Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാറ്റൂരിലെ വിവാദ ഭൂമി ഇടപാടിൽ അമിക്കസ് ക്യൂറിയുടെ ചായംതേച്ച തട്ടിപ്പ്; കെട്ടിടത്തിന്റെ മധ്യഭാഗത്തെ സർക്കാർ ഭൂമി പുറമ്പോക്കാക്കിക്കാണിച്ചു പിടിച്ചെടുത്തു വിവാദത്തിന് ഒത്തുതീർപ്പ്

പാറ്റൂരിലെ വിവാദ ഭൂമി ഇടപാടിൽ അമിക്കസ് ക്യൂറിയുടെ ചായംതേച്ച തട്ടിപ്പ്; കെട്ടിടത്തിന്റെ മധ്യഭാഗത്തെ സർക്കാർ ഭൂമി പുറമ്പോക്കാക്കിക്കാണിച്ചു പിടിച്ചെടുത്തു വിവാദത്തിന് ഒത്തുതീർപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാറ്റൂർ വിവാദ ഭൂമി ഇടപാടിൽ ഒത്തുതീർപ്പിനു കളമൊരുക്കി പുതിയ സംഭവവികാസങ്ങൾ. കെട്ടിടത്തിന്റെ മധ്യഭാഗത്തുള്ള സർക്കാർ ഭൂമി വെറും പുറമ്പോക്കു ഭൂമിയാണെന്നു കാട്ടി വിവാദങ്ങൾ അവസാനിപ്പിക്കാനുള്ള നീക്കങ്ങളാണ് അണിയറയിലും അരങ്ങിലും നടക്കുന്നത്.

ഇക്കാര്യത്തിൽ സർക്കാരിന്റെ എല്ലാ ഏജൻസികളും ഒറ്റ മനസോടെയാണ് പെരുമാറുന്നത്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ഇപ്പോഴുള്ള നീക്കങ്ങൾ. 16 ഏക്കർ ഭൂമി പുറമ്പോക്കാണെന്നുള്ള വാദമാണ് ഇപ്പോൾ ഉയർത്തുന്നത്. കെട്ടിടം ഇരിക്കുന്ന പ്രദേശം സർക്കാർ ഭൂമിയിലായിരിക്കെ ഇത് പുറമ്പോക്കാണെന്നു വരുത്തിത്തീർത്തു പ്രശ്‌നം ഒതുക്കാനുള്ള ശ്രമമാണു നടക്കുന്നത്.

പാറ്റൂരിൽ ഫ്‌ളാറ്റ് വിവാദത്തിലെ ഭൂമിയിൽ കയ്യേറ്റം നടന്നതു പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്നു ലോകായുക്ത നിയോഗിച്ച അമിക്കസ് ക്യൂറി അറിയിക്കുമ്പോഴും പുറമ്പോക്കു ഭൂമിയാണ് ഇതെന്ന വിലയിരുത്തലാണു നടത്തിയിരിക്കുന്നത്. 16 സെന്റ് തോട് പുറമ്പോക്കു കയ്യേറിയതായി ഭൂമി അളന്നുതിട്ടപ്പെടുത്തിയപ്പോൾ വ്യക്തമായെന്നാണ് അമിക്കസ് ക്യൂറി പറയുന്നത്. ജല അഥോറിറ്റിയുടെ സ്ഥലം കയ്യേറിയിട്ടുണ്ടോയെന്നു പരിശോധന പൂർത്തിയാകുമ്പോഴേ അറിയാനാകൂവെന്നാണ് അമിക്കസ് ക്യൂറി അഡ്വ. കെ ബി പ്രദീപ് അറിയിച്ചത്.

ജല അഥോറിറ്റിയുടെ സ്ഥലം കയ്യേറിയോ എന്നു പരിശോധിക്കുമ്പോഴാണ് മറ്റൊരു 16 സെന്റ് കയ്യേറിയതായി കണ്ടെത്തിയതെന്ന് അമിക്കസ് ക്യൂറി പറയുന്നു. വിവാദഭൂമിക്ക് അരികിലൂടെ പോകുന്ന തോടിന്റെ പുറമ്പോക്കാണ് കയ്യേറിയതെന്നും ഇവിടെ നിർമ്മാണപ്രവർത്തനങ്ങളൊന്നും നടത്തിയിട്ടില്ലെന്നും അമിക്കസ് ക്യൂറി പറഞ്ഞു. ലോകായുക്ത നിയോഗിച്ച അഭിഭാഷക കമ്മിഷൻ അഡ്വ. ഡി അഭിജിത്, കേസ് അന്വേഷിക്കുന്ന എഡിജിപി ജേക്കബ് തോമസ് എന്നിവരും ഭൂമി അളന്നു തിട്ടപ്പെടുത്തുന്ന സംഘത്തിലുണ്ടായിരുന്നു.

പൊതുപ്രവർത്തകനായ ജോയി കൈതാരത്തിന്റെ പരാതിയിലാണു ലോകായുക്ത കേസെടുത്തത്. ജല അഥോറിറ്റിയുടെ 16.5 സെന്റ് സ്ഥലം ഫ്‌ളാറ്റ് നിർമ്മാണക്കമ്പനി കയ്യേറിയെന്നും ഇതിന് ഉന്നതോദ്യോഗസ്ഥർ ഒത്താശ ചെയ്തുവെന്നുമാണു പരാതി. ഹൈക്കോടതി നിർദ്ദേശപ്രകാരം ഫ്‌ളാറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ്. കേസ് ലോകായുക്ത നാളെ വീണ്ടും പരിഗണിക്കാനിരിക്കെയാണ് അമിക്കസ് ക്യൂറിയുടെ വെളിപ്പെടുത്തലുകൾ.

എന്നാൽ, കെട്ടിടം ഇരിക്കുന്ന സ്ഥലം സർക്കാർ ഭൂമിയാണെന്ന രേഖകളിൽ മാറ്റം വരുത്തിയാണ് ഇപ്പോൾ പുറമ്പോക്കായി കാണിച്ചിരിക്കുന്നത്. സർക്കാരും ഭൂമാഫിയയുമെല്ലാം ചേർന്ന് ഒരു ഒത്തുതീർപ്പിനാണ് കളമൊരുങ്ങിയിരിക്കുന്നത്. വിവാദത്തിൽപ്പെട്ട സ്ഥലം പിന്നീട് പാർക്കിങ് മേഖലയായി ഉപയോഗിക്കാനാണ് നീക്കം. ഭൂമി ഇടപാടിൽ കുറ്റാരോപിതരായവരെ സംരക്ഷിക്കാൻ എല്ലാ ഏജൻസികളും ഒരുമിച്ചാണ് രംഗത്തെത്തുന്നത്.

പതിനാറ് സെന്റ് സർക്കാർ ഭൂമി സംസ്ഥാന ചീഫ് സെക്രട്ടറിയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ തട്ടിയെടുത്തെന്നാണ് ആരോപണം. ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷൺ, പ്രിൻസിപ്പൽ സെക്രട്ടറി സത്യജിത് രാജൻ, ലാൻഡ് റവന്യൂ കമീഷണർ എം സി മോഹൻദാസ്, ഫ്‌ളാറ്റ് നിർമ്മാതാക്കൾ അടക്കമുള്ളവരെ പ്രതിയാക്കിയാണ് പരാതി നൽകിയത്. പാറ്റൂർ ഭൂമി റിയൽ എസ്റ്റേറ്റ് സംഘം കയ്യേറിയതിൽ റവന്യൂ വകുപ്പിന് വീഴ്ച പറ്റിയെന്ന് വിജിലൻസ് അന്വേഷണത്തിലും തെളിഞ്ഞിരുന്നു. ഭൂമി കൈയേറിയ സ്വകാര്യ വ്യക്തികൾക്കെതിരെ കേസെടുക്കണമെന്നും കഴിഞ്ഞ ജൂണിൽ സർക്കാറിന് സമർപ്പിച്ച വിജിലൻസ് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്.

ഈ വസ്തുതകളെല്ലാം നിലനിൽക്കെയാണ് ഭൂമി പുറമ്പോക്കാണെന്ന തരത്തിൽ പ്രചാരണം വരുന്നത്. സർക്കാർ ഭൂമി പുറമ്പോക്കാക്കി ചിത്രീകരിച്ച് പ്രശ്‌നം ഒത്തുതീർപ്പാക്കാനുള്ള ശ്രമം മാഫിയകളിൽ നിന്നുള്ള കനത്ത സമ്മർദത്തിന്റെ ഫലമായാണെന്നും സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP