Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുവതീ പ്രവേശനത്തിൽ ആർഎസ്എസുമായി രഹസ്യ ചർച്ച നടത്തി ദേവസ്വം ബോർഡ് പ്രസിഡന്റ്; സർക്കാരിനെ തള്ളി പറഞ്ഞ് വിശ്വാസികൾക്കൊപ്പം നിൽക്കാൻ ഉപദേശിച്ച് പരിവാർ നേതാവും; മുതിർന്ന ആർഎസ്എസ് നേതാവ് സേതുമാധവനും പത്മകുമാറും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത് രഹസ്യ കേന്ദ്രത്തിൽ; സാഹചര്യമൊരുക്കിയത് ദർശന ദല്ലാൾ സുനിൽ സ്വാമിയും; അയ്യപ്പദാസിന് അന്നദാന അനുമതി നൽകിയതും അനുനയത്തിന്റെ ഭാഗം; സിപിഎമ്മിനേയും സർക്കാരിനേയും വെട്ടിലാക്കുന്ന ചർച്ചയുടെ വിശദാംശങ്ങൾ മറുനാടൻ പുറത്തു വിടുന്നു

യുവതീ പ്രവേശനത്തിൽ ആർഎസ്എസുമായി രഹസ്യ ചർച്ച നടത്തി ദേവസ്വം ബോർഡ് പ്രസിഡന്റ്; സർക്കാരിനെ തള്ളി പറഞ്ഞ് വിശ്വാസികൾക്കൊപ്പം നിൽക്കാൻ ഉപദേശിച്ച് പരിവാർ നേതാവും; മുതിർന്ന ആർഎസ്എസ് നേതാവ് സേതുമാധവനും പത്മകുമാറും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത് രഹസ്യ കേന്ദ്രത്തിൽ; സാഹചര്യമൊരുക്കിയത് ദർശന ദല്ലാൾ സുനിൽ സ്വാമിയും; അയ്യപ്പദാസിന് അന്നദാന അനുമതി നൽകിയതും അനുനയത്തിന്റെ ഭാഗം; സിപിഎമ്മിനേയും സർക്കാരിനേയും വെട്ടിലാക്കുന്ന ചർച്ചയുടെ വിശദാംശങ്ങൾ മറുനാടൻ പുറത്തു വിടുന്നു

എം മനോജ് കുമാർ

തിരുവനന്തപുരം: ശബരിമലയിൽ സംഘപരിവാറിനെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതിയോടെ രഹസ്യ ഇടപെടൽ നടന്നുവെന്ന് സൂചന. ശബരിമലയിലെ ദർശന ദല്ലാൾ സുനിൽ സ്വാമിയാണ് ആർ എസ് എസിനേയും സർക്കാരിനേയും അടുപ്പിക്കാൻ ഇടനിലക്കാരനായത്. ഒത്തുതീർപ്പ് ചർച്ചകൾക്കായി ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ തന്നെ നേരിട്ട് ഇടപെടൽ നടത്തി. ആർ എസ് എസിന്റെ കേരളത്തിലെ ഏറ്റവും മുതിർന്ന നേതാവുമായി കൂടിക്കാഴ്ചയും നടത്തി. എന്നാൽ യുവതി പ്രവേശനത്തിന് വേണ്ടി നിലപാട് എടുക്കുന്ന സർക്കാരിനെ പിന്തുണയ്ക്കില്ലെന്ന നിലപാടാണ് ആർഎസ്എസ് നേതാവ് എടുത്തത്. ഇതോടെ ചർച്ച പൊളിയുകയും ചെയ്തു.

ഒരു മാസം മുമ്പാണ് പത്മകുമാറും ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയ സുനിൽ സ്വാമിയുടെ ഇടപെടൽ നടത്തിയത്. ആർ എസ് എസിന്റെ മറ്റൊരു മുതിർന്ന നേതാവുമായാണ് ദേവസ്വം ബോർഡ് ആദ്യം അനുനയത്തിന് ശ്രമിച്ചത്. തുലാമാസ പൂജയ്ക്കിടെയുണ്ടായ ചെറുത്ത് നിൽപ്പായിരുന്നു ആർ എസ് എസിനെ അനുനയിപ്പിക്കാൻ ദേവസ്വം ബോർഡിനെ പ്രേരിപ്പിച്ച ഘടകം. മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതി വാങ്ങിയാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് ഇതിന് ശ്രമിച്ചതെന്നാണ് സൂചന. കേരളത്തിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ആർ എസ് എസിന്റെ ദേശീയ കാര്യകാര്യ സമിതിയിൽ വരെ അംഗമായിരുന്ന കെ സേതുമാധവനെയാണ് പത്മകുമാർ കണ്ടത്. ചർച്ചയിൽ അനുകൂല നിലപാട് അല്ല സേതുമാധവൻ എടുത്തതെന്നാണ് സൂചന.

വ്യക്തിപരമായി താൻ ശബരിമലയിലെ യുവതി പ്രവേശനത്തിന് എതിരാണെന്ന് ആർഎസ്എസ് നേതൃത്വത്തോട് പത്മകുമാറും സമ്മതിച്ചതായാണ് സൂചന. എന്നാൽ അതു മാത്രം പോര ദേവസ്വം ബോർഡ് സർക്കാരിനെ തള്ളി പറഞ്ഞ് വിശ്വാസികൾക്കൊപ്പം നിൽക്കണമെന്നായിരുന്നു സേതുമാധവൻ നിർദ്ദേശിച്ചത്. ആർ എസ് എസിനെ അടുപ്പിക്കാൻ പത്മകുമാർ ആദ്യം ബന്ധപ്പെട്ടത് പിഇബി മേനോനെയാണെന്ന വിവരവും മറുനാടന് ലഭിച്ചു. മേനോനാണ് പരിവാറിന്റെ നയപരമായ കാര്യങ്ങളിൽ അവസാനവാക്കായ സേതു മാധവനെ കാണാൻ പത്മകുമാറിനോട് ഉപദേശിച്ചത്. ഇതിനെല്ലാം ചുക്കാൻ പിടിച്ചത് സുനിൽ സ്വാമിയാണെന്നതാണ് വസ്തുത. അതായത് ശബരിമലയിലെ നിർണ്ണായക ഇടപെടലിന് ദേവസ്വം ബോർഡ് പ്രസിഡന്റിനെ സഹായിക്കുന്നത് സുനിൽ സ്വാമിയാണെന്നത് വ്യക്തമാക്കുന്നതാണ് ഈ സംഭവവും.

സേതുമാധവനും പത്മകുമാറുമായി നടന്ന കൂടിക്കാഴ്ച കേരളത്തിലാണ് നടന്നതെന്ന് സ്ഥിരീകരിക്കാനും മറുനാടൻ മലയാളിക്ക് കഴിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം സെന്ററായാണ് സേതുമാധവന്റെ പ്രവർത്തനം. ഏറെ കാലം ചെന്നൈയിലായിരുന്നു. സേതുമാധവനെ കാണാൻ ചെന്നൈയിലേക്ക് പോകാനായിരുന്നു പത്മകുമാറിന്റെ തീരുമാനം. എന്നാൽ സേതുമാധവന്റെ കൂടി സൗകര്യം പരിഗണിച്ച് കേരളത്തിലെ രഹസ്യ കേന്ദ്രത്തിൽ ചർച്ച നടക്കുകയായിരുന്നു. ഈ ചർച്ചയോടെയാണ് യുവതി പ്രവേശനത്തിൽ വിട്ടു വീഴ്ചയ്ക്ക് ആർഎസ്എസ് തയ്യാറാകില്ലെന്ന് സർക്കാരും തിരിച്ചറിഞ്ഞത്. ഇതോടെയാണ് പൊലീസ് നടപടിയും ശക്തമാക്കിയത്. ഇതിന് ശേഷവും ആർഎസ്എസ് നേതൃത്വത്തെ അനുനയിപ്പിക്കാൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ശ്രമിച്ചിരുന്നു. ഇതിലും ഇടനിലക്കാരനായത് സുനിൽ സ്വാമിയായിരുന്നു.

ശബരിമലയിൽ അന്നദാനം നടത്താൻ നിരവധി പേർ തയ്യാറാണ്. എന്നാൽ ഇവരെയെല്ലാം മറികടന്ന് അയ്യപ്പസേവാ സമാജവുമായി സഹരിക്കാനാണ് ദേവസ്വം ബോർഡ് താൽപ്പര്യം പ്രകടിപ്പിച്ചത്. സംഘപരിവാർ സംഘടനകളുമായി ബന്ധമുള്ള സംഘടനയാണ് അയ്യപ്പ സേവാ സമാജം. മിസോറാം ഗവർണ്ണറായ കുമ്മനം രാജശേഖരനാണ് അയ്യപ്പ സേവാ സമാജത്തിന് പിന്നിലെ ചാലക ശക്തി. അയ്യപ്പ കർമ്മസമിതിയുമായി അടുത്തു ബന്ധമുള്ള അയ്യപ്പദാസാണ് അയ്യപ്പ സേവാ സമാജം പ്രസിഡന്റ്. ശബരിമലയിൽ ദേവസ്വം ബോർഡിന് പ്രശ്‌നങ്ങളുണ്ടാക്കാത്ത തരത്തിലേക്ക് അയ്യപ്പ കർമ്മ സമിതിയെ അനുനയിപ്പിക്കാനാണ് അയ്യപ്പദാസിന്റെ സംഘടനയ്ക്ക് തന്നെ അന്നദാനം നൽകിയതെന്നാണ് സൂചന. ഇതിന് പിന്നിലും സുനിൽ സ്വാമിയുടെ ഇടപെടലായിരുന്നു.

കേരളത്തിലെ ആർ എസ് എസിലെ ഏറ്റവും മുതിർന്ന നേതാവാണ് സേതുമാധവൻ. കേരളത്തിൽ നിന്ന് ദേശീയ നേതൃത്വത്തിൽ ഉയർന്ന നേതാവ്. ഇന്ന് കേരളത്തിൽ പരിവാറിന്റെ നേതൃത്വത്തിലുള്ളവരെല്ലാം സേതുമാധവന്റെ വാക്കുകൾക്ക് വലിയ വില നൽകുന്നവരാണ്. നയപരമായ കാര്യങ്ങളിൽ കേരളത്തിലെ ആർ എസ് എസിനെ ഉപദേശിക്കുന്നതും സേതുമാധവനാണ്. എല്ലാവരും സേതുവേട്ടനെന്ന് വിളിക്കുന്ന സേതുമാധവനെ കാണാൻ ദേവസ്വം ബോർഡ് പ്രസിഡന്റ് തയ്യാറായതും ഇതെല്ലാം തിരിച്ചറിഞ്ഞാണ്. സേതുമാധവന്റെ മനസ്സ് അനുകൂലമാക്കി ശബരിമലയിൽ പ്രശ്‌ന പരിഹാരമായിരുന്നു ലക്ഷ്യമിട്ടത്. ഒരു മാസം മുമ്പ് നടന്ന കൂടിക്കാഴ്ചയിൽ വിശ്വാസികൾക്കൊപ്പമേ നിൽക്കാൻ പരിവാറിന് കഴിയൂവെന്ന് സേതുമാധവൻ നിലപാട് എടുത്തതോടെ കാര്യങ്ങൾ കൈവിട്ട് പോയെന്ന് ദേവസ്വം ബോർഡും തിരിച്ചറിഞ്ഞു. ഈ ചർച്ചകളെല്ലാം മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതിയോടെയാണോ എന്ന് വ്യക്തമല്ല.

അതിനിടെ മുഖ്യമന്ത്രിയുടെ വിശ്വസ്തനായ പത്മകുമാർ മുഖ്യമന്ത്രിയുടെ അനുമതിയില്ലാതെ ഇത്തരമൊരു ചർച്ചയ്‌ക്കെത്തുമെന്ന് കരുതാനാകില്ലെന്നാണ് സിപിഎമ്മുകാർ പോലും പ്രതികരിക്കുന്നത്. ഏതായാലും പരിവാർ നേതൃത്വവുമായി സിപിഎമ്മിന്റെ മുൻ എംഎൽഎ കൂടിയായ പത്മകുമാർ ചർച്ചയ്ക്ക് തയ്യാറായത് പത്തനംതിട്ടയിലെ സിപിഎം നേതൃത്വത്തേയും വെട്ടിലാക്കും. പത്മകുമാറിനെ എതിർക്കുന്ന വിഭാഗം ഇത് ചർച്ചയാക്കാൻ തയ്യാറെടുക്കുകയാണെന്നും സൂചനയുണ്ട്. അയ്യപ്പസേവാ സമാജത്തിന് അന്നദാനം കൊടുത്തത് വലിയ വിവാദമായിരുന്നു. ഇതിനിടെയാണ് പരിവാറുകാരുമായി പത്മകുമാർ ചർച്ച നടത്തിയെന്നതും പത്തനംതിട്ടയിലെ സിപിഎമ്മുകാർ തിരിച്ചറിയുന്നത്. അതിനിടെ തന്നോട് വലിയ മോശമായാണ് ആർഎസ്എസ് നേതാവ് പെരുമാറിയതെന്നാണ് പത്മകുമാർ പലരോടും പറയുന്നത്.

ആരാണ് സുനിൽ സ്വാമി

സുരക്ഷാ കാരണങ്ങൾ പറഞ്ഞ് ഭക്തരെ 12 മണിക്കൂറിൽ കൂടുതൽ തങ്ങാൻ പൊലീസ് അനുവദിക്കാത്ത അവസരത്തിലും ഒരു ഭക്തന് മാത്രം ഇളവ് നൽകി സന്നിധാനത്ത് തുടരാൻ പൊലീസ് ഒത്താശ ചെയ്തിരുന്നു. സുനിൽ സ്വാമി സന്നിധാനത്ത് തുടരുന്നതിനെതിരെ വലിയ പ്രതിഷേധമുയരുന്നുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭരണസമിതി പൂർണമായും ഇടതു മുന്നണിയുടെ കൈയിലാണിപ്പോൾ. എന്നിട്ടും ദർശന ദല്ലാൾ സുനിൽ സ്വാമിയെ സന്നിധാനത്ത് നിന്ന് പടിയിറക്കാൻ കഴിയുന്നില്ലെന്നതാണ് വസ്തുത. ഇതിന് കാരണം ദേവസ്വം ബോർഡിലുള്ള അനധികൃത സ്വാധീനമാണെന്നും വ്യക്തമാണ്.

സുപ്രീം കോടതിയുടെ യുവതീ പ്രവേശന വിധി വരുന്നതിനും മുൻപ് സന്നിധാനത്ത് യൗവനയുക്തകൾ ദർശനം നടത്തിയെന്ന് ആരോപണം ഉണ്ടായപ്പോൾ, ഇത്തരക്കാരെ നിയന്ത്രിക്കുമെന്ന് ദേവസ്വം ബോർഡ് പറഞ്ഞിരുന്നു. എന്നാൽ, ഒന്നും തന്നെ നടന്നില്ലെന്നു മാത്രമല്ല, സുനിൽ സ്വാമി അടക്കമുള്ളവർ ഇപ്പോഴും പടി വാഴുകയാണ്. നട തുറക്കുമ്പോൾ തന്നെ സുനിൽ സ്വാമി സോപാനത്ത് സ്ഥാനം പിടിക്കും. പിന്നെ കാര്യങ്ങളെല്ലാം അദ്ദേഹമാകും നിയന്ത്രിക്കുക. അതിനിടയിൽ തനിക്ക് വേണ്ടപ്പെട്ടവർക്ക് ദർശനവും തരപ്പെടുത്തും. കൊല്ലം കേന്ദ്രീകരിച്ചുള്ള വ്യവസായങ്ങൾക്ക് ശബരി എന്ന ബ്രാൻഡ് നെയിമാണ് സുനിൽ സ്വാമി നൽകിയിട്ടുള്ളത്. ടിഎംടി കമ്പി, കശുവണ്ടി കയറ്റുമതി എന്നിവയാണ് പ്രധാന വ്യവസായങ്ങൾ. കേരളം, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലായി പടർന്നു കിടക്കുകയാണ് സുനിൽ സ്വാമിയുടെ വ്യവസായ സാമ്രാജ്യം. ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥർ, പൂജാരികൾ, പൊലീസ്, മറ്റു വകുപ്പ് ഉദ്യോഗസ്ഥർ, മാധ്യമങ്ങൾ എന്നിവരെല്ലാം അടുത്ത സുഹൃത്തുക്കൾ. 2009 ൽ കൈരളി ചാനലാണ് സുനിൽ സ്വാമിയുടെ തട്ടിപ്പു പുറത്തു കൊണ്ടുവന്നത്. അന്ന് മറ്റു മാധ്യമങ്ങൾ നിശബ്ദത പാലിച്ചത് സുനിൽ സ്വാമിയുടെ വൻതുകയ്ക്കുള്ള പരസ്യം സ്വപ്നം കണ്ടായിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട ദേവസ്വം മന്ത്രി ജി. സുധാകരൻ സുനിൽ സ്വാമിയടക്കം സോപാനത്തെ സ്ഥിരം കുറ്റികളെ പുറത്താക്കാനും അവിടെ നിൽക്കുന്നവർക്ക് തിരിച്ചറിയൽ കാർഡ് നൽകാനും ഉത്തരവിട്ടു. ഇതോടെ സുനിൽ സ്വാമിക്ക് കൂടും കുടുക്കയുമായി ഇറങ്ങേണ്ടി വന്നു.

ഉടൻ തന്നെ ദേവസ്വം ഉദ്യോഗസ്ഥർ സുനിൽ സ്വാമിക്ക് വേണ്ടി നിയമങ്ങൾ മാറ്റി കൊടുത്തു.അങ്ങനെ സുനിൽ സ്വാമി വീണ്ടും സോപാനത്തിന് മുന്നിലെ സ്ഥിരം കുറ്റിയായി. മന്ത്രിമാർ, സിനിമാ താരങ്ങൾ, വിഐപികൾ എന്നിവർ സുനിൽ സ്വാമിയുടെ കാരുണ്യത്തിൽ അയ്യപ്പനെ ദർശിച്ചു പോന്നു. സുനിൽ സ്വാമി ദർശന ദല്ലാളാണെന്ന് സന്നിധാനത്തെ പൊലീസുകാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇതരസംസ്ഥാനങ്ങളിൽ നിന്നും മറ്റും വരുന്നവർക്ക് സോപാനത്ത് നിന്ന് ദർശനം നടത്താനുള്ള സൗകര്യം ഒരുക്കി നൽകുന്നത് സുനിൽ സ്വാമിയാണെന്ന് ആരോപണമുണ്ട്. എപ്പോൾ നട തുറന്നാലും സുനിൽ സ്വാമി സോപാനത്തുണ്ടാകും. ചടങ്ങുകളിൽ പരികർമിയെപ്പോലെ എപ്പോഴും കൂടെയുണ്ടാവുകയും ചെയ്യും. ഭരണസമിതികളും ദേവസ്വം കമ്മിഷണർമാരും മാറി വന്നെങ്കിലും സുനിൽ സ്വാമിയെ ഓടിക്കാൻ കഴിഞ്ഞിട്ടില്ല.

എല്ലാ പൂജയും സുനിൽ സ്വാമി തൊഴുന്നതും വിവാദമായി. അതിൽ നിന്ന് രക്ഷനേടാൻ കണ്ടെത്തിയ മാർഗ്ഗമാണ് നിത്യ പൂജ. നിത്യപൂജയ്ക്ക് രസീതെടുക്കുന്ന ഭക്തന് എല്ലാ പൂജയും തൊഴാൻ അവസരം നൽകും. അതിനാൽ നട തുറന്നിരിക്കുന്ന എല്ലാ ദിവസവും സുനിൽ സ്വാമി നിത്യ പൂജ ബുക്ക് ചെയ്തു. അതുകൊണ്ട് ആ മാർഗ്ഗം തെരഞ്ഞെടുത്തു. അന്വേഷണം വന്നാലും സുനിൽ സ്വാമിക്കും ദേവസം ബോർഡ് ഉദ്യോഗസ്ഥർക്കും വിവാദങ്ങളിൽ നിന്ന് രക്ഷ നേടാം. അന്വേഷണം പരാതിയായെത്തിയാലും നിയമപരമായി നിത്യ പൂജാ ഭക്തനായതിനാൽ ഒന്നും ചെയ്യാനുമാകില്ല. ശബരിമലയിൽ തൊഴുക എന്ന ഉദ്ദേശത്തോടെ മാത്രം നിൽക്കുന്നുവെന്ന് ദേവസം ബോർഡ് വിശദീകരിക്കുന്ന സുനിൽ സ്വാമിയെ കൊണ്ട് ഉദ്യോഗസ്ഥർക്ക് ഗുണവുണ്ട്. മണ്ഡല-മകരവിളക്ക് കാലത്ത് നിത്യ ചെലവിനായി ഒരു ലക്ഷത്തിലധികം രൂപ എക്‌സിക്യൂട്ടീവ് ഓഫീസർക്ക് ദിവസവും ചെലവിടാം. പുഷ്പവും പൂജാസാധനങ്ങളും മറ്റ് ചെലവുകൾക്കുമായി ഹൈക്കോടതി അനുവദിച്ച അധികാരമാണ് ഇത്.

എന്നാൽ ഈ സാധനമെല്ലാം സുനിൽ സ്വാമി ഫ്രീയായി നൽകുമെന്നാണ് ആരോപണം. അതുകൊണ്ട് എക്‌സിക്യൂട്ടീവ് ഓഫീസർമാർക്ക് ഈ തുക എഴുതിയെടുക്കാമെന്നാണ് ആക്ഷേപം. ഒരു അഴിമതിയുടെ ഗണത്തിലും വരികയുമില്ല. അതിനാൽ എക്‌സിക്യൂട്ടീവ് ഓഫീസറായി ഏത് ഉദ്യോഗസ്ഥനെത്തിയാലും സുനിൽ സ്വാമിയുടെ പ്രിയങ്കരനാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP