Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പണിക്കർ കൂട്ടിയും കഴിച്ചും പ്രശ്‌നം വച്ചു നടത്തിയ രാഷ്ട്രീയ ചുവടുകളൊന്നും പിഴച്ചില്ല; പേര് ഇംഗ്ലീഷിൽ എഴുതുമ്പോൾ അവസാനം ഒരു 'എ' അധികമായി ചേർത്തതത് പണിക്കർ പറഞ്ഞിട്ട്; ആരോഗ്യനിലയെ കുറിച്ച് മുന്നറിയിപ്പുകൾ പലത് നൽകി; ജയലളിതയെ കേരളവുമായി അടുപ്പിച്ച പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കർക്ക് പറയാനുള്ളത്

പണിക്കർ കൂട്ടിയും കഴിച്ചും പ്രശ്‌നം വച്ചു നടത്തിയ രാഷ്ട്രീയ ചുവടുകളൊന്നും പിഴച്ചില്ല; പേര് ഇംഗ്ലീഷിൽ എഴുതുമ്പോൾ അവസാനം ഒരു 'എ' അധികമായി ചേർത്തതത് പണിക്കർ പറഞ്ഞിട്ട്; ആരോഗ്യനിലയെ കുറിച്ച് മുന്നറിയിപ്പുകൾ പലത് നൽകി; ജയലളിതയെ കേരളവുമായി അടുപ്പിച്ച പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കർക്ക് പറയാനുള്ളത്

എം പി റാഫി

മലപ്പുറം: അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജെ ജയലളിതയുടെ ജീവിത ഉയർച്ചകളിലത്രയും സ്വാധീനിക്കുകയും വഴിതെളിക്കുകയും ചെയ്ത വ്യക്തിയായിരുന്നു പരപ്പനങ്ങാടിയിലെ ഉണ്ണിക്കൃഷ്ണ പണിക്കർ. ഒത്തിരിയൊത്തിരി പറയാനുണ്ട് ഉണ്ണികൃഷ്ണ പണിക്കർക്ക് 'അമ്മ'യെ കുറിച്ച്. നന്മയും ജനങ്ങളുടെ ക്ഷേമവും ഓർത്ത് ഏത് നേരവും ആവലാതിപ്പെട്ടിരുന്ന ഒരു ഭരണാധികാരിയെയായിരുന്നു ജയലളിത എന്ന നേതാവിൽ കാണാൻ സാധിച്ചിരുന്നതെന്ന് ഉണ്ണിക്കൃഷ്ണ പണിക്കർ ഓർത്തെടുക്കുന്നു. ജയലളിതയുടെ ഓരോ ഉയർച്ച പടവുകൾക്കു പിന്നിലും പണിക്കരുടെ പിന്തുണയും പ്രവചനങ്ങളും ഉണ്ടായിരുന്നു. പ്രവചനങ്ങൾ പുലർന്നപ്പോൾ വലിയ പാരിതോഷികം ജയലളിത സമ്മാനിച്ചതും പണിക്കർ സ്മരിക്കുന്നു.

16 വർഷങ്ങൾക്കു മുമ്പുള്ള ബന്ധമായിരുന്നു പേരുകേട്ട ജോത്സ്യൻ ഉണ്ണിക്കൃഷ്ണൻ പണിക്കർക്ക് ജയലളിതയുമായി. ആദ്യ കൂടിക്കാഴ്ചയോടെ പണിക്കരെ നന്നായി ബോധിച്ചു. പിന്നീട് ജീവിതത്തിലും രാഷ്ട്രീയത്തിലെയും ഏത് നിർണായക ഘട്ടത്തിലും അമ്മ പണിക്കരുടെ ഉപദേശ നിർദ്ദേശങ്ങൾ തേടിയിരുന്നു. പണിക്കർ കൂട്ടിയും കഴിച്ചും പ്രശ്‌നം വച്ചപ്പോൾ പിന്നെ, ജയലളിതയുടെ രാഷ്ട്രീയ ചുവടുകളൊന്നും പിഴച്ചില്ല. ജ്യോത്സ്യൻ പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കരുമായി ജയലളിതയ്ക്ക് വല്ലാത്ത ആത്മബന്ധമുണ്ടായിരുന്നു.

പണിക്കർ പറഞ്ഞാൽ എല്ലാം ഫലിക്കുമെന്ന വിശ്വാസം ജയലളിതയക്ക് ഉണ്ടായിരുന്നു. ജയലളിത ഗുരൂവായൂർ ക്ഷേത്രത്തിൽ ആനയെ നടയ്ക്കിരുത്തിയതും ജയലളിത എന്ന പേര് ഇംഗ്ലീഷിൽ എഴുതുമ്പോൾ അവസാനം ഒരു 'എ' അധികമായി ചേർത്തതും പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണിക്കർ പറഞ്ഞിട്ടായിരുന്നു. 2012 ൽ ക്രിമിനൽ കേസുണ്ടായ സാഹചര്യത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രിയാകുമെന്ന പ്രവചനം ഫലിച്ചതോടെ പത്തുലക്ഷം രൂപയാണ് പണിക്കർക്ക് അമ്മ സമ്മാനം നൽകിയത്. ഇതിൽ നിന്ന് മൂന്ന് ലക്ഷം രൂപ ആദായ നികുതിയായി പണിക്കർ അടയ്ക്കണമെന്ന് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടതും വാർത്തയിലിടം പിടിച്ചിരുന്നു.

ബിസിനസിലൂടെയല്ലാതെ കിട്ടിയ പണത്തിന് ഒരു പൈസ നികുതി നൽകില്ലെന്ന് പണിക്കർ വാശി പിടിച്ചു. പണിക്കരുടെ നിലപാട് ആദായനികുതി വകുപ്പ് ട്രിബ്യൂണൽ അംഗീകരിച്ചതുമില്ല. മൂന്ന് ലക്ഷം രൂപ അടയ്ക്കാൻ ട്രിബ്യൂണൽ ഉത്തരവിട്ടുവെങ്കിലും പണിക്കർ ഹൈക്കോടതിയിൽ കേസുമായി പോയി. എന്നാൽ കോടതി പണിക്കരെ കൈവിട്ടു. നികുതി അടയ്ക്കാൻ ഉത്തരവിട്ടു. 2002ൽ പണിക്കരെ ചെന്നൈ ആസ്ഥാനമായുള്ള സ്വാതിതിരുനാൾ കലാകേന്ദ്രം ജ്യോതിഷ പുരസ്‌കാർ പദവി നൽകി ആദരിച്ചിരുന്നു.

പ്രതിസന്ധികളിൽ കരുത്തു നേടാൻ കേരളത്തിലെ അമ്പലങ്ങളിൽ വഴിപാട് നടത്താൻ ജയലളിതയെ ഉപദേശിച്ചത് പണിക്കരായിരുന്നു. 2001 ൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കപ്പെട്ട് പത്രിക നൽകാൻ പോലും കഴിഞ്ഞില്ലെങ്കിലും പാർട്ടി ഉജ്വല വിജയം നേടി മുഖ്യമന്ത്രിയായതിനു പിന്നാലെ ജയലളിത കണ്ണൂർ തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രത്തിൽ എത്തിയിരുന്നു. ഈ വിജയവും പണിക്കർ പ്രവചിച്ചിരുന്നു. കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രം പിന്നീട് ഈ ക്ഷേത്രത്തിൽ എത്തിച്ചേരാൻ ജയലളിതയ്ക്ക് കഴിഞ്ഞില്ലെങ്കിലും എല്ലാ മാസവും അമ്മയെന്ന പേരിൽ ദൂതന്മാർ വഴി ക്ഷേത്രവുമായുള്ള ബന്ധം നിലനിർത്തിയിരുന്നു. ഏത് സമയത്തും അമ്മയെ കാണാനും സംസാരിക്കാനും മാത്രമുള്ള അടുപ്പം ഉണ്ണികൃഷ്ണ പണിക്കർക്ക് ഉണ്ടായിരുന്നു.

ഉണ്ണികൃഷ്ണ പണിക്കരുടെ ഉപദേശത്താൽ ആദ്യമായി 2001 ൽ ജയലളിത ഗുരുവായൂർ ക്ഷേത്രം സന്ദർശിച്ചിരുന്നു. 2012 ജൂലൈ 02ാം തീയതി പണിക്കരുടെ നിർദ്ദേശ പ്രകാരം കിരങ്ങാട്ട് കണ്ണൻ എന്ന ആനയെ ജയലളിത ഗുരുവായൂർ നടയിൽ എഴുന്നെള്ളിച്ചിരുന്നു. 2004ൽ ഗുരുവായൂർ ക്ഷേത്രം സന്ദർശിച്ച ജയലളിത പതിനായിരം രൂപയുടെ പാൽപ്പായസ വഴിപാടാണ് നടത്തിയത്. പിന്നീടാണ് മലപ്പുറം തിരൂരിലെ ആലത്തിയൂർ ഹനുമാൻ കോവിൽ സന്ദർശിച്ചത്. രണ്ടേ കാൽ ലക്ഷം രൂപയുടെ തങ്കക്കിരീടമാണ് വഴിപാടായി ഇവിടേക്ക് സമർപ്പിച്ചത്. ജയലളിതയുടെ ക്ഷേത്ര സന്ദർശനത്തിനു ശേഷമായിരുന്നു ആലത്തിയൂർ ഹനുമാൻ കാവ് ക്ഷേത്രം പ്രശസ്തമായത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ജയലളിതയുടെ പ്രതിനിധി ഹനുമാൻകാവ് ക്ഷേത്രത്തിൽ എത്തിയിരുന്നു.

ജയലളിതയുമായുള്ള ആത്മബന്ധം അവസാനകാലം വരെ നിലനിർത്താൻ സാധിച്ചിരുന്നുവെന്ന് ഉണ്ണികൃഷ്ണ പണിക്കർ പറഞ്ഞു. ജയലളിതയുടെ വിയോഗത്തെ വേദനയോടെയാണ് ഉണ്ണികൃഷ്ണ പണിക്കർ പങ്കുവച്ചതും ഓർത്തെടുത്തതുമെല്ലാം. തെരഞ്ഞെടുപ്പ് കാലയളവിലെ പ്രവചനങ്ങൾക്കു പുറമെ ജയലളിതയുടെ ആരോഗ്യ നിലയിലെ മുന്നറിയിപ്പുകളും പണിക്കർ നൽകുകയുണ്ടായി. പലതവണ ആരോഗ്യ കാര്യത്തെ പറ്റി സൂചിപ്പിച്ചിരുന്നുവെന്ന് പണിക്കർ പറഞ്ഞു. തമിഴരുടെ പ്രിയപ്പെട്ട അമ്മയെ മലയാളക്കരയുമായി അടുപ്പിച്ചിരുന്ന വ്യക്തിയായിരുന്നു പണിക്കർ. ജയലളിതയുടെ വിയോഗമറിഞ്ഞ് പരപ്പനങ്ങാടിയിലെ വസതിയിൽ നിന്നും ഉണ്ണികൃഷ്ണ പണിക്കർ പ്രതികരിച്ചതിങ്ങനെ:

'മനസിനെ വല്ലാതെ വേദനയുണ്ടാക്കുന്ന കാര്യമാണ് അമ്മയുടെ വേർപാട്. 16 വർഷമായുള്ള ബന്ധമായിരുന്നു എനിക്ക് അമ്മയുമായി. ആദ്യം മുഖ്യമന്ത്രിയാകുന്നതിന്റെ ഒരു വർഷം മുമ്പാണ് ഞാൻ പരിചയപ്പെടുന്നത്. 2000 ൽ അവർ ആവശ്യപ്പെട്ടതനുസരിച്ച് കാണാൻ പോകുകയായിരുന്നു. പിന്നീട് ആ ബന്ധം തുടർന്നു. പല തവണ നേരിൽ കണ്ടു. അവരും അവരുമായി ബന്ധപ്പെട്ടവരെല്ലാം ഇവിടെയെത്തി. ഒരു വർഷം മുമ്പ് തന്നെ ആരോഗ്യനിലയെ കുറിച്ച് ഞാൻ പല തവണ മുന്നറിയിപ്പ് നൽകിയിരുന്നു. ആരോഗ്യനില മോശമാണെന്ന സൂചനകളും നൽകിയിരുന്നു. ജയിലിൽ പോകേണ്ടി വന്ന സാഹചര്യത്തിലും എന്നെ ബന്ധപ്പെട്ടിരുന്നു.

അമ്മ രണ്ട് മാസമായി സുഖമില്ലാത്ത അവസ്ഥയിലായിരുന്നല്ലോ.. രണ്ട് ദിവസം മുമ്പ് ഹൃദയാഘാദം ഉണ്ടെന്ന് ഞെട്ടലോടെയാണ് അറിഞ്ഞത്. ആ നിമിഷം മുതൽ വല്ലാത്തൊരു അവസ്ഥയിലാണ്. അവരെ കൂടുതൽ അറിയുന്നതുകൊണ്ടാകാം ഇത്രമാത്രം മനസിന് ഉലച്ചിൽ സംഭവിച്ചത്. അവരുമായി പരിചയമുള്ളവരെല്ലാം അമ്മയെ മനസിൽ സൂക്ഷിക്കുമെന്നതിൽ യാതൊരു സംശയവുമില്ല. തമിഴ് ജനത നെഞ്ചിലേറ്റുന്നത് അതുകൊണ്ടാണ്. ജനങ്ങളുടെ കഷ്ടപ്പാട് അകറ്റുക എന്ന ചിന്ത മാത്രമായിരുന്നു അവരുടെ മനസ്സിലുണ്ടായിരുന്നത്'.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP