Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആറ്റിങ്ങലിൽ മുസ്ലിം സ്ഥാനാർത്ഥിയേയും കാസർകോട്ട് തുളു കന്നഡ സ്ഥാനാർത്ഥിയേയും നിർത്തിയാൽ സിപിഎമ്മിന്റെ രണ്ട് സീറ്റുകൾ ഉറപ്പിക്കാൻ കഴിയുമെന്ന് രാഹുൽ ഗാന്ധിക്ക് റിപ്പോർട്ട് നൽകി സർവ്വേ വിഭാഗം; അടൂർ പ്രകാശിനു പകരം സ്വന്തം ഭൂമി പ്രവർത്തകർക്ക് നൽകി ശ്രദ്ധേയനായ നിയാസ് ചിതറയേയും അബ്ദുള്ളകുട്ടിക്ക് പകരം മുൻ എംപി രാമറേയുടെ മകൻ സുബ്ബറേയേയും പരിഗണിക്കാൻ ശുപാർശ; കെപിസിസി തയ്യാറാക്കിയ ലിസ്റ്റിൽ വെട്ടിത്തിരുത്തലിന് ഹൈക്കമാണ്ട്

ആറ്റിങ്ങലിൽ മുസ്ലിം സ്ഥാനാർത്ഥിയേയും കാസർകോട്ട് തുളു കന്നഡ സ്ഥാനാർത്ഥിയേയും നിർത്തിയാൽ സിപിഎമ്മിന്റെ രണ്ട് സീറ്റുകൾ ഉറപ്പിക്കാൻ കഴിയുമെന്ന് രാഹുൽ ഗാന്ധിക്ക് റിപ്പോർട്ട് നൽകി സർവ്വേ വിഭാഗം; അടൂർ പ്രകാശിനു പകരം സ്വന്തം ഭൂമി പ്രവർത്തകർക്ക് നൽകി ശ്രദ്ധേയനായ നിയാസ് ചിതറയേയും അബ്ദുള്ളകുട്ടിക്ക് പകരം മുൻ എംപി രാമറേയുടെ മകൻ സുബ്ബറേയേയും പരിഗണിക്കാൻ ശുപാർശ; കെപിസിസി തയ്യാറാക്കിയ ലിസ്റ്റിൽ വെട്ടിത്തിരുത്തലിന് ഹൈക്കമാണ്ട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്‌സഭാ സീറ്റിലെ സ്ഥാനാർത്ഥി നിർണ്ണയം കെപിസിസി ഏതാണ്ട് പൂർത്തിയാക്കിയതാണ്. ആലത്തൂർ ഒഴികെ എല്ലാ മണ്ഡലത്തിലും കൃത്യമായി തന്നെ സ്ഥാനാർത്ഥികളെ നിശ്ചയിച്ചു. എന്നാൽ ഈ പട്ടികയിലെ രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾക്ക് മാറ്റം വരാൻ സാധ്യത. കാസർഗോട്ടും ആറ്റിങ്ങലിലും സാമുദായിക പരിഗണനകൾ വച്ച് പുതിയ സ്ഥാനാർത്ഥിയെ നിർത്താനാണ് നിർദ്ദേശം. ആറ്റിങ്ങലിൽ അടൂർ പ്രകാശും കാസർകോട്ട് എപി അബ്ദുള്ളക്കുട്ടിയേയും മത്സരിപ്പിക്കണമെന്നായിരുന്നു കെപിസിസിയുടെ നിർദ്ദേശം. എന്നാൽ സിപിഎമ്മിന്റെ ഈ രണ്ട് സിറ്റിങ് സീറ്റുകൾ ജയിക്കാൻ മറ്റൊരു തന്ത്രമാണ് കോൺഗ്രസിന്റെ സർവ്വേ വിഭാഗം മുന്നോട്ട് വയ്ക്കുന്നത്. കാസർഗോഡ് തുളു കന്നഡ സ്ഥാനാർത്ഥിയേയും ആറ്റിങ്ങലിൽ മുസ്ലിം സ്ഥാനാർത്ഥിയേയും നിർത്തണമെന്നാണ് നിർദ്ദേശം. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ഏറെ ഗൗരവത്തോടെ ഈ സൂചനകൾ പരിശോധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആറ്റിങ്ങലിലും കാസർകോട്ടും പുതിയ സ്ഥാനാർത്ഥികളെ ഹൈക്കമാണ്ട് നിർദ്ദേശിച്ചേക്കും.

ആറ്റിങ്ങലിൽ ഇഴവ സ്ഥാനാർത്ഥിയെ നിർത്താമെന്നായിരുന്നു കെപിസിസിയുടെ കണക്ക് കൂട്ടൽ. അവിടെ ജയിക്കുന്ന സിപിഎമ്മിന്റെ സമ്പത്തും ഈഴവ സമുദായ അംഗമാണ്. ഈ സാഹചര്യത്തിലാണ് ആറ്റിങ്ങലിൽ അടൂർ പ്രകാശിനെ മത്സരിപ്പിക്കാൻ കെപിസിസി നിർദ്ദേശിച്ചത്. കോന്നിയിൽ നിന്നുള്ള സിറ്റിങ് എംഎൽഎയാണ് അടൂർ പ്രകാശ്. ആറ്റിങ്ങലിൽ അടൂർ പ്രകാശിനേക്കാൾ വിജയ സാധ്യത മുസ്ലിം സ്ഥാനാർത്ഥിക്കാണെന്നാണ് കോൺഗ്രസിന്റെ സർവ്വേ വിഭാഗത്തിന്റെ വിലയിരുത്തൽ. ആറ്റിങ്ങൽ മണ്ഡലത്തിൽ മുസ്ലിം-ഈഴവ-നായർ വോട്ടർമാർ ഏതാണ്ട് തുല്യ നിലയിലാണ്. അതുകൊണ്ട് തന്നെ മുസ്ലിം വിഭാഗത്തിന്റെ വോട്ട് മുഴുവൻ നേടാനായാൽ കോൺഗ്രസിന് ആറ്റിങ്ങളിൽ ജയിക്കാനാകും. ബിജെപിയും ശക്തനായ സ്ഥാനാർത്ഥിയെ ആറ്റിങ്ങലിൽ നിർത്തും. ഇതോടെ നായർ-ഈഴവ വോട്ടുകൾ ഭിന്നിക്കുകയും ചെയ്യും. ഈ സാഹചര്യത്തിൽ കോൺഗ്രസിന് മുസ്ലിം സ്ഥാനാർത്ഥിയെ നിർത്തി ജയിപ്പിക്കാം. മുമ്പ് കോൺഗ്രസിനായി ഇവിടെ തലേകുന്നിൽ ബഷീർ ജയിച്ചതും ഇത്തരത്തിൽ വോട്ട് നേടിയാണ്. ഈ മാതൃക വീണ്ടും അവതരിപ്പിക്കണമെന്നാണ് സർവ്വേ നടത്തിയ സംഘം ഹൈക്കമാണ്ടിനോട് നിർദ്ദേശിക്കുന്നത്.

കാസർഗോഡ് വ്യത്യസ്ത തന്ത്രമാണ് പയറ്റുന്നത്. അവിടെ മുസ്ലിം ലീഗിനാണ് മുസ്ലീങ്ങൾക്കിടയിൽ സ്വാധീനം. അതുകൊണ്ട് ഏത് സ്ഥാനാർത്ഥിയെ നിർത്തിയാലും ഭൂരിപക്ഷ മുസ്ലിം വോട്ടുകൾ കോൺഗ്രസിന് കിട്ടും. ഭൂരിപക്ഷ സമുദായം മാറി നിൽക്കുന്നതാണ് വിജയത്തിന് തടസം. അതുകൊണ്ട് തന്നെ പ്രാദേശിക നേതാവിനെ സ്ഥാനാർത്ഥിയായി കാസർകോട് കൊണ്ടു വരണമെന്നാണ് ശുപാർശ. ഇതിലൂടെ കന്നഡ തുളു വോട്ടുകൾ നേടാൻ കഴിയും. കഴിഞ്ഞ തവണ ടി സിദ്ദിഖാണ് കാസർകോഡ് സ്ഥാനാർത്ഥിയായത്. സിദ്ദിഖിന്റെ പരാജയത്തിന് കാരണം കന്നഡ തുളു വോട്ടുകൾ കി്ട്ടാത്തതാണ്. പ്രാദേശിക ഭാഷ അറിയാവുന്ന സ്ഥാനാർത്ഥിയെ കണ്ടെത്തിയാൽ സിപിഎമ്മിനെ കാസർഗോട്ട് തോൽപ്പിക്കാമെന്നാണ് സർവ്വേ വിശദീകരിക്കുന്നത്. കാസർഗോഡ് മുൻ എംപിയായിരുന്ന രാമറേയുടെ മകൻ സുബ്ബയ്യ റായെ സ്ഥാനാർത്ഥിയാക്കണമെന്നാണ് നിർദ്ദേശം. ആറ്റിങ്ങലിൽ പൊതുരംഗത്ത് സജീമായ നിയാസ് ചിതറയെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ശുപാർശ.

ലോകസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ കുത്തക മണ്ഡലമാണ് കാസർകോട്. 1971ലും 1977ലും കടന്നപ്പള്ളി രാമചന്ദ്രനും 1984ൽ ഐ രാമറേയും മാത്രമാണ് കോൺഗ്രസിനായി ജയിച്ചത്. ബാക്കി എല്ലായ്‌പ്പോഴും സിപിഎം സ്ഥാനാർത്ഥികളാണ് ജയിച്ചത്. ഈ സാഹചര്യത്തിലാണ് രാമറേയുടെ മകൻ സുബ്ബയ്യ റായുടെ പേര് ഉയർത്തിക്കാട്ടുന്നത്. മണ്ഡലത്തിൽ അറിയപ്പെടുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. കന്നഡ സമുദായത്തിൽ നല്ല സ്വാധീവുമുണ്ട്. അതുകൊണ്ടാണ് സുബ്ബയ്യ റായാണ് മികച്ച സ്ഥാനാർത്ഥിയെന്ന് വിലയിരുത്തുന്നത്. ഈ പേരിനൊപ്പം ഹൈക്കമാണ്ട് നിലയുറപ്പിച്ചാൽ എപി അബ്ദുള്ളക്കുട്ടിയുടെ പേര് ഹൈക്കമാണ്ട് വെട്ടിമാറ്റും. ഇതിനുള്ള സാധ്യത ഏറെയാണ്. കാരണം അബ്ദുള്ളക്കുട്ടിക്ക് വേണ്ടി ഹൈക്കമാണ്ടിൽ വാദിക്കാനും ആരും ഇല്ല. കാസർഗോഡ് ഹൈക്കമാണ്ട് പറയുന്ന ആരേയും അംഗീകരിക്കാൻ എ-ഐ ഗ്രൂപ്പുകളും തയ്യാറാണ്. അതുകൊണ്ട് തന്നെ സുബ്ബയ്യ റായ്ക്ക് സാധ്യത ഏറെയാണ്.

അറ്റിങ്ങലിൽ പരിഗണിക്കുന്ന നിയാസ് ചിതറയും തിരുവനന്തപുരത്തെ യുവ നേതാവാണ്. സ്വന്തം ഭൂമി ഭൂരഹിതരായ പാവപ്പെട്ടവർക്ക് വീതിച്ചുനൽകി മാതൃകയായിരുന്നു നിയാസ് ഭാരതി എന്ന പേരിൽ അറിയപ്പെുന്ന നിയാസ് ചിതറ. തനിക്ക് കുടുംബ സ്വത്തായി കിട്ടിയ കോടികൾ വിലമതിക്കുന്ന ഒരേക്കർ പത്ത് സെന്റ് സ്ഥലമാണ് ഈ ചെറുപ്പക്കാരൻ നിർദ്ധനരും ഭുരഹിതരുമായ 20 പേർക്കായി വീതിച്ചു നൽകിയത്്. ഓരോ കുടുംബത്തിനും നാല് സെന്റ് ഭൂമി വീതമാണ് നൽകുന്നത്. ഇത് ഏറെ ചർച്ചയാവുകയും ചെയ്തു. അമ്മ ഉപേക്ഷിച്ച് പോയ നാല് വയസുകാരന് സ്വന്തമായി കിടപ്പാടമില്ലാത്ത അവസ്ഥ ശ്രദ്ധയിൽപ്പെട്ടതോടെയാണ് നിയാസിന് തന്റെ ഭൂമി പാവപ്പെട്ടവർക്ക് നൽകണമെന്ന് തീരുമാനം എടുത്തത്. വീടില്ലാത്ത ആ കുടുംബത്തിന് ചിതറ മാങ്കോട് വില്ലേജിലുള്ള തന്റെ വസ്തുവിൽനിന്ന് നാല് സെന്റ് ഇഷ്ടദാനമായി നൽകിയായിരുന്നു ഭൂമിദാനത്തിന്റെ തുടക്കം. പിന്നീട് സർക്കാരിന്റെ ഭുരഹിതരായവരുടെ പട്ടിക ശേഖരിച്ച് അർഹരായവരെ നേരിൽ കണ്ടും അന്വേഷിച്ചും ബാക്കി 19 പേരെക്കൂടി കണ്ടെത്തി. ഇതിന് സോഷ്യൽ മീഡിയയും വ്യാപക അംഗീകാരം നൽകി.

രണ്ട് വർഷം കൊണ്ട് പണി പൂർത്തിയാക്കാനുദ്ദേശിക്കുന്ന ഗാന്ധിഗ്രാമത്തിൽ അംഗൻവാടി, വായനശാല, പൊതു ആരാധനാലയം, മഴവെള്ള സംഭരണി, മാലിന്യ നിർമ്മാജന യൂണിറ്റ്, സൗരോജ പ്ലാന്റ് എന്നിവയും ഉൾപ്പെടുത്താനാണ് നിയാസ് ഉദേശിക്കുന്നത്. ഗുണഭോക്താക്കൾ 15 വർഷത്തേക്ക് വസ്തു കൈമാറ്റം ചെയ്യാനാവില്ലെന്ന വ്യവസ്ഥയോടെയാണ് നിയാസ് തന്റെ സ്ഥലം നൽകുന്നത്. ഗാന്ധിയൻ ആശയങ്ങളിൽ ആകൃഷ്ടനായ നിയാസ് ഭാരതി താൻ ഒരുക്കുന്ന പാർപ്പിട സമുച്ചയ കേന്ദ്രത്തിന് ഗാന്ധിഗ്രാമം എന്നാണ് പേര് നൽകിയിരിക്കുന്നത്. സർക്കാരിന്റേയും സുമനസുകളുടേയും സഹായത്തോടെ സ്വയം പര്യാപ്തമായ ഒരുപറ്റം കുടുംബങ്ങളെ പൊതുധാരയിലെത്തിക്കാനാണ് അഭിഭാഷകനും യൂത്ത് കോൺഗ്രസിന്റെ മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന നിയാസിന്റെ ആഗ്രഹം. കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായിരുന്ന നിയാസ് ഇടക്കാലത്ത് സജീവ രാഷ്ടീയത്തിൽ നിന്ന് വിട്ടുനിന്നെങ്കിലും സാമൂഹ്യ- ആതുര രംഗത്ത് സജീവമായിരുന്നു. കിളിമാന്നുർ സ്വദേശികളായ വൈ. സൈനുദിന്റെയും സൗദാ ബീവിയുടേയും മകനാണ് നിയാസ്. അതായത് ആറ്റിങ്ങൽ മണ്ഡലത്തിലെ പ്രതിനിധി. നിയാസിലൂടെ മുസ്ലിം വോട്ടുകളുടെ ഏകീകരണം ഉറപ്പിക്കാമെന്നാണ് ഹൈക്കമാണ്ടിന് വേണ്ടി ഓരോ മണ്ഡലത്തേയും കുറിച്ച് പഠിച്ച സമിതിയുടെ ശുപാർശ. ഇതോടെ ആറ്റിങ്ങലിൽ നിയാസിനും സാധ്യത കൂടുകയാണ്.

ലോക്സഭാ സീറ്റ് നൽകുന്ന കാര്യത്തിൽ സ്ത്രീകൾക്കും യുവാക്കൾക്കും ഇത്തവണ മുൻഗണന നൽകുമെന്നാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കൊച്ചിയിൽ എത്തിയ വേളയിൽ പറഞ്ഞിരുന്നു. കഴിവും മാനദണ്ഡവും അനുസരിച്ചായിരിക്കും തീരുമാനമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇതിനിടെയാണ് കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥികളെ ഗ്രൂപ്പ് മാനേജർമാർ നിശ്ചയിച്ചത്. ഇതിലെ ജയസാധ്യത കണ്ടെത്താനാണ് പ്രത്യേക സംഘത്തെ രാഹുൽ കേരളത്തിലേക്ക് നിയോഗിച്ചത്. ഇവരുടെ സർവ്വേയിലാണ് കാസർകോട്ടും ആറ്റിങ്ങലിലും സ്ഥാനാർത്ഥി മാറണമെന്ന് വ്യക്തമാക്കുന്നത്.

കെപിസിസി തയ്യാറാക്കിയ പഴയ പട്ടിക ഇങ്ങനെ

1, കാസർഗോഡ്-എ.പി അബ്ദുള്ളക്കുട്ടി
2, വയനാട്-ഷാനിമോൾ ഉസ്മാൻ
3, കണ്ണൂർ-കെ സുധാകരൻ
4, വടകര-അഭിജിത്ത്
5, കോഴിക്കോട്-എം.കെ രാഘവൻ
6, പാലക്കാട്- വി.കെ ശ്രീകണ്ഠൻ
7, തൃശൂർ-ടിഎൻ പ്രതാപൻ
8, ചാലക്കുടി-ബെന്നി ബെഹന്നാൻ
9, എറണാകുളം-കെ.വി തോമസ്
10, ആലപ്പുഴ- പി സി വിഷ്ണുനാഥ്
11, മാവേലിക്കര-കൊടിക്കുന്നിൽ സുരേഷ്
12, ഇടുക്കി-മാത്യു കുഴൽനാടൻ/ഉമ്മൻ ചാണ്ടി
13, പത്തനംതിട്ട- ആന്റോ ആന്റണി
14, ആറ്റിങ്ങൽ-അടൂർ പ്രകാശ്
15, തിരുവനന്തപുരം-ശശി തരൂർ

അതായത് കേരളത്തിലെ 20 സീറ്റിൽ 16 ലും മത്സരിക്കാൻ കോൺഗ്രസ് തീരുമാനിച്ചു കഴിഞ്ഞു. മുസ്ലിം ലീഗ് മൂന്നാം ലോക്‌സഭാ സീറ്റിന് അവകാശം ഉന്നയിക്കുന്നുണ്ട്. ഇടുക്കിയിൽ കേരളാ കോൺഗ്രസിനും നോട്ടമുണ്ട്. ഈ ആവശ്യങ്ങൾ കോൺഗ്രസ് അംഗീകരിക്കില്ല. നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ പരമാവധി സീറ്റിൽ മത്സരിക്കാനാണ് കോൺഗ്രസ് തീരുമാനം. ഇത് മുസ്ലിം ലീഗിനേയും കേരളാ കോൺഗ്രസിനേയും ബോധ്യപ്പെടുത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP