Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിയമം പറയുന്നത് പതിനായിരം രൂപയിൽ താഴെ ശമ്പളമുള്ള നൂറോളം നേതാക്കളെ സ്ഥലംമാറ്റത്തിൽ നിന്ന് സംരക്ഷിക്കാൻ; തൊഴിലാളിയുടെ പേരിൽ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത് തൊഴിലാളികൾ അല്ലാത്ത 270ഓളം പേർ; സിഐടിയു ജനറൽ സെക്രട്ടറിയടക്കം 29 ഭാരവാഹികളിൽ 18 പേരും തൊഴിലാളികൾ അല്ല; നേതാക്കളുടെ സ്ഥലംമാറ്റ സംരക്ഷണം കണ്ട് ഞെട്ടി കെഎസ്ആർടിസിയെ നന്നാക്കാൻ ഇറങ്ങിയ തച്ചങ്കരി

നിയമം പറയുന്നത് പതിനായിരം രൂപയിൽ താഴെ ശമ്പളമുള്ള നൂറോളം നേതാക്കളെ സ്ഥലംമാറ്റത്തിൽ നിന്ന് സംരക്ഷിക്കാൻ; തൊഴിലാളിയുടെ പേരിൽ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത് തൊഴിലാളികൾ അല്ലാത്ത 270ഓളം പേർ; സിഐടിയു ജനറൽ സെക്രട്ടറിയടക്കം 29 ഭാരവാഹികളിൽ 18 പേരും തൊഴിലാളികൾ അല്ല; നേതാക്കളുടെ സ്ഥലംമാറ്റ സംരക്ഷണം കണ്ട് ഞെട്ടി കെഎസ്ആർടിസിയെ നന്നാക്കാൻ ഇറങ്ങിയ തച്ചങ്കരി

ആവണി ഗോപാൽ

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് പ്രധാന കാരണങ്ങളിലെന്ന് യൂണിയൻ നേതൃത്വങ്ങളിൽ അർഹതയില്ലാതെ കയറിപ്പറ്റി അതിന്റെ മറവിൽ സൗജന്യങ്ങൾ പിടിച്ചുപറ്റുന്ന ഒരുപറ്റം ഉദ്യോഗസ്ഥരാണെന്ന് മറുനാടൻ നടത്തിയ അേന്വഷണത്തിൽ വ്യക്തമാകുന്നു. യഥാർത്ഥ തൊഴിലാളികൾ വഹിക്കേണ്ട യൂണിയൻ സ്ഥാനങ്ങളിൽ കയറിപ്പറ്റി സ്ഥലംമാറ്റ സംരക്ഷണം വരെ നേടി വിലസുന്നവരാണ് കെഎസ്ആർടിസിയുടെ ഭരണം നിയന്ത്രിക്കുന്നത്. തൊഴിലാളികൾ വരെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും യൂണിയനുകളിലെയും രാഷ്ട്രീയ ഉന്നതങ്ങളിലേയും സ്വാധീനം ഉപയോഗിച്ച് ഇത്തിൾക്കണ്ണികളേ പോലെ വിലസുന്നവരാണ് കെഎസ്ആർടിസിയെ ഇന്നത്തെ ദുരവസ്ഥയിലേക്ക് എത്തിച്ചത്. ഇക്കാര്യം പരിശോധിച്ച പുതിയ സിഎംഡി ടോമിൻ ജെ തച്ചങ്കരിയും ഞെട്ടിയിരിക്കുകയാണ് ഈ തട്ടിപ്പുകണ്ട്.

തൊഴിലാളിയുടെ മറവിൽ യൂണിയൻ നേതൃത്വത്തിൽ ഓഫീസർമാർ കയറിപ്പറ്റിയതോടെയാണ് കോർപ്പറേഷന്റെ അധഃപതനം തുടങ്ങുന്നത്. തൊഴിലാളി യൂണിയൻ തൊഴിലാളിയുടേതാണ് എന്നതാണ് ഇന്ത്യയിലെ നിയമം. എന്നാൽ ഇവയുടെ നേതൃത്വത്തിൽ കയറിപ്പറ്റിയ ഓഫീസർ പദവിയിലുള്ളവർ സ്ഥലംമാറ്റ സംരക്ഷണംവരെ നേടി വിലസുമ്പോൾ സ്ഥലംമാറ്റത്തിന്റെ പേരിൽ അവർ തന്നെ തൊഴിലാളികളെ തന്നെ പീഡിപ്പിക്കുന്ന സ്ഥിതിയാണ് കോർപ്പറേഷനിൽ. ഇതിനെല്ലാം ഉപരി സ്ഥലംമാറ്റ സംരക്ഷണം പരമാവധി 100 പേർക്ക് മാത്രമെന്ന് നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും കെഎസ്ആർടിസിയിൽ ഇതിന്റെ ഗുണഫലം നേടി ഒരേയിടത്ത് ഞെളിഞ്ഞിരിക്കുന്നത് 270ൽ പരം ഉദ്യോഗസ്ഥരാണ്.

10,000 രൂപക്ക് മുകളിൽ ശമ്പളമുള്ളവരും പദവികൊണ്ട് സൂപ്പർവൈസറി തസ്തികയിൽ ഇരിക്കുന്നവരും യഥാർത്ഥത്തിൽ തൊഴിലാളികളല്ല. അവർക്ക് യൂണിയൻ അംഗവും ആകാനാകില്ല. എന്നാൽ ഇതെല്ലാം കാറ്റിൽപ്പറത്തിയാണ് കെഎസ്ആർടിസിയിലെ പ്രധാന യൂണിയനുകളിലെയെല്ലാം മേധാവികൾ ഉൾപ്പെടെ വിലസുന്നത്. ഈ യൂണിയൻ നേതാക്കളെ അന്ധമായി സംരക്ഷിക്കുന്നതിലൂടെ കെഎസ്ആർടിസിക്ക് നഷ്ടം കോടികളാണെന്ന് കണക്കുകളും വ്യക്തമാക്കുന്നു. ഡിജിഓ, എജിഎ തസ്തികയിൽ ഉള്ളവരെ നോക്കുകുത്തികളാക്കി കെഎസ്ആർടിസിയുടെ യൂണിറ്റുകളുടെ ഭരണം നിയന്ത്രിക്കുന്നത് ഇത്തരത്തിൽ വിലസുന്ന യൂണിയൻ നേതാക്കളാണ്.

തൊഴിലാളി യൂണിയൻ പ്രവർത്തനം ഏറ്റവും കൂടുതൽ വ്യഭിചരിക്കപ്പെട്ട സ്ഥാപനാണ് കെഎസ്ആർടിസി. യൂണിയൻ അതിപ്രസരത്തേക്കാൾ കെഎസ്ആർടിസി മാനേജ്മെന്റിനെ ചീഫ് ഓഫീസ് തലം മുതൽ നോക്കുകുത്തികളാക്കി യൂണിയൻ നേതാക്കളായിരുന്നു കെഎസ്ആർടിസി ഭരണം ഏറ്റെടുത്തിരുന്നത്. 1947ലെ തൊഴിൽ തർക്ക നിയമം 33(3)ഉം 33(4)ഉം വകുപ്പുകളാണ് തൊഴിലാളി യൂണിയൻ നേതാക്കൾക്ക് സ്ഥലം മാറ്റത്തിൽ നിന്നും സംരക്ഷണം നൽകുന്നത്. 1957 ലെ കേരള തൊഴിൽ തർക്ക ചട്ടങ്ങളിലെ 62-ാം ചട്ടവും ഈ സംരക്ഷണം ഉറപ്പാക്കുന്നു. തൊഴിലാളി യൂണിയന്റെ ഭാരവാഹികൾക്കോ എക്സിക്യൂട്ടീവ് അംഗത്തിനോ മാത്രമാണ് സ്ഥലമാറ്റ സംരക്ഷണം ലഭിക്കാൻ അർഹത.

തൊഴിൽ തർക്ക നിയമത്തിലെ 2(5) വകുപ്പ് പ്രകാരം പ്രതിമാസം 10,000 രൂപയിൽ കൂടുതൽ ശമ്പളമോ, തൊഴിൽ പേരുകൊണ്ട് സൂപ്പർവൈസറി സ്ഥാനങ്ങളിൽ തൊഴിലെടുക്കുന്നവരോ തൊഴിലാളി എന്ന നിർവചനത്തിൽ പെടില്ല. ഒരു വ്യവസായ സ്ഥാപനത്തിൽ പരമാവധി 10 പേർക്ക് മാത്രമാണ് സ്ഥലം മാറ്റത്തിൽ നിന്നും സംരക്ഷണം ലഭിക്കാൻ തൊഴിൽ തർക്ക നിയമം 33(4) വകുപ്പ് പ്രകാരം അർഹത. ഈ നിയമങ്ങളൊക്കെ കാറ്റിൽപ്പറത്തി നിയമവിരുദ്ധമായി 240ൽ പരം നേതാക്കളാണ് ചീഫ് ഓഫീസിലും മറ്റുള്ള യൂണിറ്റുകളിലും സ്ഥലംമാറ്റ സംരക്ഷണത്തിന്റെ സുരക്ഷിതത്വത്തത്തിൽ കഴിയുന്നത്.

12-9-2017 ലെ കെഎസ്ആർടിസിയുടെ LR/8/014606 ഉത്തരവിലൂടെ TDF ലെ 100 പേർക്ക് യൂണിറ്റുകളിലും അഞ്ചു പേർക്ക് എഫ് ഓഫീസിലും സംരക്ഷണമുണ്ട്. ഇതിനും എഫ് ഓഫീസിലെ മൂന്നുപേർ സൂപ്പർവൈസറി കാറ്റഗറിക്കാരാണെങ്കിൽ യൂണിറ്റുകളിലെ 100 പേർ കാറ്റഗറിക്കാരായ തൊഴിലാളികൾ അല്ലാത്തവരാണ്.

ഇതിലും ഭീകരമാണ് കെഎസ്ആർടിസിയിലെ സിഐടിയു യൂണിയനായ കെഎസ്ആർടിഇഎയിലെ സ്ഥിതി. ചീഫ് ഓഫീസിലെ സ്ഥലംമാറ്റ സംരക്ഷിത തൊഴിലാളികളിലെ അഞ്ചു പേരിൽ രണ്ട് പേർ സൂപ്പർവൈസറി കാറ്റഗറിക്കാരാണ്. 28-12-2017 ൽ മാത്രമാണ് സിഐടിയു യൂണിയനിൽപെട്ടവരുടെ സംരക്ഷണ പട്ടിക പുറത്തിറക്കിയത്. ഇതു കൂടാതെ കേന്ദ്ര കമ്മിറ്റിയിലെ ഡസൻ കണക്കിന് യൂണിയൻ നേതാക്കളായ സൂപ്പർവൈസർമാരും തൊഴിലാളികളെ ഭീഷണിപ്പെടുത്തി സ്ഥലംമാറ്റ സംരക്ഷണത്തിൻ കീഴിൽ വർഷങ്ങളായി ഒരേ സ്ഥലത്ത് തുടരുന്നു. നൂറുകണക്കിന് തൊഴിലാളികൾ വിദൂര സ്ഥലങ്ങളിൽ പകുതി ശമ്പളത്തിന് പോലും കഠിനമായി അധ്വാനിക്കുമ്പോൾ നേതാക്കൾ സ്ഥലംമാറ്റ സംരക്ഷണത്തിലൂടെ തൊഴിലാളികളെ തന്നെ ചൂഷണം ചെയ്യുകയാണ്.

സംരക്ഷണത്തിന്റെ പേരിലെ തട്ടിപ്പ് ചോദ്യം ചെയ്ത് തൊഴിലാളികളും

മിക്ക യൂണിറ്റുകളിലും യൂണിയൻ നേതാക്കളെ തൊഴിലാളികൾ തന്നെ ചോദ്യംചെയ്തു തുടങ്ങി. സൂപ്പർവൈസറി കാറ്റഗറിയിൽ പെട്ടവർ യൂണിയൻ നേതാക്കളാകുമ്പോഴാണ് ജീവനക്കാരെ ഏറ്റവും പീഡിപ്പിക്കുന്നതെന്നു തൊഴിലാളികൾ ചൂണ്ടിക്കാണിക്കുന്നു. കെഎസ് ആർടിസിയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ കെഎസ്ആർടിഇഎയിൽ (CITU) സംസ്ഥാന ജനറൽ സെക്രട്ടറി ഹരി കൃഷ്ണൻ ചീഫ് ഓഫീസിലെ ടൈംടേബിൾ സെല്ലിലെ ഇൻസ്പെക്ടറാണ്. ഇൻസ്പെക്ടർ മേൽനോട്ട തൊഴിലാളിയായതിനാൽ യൂണിയൻ അംഗമാകാനാവില്ല. കാരണം മേൽനോട്ടതൊഴിലാളി തൊഴിലാളിയല്ല. വൈസ് പ്രസിഡന്റുമാരായ എസ് വിനോദ്, (കോട്ടയം), ചീഫ് ഓഫീസിലെ പേഴ്സണൽ സെക്ഷനിലെ സൂപ്രണ്ടായ എസ് ശ്രീദേവി, തിരുവല്ലയിലെ സൂപ്രണ്ടായ മേരിക്കുട്ടി തോമസ് തുടങ്ങി നിരവധി മേൽനോട്ട തൊഴിലാളികളാണ് വെറും തൊഴിലാളി സംഘടനയുടെ കേന്ദ്രനേതൃത്വം നിയമവിരുദ്ധമായി കൈക്കലാക്കുന്നത്. ഇവരൊന്നും 'തൊഴിലാളി' നിർവനചനത്തിൽ പെടില്ല.

കെഎസ്ആർടിഇഎ എന്ന എംപ്ലോയീസ് അസോസിയേഷൻ സെക്രട്ടറിമാരായ ചീഫ് ഓഫീസിലെ ടൈംടേബിൾ സെല്ലിലെ വി. ശാന്തകുമാർ, എടത്വയിലെ ഇൻസ്പെക്ടറായ ബി രമേശ്കുമാർ, ചെങ്ങന്നൂരിലെ സൂപ്രണ്ട് സുനിതകുര്യൻ കണ്ണൂരിലെ ഇൻസ്പെക്ടറായ സജിത് സദാനന്ദൻ എന്നിവരൊക്കെ ഇങ്ങനെ തൊഴിലാളി സംഘടനയ്ക്ക് നേതൃത്വം നിയമവിരുദ്ധമായി കൈയാളുന്ന 'സാറു'മാരാണ്. തൃശൂരിലെ ഇൻസ്പെക്ടർ കെ വി സേവി ചീഫ് ഓഫീസിലെ സൂപ്രണ്ട് സിനീ സ്റ്റീഫൻ അടക്കം സൂപ്പർ വൈസറി കാറ്റഗറിയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളിൽ അച്ചടക്കം നടപ്പിലാക്കേണ്ടവർ തന്നെ എങ്ങനെ തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു എന്ന ചോദ്യമുയരുന്നു.

യൂണിറ്റിലും വിവിധ ഓഫീസുകളിലും ജീവനക്കാരെ നിയന്ത്രിക്കേണ്ടവർ തന്നെ തൊഴിലാളി യൂണിയൻ നേതാക്കളാകണം എന്നു വാശി പിടിക്കുമ്പോൾ ഭൂരിപക്ഷ തൊഴിലാളികൾക്ക് അവരെ എതിർക്കാനുള്ള ധൈര്യമില്ല. എതിർത്താൽ എന്തെങ്കിലും കുറ്റം ചൂണ്ടിക്കാട്ടി ശിക്ഷണ നടപടികളുറപ്പ്. താൽപ്പര്യമുള്ള സംസ്ഥാനങ്ങളിലും മറ്റു സ്ഥലങ്ങളിലും സ്ഥലംമാറ്റമില്ലാതെ തുടരാനാണ് സൂപ്പർവൈസറി ജീവനക്കാർ സ്ഥിരം യൂണിയൻ നേതാക്കളായി തുടരുന്നതെന്നും തൊഴിലാളികൾ ചൂണ്ടിക്കാണിക്കുന്നു. യൂണിയൻ നേതാക്കൾക്ക് സ്ഥലംമാറ്റത്തിൽ പ്രത്യേക പരിഗണനയുണ്ട്. കെഎസ്ആർടിസിയിൽ ആകെ 35,378 തൊഴിലാളികളാണുള്ളത്. 85ൽ പരം താൽക്കാലിക ജീവനക്കാരും ഇതിൽ 1110 പേരാണ് സ്റ്റേഷൻ മാസ്റ്റർ ഇൻസ്പെക്ടർ ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ തുടങ്ങിയ സൂപ്പർ വൈസറി കാറ്റഗറിയിലുള്ളത്. 297 വെഹിക്കിൾ സൂപ്പർ വൈസർമാർ 200ൽ താഴെ എന്നിങ്ങനെയാണ് സൂപ്പർ വൈസറി കാറ്റഗറി ഓഫീസർമാർ. ആകെ കെഎസ്ആർടിസി തൊഴിലാളികളിൽ 18,508 പേർ കെഎസ്ആർടിഇഎ അംഗങ്ങളാണ്. ഏതാണ്ട് 50%. അതിൽ 99% പേരും വെറും തൊഴിലാളികൾ.

99% വെറും തൊഴിലാളികളും 1% താഴെ സൂപ്പർവൈസറി കാറ്റഗറി ജീവനക്കാരും അംഗങ്ങളായ കെഎസ്ആർടിഇഎ എന്ന കെഎസ്ആർടിസിയിലെ സിഐറ്റിയു യൂണിയനിൽ ആകെയുള്ള 29 സംസ്ഥാനതല യൂണിയൻ നേതാക്കളിൽ 18 പേരും സൂപ്പർ വൈസറി കാറ്റഗറിയിൽപെട്ടവരാണ്. നിലവിൽ രാജ്യത്തുള്ള ഒരു തൊഴിലാളി യൂണിയന് തൊഴിൽ തർക്ക നിയമങ്ങളിലും സൂപ്പർ വൈസറി തസ്തികയിൽ പ്രവർത്തിക്കുന്നവർക്ക് തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ പ്രവർത്തിക്കാനാവില്ല. എന്നാൽ ഈ നിയമലംഘനമാണ് കഴിഞ്ഞ കുറെ വർഷങ്ങളായി കെഎസ്ആർടിസിയിൽ ആരും നിയന്ത്രിക്കാനില്ലാത്തതിനാൽ തുടർന്നു പോരുന്നത്. ജീവനക്കാരിലെ 93% ജീവനക്കാരും നിയമവിരുദ്ധ ആശ്രിത നിയമക്കാരായതിനോടൊപ്പം അവർ തന്നെ യൂണിയൻ നേതൃത്വത്തിൽ പിടിമുറിക്കിയിരിക്കുന്നതാണ് കെഎസ്ആർടിയിലെ സർവ്വ കുഴപ്പങ്ങൾക്കും കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP