Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വർഗീയ വിദ്വേഷം പരത്തുന്ന നേതാവെന്ന് പരാതി പോയി; വിവാദ മത പ്രഭാഷക ശശികല ടീച്ചർക്ക് ബ്രിട്ടൺ വിസ നിഷേധിച്ചു; പത്തു വർഷത്തേക്ക് വിലക്കിന് സാധ്യത

വർഗീയ വിദ്വേഷം പരത്തുന്ന നേതാവെന്ന് പരാതി പോയി; വിവാദ മത പ്രഭാഷക ശശികല ടീച്ചർക്ക് ബ്രിട്ടൺ വിസ നിഷേധിച്ചു; പത്തു വർഷത്തേക്ക് വിലക്കിന് സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: വിവാദ ഹിന്ദുമത പ്രഭാഷക ശശികല ടീച്ചറെ ബ്രിട്ടൺ വിലക്കി. ബ്രിട്ടണിലെ ആദ്യ ഹിന്ദുമത പരിക്ഷത്തിന് ശശികല ടീച്ചറെ എത്തിക്കാനായിരുന്നു ബ്രിട്ടണിലെ ഹിന്ദു ഐക്യവേദിയുടെ ശ്രമം. ശശികല ടീച്ചറിന് മാത്രമല്ല, പരിപാടിയിൽ പങ്കെടുക്കാൻ ഇരുന്ന സർവ്വസമ്മതനായ ഹിന്ദുമത പ്രഭാഷകൻ ഗോപാലകൃഷ്ണനും വിസ ലഭിച്ചില്ല

ശശികല ടീച്ചറെ ക്ഷണിക്കാനുള്ള ഒരു സംഘത്തിന്റെ ശ്രമത്തിനെതിരെ ഹിന്ദു സമുദായത്തിൽ തന്നെ ഭിന്നത രൂക്ഷമായിരുന്നു. ആദ്യ ഘട്ടത്തിൽ അതിശക്തമായി വളർന്ന ഹിന്ദു സമാജത്തിനും ഈ നീക്കം തിരിച്ചടി ആയിരുന്നു. ശശികല ടീച്ചർക്ക് വിസ നിരസിച്ചതോടെ യുകെയിലെ ആദ്യ ഹിന്ദു മത പരിഷത്ത് മാറ്റി വച്ചതായി സംഘാടകർ അറിയിച്ചു. വിസ നിഷേധിച്ചതാവട്ടെ ബ്രിട്ടീഷ് പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയും അടക്കമുള്ള അനേകം പേർക്ക് യുകെയിൽ നിന്നും തന്നെ നിരവധി പരാതികൾ പ്രവഹിച്ചതോടെയാണ്.

അതെ സമയം ശശികലക്ക് ആദ്യം വിസ അനുവദിച്ച ശേഷം പിന്നീടു ചെന്നൈയിലെ എംബസി അധികൃതർ തിരിച്ചെടുക്കുക ആയിരുന്നു എന്നും സൂചനയുണ്ട്. ഇതോടെ ശശികലക്ക് ഭാവിയിലും ബ്രിട്ടൺ സന്ദർശിക്കാൻ പ്രയാസം നേരിടേണ്ടി വരും. യൂറോപ്പിലെ മറ്റു രാജ്യങ്ങളിലേക്കും പുതിയ വിസ ലഭിക്കാൻ ശശികലക്ക് ഇത് പ്രയാസം സൃഷ്ടിക്കും എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ശശികലയോടൊപ്പം പരിപാടിയിൽ പങ്കെടുക്കാൻ നിശ്ചയിച്ചിരുന്ന പ്രമുഖ ഹിന്ദു സൈദ്ധാന്തിക വിദഗ്ദ്ധൻ ഡോ. ഗോപാലകൃഷ്ണനും ഇതോടെ യുകെ സന്ദർശനം ഒഴിവാക്കി. ശശികല വരുന്നത് സംബന്ധിച്ച് പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ അവരെ ഒഴിവാക്കി പരിപാടി നടത്തുന്നത് സംബന്ധിച്ച് ചില ചർച്ചകൾ ഉയർന്നിരുന്നെങ്കിലും സംഘാടകർ അതിന് തയ്യാറായില്ല.

തുടങ്ങിയപ്പോൾ സമൂഹം ഒന്നായി പിന്തുണച്ചിരുന്ന ലണ്ടൻ ഹിന്ദു ഐക്യ വേദി പിന്നീട് വർഗ്ഗീയ ചേരിതിരിവിന്റെ സ്വരം ഉയർത്തിയതോടെ ഹൈന്ദവ സമൂഹത്തിൽ നിന്ന് തന്നെ പ്രതിഷേധം ഏറ്റുവാങ്ങുക ആയിരുന്നു. ഇതിനിടയിൽ ആദ്യ ഹിന്ദു പരിഷത്തിൽ കേരളത്തിലെ ഹിന്ദു മത പ്രചാരക ശശികല ടീച്ചറെ മുഖ്യ അതിഥി ആക്കാനുള്ള തീരുമാനം വ്യാപക എതിർപ്പ് ക്ഷണിച്ചു വരുത്തുക ആയിരുന്നു. സോഷ്യൽ മീഡിയ അടക്കം ശക്തമായി എതിർപ്പ് ഉയർത്തിയെങ്കിലും സംഘാടകർ പ്രഖ്യാപിച്ച പരിപാടിയുമായി മുന്നോട്ടു നീങ്ങുക ആയിരുന്നു. എന്നാൽ ശശികലയെ എത്തിക്കാനുള്ള നീക്കം സംഘാടകർ ഉപേക്ഷിക്കുന്നില്ലെന്നു വ്യക്തമാക്കിയപ്പോൾ ക്രോയിഡോൺ കേന്ദ്രീകരിച്ചു ഒരു സംഘം ആളുകൾ പ്രധാനമന്ത്രി ഡേവിഡ് കാമറോൺ, ഹോം സെക്രട്ടറി തെരേസ മേ, ഹോം ഓഫീസ്, ബോർഡർ ഏജൻസി, പരിപാടി നടക്കാനിരുന്ന ക്രോയിഡോൺ ലങ്ഗ് ഫ്രാക് സ്‌കൂൾ അധികൃതർ, ലണ്ടനിലെ ഇന്ത്യൻ എംബസി എന്നിവർക്ക് പരാതി നൽകുക ആയിരുന്നു.

വീടുകൾ കയറി ഇറങ്ങി നൂറിലേറെ ഒപ്പുകൾ ശേഖരിച്ചാണ് പരാതി നൽകിയത് എന്നത് ഗൗരവം വർദ്ധിക്കാൻ ഇടയാക്കി. മറ്റു മതങ്ങളെ അധിക്ഷേപിക്കുന്ന ശശികലയുടെ യൂട്യുബ് പ്രസംഗം അടക്കം ഉള്ളവയുടെ പരിഭാഷ സഹിതമാണ് പരാതി നൽകിയത്. പരാതിയിൽ ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അടക്കം മറുപടി നൽകുകയും ചെയ്തു.ഇന്ത്യൻ മുസ്ലിം പ്രചാരകൻ സകീർ നായിക്കിന് 2010 ലിൽ ബ്രിട്ടൻ സന്ദർശിക്കാൻ ഏറെപ്പെടുത്തിയ വിലക്കിന് സമാനമായ നടപടിയാണ് ഇപ്പോൾ ശശികലയുടെ കാര്യത്തിലും ഹോം ഓഫിസ് ഏർപ്പെടുത്തിയിരിക്കുന്നത്. സകീർ നായിക്കിനെ വിലക്കിയ തെരേസ മേ തന്നെയാണ് ശശികലയുടെ കാര്യത്തിലും തീരുമാനം എടുത്തത് എന്നതും കൗതുകമായി. സകീർ നായിക്കിന്റെ വിലക്ക് ബി ബി സി ഉൾപ്പെടെയുള്ള മാദ്ധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തത്. പിന്നീട് ഇതുവരെ സകീർ നായിക്കിന് ബ്രിട്ടൻ സന്ദർശിക്കാൻ കഴിഞ്ഞിട്ടില്ല. സമാനമായ സാഹചര്യം തന്നെയാകും ഭാവിയിൽ ശശികലയും നേരിടേണ്ടി വരിക എന്ന് വ്യക്തമാണ്.

ശശികലയെ പോലെ വിവാദ പ്രസംഗങ്ങൾ ടെലിവിഷനിലും പൊതു വേദികളിലും നടത്തിയത് തന്നെയാണ് സകീർ നായികിനും വിനയായത്. മത സൗഹാർദ്ദത്തിനു തികഞ്ഞ വിലങ്ങു തടിയും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയും ആയാണ് സകീർ നായിക്കിനെ ബ്രിട്ടീഷ് ഹോം ഓഫിസ് വിലയിരുത്തുന്നത്. ബ്രിട്ടീഷ് സന്ദർശനം ഒരു അംീകരമാണ് , അവകാശമല്ല എന്നാണ് 2010 ലിൽ തെരേസ മേ ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്കിയത്. ശശികലയുടെ കാര്യത്തിലും സമാനമായ ഉത്തരം തന്നെയാകും ഹോം ഓഫിസ് പുറത്തു വിടുക. പത്ത് വർഷത്തേക്കെങ്കിലും ശശികല ചീച്ചറെ ബ്രിട്ടൺ വിലക്കുമെന്നാണ് സൂചന.

ബ്രിട്ടണിലെ മലയാളികളെ ലക്ഷ്യമിട്ട് അനേകം മത പ്രചാരകർ എത്തുന്നുണ്ടെങ്കിലും മറ്റു മതങ്ങളെ ആക്ഷേപിക്കുന്ന വിധം ആര് സംസാരിച്ചാലും ഇത്തരം പരാതികൾ ഉയർന്നാൽ ബ്രിട്ടീഷ് സർക്കാര് നോക്കിയിരിക്കില്ല എന്നതിന് കൂടി ഉദാഹരണം ആകുകയാണ് ശശികല സംഭവം. ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്ന നേതാക്കൾ കൂടുതൽ മുൻ കരുതൽ സ്വീകരിക്കെണ്ടിയിരിക്കുന്നു എന്നതിന് തെളിവാകുകയാണ് സകീർ നായിക്, ശശികല എന്നിവരുടെ സന്ദർശനം തടയപ്പെട്ടത്. സാധാരണ ഗതിയിൽ 10 വർഷത്തേക്ക് ഇത്തരം അപേക്ഷകൾ ഹോം ഓഫിസ് പരിഗണിക്കാറില്ലെങ്കിലും ചിലരുടെ കാര്യത്തിൽ ആജീവനാന്ത വിലക്കും ഉണ്ടാകാറുണ്ട്.

മലയാള സിനിമയിലെ ഒരു പ്രമുഖ കോമഡി നടൻ ഇത്തരം വിലക്ക് നേരിടുകയാണ്. തെറ്റായ വിവരങ്ങൾ ധരിപ്പിച്ച് ബ്രിട്ടൺ സന്ദർശനം നടത്തി എന്ന് കണ്ടെത്തിയതിനാലാണ് ഹോം ഓഫീസ് ഇദ്ദേഹത്തെ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തിയിരിക്കുന്നത്. പിന്നീട് പലതവണ ഇദ്ദേഹത്തിനായി വിസ അപേക്ഷ നൽകിയെങ്കിലും നിരുപാധികം തള്ളുക ആയിരുന്നു ഹോം ഓഫീസ്.

അതെ സമയം ലണ്ടൻ ഹിന്ദു ഐക്യ വേദി അടിസ്ഥാന ലക്ഷ്യങ്ങളിൽ നിന്ന് വ്യതിച്ചലിച്ചതോടെ സഹകരണം അവസാനിപ്പിക്കുക ആയിരുന്നു എന്ന് പരാതി നൽകുവാനും ഒപ്പ് ശേഖരണം നടത്തുവാനും മുന്നിട്ടിരങ്ങിയവർ പറയുന്നു. തുടക്കത്തിൽ ക്രോയിഡോൺ കേന്ദ്രമാക്കി മലയാളികൾക്കായി ഒരു ക്ഷേത്രം എന്ന ആശയം മുന്നോട്ടു വച്ച ഹിന്ദു ഐക്യ വേദി മാസം തോറും ഉള്ള പ്രാർത്ഥന ചടങ്ങുകൾ വഴി അതിവേഗം ഹിന്ദു കൂട്ടായ്മയുടെ മുഖമായി മാറുക ആയിരുന്നു. തെക്കേമുറി ഹരിദാസിന്റെ നേതൃത്വത്തിലാണ് ഹിന്ദു ഐക്യ വേദി പ്രവർത്തിക്കുന്നതെങ്കിലും തീരുമാനങ്ങളിൽ പലപ്പോഴും അദ്ദേഹം നിസ്സഹായനായി മാറുകയാണെന്ന് പറയപ്പെടുന്നു. തികച്ചും മിതവാദിയും മതേതര പ്രിയനുമായ അദ്ദേഹത്തെ മുന്നിൽ നിർത്തി ചിലർ നിഗൂഡ അജണ്ടകൾ നടപ്പാക്കാൻ നടത്തുന്ന ശ്രമം ആണ് ഇപ്പോൾ ഹിന്ദു ഐക്യ വേദിയുടെ പേരിൽ നടക്കുന്നതെന്നും വിമർശകർ കുറ്റപ്പെടുത്തുന്നു.

ശശികലയുടെ വരവ് തടയപ്പെട്ടതോടെ വിമർശനം ഉയർത്തിയ സ്ത്രീകളെ പോലും പൊതു നിരത്തിൽ വച്ച് ഐക്യ വേദി പ്രവർത്തകർ എന്നവകാശപ്പെടുന്നവർ ചോദ്യം ചെയ്യാൻ ശ്രമിച്ചതും പൊതു സമൂഹം ചർച്ച ചെയ്തു തുടങ്ങിയിട്ടുണ്ട്. അതിനിടെ വിമർശനം ഉയർത്തിയവരെ ഒറ്റപ്പെടുത്തണം എന്ന് ആഹ്വാനം ചെയ്യുന്ന സ്വകാര്യ സന്ദേശങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ശശികലയുടെ വരവ് തടയപ്പെട്ടതിനെ കുറിച്ച് മൗനം പാലിക്കുക അല്ലാതെ വ്യക്തമായ മറുപടി നൽകാൻ ഹിന്ദു ഐക്യ വേദി നേതാക്കൾ തയ്യാറായിട്ടില്ല. പരിപാടി പിന്നീട് നടത്തും എന്ന പത്ര പ്രസ്താവന നൽകി തൽക്കാലം മുഖം രക്ഷിക്കാൻ ഉള്ള ശ്രമം ആണ് നേതൃത്വം കൈക്കൊണ്ടിരിക്കുന്നത്.

ഹരിദാസിന്റെ പേരിൽ പുറത്തു വിട്ടിരിക്കുന്ന പത്ര കുറിപ്പിൽ പരിപാടി പിന്നീട് ഒരു തീയ്യതിയിൽ നടത്തും എന്ന് മാത്രമേ വ്യക്തമാക്കിയിട്ടുള്ളൂ. കൂടുതൽ വിശദാംശങ്ങൾ പിന്നീട് അറിയിക്കും എന്ന് എവിടെയും തൊടാതെയുള്ള ഒഴുക്കാൻ മറുപടിയാണ് പരിപാടിയിൽ പങ്കെടുക്കാൻ സകല ഒരുക്കവും പൂർത്തിയാക്കിയ വിവിധ ഹിന്ദു സമാജം പ്രവർത്തകർക്കും ഹിന്ദു ഐക്യ വേദി നൽകിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP