Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉമ്മൻ ചാണ്ടി ഡൽഹിയിൽ നിന്ന് മടങ്ങിയത് ഉറപ്പൊന്നുമില്ലാതെ; ഉന്നതാധികാര സമിതിയിൽ വിമർശിച്ചതിന്റെ പിണക്കം മൂലം പിജെ കുര്യനോട് മിണ്ടാതെ മടക്കം; അതിരു കടന്നുവെങ്കിലും ഉമ്മൻ ചാണ്ടിയെ പിണക്കരുതെന്ന ആന്റണിയുടെ നിലപാട് മാത്രം എ ഗ്രൂപ്പിന് പ്രതീക്ഷ; രാഹുലിനോട് പറഞ്ഞ കള്ളക്കഥകൾ കെപിസിസിയിൽ പറയാൻ ചെന്നിത്തലയുടെ വെല്ലുവിളിയും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോൺഗ്രസ് ഹൈക്കമാണ്ടുമായി വിശദമായ ചർച്ച നടത്തിയെങ്കിലും ഉമ്മൻ ചാണ്ടിക്ക് ഉടനൊന്നും ആഗ്രഹിക്കുന്നതൊന്നും ലഭിക്കില്ല. തൽക്കാലത്തേക്ക് ഉമ്മൻ ചാണ്ടിയെ പിണക്കരുതെന്ന് മാത്രമാണ് സംസ്ഥാന നേതൃത്വത്തിന് ഹൈക്കമാണ്ട് നൽകിയ നിർദ്ദേശം. ഉമ്മൻ ചാണ്ടി പങ്കുവച്ച വികാരങ്ങൾ എ കെ ആന്റണിയുമായി രാഹുൽ ചർച്ച നടത്തിയിരുന്നു. എന്ത് പറഞ്ഞാലും പാർട്ടിയുമായി നിസ്സഹകരണം പ്രഖ്യാപിച്ച ഉമ്മൻ ചാണ്ടിയുടെ നിലപാട് ശരിയായില്ലെന്നാണ് ആന്റണിയുടെ പക്ഷം. എന്നാൽ മുതിർന്ന നേതാവായ ഉമ്മൻ ചാണ്ടിക്ക് ജനങ്ങളുടെ പിന്തുണയുണ്ട്. ഈ സാഹചര്യത്തിൽ പാർട്ടിക്കുള്ളിൽ ഉമ്മൻ ചാണ്ടിയെ ഒറ്റപ്പെടുത്തരുത്. പിടിവാശിക്ക് വഴങ്ങുകയും അരുതെന്നാണ് ആന്റണിയുടെ നിലപാട. അതുകൊണ്ട് തന്നെ സ്ഥാനമാനങ്ങൾക്കായി ഉമ്മൻ ചാണ്ടിക്ക് ഇനിയും കാത്തിരിക്കേണ്ടി വരും.

നാല്പതോളം യു ഡി എഫ് സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താൻ പണവും തന്ത്രവും ഒരുക്കിയവർക്ക് പാർട്ടിയെ അടിയറവ് വയ്ക്കാൻ നടത്തുന്ന നീക്കങ്ങളാണ് വേദനിപ്പിച്ചതെന്നായിരുന്നു ഉമ്മൻ ചാണ്ടി രാഹുൽ ഗാന്ധിയെ അറിയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്വവും പ്രായശ്ചിത്തവും സ്വയം ഏറ്റെടുത്ത് താൻ മാറി നിന്നു. അത് പാർട്ടിക്ക് വേണ്ടിയായിരുന്നു. എന്നാൽ ഡിസിസി പുനഃസംഘടനയിൽ പാർട്ടിയെ നശിപ്പിക്കാൻ ശ്രമിച്ചവരുടെ താൽപ്പര്യമാണ് നേതൃത്വം സംരക്ഷിച്ചത്. ഇതുകൊണ്ടാണ് താൻ ഡിസിസി പുനഃസംഘടനയിൽ അതൃപ്തി അറിയിച്ച് പാർട്ടി യോഗങ്ങളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നുവെന്ന് ഉമ്മൻ ചാണ്ടി വിശദീകരിച്ചു. എന്നാൽ ഇതൊക്കം ചെയ്ത തെറ്റ് മറയ്ക്കാനാണെന്ന നിലപാടിലാണ് രമേശ് ചെന്നിത്തലയും ഐ ഗ്രൂപ്പും. കെപിസിസിയിൽ ഈ ആരോപണങ്ങൾ ഉന്നയിക്കാൻ ധൈര്യമുണ്ടോ എന്നാണ് ചെന്നിത്തല ക്യാമ്പിന്റെ ചോദ്യം. ഇത് കൂടി മനസ്സിലാക്കിയാണ് വിഷയത്തിൽ ഉടൻ തീരുമാനം എടുക്കരുതെന്ന് ആന്റണി നിർദ്ദേശം നൽകിയിട്ടുള്ളത്.

കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ പല പ്രമുഖരും ഉമ്മൻ ചാണ്ടിയെ വിമർശിച്ചിരുന്നു. ഇവരോട് പോലും കടുത്ത അതൃപ്തിയാണ് ഉമ്മൻ ചാണ്ടി പങ്കുവയ്ക്കുന്നത്. ഡിസിസി പ്രസിഡന്റുമാർക്കായി ഇത്രയും കടുപിടിത്തം പാടില്ലെന്ന് പറഞ്ഞ പിജെ കുര്യനെ പോലും ഉമ്മൻ ചാണ്ടി അവഗണിക്കുന്നു. ഇത് കോൺഗ്രസ് രീതിക്ക് വിരുദ്ധമാണ്. എല്ലാവരോടും സഹകരിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കണം. വാശിയോടെ മുന്നോട്ട് പോകുന്നത് ഈ ഘട്ടത്തിൽ കോൺഗ്രസിന് ഗുണം ചെയ്യില്ലെന്നാണ് ആന്റണിയുടെ പക്ഷം. ഇത് രാഹുൽ ഗാന്ധിയും അംഗീകരിക്കുന്നു. എന്നാൽ കോൺഗ്രസിലെ ഗ്രൂപ്പ് പോരിന്റെ ആഴം കൂടുന്നത് ദോഷമാകുമെന്ന വിലയിരുത്തലും രാഹുൽ ഗാന്ധിക്കുണ്ട്. ഒരു ഉറപ്പും ഉമ്മൻ ചാണ്ടിക്ക് നൽകിയിട്ടില്ലെന്നും കേരളത്തിലെ നേതൃത്വവുമായി സഹകരിക്കണമെന്നും മാത്രമാണ് താൻ ഉമ്മൻ ചാണ്ടിയോട് പറഞ്ഞതെന്നും രാഹുൽ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്.

ഉമ്മൻ ചാണ്ടിയെ നേതാവായി അംഗീകരിക്കുന്നുവെന്ന തോന്നൽ ഉണ്ടാക്കാൻ ദേശീയ നേതാക്കളോടും രാഹുൽ നിർദ്ദേശിച്ചു. ഇതിന്റെ ഭാഗമായിരുന്നു എഐസിസി ആസ്ഥാനത്തെ പത്ര സമ്മേളനം. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ തനിക്ക് താൽപ്പര്യമുണ്ടെന്ന് ഉമ്മൻ ചാണ്ടി പറയാതെ പറയുക കൂടിയാണ് ഇതിലൂടെ ചെയ്തത്. ഇത് മനസ്സിലാക്കിയാണ് പത്ര സമ്മേളനത്തിന് സാഹചര്യം ഉരുക്കിയതും. അങ്ങനെ ഉമ്മൻ ചാണ്ടിയുടെ പരിഭവം മാറ്റി പിണക്കമില്ലാതെ തിരുവനന്തപുരത്തേക്ക് അയക്കുകയാണ് ചെയ്തത്. എന്നാൽ രമേശ് ചെന്നിത്തലയ്ക്കും ഐ ഗ്രൂപ്പിനുമെതിരെ കടുത്ത ആരോപണങ്ങൾ രാഹുലിന് മുമ്പിൽ ഉമ്മൻ ചാണ്ടി ഉയർത്തിയത് രമേശ് ചെന്നിത്തലയെ അലോസരപ്പെടുത്തുന്നുണ്ട്. ജന പിന്തുണ ഇല്ലാത്തവരും അഴിമതിയിൽ കുടുങ്ങിയവകുമാണ് തോറ്റത്. അതിൽ തനിക്ക് പങ്കില്ലെന്നും രമേശ് ചെന്നിത്തല ഹൈക്കാണ്ടിനെ അറിയിച്ചതായാണ് സൂചന.

ഉമ്മൻ ചാണ്ടിയുടെ ആരോപണങ്ങൾ കോൺഗ്രസിൽ ഗ്രൂപ്പ് സമവാക്യങ്ങളും മാറി മറിക്കും. ഡൽഹിയിലെത്തിയിട്ടും തന്നോട് അനിഷ്ടം കാട്ടിയതിന്റെ പരിഭവം പിജെ കുര്യൻ അടക്കമുള്ളവർക്കുണ്ട്. ഒരു ഗ്രൂപ്പിന്റേയും ഭാഗമായി കുര്യൻ പ്രവർത്തിച്ചിട്ടില്ല. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ബഹിഷ്‌കരിച്ചത് ശരിയല്ലെന്ന് പറയുക മാത്രമാണ് ചെയ്തത്. എന്നിട്ടും ഡൽഹിയിൽ തന്നെ ഒഴിവാക്കിയത് കുര്യനെ വേദനിപ്പിച്ചിട്ടുണ്ട്. ഇനിയും കേരളത്തലെ ഗ്രൂപ്പ് പോരിന്റെ ഭാഗമാകില്ലെന്ന് കുര്യൻ പറയുന്നു. എന്നാൽ ഉമ്മൻ ചാണ്ടിയുടെ അവഗണനയുടെ വേദനയുള്ള കുര്യനെ ഒപ്പം കൂട്ടാൻ ചെന്നിത്തല ക്യാമ്പും നീക്കം സജീവമാക്കിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന. ഹൈക്കമാണ്ടിന് മുമ്പിൽ രഹസ്യമായി പറഞ്ഞ കാര്യങ്ങൾ കെപിസിസിയിൽ ചർച്ച ചെയ്യാൻ ധൈര്യമുണ്ടോ എന്ന ചോദ്യം രമേശ് ചെന്നിത്തലയും കൂട്ടരും വരും ദിനങ്ങളിൽ സജീവമാക്കും. അതിനിടെ കെപിസിസി അധ്യക്ഷൻ വി എം സുധീരനോട് ഒരു വിഷയത്തിലും പക്ഷം പിടിക്കരുതെന്ന് ഹൈക്കമാണ്ട് നിർദ്ദേശിച്ചിട്ടുണ്ട്.

പാർട്ടി പ്രവർത്തകരെയും പാർട്ടിയെയും ഹൈജാക്ക് ചെയ്താണ് സ്ഥാനങ്ങൾ കയ്യടക്കിയിട്ടുള്ളതെന്നാണ് രാഹുലിനോട് ഉമ്മൻ ചാണ്ടി പറയുന്നത്. ഇവർക്ക് അണികളുടെ പിന്തുണയില്ല. അതുകൊണ്ടാണ് ഇടപെടൽ നടത്താൻ കോൺഗ്രസിന് കഴിയാത്തത്. പാർട്ടി ശക്തിപ്പെടുത്താൻ സംഘടനാ തെരഞ്ഞെടുപ്പ് അനിവാര്യമാണ്. പ്രവർത്തകരുടെ പിന്തുണയുള്ള നേതാക്കൾ അവരെ നയിക്കട്ടെയെന്നും ഉമ്മൻ ചാണ്ടി വിശദീകരിച്ചു. പാർട്ടിയുടെ നേതൃത്വം ഏറ്റെടുക്കാൻ താൻ തയ്യാറാണെന്നും രാഹുലിന് ഉമ്മൻ ചാണ്ടി സൂചന നൽകി. ഫലത്തിൽ രമേശ് ചെന്നിത്തലയുടെ ഐ ഗ്രൂപ്പിനെതിരായിരുന്നു ഉമ്മൻ ചാണ്ടി മനസ്സ് തുറന്നത്. എല്ലാ ഗൗരവത്തോടെയും കൂടി ഇതെല്ലാം പരിഗണിക്കുമെന്ന് രാഹുൽ ഉറപ്പും നൽകി. അതിനപ്പുറം സംഘടനാ തെരഞ്ഞെടുപ്പെന്ന ആവശ്യം അംഗീകരിച്ചില്ലെന്നാണ് ഐ ഗ്രൂപ്പ് വിശദീകിരിക്കുന്നത്.

യു ഡി എഫ് സർക്കാരിന്റെ തുടർ ഭരണം അട്ടിമറിക്കാനും പാർട്ടിയും മുന്നണിയും പരാജയപ്പെടുന്നിടത്ത് നിന്ന് സ്വയം നേട്ടം ആർജ്ജിക്കുവാനും ശ്രമം ഉണ്ടായി എന്നാണ് ഉമ്മൻ ചാണ്ടിയുടെ പരാതി. എ ഗ്രൂപ്പിലെയും മുസ്ലിം ലീഗിലെയും കേരള കോൺഗ്രസിലെയും ചില സ്ഥാനാർത്ഥികളെ തെരഞ്ഞുപിടിച്ച് തോൽപ്പിക്കാൻ കോൺഗ്രസിൽ നിന്ന് തന്നെ ഗൂഢാലോചന നടന്നു. അതിനായി 40 മണ്ഡലങ്ങൾ തെരഞ്ഞെടുത്ത് ഓരോ മണ്ഡലത്തിനും ഒരു കോടി വീതം ശത്രുപാളയത്തിലെ സ്ഥാനാർത്ഥികൾക്ക് എത്തിച്ചു നൽകി. അത് വിനിയോഗിച്ചായിരുന്നു അട്ടിമറി. ജയസാധ്യത ഉണ്ടായിരുന്ന പല നേതാക്കളും സ്വന്തം പാർട്ടിക്കാർ കാലുവാരിയതുകൊണ്ട് മാത്രം തോറ്റതാണ്. പി സി വിഷ്ണുനാഥ്, കെ സുധാകരൻ, ടി സിദ്ദിഖ്, കെ ബാബു, ആര്യാടൻ ഷൗക്കത്ത് എന്നിവരെ കോൺഗ്രസിലെ ഒരു വിഭാഗം തോൽപ്പിച്ചതാണ്. കെ മുരളീധരൻ, അടൂർ പ്രകാശ്, കെ സി ജോസഫ് എന്നിവരെ തോൽപ്പിക്കാനും പണം എറിഞ്ഞു.

വട്ടിയൂർക്കാവിൽ മുരളീധരനെയും ചെങ്ങന്നൂരിൽ വിഷ്ണുനാഥിനെയും തോൽപ്പിക്കാൻ ബിജെപിക്ക് വോട്ട് മറിച്ചു. ലീഗിലെ കെ എം ഷാജി, കേരളാ കോൺഗ്രസിലെ തോമസ് ഉണ്ണിയാടൻ, തോമസ് ചാഴിക്കാടൻ, എൻ ജയരാജ്, ജോർജ്ജുകുട്ടി ആഗസ്തി, കെ എം മാണി, ജോസഫ് എം പുതുശ്ശേരി, റോഷി അഗസ്റ്റിൻ എന്നിവർക്കെതിരെയും നീക്കം നടന്നു. പിസി ജോർജുമായി പൂഞ്ഞാറിൽ ഒരുമിച്ചു. കോൺഗ്രസിലെ 30 പേരാണ് ഈ കുതികാൽ വെട്ടിൽ തോറ്റത്. ഇതിൽ ഭൂരിഭാഗവും തന്റെ വിശ്വസ്തരായിരുന്നു. ഡിസിസി പുനഃസംഘടനയെ എതിർക്കുന്നില്ല. ഇക്കാര്യത്തിൽ പരാതിയുമില്ല. ഡിസിസി പ്രസിഡന്റുമാരെ നിയമിച്ചപ്പോൾ അത് ചില ഗ്രൂപ്പുകൾ തങ്ങളുടെ നേട്ടങ്ങളായി വിലയിരുത്തിയത് പാർട്ടി അണികളിൽ വേദനയുളവാക്കിയിട്ടുണ്ട്. ഇത് തന്നേയും വേദനിപ്പിച്ചു. ഗ്രൂപ്പിനതീതമായിരുന്നു തീരുമാനമെങ്കിൽ എല്ലാം അങ്ങനെ വേണമായിരുന്നു ഉമ്മൻ ചാണ്ടി രാഹുൽ ഗാന്ധിയോട് വിശദീകരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP