Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നോവൽ പിൻവലിച്ചത് എസ് ഹരീഷാണെന്ന് മാതൃഭൂമി വിളംബരം ചെയ്തത് പച്ചക്കള്ളം; സംഘപരിവാർ ഭീഷണിയിൽ നട്ടെല്ല് വളഞ്ഞ മാതൃഭൂമി എഴുത്തുകാരനെ ഭീഷണിപ്പെടുത്തി നോവൽ നിർത്തിച്ചു; തുടരണം എന്ന് വാദിച്ച എഡിറ്റർ കമൽറാം സജീവിനെ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി സൂചന; വീരേന്ദ്രകുമാറിന് മാത്രം ആവിഷ്‌കാര സ്വാതന്ത്ര്യം മതിയെന്ന് കരുതുന്ന മാതൃഭൂമി ഉടമകൾ നാണക്കേട് മാറ്റാൻ എഴുത്തുകാരനെ ബലിയാടാക്കിയിട്ടും വാ തുറക്കാതെ സാംസ്‌കാരിക നായകർ

നോവൽ പിൻവലിച്ചത് എസ് ഹരീഷാണെന്ന് മാതൃഭൂമി വിളംബരം ചെയ്തത് പച്ചക്കള്ളം; സംഘപരിവാർ ഭീഷണിയിൽ നട്ടെല്ല് വളഞ്ഞ മാതൃഭൂമി എഴുത്തുകാരനെ ഭീഷണിപ്പെടുത്തി നോവൽ നിർത്തിച്ചു; തുടരണം എന്ന് വാദിച്ച എഡിറ്റർ കമൽറാം സജീവിനെ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി സൂചന; വീരേന്ദ്രകുമാറിന് മാത്രം ആവിഷ്‌കാര സ്വാതന്ത്ര്യം മതിയെന്ന് കരുതുന്ന മാതൃഭൂമി ഉടമകൾ നാണക്കേട് മാറ്റാൻ എഴുത്തുകാരനെ ബലിയാടാക്കിയിട്ടും വാ തുറക്കാതെ സാംസ്‌കാരിക നായകർ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള സംഘപരിവാർ അണികളുടെ സംഘടിതാക്രമണം സഹിക്കവയ്യാതെ എഴുത്തുകാരൻ തന്റെ നോവൽ പിൻവലിച്ചുവെന്നത് തെറ്റ്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന മീശ എന്ന നോവൽ എസ് ഹരീഷ് പിൻവലിച്ചത് മാധ്യമ സ്ഥാപനത്തിന്റെ സമ്മർദ്ദം മൂലമെന്ന് റിപ്പോർട്ട്. എഴുത്തുകാരനായ ഹാരീഷ് സുഹൃത്തുക്കളോടും അടുപ്പക്കാരോടും പങ്കുവയ്ക്കുന്നത് ഈ വികാരമാണ്. മാതൃഭൂമിക്ക് ഈ നോവൽ വലിയ നഷ്ടമുണ്ടാക്കിയെന്നും അതു കൊണ്ട് പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തിയെന്നുമാണ് സൂചന.

എഴുത്തുകാരന്റെയും കുടുംബത്തിന്റെയും ജീവന് ഭീഷണിയാകും വിധം എതിർപ്പുകളും ഭീഷണികളും അതിരൂക്ഷമായതോടെയാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന മീശ എന്ന നോവൽ എസ് ഹരീഷ് പിൻവലിച്ചതെന്നാണ് വാർത്ത മാതൃഭൂമി പുറത്തുവിട്ടത്. എന്നാൽ എതിർപ്പുകൾ രൂക്ഷമായതോടെ മാതൃഭൂമി തന്നെ പ്രശ്‌നത്തിൽ ഇടപെടുകയായിരുന്നു. നോവൽ പിൻവലിച്ചേ മതിയാകൂവെന്ന് നിലപാട് എടുത്തു. അ്‌ല്ലെങ്കിൽ പ്രസിദ്ധീകരിക്കുന്നത് നിർത്തുമെന്നും വ്യക്തമാക്കി. അങ്ങനെ നിർത്തുന്നത് എഴുത്തുകാരന് കൂടുതൽ ചീത്തപേരുണ്ടാക്കുമെന്നും പറഞ്ഞു. അതിനാൽ മാതൃഭൂമിക്ക് പേരു ദോഷം ഉണ്ടാകാതിരിക്കാൻ നോവൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിന് വഴങ്ങിയാണ് ഹരീഷ് നോവൽ പിൻവലിച്ചത്. മീശയെന്ന നോവൽ പിൻവലിച്ചിട്ടും അതിനെതിരെ ശബ്ദിക്കാൻ സാംസ്‌കാരിക നായകർ പോലും രംഗത്ത് വന്നില്ലെന്നതും ശ്രദ്ധേയമാണ്.

എസ് ഹരീഷിന്റെ നോവലിന്റെ മൂന്ന് ഭാഗങ്ങളാണ് ഇതുവരെ പുറത്തിറങ്ങിയത്. വായനക്കാരുടെ സവിശേഷമായ ശ്രദ്ധ ഇതിനകം പിടിച്ചുപറ്റിയ നോവലിന്റെ രണ്ടാം ഭാഗത്താണ് എതിർപ്പുകൾക്ക് കാരണമായ പരാമർശങ്ങൾ ഉണ്ടായത്. നോവലിലെ കഥാപാത്രങ്ങളുടെ സംഭാഷണത്തിനിടെ സ്ത്രീകൾ ക്ഷേത്രത്തിൽ പോകുന്നതുമായി ബന്ധപ്പെട്ട പരാമർശമാണ് സംഘപരിവാർ അണികളെ പ്രകോപിപ്പിച്ചത്. കഥാപാത്രത്തിന്റെ സംഭാഷണം ഏറ്റുപിടിച്ച് കഴിഞ്ഞ ഒരാഴ്ചയായി സാമൂഹികമാധ്യമങ്ങളിലും മറ്റും ഹരീഷിനെതിരെ നിലയ്ക്കാത്ത അസഭ്യങ്ങളും ഭീഷണികളും വർഷിക്കുകയായിരുന്നു. സ്ത്രീകളെയും വ്യാപകമായി രംഗത്തിറക്കി. പത്രത്തിന്റെ സർക്കുലേഷനെ ബാധിക്കുന്ന തരത്തിലേക്ക് സംഘപരിവാർ ചർച്ചകൾ കൊണ്ടു പോയി. സ്ത്രീകളുടെ നേതൃത്വത്തിൽ പലയിടത്തും മാതൃഭൂമി ബഹിഷ്‌കരിക്കാൻ പരിവാറുകാർ ആഹ്വാനം നടത്തി. ഇതോടെ മാതൃഭൂമിയുടെ സർക്കുലേഷൻ കുറഞ്ഞു. ഇത് നേതൃത്വത്തെ പ്രതിസന്ധിയിലാക്കി. ഇതോടെ വിഷയത്തിൽ മാനേജിങ് എഡിറ്റർ പിവി ചന്ദ്രനും എം വിശ്രേയംസ് കുമാറും ഇടപെട്ടു. ഇതോടെ ഹരീഷിന് മേൽ സമ്മർദ്ദമായി.

ആവിഷ്‌കാര സ്വാതന്ത്ര്യാമാണ് ഹരീഷിന്റെ നോവലെന്ന വാദം ആഴ്ചപതിപ്പിന്റെ ചുമതലയുള്ള കമൽറാം സജീവ് മുന്നോട്ട് വച്ചു. എംപി വീരേന്ദ്രകുമാർ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്നതും ഓർമിപ്പിച്ചു. എന്നാൽ പരിവാറുകാരെ പിണക്കി പത്രത്തെ പിന്നോട്ട് കൊണ്ടു പോകാനില്ലെന്ന നിലപാട് ശ്രേയംസ്‌കുമാറെടുത്തു. അതൃപ്തിയുണ്ടെങ്കിൽ രാജി വയ്ക്കാനും കമൽറാമിനോട് ആവശ്യപ്പെട്ടു. ഇതോടെയാണ് ഹരീഷിന് മേൽ സമ്മർദ്ദം ശക്തമാക്കിയതും. നാണക്കേട് ഒഴിവാക്കാൻ മനസ്സില്ലാ മനസോടെ ഹരീഷ് തീരുമാനിക്കുകയും ചെയ്തു. ഇതാണ് മാതൃഭൂമി വാർത്തയായി നൽകിയതും. എഴുത്തുകാരനെ സംരക്ഷിക്കാൻ മുഖ്യധാര സാംസ്‌കാരിക പ്രവർത്തകർ എത്തിയില്ലെന്നതും ശ്രദ്ധേയമാണ്. മാതൃഭൂമിയെ വിമർശിക്കാൻ മടിയുള്ളത് കാരണമാണ് ഇതെന്നാണ് വിലയിരുത്തൽ.

വിഎച്ച്പി വിട്ട് അന്താരാഷ്ട്ര ഹിന്ദുപരിഷത്ത് എന്ന സംഘടനയുണ്ടാക്കിയ പ്രവീൺ തൊഗാഡിയയുടെ അനുയായികളാണ് ഹരീഷിനെതിരെ ആദ്യം എതിർപ്പിന്റെ വാളുയർത്തിയത്. ഹിന്ദുപരിഷത്ത് ഇത് വിവാദമാക്കി ശ്രദ്ധനേടുന്നത് കണ്ടതിനെത്തുടർന്ന് ആർഎസ്എസും ഇതര സംഘപരിവാർ സംഘടനകളും വിഷയം രൂക്ഷമാക്കി രംഗത്തുവരികയായിരുന്നു. എതിർപ്പുകൾ വ്യാപകമായതോടെ പൂജാരിമാരുടെ സംഘടനയും പ്രതിഷേധമുയർത്തി. ഇവരിൽ പലരുടെയും പ്രതികരണത്തിൽ എന്താണ് വിവാദത്തിന് കാരണമെന്ന് പോലും വ്യക്തതയുണ്ടായിരുന്നില്ല. 'ഹരീഷിന്റെ ലേഖനത്തിൽ ഹിന്ദുസമുദായത്തെയും ക്ഷേത്രത്തിൽ പോകുന്ന സ്ത്രീകളെയും കടുത്ത രീതിയിൽ അപമാനിച്ചു,' എന്ന തരത്തിലാണ് പല പ്രതികരണങ്ങളും ഉണ്ടായത്. സത്യത്തിൽ ഇത് നോവലിലെ പരാമർശമാണെന്നോ കഥാപാത്രങ്ങളുടെ സംഭാഷണത്തിലെ വരികളാണെന്നോ പോലും ഭീഷണിയും ആക്രോശവും നടത്തുന്ന പലരും പരിശോധിച്ചില്ല.

സ്ത്രീത്വത്തെ അപമാനിച്ചു എന്ന ഗുരുതരമായ വകുപ്പുകൾ ഉൾപ്പെടുത്തി സുപ്രിംകോടതിയിലടക്കം കേസുകൊടുക്കുമെന്ന ഭീഷണിയും വന്നതോടെയാണ് സർക്കാർ ഉദ്യോഗസ്ഥൻ കൂടിയായ എസ് ഹരീഷ് വലിയ പ്രതിസന്ധിയിലായത്. സംഘപരിവാർ സംഘടനകൾ കേസുമായി സുപ്രിം കോടതിയെ സമീപിച്ചതായാണ് അറിയുന്നത്. ഹരീഷിന്റെ ഭാര്യയെയും സംഘികൾ വെറുതെവിട്ടില്ല. അവരുടെ ചിത്രം സഹിതമാണ് അശ്ലീലപ്രസ്താവനകളും കമന്റുകളും പ്രചരിപ്പിക്കുന്നത്. നോവൽ പ്രസിദ്ധീകരിച്ച മാതൃഭൂമിക്കെതിരെയും ഭീഷണിയും അധിക്ഷേപങ്ങളും മുറയ്ക്ക് നടന്നുകൊണ്ടിരിക്കുകയാണ്. മാതൃഭൂമി പുസ്തകമേളയും രാമായണ മേളയും അലങ്കോലപ്പെടുത്തുന്ന വിധത്തിൽ സംഘപരിവാർ സംഘടനകൾ സംഘടിതമായ ആക്രമണം അഴിച്ചുവിട്ടു. ഇതോടെ അവരും ഹരീഷിനെ കൈവിടുകയായിരുന്നു. സ്ഥാപനത്തിനെതിരെ പ്രതിഷേധപ്രകടനങ്ങളും ബഹിഷ്‌കരണവും ശക്തമാക്കാൻ സംഘപരിവാർ നീക്കം നടത്തുന്നുണ്ട്.

''ഹരീഷ് തന്റെ നോവൽ പിൻവലിക്കുന്നു. കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിലെ കറുത്തദിനം, ഇരുണ്ടദിനങ്ങളാണ് വരുന്നത്.'' സംഭവത്തോട് പ്രതികരിച്ച് മാതൃഭൂമി ആഴ്ചപതിപ്പ് എഡിറ്റർ കമൽറാം സജീവ് ട്വീറ്റ് ചെയ്തത്. ഇത് മാനേജ്‌മെന്റിനോടുള്ള അതൃപ്തി കൂടിയാണ്. മതൃഭൂമി ആഴ്‌ച്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച് വന്ന എസ് ഹരീഷിന്റെ മീശ എന്ന നോവലിനെതിരെ വലിയ രീതിയിലുള്ള ആക്രമണം ഉണ്ടായിരുന്നു. ഹൈന്ദവ വികാരം വ്രണപ്പെടുത്തിയെന്നായിരുന്നു ആരോപണം. നോവൽ പിൻവലിക്കാനുള്ള തീരുമാനത്തിൽ ഹിന്ദുത്വ സംഘടനകൾ ആഘോഷം തുടങ്ങി കഴിഞ്ഞു. അതേസമയം രാഷ്ട്രീയ സാംസ്‌കാരിക-മേഖലയിൽ നിന്ന് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ തുടങ്ങിയിട്ടുണ്ട്.

ഹിന്ദു ഐക്യവേദിയുടെ നേതാവ് ആർവി ബാബുവാണ് ഈ വിഷയത്തിൽ ആദ്യം പ്രതികരണം നടത്തിയത്. നോവലിസ്റ്റ് ഹരീഷ് മിശ വടിച്ചു. പ്രതികരണം കൊടുങ്കാറ്റായി മാറുന്നതിന് മുമ്പേ എന്നാണ് ഇയാളുടെ ആദ്യത്തെ ഫേസ്‌ബുക്ക് പോസ്റ്റ്. പിന്നീടും നിരന്തരം ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഇതുപോലെ നല്ല രീതിയിൽ ഹിന്ദുക്കൾ ഉണർന്ന് പ്രതികരിച്ചാൽ ഇനി ഒരുത്തനും ഇതുപോലുള്ള തൊട്ടിയുമായി നോവലാണെന്ന് പറഞ്ഞ് വരില്ലെന്നും അത് ഒരു മാധ്യമവും പ്രസിദ്ധീകരിക്കില്ലെന്നും ഇയാൾ പറയുന്നു. പോസ്റ്റിന് പ്രവർത്തകരുടെ പിന്തുണയുമുണ്ട്. നോവൽ പിൻവലിച്ചതുകൊണ്ട് മാത്രം ഈ വിഷയം അവസാനിപ്പിക്കാൻ കേരളത്തിലെ ഹൈന്ദവ സമൂഹം ഉദ്ദേശിച്ചിട്ടില്ല എന്ന് പറയുന്നു. ഇക്കാര്യം മാതൃഭൂമിക്ക് മനസിലാക്കി കൊടുക്കുവാൻ നമുക്ക് കഴിയണം. മുമ്പ് ഇത് പോലെയുണ്ടായ വിഷയത്തിൽ മറ്റൊരു കൂട്ടരോട് ചെയ്തത് പോലെ തെറ്റ് ചെയ്തവനും പബ്ലിഷ് ചെയ്തവനും ഹിന്ദു സമൂഹത്തോട് പരസ്യമായി മാപ്പു പറയുന്നത് വരെ പ്രക്ഷോഭം തുടരുക തന്നെ വേണമെന്നാണ് അനുയായികളുടെ പ്രതികരണം. മാതൃഭൂമിയാണ് ഈ തെറ്റിൽ പങ്കാളിയെന്ന് ആർവി ബാബു പറയുന്നു.

മീശ എന്ന നോവലിലെ രണ്ട് കഥാപാത്രങ്ങൾ തമ്മിൽ നടത്തിയ ഒരു സംഭാഷണത്തിന്റെ ഭാഗം ചില കേന്ദ്രങ്ങൾ സമൂഹമാധ്യങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇത് ക്ഷേത്രവിശ്വാസികൾക്ക് എതിരാണെന്ന് ആരോപിച്ചാണ് ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘടനകൾ രംഗത്ത് വന്നത്. ഹിന്ദു സംഘടനകളുടെ ആക്രമണ ഭീഷണിയെയും കുടുംബാംഗങ്ങളെ അപമാനിക്കാനുള്ള നീക്കത്തെയും തുടർന്നാണ് ഹരീഷ് സമ്മർദ്ദത്തിലായത്.

വിവാദമാക്കപ്പെട്ട പരാമർശം

പെൺകുട്ടികൾ എന്തിനാണ് ഇങ്ങനെ കുളിച്ച് സുന്ദരിമാരായ അമ്പലത്തിൽ പോകുന്നന്നത്? ആറു മാസം മുൻപ് വരെ കൂടെ നടക്കാനുണ്ടായിരുന്ന സുഹൃത്ത് ഒരിക്കൽ ചോദിച്ചു. 'പ്രാർത്ഥിക്കാൻ' ഞാൻ പറഞ്ഞു. 'അല്ല, നീ ഒന്നുകൂടെ സൂക്ഷിച്ച് നോക്ക്, ഏറ്റവും നല്ല വസ്ത്രങ്ങൾ ഏറ്റവും ഭംഗിയായി അണിഞ്ഞു ഏറ്റവും ഒരുങ്ങി എന്തിനാണ് പ്രാർത്ഥിക്കുന്നത്? തങ്ങൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തയ്യാറാണെന്ന് അബോധപൂർവമായി പ്രഖ്യാപിക്കുകയാണവർ'. ഞാൻ ചിരിച്ചു. 'അല്ലെങ്കിൽ അവരെന്താണ് മാസത്തിൽ നാലോ അഞ്ചോ ദിവസം അമ്പലത്തിൽ വരാത്തത്? തങ്ങൾ അതിന് തയ്യാറല്ലെന്ന് അറിയിക്കുകയാണ്. പ്രത്യകിച്ചും അമ്പലത്തിലെ തിരുമേനിമാരെ. അവരായിരുന്നല്ലോ പണ്ട് ഈ കാര്യത്തിന്റെ ആശാന്മാർ.'- യുവ എഴുത്തുകാരിൽ ശ്രദ്ധേയനായ എസ്. ഹരീഷിന്റെ മീശ എന്ന നോവലിലെ രണ്ട് കഥാപാത്രങ്ങൾ തമ്മിലെ സംഭാഷണം ഇങ്ങനെയായിരുന്നു. ഇതിനെതിരെ സൈബർ ആക്രമണം ശക്തമായതോടെ ഫേസ്‌ബുക്ക് അക്കൗണ്ട് ഉപേക്ഷിച്ചിരുന്നു ഹരീഷ്.

മനപ്പൂർവ്വം ഹിന്ദുത്വത്തെ അവഹേളിക്കാൻ ഹരീഷ് ശ്രമിച്ചുവെന്നാണ് സംഘ പരിവാർ അനുകൂലികൾ ആരോപിച്ചത്. പരസ്യമായി കുരീപ്പുഴ ശ്രീകുമാറിനെ മർദ്ദിച്ച പോലെ ഹരീഷിനെയും മർദ്ദിക്കുമെന്നും എസ്. ഹരീഷിന്റെ കൈ വെട്ടണമെന്നും സംഘപരിവാർ അനുയായികൾ പരസ്യമായി ആഹ്വാനം ചെയ്യുകയും ചെയ്തു. കൂടാതെ ഹരീഷിന്റെ അമ്മയെ ഉൾപ്പടെ ഉള്ള ആളുകളെ സംഘം ചേർന്ന് സൈബർ ആക്രമണത്തിന് വിധേയമാക്കുകയും ചെയ്തു. എല്ലാം അതിരുവിട്ടപ്പോഴാണ് ഹരീഷ് ഫെയ്‌സ് ബുക്ക് പേജ് തന്നെ പൂട്ടിയത്. അപ്പർ കുട്ടനാടിനെ തന്നെ പ്രധാന കഥാപാത്രമാക്കി ഹരീഷ് എഴുതിയ നോവലാണ് മീശ. മീശ എന്ന കഥാപാത്രമാണ് നോവലിലെ കേന്ദ്രബിന്ദു. അയാളിലൂടെയാണ് കഥാകാരൻ കഥ പറയുന്നത്.

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരെ സംഘപരിവാർ കൊലവിളി കേരളത്തിലും സജീവമാക്കുന്നതിന്റെ സൂചനയായി ഇതിനെ സോഷ്യൽ മീഡിയയിലുൾപ്പെടെ ഇത് വിലയിരുത്തപ്പെട്ടു. കലാകാരന്മാർക്ക് പ്രതികരിക്കാനാവാത്ത സാഹചര്യമാണ് ഇതുണ്ടാക്കുന്നതെന്ന വിലയിരുത്തലും സജീവമായി.

ഹരീഷ് മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെ:

'ഒരു നോവലിൽ നല്ലതും ചീത്തയും ആയ കഥാപാത്രങ്ങൾ ഉണ്ടാവാം. സമൂഹം അങ്ങനെയാണ് എന്നാൽ ചീത്ത കഥാപാത്രങ്ങൾ പറയുന്ന വാക്കുകൾ നോവലിസ്റ്റിന്റെ അഭിപ്രായമാണെന്ന് എങ്ങനെ പറയും.' എന്നായിരുന്നു നോവലിസ്റ്റ് എസ് ഹരീഷ് മറുനാടൻ മലയാളിയുമായി സംസാരിക്കവേ നേരത്തെ വ്യക്തമാക്കിയത്.

നോവൽ എന്നത് നറേറ്ററുടെ അഭിപ്രായമല്ല. പ്രാഥമികമായ സാഹിത്യവിവരംപോലും ഇല്ലാത്തവരാണ് ഇങ്ങനെ പ്രതികരിക്കുന്നത്.നോവലിലെ ഞാൻ എന്നു പറയുന്നതു പോലും എഴുത്തുകാരനല്ല. ഞാൻ പോലുമല്ല അതിൽ പറയുന്നത്. അതിലെ ഒരു കഥാപാത്രം ക്ഷേത്രത്തിൽ പോകുന്ന സ്ത്രീകളെ കുറിച്ച് നടത്തുന്ന നിരുത്തരവാദപരമായ കമന്റാണത്. അങ്ങനെ പറയുന്ന പലരുമില്ലേ? പള്ളിയിൽ പോകുന്ന സ്ത്രീകളേയും അച്ചന്മാരേയും ചേർത്തു പറയുന്നവരുണ്ട്. അങ്ങനെ പറയുന്ന ഒരു കഥാപാത്രമാണ് നോവലിലേത്. ആ കഥാപാത്രത്തിന് നോവലിൽ അങ്ങനെ പറയാൻ സ്വാതന്ത്ര്യമുണ്ടല്ലോ.-ഹരീഷ് വ്യക്തമാക്കി.

അങ്ങനെയാണെങ്കിൽ രാമായണവും മഹാഭാരതവുമൊക്കെ നാം എങ്ങനെ വ്യാഖ്യാനിക്കും. ദ്രൗപദിയെ അർജ്ജുനൻ കല്യാണം കഴിച്ചു കൊണ്ടു വരുന്നു. അഞ്ചുപേരും കൂടി പകുത്തെടുത്തോളാൻ അമ്മ പറയുന്നു. അത് അഞ്ചുപേരും അനുസരിക്കുന്നു. രാമനാവട്ടെ അലക്കുകാരൻ അപവാദം പറഞ്ഞതിന് സീതയെ കാട്ടിൽ ഉക്ഷേിക്കുന്നു. സംഘികളുടെ വാദം അനുസരിച്ചാണെങ്കിൽ അലക്കുകാരൻ പറഞ്ഞതിന്റെ ഉത്തരവാദിത്തം വാത്മീകിക്കല്ലേ വരേണ്ടത്. പാഞ്ചാലിയെ അഞ്ചുപേർ കല്യാണം കഴിച്ചതിന്റെ ഉത്തരവാദിത്തം വ്യാസനല്ലേ വരേണ്ടത്?-ഹരീഷ് ചോദിക്കുന്നു. വയലാർ എഴുതിയ തങ്കഭസ്മക്കുറിപോലുള്ള ഗാനങ്ങളുടെ സ്ഥിതി ഇന്ന് എന്താവുമായിരുന്നു. ഭഗവതിയെ കാറിത്തുപ്പി സ്വയം വെട്ടിമരിച്ച വെളിച്ചപ്പാടിനെ ഇന്ന് അവതരിപ്പിക്കാൻ എംടിക്കാവുമോ.

സ്ത്രീവിരുദ്ധത ഈ സമൂഹത്തിൽ ഉള്ളതാണ്. കടുത്ത വർഗ്ഗീയത പുലർത്തുന്ന ഹിന്ദുക്കളും മുസ്ലീങ്ങളും ക്രിസ്ത്യാനികളുമുണ്ട്. ഇവരെ കഥാപാത്രമായി അവതരിപ്പിക്കാൻ എഴുതുന്ന ആർക്കും സ്വാതന്ത്ര്യമുണ്ട് എന്നു തന്നെയാണ് ഞാൻ കരുതുന്നത്. തീർച്ചയായും അവരെ അവതരിപ്പിക്കേണ്ടതു തന്നെയാണ്. എല്ലാ കഥാപാത്രങ്ങളും നല്ലവരായിരിക്കണം. നല്ലതായി സംസാരിക്കണം. പൊളിറ്റിക്കലി സംസാരിക്കണം എന്നുവന്നാൽ കഥ മുന്നോട്ടു പോകില്ല.

ഈ നോവലിൽ സ്ത്രീ വിരുദ്ധത ഉണ്ടെന്ന വിമർശനങ്ങളും അദ്ദേഹം നിഷേധിച്ചിരുന്നു. 'ആ കഥാപാത്രം സ്ത്രീവിരുദ്ധൻ ആയിരിക്കാം. അത്രയേയുള്ളു. അതിനു ഞാൻ സ്ത്രീ വിരുദ്ധനാണെന്ന് അർത്ഥമില്ലല്ലോ. സ്ത്രീ വിരുദ്ധ കഥാപാത്രത്തെ കൊണ്ടുവരാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. എല്ലാ കഥാപാത്രവും ഫെമിനിസം സംസാരിക്കണമെന്ന് പറയാനാവില്ലല്ലോ.-

മുകുന്ദനും ഒ.വി വിജയനും സക്കറിയയയും വികെഎന്നും അടക്കമുള്ളവർ എത്രയോ തവണ സമാനമായ വിഷയങ്ങൾ കൈകാര്യം ചെയ്്തിട്ടുണ്ട്. കൃഷ്ണനെ തൊഴാൻ എന്താണ് സ്ത്രീകൾ അമ്പലത്തിൽ പോകുന്നത് എന്നതിന് വികെഎന്നിന്റെ കഥാപാത്രം ചോദിക്കുമ്പോൾ പറയുന്നത്- 'തരാവാനുള്ള ത്വരയാന്നാണ്'. അന്നൊന്നും വിമർശനങ്ങൾ വരാത്തത് മലയാളികളുടെ വായനാ നിലവാരം ഉയർന്നതായതു കൊണ്ടാണ്. പക്ഷേ ഇന്ന് അതല്ല സ്ഥിതി.- ഇതായിരുന്നു ഹരീഷ് വ്യക്തമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP