Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫോണിൽ സംസാരിക്കാൻ ബ്ലൂടൂത്തോ? അങ്ങനൊരു സാധനത്തെ കുറിച്ച് കേട്ടിട്ടുപോലുമില്ല; നിന്റെ തെളിവും കാണേണ്ട; മര്യാദയ്ക്ക് കുറ്റം സമ്മതിച്ചാൽ മതി; കാറോടിക്കുമ്പോൾ മൊബൈലിൽ സംസാരിക്കാതിരുന്നിട്ടും നിർമ്മലിനെ കൊണ്ട് കൊടുങ്ങല്ലൂർ പൊലീസ് പിഴയടപ്പിച്ചു

ഫോണിൽ സംസാരിക്കാൻ ബ്ലൂടൂത്തോ? അങ്ങനൊരു സാധനത്തെ കുറിച്ച് കേട്ടിട്ടുപോലുമില്ല; നിന്റെ തെളിവും കാണേണ്ട; മര്യാദയ്ക്ക് കുറ്റം സമ്മതിച്ചാൽ മതി; കാറോടിക്കുമ്പോൾ മൊബൈലിൽ സംസാരിക്കാതിരുന്നിട്ടും നിർമ്മലിനെ കൊണ്ട് കൊടുങ്ങല്ലൂർ പൊലീസ് പിഴയടപ്പിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: വാഹന പരിശോധന എങ്ങനെയാകണമെന്ന് ഡിജിപി സെൻകുമാർ എല്ലാ പൊലീസുകാരോടും വ്യക്തമായി തന്നെ പറഞ്ഞു കൊടുത്തിട്ടുണ്ട്. സാറെന്ന് വിളിച്ച് പരിശോധന നടത്തണമെന്നാണ് നിർദ്ദേശം. എന്നാൽ സാറെന്ന് വിളിക്കുന്നുമില്ല,സത്യം പറഞ്ഞാൽ കേൾക്കുകയുമില്ല. ഇതാണ് പൊലീസുകാരുടെ ഇപ്പോഴത്തേയും രീതി. ഇതാണ് സ്വകാര്യ നിർമ്മാണ കമ്പനിയിലെ പ്രോജക്ട് മാനേജർ ആയ നിർമ്മൽ കുമാർ ഉയർത്തുന്ന വിഷയത്തിൽ നിറയുന്നത്. നിയമവും തെളിവുമൊന്നുമല്ല വിഷയം. തങ്ങൾ പറയുന്നത് ശരിയാണെന്ന് എല്ലാവരും സമ്മതിക്കുകയാണ് വേണ്ടെതെന്ന പൊലീസുകാരുടെ മാനസിക നിലയിൽ മാറ്റം വരുത്താൻ സെൻകുമാറിന്റെ സർക്കുലറുകൾക്കുമായില്ല.

വാഹനം ഓട്ടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കുറ്റമാണ്. എന്നാൽ അത് ചെയ്യാതെ പിഴയടച്ച് രക്ഷപ്പെടേണ്ട അവസ്ഥയാണ് നിർമ്മൽകുമറിന് ഉണ്ടായത്. ജനമൈത്രി പൊലീസിന്റെ കാലത്ത് സാധാരണക്കാരുടെ വാക്കുകൾക്ക് പുല്ലുവില നൽകുന്ന പൊലീസുകാർക്കെതിരെ നിർമ്മൽ കുമാർ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും ഡിജിപിയും അടക്കമുള്ളവർക്ക് ഫെയ്‌സ് ബുക്കിലൂടെ പരാതി നൽകി കഴിഞ്ഞു. ഔദ്യോഗികമായും കൊടുങ്ങല്ലൂർ പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകുമെന്നും വ്യക്തമാക്കുന്നു. കേരളാ പൊലീസിന്റെ ശോചനീയതയാണ് തനിക്കെതിരെ ഉണ്ടായ സംഭവങ്ങൾ തെളിയിക്കുന്നതെന്നും പറയുന്നു. തനിക്ക് പൊലീസിൽ നിന്നുണ്ടായ ദുരവസ്ഥ നിർമ്മൽ വിശദീകരിക്കുന്നത് ഇങ്ങനെ:

കൊടുങ്ങല്ലൂർ ട്രസ്റ്റ് സൂപ്പർ മാർക്കറ്റിനടുത്താണ് നിർമ്മൽ കുമാറിന് ദുരനുഭവം ഉണ്ടായത്. പ്രാധന റോഡിൽ നിന്ന് കാറിൽ ഹെൽത്ത് ക്ലബ്ബിനടുത്തേക്ക് പോവുകയായിരുന്നു നിർമ്മൽ. ഈ സമയത്ത് പൊലീസ് കൺട്രോൾ റൂമിന്റെ വാഹനം നിർത്തിയിരിക്കുന്നതും കണ്ടു. പാർക്കിങ് ഏര്യായിൽ വാഹനം നിർത്തുന്ന സമയത്ത് പൊലീസ് ജീപ്പ് അടുത്തോട്ട് വന്നു. അതിന് ശേഷം ജീപ്പിൽ നിന്ന് പുറത്തിറങ്ങിയ പൊലീസുകാരൻ തന്റെ അടുത്ത് വന്ന് മൊബൈൽ ഫോൺ ഉപയോഗിച്ചോയെന്ന് ചോദിച്ചു. ഇല്ലെന്ന് വ്യക്തമാക്കിയപ്പോൾ ഫോണിൽ സംസാരിക്കുന്നത് കണ്ടെല്ലോ എന്നായി പൊലീസുകാരുടെ മറുപടി. തങ്ങളെ കരുടന്മാരാക്കുന്നതു പോലെ സംസാരിക്കരുതെന്ന് പറഞ്ഞ് ഡാ ചേർത്ത് അസഭ്യം പറയലും തുടങ്ങിയെന്ന് നിർമ്മൽ വിശദീകരിക്കുന്നു.

താൻ ആർക്കെങ്കിലും ഫോൺ ചെയ്യുകയോ അല്ലെങ്കിൽ ഫോണിൽ കോൾ അറ്റൻഡ് ചെയ്യുകയോ ഉണ്ടായിട്ടില്ല. അതിനൊപ്പം ഫോണിൽ സംസാരിക്കാനുള്ള ബ്ലൂടൂത്ത് സംവിധാനം കാറിലുണ്ടെന്നും പറഞ്ഞു. അതുകൊണ്ട് തന്നെ ഫോൺ ചെവിയിൽ ചേർത്ത് പിടിക്കേണ്ട ആവശ്യമില്ലെന്നും വിശദീകരിച്ചു. എന്നാൽ എസ് ഐയെ ചെന്നുകാണാനായിരുന്നു പൊലീസുകാരുടെ ആവശ്യം. എസ് ഐയോടും താൻ ഫോൺ ചെയ്തില്ലെന്ന് കോൾ ലിസ്റ്റ് ഉൾപ്പെടെയുള്ളവ കാട്ടി വിശദീകരിച്ചു. എന്നാൽ ഫലമുണ്ടായില്ല. മോശം ഭാഷയായിരുന്നു എസ് ഐയും ഉപയോഗിച്ചത്. അതിൽ എല്ലാം വ്യക്തമായിരുന്നു. പൊലീസ് പറയുന്ന സമയത്ത് ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമായിട്ടും എസ്‌ഐയും സംഘവും വെറുതെ വിട്ടില്ല. അതിന് മുമ്പ് വന്ന കോളിൽ സംസാരിച്ചത് ബ്ലൂടൂത്ത് ഉപയോഗിച്ചാണെന്ന് പറഞ്ഞപ്പോൾ പരിഹാസമായിരുന്നു ഫലം.

കാർ ഡ്രൈവിങ്ങിനിടെ ഫോണിൽ സംസാരിക്കാനുള്ള ബ്ലൂടൂത്ത് എന്ന ഉപകരണം ഇല്ലെന്നായിരുന്നു എസ് ഐയുടെ മറുപടി. അങ്ങനെ ഒന്നിനെ പറ്റി താനിതുവരെ കേട്ടിട്ടില്ലെന്നും എസ് ഐ പറഞ്ഞു. ഇതോടെ ചുറ്റുമുള്ള പൊലീസുകാർ ചിരിക്കാനും കളിയാക്കലും തുടങ്ങി. ഇതോടെ താൻ നിസ്സഹായനായി. താൻ കുറ്റമൊന്നും തെളിയിക്കാനുള്ള എല്ല രേഖകളും തന്റെ കൈയിലുണ്ടെന്ന് പൊലീസിനോട് വീണ്ടും വിശദീകരിച്ചെന്നും നിർമ്മൽ പറയുന്നു. എന്നാൽ താൻ കാതിൽ ഫോൺ വച്ച് സംസാരിക്കുന്നത് കണ്ടെന്ന് എല്ലാ പൊലീസുകാരും പറഞ്ഞു. അതുകൊണ്ട് തന്നെ ഒരു തെളിവും വേണ്ടെന്നും എസ് ഐ വ്യക്തമാക്കി. എന്റെ കാറും ഫോണും പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോവുകയാണെന്നും വ്യക്തമാക്കി. കൊടുങ്ങല്ലൂർ പൊലീസ് സ്‌റ്റേഷനിൽ വരാനും നിർദ്ദേശിച്ചു. അങ്ങനെ പൊലീസ് സ്‌റ്റേഷനിലേക്ക് പോകുമ്പോൾ തന്റെ പുറകേയുള്ള പൊലീസ് ജീപ്പിന് നമ്പർ പ്ലേറ്റ് പോലുമില്ലെന്ന് ഞെട്ടലോടെ മനസ്സിലാവുകയും ചെയ്തു.

തന്നെ പൊലീസ് സ്‌റ്റേഷനിൽ കൊണ്ടു വന്ന പൊലീസുകാരൻ അവിടെയുണ്ടായിരുന്ന ആളോട് കാര്യങ്ങൾ പറഞ്ഞ് മടങ്ങി. പൊലീസുകാരൻ 20 മിനിറ്റിന് ശേഷം വിളിച്ച് പേരും മറ്റും തിരിക്കി. എന്താണ് സംഭവിച്ചതെന്ന് ആ പൊലീസുകാരനോടും വിശദീകരിച്ചു. എന്നാൽ മറുപടിയൊന്നും ലഭിക്കാത്തതിനാൽ എന്താണ് ഒന്നും പറയാത്തതെന്നു പോലും ചോദിക്കേണ്ടി വന്നു. അപ്പോൾ തനിക്കൊന്നും ചെയ്യാനില്ലെന്നായിരുന്നു മറുപടി. പിന്നീട് ഒരു ഷീറ്റിൽ എന്തോ തയ്യാറാക്കിയ ശേഷം രണ്ട് പേർ വന്നാലെ വിട്ടയയ്ക്കാൻ കഴിയൂ എന്നും പറഞ്ഞു. മൊബൈൽ നൽകിയാലെ ആരെയെങ്കിലും വിളിക്കാനാകൂ എന്ന് പറഞ്ഞപ്പോൾ അത് നൽകുകയും ചെയ്തു. അതിന് ശേഷം എന്റെ അമ്മാവനെ വിളിച്ചു. അദ്ദേഹം വരാമെന്നും പറഞ്ഞു.

അതിന് ശേഷം ആ പൊലീസുകാരൻ എസ് ഐയേയും എ എസ് ഐയേയും ഫോണിൽ വിളിച്ച് കാര്യങ്ങൾ പറഞ്ഞു. ആയിരം രൂപ പിഴയടച്ച് എന്നെ വിടാനായിരുന്നു എഎസ്‌ഐ നൽകിയ നിർദ്ദേശം. എന്നാൽ തെറ്റ് തന്റേതല്ലാത്തതിനാൽ പിഴയടയ്ക്കാൻ കഴിയില്ലെന്ന് പറഞ്ഞു. എന്നാൽ പിഴയടയ്ക്കുന്നതാണ് നല്ലതെന്ന മാന്യമായ രീതിയിൽ പൊലീസുകാരൻ ആവശ്യപ്പെട്ടു. അവിടെ നിന്ന് രക്ഷപ്പെടാൻ മറ്റ് മാർഗ്ഗമില്ലത്തതിനാൽ അത് ചെയ്തുവെന്നും നിർമ്മൽ കുമാർ വ്യക്തമാക്കുന്നു. രസീത് ചോദിച്ചപ്പോൾ പൊലീസുകാരൻ നൽകിയെന്നത് മാത്രമാണ് ഏക ആശ്വാസം. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകുന്ന പരാതിയിൽ പ്രതീക്ഷയർപ്പിക്കുകയാണ് ഈ ചെറുപ്പക്കാരൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP