Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അപ്പീലിന് പഴുതില്ലാതെ ഹൈക്കോടതി വിധി മൂലം വഴിയാധാരമായ എംപാനൽ ജീവനക്കാർക്ക് അശ്വാസം പകർന്ന് പാലയിലെ സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ; സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി എംപാനലുകാരുടെ പ്രശ്നം ഇൻഡസ്ട്രിയൽ ട്രിബ്യൂണലിന് വിട്ടാൽ പരിഹാരം ഉണ്ടാകുമെന്ന് നിയമോപദേശം സെന്റർ സർക്കാരിന് കൈമാറിയതോടെ ഉണർന്ന് പ്രവർത്തിച്ച് ഗതാഗത മന്ത്രി; യൂണിയൻ നേതാക്കൾ പോലും കൈവിട്ട എംപാനലുകാരെ ഉടൻ തിരിച്ചെടുക്കാൻ വഴി തെളിയുന്നു

അപ്പീലിന് പഴുതില്ലാതെ ഹൈക്കോടതി വിധി മൂലം വഴിയാധാരമായ എംപാനൽ ജീവനക്കാർക്ക് അശ്വാസം പകർന്ന് പാലയിലെ സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ; സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി എംപാനലുകാരുടെ പ്രശ്നം ഇൻഡസ്ട്രിയൽ ട്രിബ്യൂണലിന് വിട്ടാൽ പരിഹാരം ഉണ്ടാകുമെന്ന് നിയമോപദേശം സെന്റർ സർക്കാരിന് കൈമാറിയതോടെ ഉണർന്ന് പ്രവർത്തിച്ച് ഗതാഗത മന്ത്രി; യൂണിയൻ നേതാക്കൾ പോലും കൈവിട്ട എംപാനലുകാരെ ഉടൻ തിരിച്ചെടുക്കാൻ വഴി തെളിയുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ എസ് ആർ ടി സിയിലെ പിരിച്ചു വിട്ട എം പാനൽ ജീവനക്കാർക്ക് പുതിയ പ്രതീക്ഷയായി പാലയിലെ സെന്റ്ർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ ഗതാഗതമന്ത്രിക്ക് നൽകിയ നിയമോപദേശം മാറുന്നു. എംപാനലുകാർക്ക് സ്ഥിരമായി കെ എസ് ആർ ടി സിയിൽ ജോലി കിട്ടണമെങ്കിൽ വിഷയം സർക്കാർ ഇൻഡസ്ട്രിയൽ ട്രിബ്യൂണലിന് വിടണമെന്നാണ് ഹൈക്കോടതി അഭിഭാഷകനായ അഡ്വ.ജോൺ മനയാനിയുടെ നിയമോപദേശം. ഈ നിയമോപദേശം പാലയിലെ സെന്റ്‌റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ മാനേജിങ് ട്രസ്റ്റി അഡ്വ. ജയിംസ് വടക്കനാണ് ഗതാഗതമന്ത്രി എകെ ശശീന്ദ്രന് കൈമാറിയത്. ഇതോടെയാണ് മന്ത്രി അടിയന്തര നടപടികൾ തുടങ്ങിയത്.

ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് എം പാനലുകാരെ കെ എസ് ആർ ടി സി പിരിച്ചു വിട്ടത്. എംഡിയായിരുന്ന ടോമിൻ തച്ചങ്കരിയെ മാറ്റാൻ വികാരപരമായി ഈ വിഷയം കെ എസ് ആർ ടി സിയിലെ യൂണിയനുകൾ ഉപയോഗിച്ചു. അനിശ്ചിതകാല സമരം പോലും പ്രഖ്യാപിച്ചു. എന്നാൽ തച്ചങ്കരിയെ സർക്കാർ എംഡി സ്ഥാനത്ത് നിന്ന് മാറ്റിയതോടെ യൂണിയനുകാർ എംപാനലുകാരെ കൈവിട്ടു. എല്ലാ ഡിപ്പോയുടേയും ഭരണം പിടിച്ചെടുക്കാനുള്ള തിരക്കിലാണ് യൂണിയൻ നേതാക്കൾ. പല ഡിപ്പോകളിലും സംഘർഷങ്ങളും നടന്നു. ഇതോടെയാണ് തച്ചങ്കരിയെ പുറത്താക്കാൻ വേണ്ടി മാത്രമാണ് എംപാനലുകാരുടെ വിഷയത്തിൽ യൂണിനുകൾ ഇടപെട്ടതെന്നും വ്യക്തമായി. ഹൈക്കോടതി വിധിയാണെന്നും തങ്ങൾക്ക് ഇനി ഒന്നും ചെയ്യാനില്ലെന്നുമായിരുന്നു തച്ചങ്കരി പോയ ശേഷം യൂണിനുകളുടെ നിലപാട്. ഇതോടെ എംപാനലുകാർ നിരാശരായി. ഇതിനിടെയാണ് പാലയിലെ സെന്റ്ർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ നിർണ്ണായക ഇടപെടൽ നടത്തിയത്. ഇവർ സർക്കാരിന് നൽകിയ നിയമോപദേശത്തിന്റെ പകർപ്പ് മറുനാടന് ലഭിച്ചു.

എംപാനലുകാര് സ്ഥിരമായി ജോലി കിട്ടണമെങ്കിൽ വിഷയം സർക്കാർ ഇൻഡസ്ട്രിയൽ ട്രിബ്യൂണലിന് വിടണമെന്നാണ് നിയമോപദേശം. മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി എം.വിി ജയരാജനും കെ സ്ആർടിസി എം ടിക്കും കെ എസ്ആർടിസി ചീഫ് ലോ ഓഫീസർക്കും ഈ നിയമോപദേശം അയച്ചുകൊടുക്കുത്തു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എം പാനലുകാരെ സംബന്ധിച്ച് ഹൈക്കോടതിയുടെ അവസാന വിധി പ്രകാരം എംപാനലുകാരെ നേരിട്ട് നിയമിക്കാനാവില്ല എന്നാൽ നിയമ വിരുദ്ധരായി നിയമിച്ചവരാണെങ്കിലും ദീർഘകാലം ഒരു സ്ഥാപനത്തിൽ തൊഴിൽ ചെയ്തവരെ സ്ഥിരം ജീവനക്കാരായി നിയമിക്കണമെന്ന സുപ്രീം കോടതി വിധികൾ വിവരിച്ചാണ് നിയമോപദേശം നൽകിയത് എം പാനലുകാരുടെ പുനർ നിയമന കാര്യത്തിൽ തൊഴിലാളി സംഘടനകളൊക്കെ യാതൊരു ആത്മാർത്ഥതയും കാണിക്കാതെ നിസ്സംഗത പുലർത്തുന്ന സാഹചര്യത്തിലാണ് ഇടപെടൽ. ലോകസഭാ തിരഞ്ഞെടുപ്പിൽ 4000 പേരെ കെ എസ് ആർ ടി സിയിൽ നിന്നും ഇടത് സർക്കാർ പിരിച്ചുവിട്ടത് നല്ലൊരു പ്രചരണ വിഷയമാവുമെന്നുറപ്പാണ്. ഈ സാഹചര്യത്തിലാണ് അടിയന്തരമായി സർക്കാർ നടപടികൾ തുടങ്ങിയത്.

ഹൈക്കോടതി ഉത്തരവ് അനുസരിച്ച് പി എസ് എസിയിലൂടെ അഡൈ്വസ് മെമോ ലഭിച്ചവർക്ക് മാത്രമേ സ്ഥിര നിയമനം നൽകാവൂ എന്നതാണ് വസ്തുത. എംപാനലുകാരെ പിരിച്ചു വിട്ട് പി എസ് സി പരീക്ഷ ജയിച്ചവർക്ക് നിയമനം നൽകാനായിരുന്നു നിർദ്ദേശം. ഇത് അനുസരിച്ച് 4071 എം പാനൽ കണ്ടക്ടർമാർക്ക് ജോലി നഷ്ടമായി. പി എസ് സി ലിസ്റ്റിലുള്ള 1200 പേർ ജോലിക്കെത്തുകയും ചെയ്തു. ഇതിനൊപ്പം താൽകാലികാടിസ്ഥാനത്തിൽ എപ്ലോയ്‌മെന്റ് എക്‌സേചേഞ്ച് വഴിയും മറ്റും കണ്ടക്ടർമാർക്ക് 170 ദിവസം ജോലി നൽകാനും കഴിയും. അതിന് അപ്പുറത്തേക്ക് എം പാനലുകാരെ നിയമിക്കാൻ സർക്കാരിനോ കെ എസ് ആർ ടി സിയ്‌ക്കോ കഴിയില്ല. ഈ വിധിയിലെ ഉത്തരവുകളെ മറികടക്കാനാണ് അഡ്വ മനയാനി നിയമോപദേശം നൽകുന്നത്. ഇതിലൂടെ പോയാൽ പത്തുകൊല്ലത്തിൽ അധികം സർവ്വീസുള്ളവർക്ക് സ്ഥിര നിയമനത്തിനുള്ള സാധ്യതയാണ് തെളിയുന്നത്. ഹൈക്കോടതി വിധി മറികടക്കാനുള്ള ഏകവഴിയും ഇതാണ്.

തൊഴിൽ പ്രശ്‌നമെന്ന നിലയിൽ ഇത് ഇൻഡസ്ട്രിയൽ ട്രിബ്യൂണലിന് പരിഗണിക്കാം. ദീർഘകാലം ഒരു സ്ഥാപനത്തിൽ ജോലി ചെയ്തവരെ സ്ഥിരപ്പെടുത്തണമെന്ന സുപ്രീംകോടതി വിധികളുണ്ട്. കെ എസ് ആർ ടി സിയിൽ പി എസ് സി റാങ്ക് ലിസ്റ്റിൽ ഉള്ളവരുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. അതുകൊണ്ടാണ് അഡൈ്വസ് മെമോ ലഭിച്ചവർക്ക് വേണ്ടി എംപാനലുകാരെ പുറത്താക്കാൻ നിർദ്ദേശിച്ചത്. എന്നാൽ ഇൻഡസ്ട്രിയൽ ട്രിബ്യൂണലിന് മുമ്പിൽ ജോലി നഷ്ടപ്പെടുന്നവരുടെ ദൈന്യതയുടെ പ്രശ്‌നമായി ഇതുയർത്താം. പത്ത് വർഷത്തിൽ അധികം കെ എസ് ആർ ടി സിയിൽ ജോലി ചെയ്തവർക്കെല്ലാം സ്ഥിര നിയമനത്തിന് ഉത്തരവ് കിട്ടാനും സാധ്യത ഏറെയാണ്. വിവിധ സുപ്രീംകോടതി വിധികൾ ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം മനയാനി സമർത്ഥിക്കുന്നത്. ഇൻഡസ്ട്രിയൽ ട്രിബ്യൂണലിന് മുന്നിൽ ഒരു വിഷയമെത്തിയാൽ മൂന്ന് മാസത്തിനകം തീർപ്പുണ്ടാകണം. അതുകൊണ്ട് തന്നെ അതിവേഗ പരിഹാരവും എംപാനലുകാരെ തേടിയെത്തും. ഇൻഡസ്ട്രിയൽ ട്രിബ്യൂണലിന്റെ ഉത്തരവുകൾ സുപ്രീംകോടതിയിലേ ചോദ്യം ചെയ്യാനും കഴിയൂ. അതുകൊണ്ട് തന്നെ വിഷയത്തിൽ ഹൈക്കോടതി ഇടപെടലും ഉണ്ടാകില്ല.

തങ്ങളെ തിരികെ ജോലിയിൽ പ്രവേശിപ്പിക്കാനുള്ള നടപടി സർക്കാർ കൈക്കൊള്ളുന്നില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് എം പാനൽ കണ്ടക്ടർമാരുടെ കൂട്ടായ്മ പ്രഖ്യാപിച്ചിട്ടുണ്ട്. സമരം ഒത്തുതീർപ്പാക്കാൻ നടപടിയെടുക്കുന്നില്ലെങ്കിൽ സർക്കാരിന്റെ ആയിരം ദിന പരിപാടികളിൽ പിരിച്ചുവിടപ്പെട്ട കണ്ടക്ടർമാരും കുടുംബാംഗങ്ങളും പ്രതിഷേധിക്കുമെന്നും എം പാനൽ കൂട്ടായ്മാ ഭാരവാഹികൾ പറഞ്ഞിട്ടുണ്ട്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പിരിച്ചുവിടപ്പെട്ട എം പാനൽ കണ്ടക്ടർമാർ സെക്രട്ടറിയറ്റിനു മുന്നിൽ അനിശ്ചിതകാല സമരം തുടരുകയാണ്. തൊഴിൽ നഷ്ടപ്പെട്ട സ്ത്രീജീവനക്കാരും ഉൾപ്പെടെയുള്ളവരാണ് സമരത്തിൽ പങ്കെടുക്കുന്നത്. പിഎസ്‌സി റാങ്ക് പട്ടികയിലുള്ളവരെ നിയമിക്കാനാണ് 3861 താൽക്കാലിക കണ്ടക്ടർമാരെ പിരിച്ചുവിടാൻ ഹൈക്കോടതി ഉത്തരവിട്ടത്. 4051 പേർക്കാണ് പിഎസ്‌സി നിയമന ശുപാർശ നൽകിയത്. ഇതിൽ 1200 പേർമാത്രമേ ജോലിക്കെത്തിയുള്ളൂ.

പിഎസ്‌സി വഴിയേ നിയമനം നടത്താവൂവെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. പിരിച്ചുവിടപ്പെട്ട ജീവനക്കാരുടെ തൊഴിൽ സംരക്ഷിക്കണമെന്ന നിലപാടാണ് സർക്കാരിനുള്ളതെന്ന് ഗതാഗത മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, നിയമനവുമായി ബന്ധപ്പെട്ട് വിവിധ കേസുകൾ ഹൈക്കോടതിയിൽ ഇപ്പോഴും തുടരുന്നത് എം പാനലുകാരുടെ നിയമനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ നിയമോപദേശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP