണ് മെഡിസിറ്റിയുടെ പ്രധാന വാഗ്ദാനം. അതേസമയം കൊച്ചി മെഡിക്കൽ കോളേജിൽ കാൻസർ സെന്റർ സ്ഥാപിക്കാനുള്ള നീക്കം സർക്കാർ തന്നെ അട്ടിമറിച്ചത് മെഡിസിറ്റിക്കു വേണ്ടിയാണെന്ന ആക്ഷേപവും നേരത്തെ ഉയർന്നിരുന്നു.