കുന്നത്തുനാടിലെ ഇടപാടിന് പിന്നിൽ സ്പീക്സ് പ്രോപ്പർട്ടീസ്; ഔദ്യോഗിക രേഖകളിൽ കൃഷ്ണമ രാജാമണിയും വജ്രവേലു കണ്ണിയപ്പനും വാപ്പാല നരേന്ദ്രനും കമ്പനി ഡയറക്ടർമാർ; ഇവരിൽ ഒരാളോ മറ്റൊരാളോ ഡയറക്ടറായ തമിഴ്നാട്ടിലെ 15 ലേറെ കമ്പനികളിൽ പങ്കാളിയായുള്ളത് 'വിഎസിന്റെ പഴയ വെറുക്കപ്പെട്ടവൻ'; പിണറായി സർക്കാരിനെ വെട്ടിലാക്കാൻ വീണ്ടും 'ജീർണ്ണതയുടെ അഴുക്കുപുരണ്ട കറൻസിയുള്ള വെറുക്കപ്പെട്ടവൻ' എത്തുന്നു; നിയമം കാറ്റിൽ പറത്തിയുള്ള നിലം നികത്തൽ അനുമതിക്ക് പിന്നിൽ ഫാരീസ് അബൂബേക്കറോ?
May 09, 2019 | 01:56 PM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഒരു സമയത്ത് കേരളത്തിൽ ഏറെ വിവാദമുണ്ടാക്കിയ റിയൽ എസ്റ്റേറ്റ് വ്യവസായി ആണ് ഫാരീസ് അബൂബക്കർ. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മുമായി അടുത്ത ബന്ധം പുലർത്തുന്ന വിവാദ വ്യക്തിത്വം. പിണറായി അധികാരത്തിൽ എത്തിയതോടെ ഫാരീസ് കേരളത്തിൽ സജീവമാകുന്നതായി വാർത്തകൾ വന്നിരുന്നു. എന്നാൽ പ്രത്യക്ഷത്തിൽ ഒന്നും നടന്നില്ല. ഇതിനിടെയാണ് കുന്നത്ത് നാട് ഭൂമി വിവാദം ചർച്ചയാകുന്നത്. ഈ വ്യാജ ഉത്തരവ് വിവാദത്തിലും ഫാരീസ് അബൂബേക്കറിന് പങ്കുണ്ടോ എന്ന സംശയമാണ് സജീവമാകുന്നത്. കുന്നത്ത് നാട് ഭൂമി ഇടപാടിൽ പ്രതിസ്ഥാനത്തുള്ള കമ്പനിക്ക് ഫാരീസുമായി ബന്ധമുണ്ട്. കമ്പനികാര്യ വെബ്സൈറ്റിൽ ഈ കമ്പനിയുടെ ഡയറക്ടർമാരായുള്ളത് ഫാരീസിന്റെ അടുത്ത സുഹൃത്തുക്കളാണ്. ഇവരുടെ ബിസിനസ് ബന്ധവും കമ്പനികാര്യ വകുപ്പിന്റെ സൈറ്റിൽ വ്യക്തമാണ്.
അനധികൃത നിലം നികത്തൽ തടഞ്ഞ കലക്ടറുടെ ഉത്തരവു റദ്ദാക്കി വീണ്ടും നിലം നികത്താൻ സർക്കാരിന്റെ പച്ചക്കൊടിയെന്ന വാർത്തയോടെയാണ് കുന്നത്തുനാട്ടിലെ ഭൂമി വിദം തുടങ്ങിയത്.എറണാകുളം കുന്നത്തുനാട് വില്ലേജിലെ 15 ഏക്കർ (5.8365 ഹെക്ടർ) ഭൂമി നികത്താനാണു കലക്ടറുടെ ഉത്തരവു റദ്ദാക്കി റവന്യു വകുപ്പ് അനുമതി നൽകിയത്. ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയാണു കലക്ടറുടെ ഉത്തരവു തിരക്കിട്ടു റദ്ദാക്കിയത്. കേരള നെൽവയൽ തണ്ണീർത്തട നിയമം ലംഘിച്ചും അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം നിരാകരിച്ചതുമായിരുന്നു ഉത്തരവ്. ഇതോടെയാണ് വിവാദത്തിന് പുതിയ തലം നൽകിയത്. എല്ലാം ഉദ്യോഗസ്ഥതല വീഴ്ചയായി ചിത്രീകരിച്ച് ഒതുക്കാനും നീക്കം നടന്നു. ഇതിനിടെയാണ് ഫാരീസ് ബന്ധം മറനീക്കി പുറത്തു വരുന്നത്. ഇതോടെ സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണോ ഈ ഉത്തരവ് ഇറങ്ങിയതെന്ന സംശയവും സജീവമാണ്.
കൊച്ചിയിൽ രജിസ്റ്റർ ചെയ്ത സ്പീക്സ് പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന റിയൽ എസ്റ്റേറ്റ് കമ്പനിയുടേതാണു ഭൂമി. മുൻപ് സിന്തൈറ്റ് കമ്പനിയുടെ പേരിലായിരുന്നു ഇതെന്നു കലക്ടറുടെ ഉത്തരവിൽ പറയുന്നു. അടിസ്ഥാന നികുതി രജിസ്റ്റർ (തണ്ടപ്പേർ രജിസ്റ്റർ) പ്രകാരവും കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം തയാറാക്കിയ ഡേറ്റ ബാങ്കിലും ഇതു നിലമാണ്. ഇത് അനധികൃതമായി നികത്തുന്നതിനാൽ നിലം പൂർവസ്ഥിതിയിലാക്കാൻ ഉത്തരവിറക്കണമെന്നു മൂവാറ്റുപുഴ റവന്യു ഡിവിഷനൽ ഓഫിസർ 2017 ഡിസംബറിൽ കലക്ടർക്കു റിപ്പോർട്ട് നൽകി. ഇത് അനുസരിച്ചായിരുന്നു നടപടികൾ കളക്ടറെടുത്തത്. ഇതാണ് സർക്കാർ ഉത്തരവിലൂടെ അട്ടിമറിച്ചതും. സ്പീകസ് പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധപ്പെട്ട മറുനാടൻ അന്വേഷണങ്ങളാണ് വിവാദ വ്യവസായി ഫാരീസ് അബൂബേക്കറിന്റെ ബന്ധം വെളിപ്പെടുത്തിയത്.
കേന്ദ്ര കമ്പനി കാര്യാലയ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ സ്പീക്സ് പ്രോപ്പർട്ടീസിന്റെ ഡയറക്ടർമാരിൽ തമിഴ്നാട്ടിലെ വ്യവസായികളായ കൃഷ്ണമ രാജാമണി, വജ്രവേലു കണ്ണിയപ്പൻ, വാപ്പാല നരേന്ദ്രൻ എന്നിവരുടെ പേരുകളാണ്. എന്നാൽ, ഭൂമി പൂർവസ്ഥിതിയിലാക്കാനുള്ള വിവാദ ത്തരവിൽ പറയുന്ന 5 ഡയറക്ടർമാരുടെ കൂട്ടത്തിൽ ഇവരില്ല. കമ്പനിയുടെ വിലാസം ഒന്നു തന്നെയാണ്. പഴയ കമ്പനിയുടെ ഡയറക്ടർമാരാണ് ഇവരെന്നും സ്പീക്സ് ഭൂമി വാങ്ങിയ ശേഷം ക്രയവിക്രയ നടപടി പൂർത്തിയാകാത്തതിനാലാണ് പേരു മാറ്റാത്തതെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഇതിനിടെയാണ് ഡയറക്ടർമാർക്ക് ഫാരീസുമായുള്ള ബന്ധം തെളിയിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്. ഇതോടെ ഉന്നത രാഷ്ട്രീയ നേതൃത്വവും കള്ളക്കളികൾ നടത്തിയെന്ന സൂചനയാണ് പുറത്തുവരുന്നത്.
കുന്നത്തുനാടിലെ വിവാദ ഇടപാടിലെ കമ്പനിയുടെ ഡയറക്ടർമാരായി സ്പീക്സ് പ്രോപ്പർട്ടീസ് വിശദീകരിക്കുന്ന മൂന്ന് പേർക്കും ഫാരീസ് അബൂബേക്കറുമായി അടുത്ത ബന്ധമുണ്ട്. ഇവരുടെ പല കമ്പനികളിലും ഫാരീസ് അബൂബേക്കർ ഡയറക്ടറാണ്. അതായത് ഫാരീസ് അബൂബേക്കറിന്റെ ബിസിനസ് പങ്കാളികളാണ് പ്രതിസ്ഥാനത്തുള്ളത്. 1993ലാണ് സ്പീക്സ് പ്രോപ്പർട്ടീസ് ലിമിറ്റഡ് രൂപീകരിച്ചത്. ഈ കമ്പനിയാണ് വിവാദങ്ങൾക്ക് പിന്നിൽ. വജ്രവേലു കണ്ണിയപ്പനാണ് ആദ്യ ഡയറക്ടറായി കമ്പനികാര്യ മന്ത്രാലയത്തിന്റെ സൈറ്റിലുള്ളത്. 2016ലാണ് ഇയാൾ ഈ കമ്പനിയുടെ ഡയറക്ടറാകുന്നത്. സൈറ്റിലെ വിവരങ്ങൾ പ്രകാരം ഇരുപതിലധികം കമ്പനികളിൽ ഇയാൾ ഡയറക്ടറാണ്. ഇതിൽ പലതിലും ഫാരീസ് അബൂബേക്കറും ഡയറക്ടറാണ്.
കൃഷ്ണമ രാജാമണി, വജ്രവേലു കണ്ണിയപ്പൻ, വാപ്പാല നരേന്ദ്രൻ എന്നിവരും നിരവധി കമ്പനികളിൽ ഡയറക്ടർമാരാണ്. ഇവർക്ക് പങ്കാളിത്തമുള്ള കമ്പനികളിലും ഫാരീസ് ഡയറക്ടറാണ്. അതായത് ഈ മൂന്ന് പേരുമായും വിവാദ വ്യവസായിക്ക് ബിസിനസ് ബന്ധമുണ്ടെന്നാണ് വ്യക്തമാകുന്നത്. ഇവരിൽ ഒരാളോ മറ്റൊരാളോ ഡയറക്ടറായ തമിഴ്നാട്ടിലെ 15 ലേറെ കമ്പനികളിലും ഫാരീസും പങ്കാളിയാണ്. അതിൽ ചിലത് ഇപ്പോൾ പ്രവർത്തിക്കുന്നില്ല.
വിഎസിന്റെ 'വെറുക്കപ്പെട്ടവൻ'
കത്തോലിക്കാസഭയുടെ അധീനതയിലായിരുന്ന ദീപിക പത്രം കാഞ്ഞിരപ്പള്ളി ബിഷപ് മാർ മാത്യു അറയ്ക്കലിന്റെ പിന്തുണയോടെ കൈപ്പിടിയിലൊതുക്കിയ ഫാരിസ് അബൂബക്കർ അന്നു മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദനെതിരേയുള്ള ആയുധമായി ഉപയോഗിച്ചിരുന്നു. പിന്നീട് കത്തോലിക്കാ സഭ പത്രം തിരിച്ചുപിടിച്ചതോടെ 2008 ഒക്ടോബറിലാണ് ഫാരീസ് മെട്രോവാർത്ത പത്രം തുടങ്ങിയത്. ദീപിക പത്രത്തെ പിളർത്തി തുടങ്ങിയ മെട്രോവാർത്തയെ കേരളത്തിലെ രണ്ടാമത്തെ മികച്ച പത്രമാക്കും എന്നായിരുന്നു അവകാശവാദം.
കേരളത്തിൽ ആദ്യമായി എല്ലാ പേജും കളറിൽ അച്ചടിച്ച പത്രം വിചാരിച്ചപോലെ ജനകീയമായില്ല. സിംഗപ്പൂരിൽ കിഡ്നി ഫൗണ്ടേഷന്റെ പേരിൽ ഫണ്ട് തട്ടിപ്പ് നടത്തിയെന്ന ആരോപണവും വന്നു. നിരവധി വിവാദങ്ങളിൽ പ്രധാനകഥാപാത്രമായതോടെ വി എസ്, വെറുക്കപ്പെട്ടവൻ എന്ന വിശേഷണം ഫാരിസിനു ചാർത്തിയത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. സിപിഎമ്മിന്റെ ഔദ്യോഗിക വിഭാഗവുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു. കുറച്ചു കാലത്തിനുശേഷം പത്രം ഉപേക്ഷിച്ച് ഫാരീസ് കേരളം വിടുകയായിരുന്നു.
തിരുവനന്തപുരം പ്രസ് ക്ലബ് 2007 ൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലായിരുന്നു വി എസ് അച്യുതാനന്ദൻ ഫാരീസ് അബൂബക്കറെ വെറുക്കപ്പെട്ടവനെന്ന് ആദ്യമായി വിശേഷിപ്പിച്ചത്. ജീർണ്ണതയുടെ അഴുക്കുപുരണ്ട കറൻസ് പാർട്ടിക്ക് വേണ്ടെന്ന് പറയുന്നതിനിടെയാണ് വി എസ് അച്യുതാനന്ദൻ ഫാരീസിന്റെ കാര്യം പരാമർശിച്ചത്. വെറുക്കപ്പെട്ടവന്റെ പണം പാർട്ടിക്ക് വേണ്ടെന്നായിരുന്നു വി എസ് പറഞ്ഞത്. പാർട്ടിയിലും രാഷ്ട്രീയ വൃത്തങ്ങളിലും ഏറെ കോളിളക്കമുണ്ടാക്കിയ പ്രസ്താവനയായിരുന്നു അത്. ഫാരീസ് അബൂബക്കറുമായുള്ള ബന്ധം ഇടതുപക്ഷത്തെ ജീർണ്ണിപ്പിച്ചുവെന്നുമുള്ള ആരോപണമാണ് അന്ന് വി എസ് ഉന്നയിച്ചത്.
വി എസ് അന്ന് കളിയാക്കി വിളിച്ച 'ഈ വെറുക്കപ്പെട്ടവനാണ്' കുന്നത്തുനാട് ഭൂമി ഇടപാടിലും ചർച്ചയിൽ ഇടംനേടുന്നത്. പിന്നീട് കൈരളി ചാനലിൽ ഫാരീസ് പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇതും ഏറെ വിവാദമുണ്ടാക്കിയതാണ്.
കുന്നത്തുനാടിലെ വിവാദം ഇങ്ങനെ
വ്യവസ്ഥകളോടെ ഭൂമി പരിവർത്തനം ചെയ്യാൻ 2006 ൽ ലാൻഡ് റവന്യു കമ്മിഷണർ അനുമതി നൽകിയെന്നാണു കമ്പനി വാദം. എന്നാൽ 2008 ലെ നെൽവയൽ തണ്ണീർത്തട നിയമം വന്നതോടെ പഴയ ഉത്തരവുകൾ അസാധുവായി. മാത്രമല്ല പുതിയ നിയമം വന്ന ശേഷം 2013-14 ലാണ് ഈ സ്ഥലം നികത്തിത്തുടങ്ങിയതെന്നു ഡിവിഷനൽ ഓഫിസറുടെ റിപ്പോർട്ടിൽ പറയുന്നു. അന്നു ജനകീയ സമരം നടക്കുകയും കലക്ടർ സ്റ്റോപ്പ് മെമോ കൊടുക്കുകയും ചെയ്തു. തുടർന്നാണു നിലം 15 ദിവസത്തിനകം പൂർവ സ്ഥിതിയിലാക്കണമെന്ന് 2018 സെപ്റ്റംബർ 26 ന് എറണാകുളം കലക്ടർ കെ.മുഹമ്മദ് വൈ.സഫീറുള്ള ഉത്തരവിട്ടത്. അതിനാവശ്യമായ തുക റവന്യു റിക്കവറി വഴി കമ്പനിയിൽ നിന്ന് ഈടാക്കാനും നിർദ്ദേശിച്ചു.
സ്ഥലത്തിന്റെ ക്രയവിക്രയവും പോക്കുവരവും കലക്ടർ മരവിപ്പിച്ചു. നെൽവയൽ സംരക്ഷണ നിയമത്തിലെ സെക് ഷൻ 13 പ്രകാരമുള്ള കലക്ടറുടെ അധികാരം ഉപയോഗിച്ചായിരുന്നു ഉത്തരവ്. ഡേറ്റ ബാങ്കിൽ വയൽ എന്നു രേഖപ്പെടുത്തിയത് ഒഴിവാക്കണമെന്ന കമ്പനിയുടെ അപേക്ഷയും തള്ളി. ഇതിനെതിരെ കമ്പനി കഴിഞ്ഞ നവംബറിൽ സർക്കാരിന് അപ്പീൽ നൽകി. ജനുവരി 31 ന് കലക്ടറുടെ ഉത്തരവു റദ്ദാക്കി സർക്കാരിനു വേണ്ടി റവന്യു അഡീഷനൽ സെക്രട്ടറി ജെ.ബെൻസി ഉത്തരവിട്ടു. സ്ഥലം ഡേറ്റാ ബാങ്കിൽ നിന്ന് ഒഴിവാക്കാൻ കമ്പനിക്ക് അധികൃതരെ സമീപിക്കാമെന്നും വ്യക്തമാക്കി. സെക്രട്ടേറിയറ്റിലെ കോൺഗ്രസ് സംഘടനയായ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റാണ് ബെൻസി എന്നതാണ് മറ്റൊരു വസ്തുത.
നിലം നികത്തിയാൽ കോടികളുടെ വിലയാണു ഭൂമിക്കു ലഭിക്കുക. തരിശിട്ടിരിക്കുന്ന ഭൂമി പോലും പിടിച്ചെടുത്തു കൃഷി ചെയ്യുമെന്നു മന്ത്രി വി എസ്.സുനിൽ കുമാർ പ്രഖ്യാപിച്ചിരുന്നു. അതിനിടെയാണു റവന്യു വകുപ്പിന്റെ ഈ ഒത്തുകളി.
നീക്കം റവന്യൂമന്ത്രി അറിയാതെയോ?
കുന്നത്ത് നാട്ടിൽ സ്വകാര്യ കമ്പനിക്ക് നിലം നികത്താൻ സർക്കാർ നൽകിയ അനുമതി മരവിപ്പിച്ചതുകൊണ്ട് മാത്രം കാര്യമായില്ലെന്നും ഇതിന് പിന്നിലുള്ള ഗൂഢാലോചനയും, വൻ അഴിമതിയും വെളിച്ചത്തുകൊണ്ട് വരാൻ സമഗ്രമായ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.. റവന്യു മന്ത്രി അറിയാതെയാണോ അദ്ദേഹത്തിന്റെ വകുപ്പിൽ നിന്ന് ഈ ഉത്തരവ് ഇറങ്ങിയതെന്ന് അദ്ദേഹം വ്യക്തമാക്കണം. റവന്യു വകുപ്പിൽ നടക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങളൊന്നും മന്ത്രി അറിയുന്നില്ലന്ന ആരോപണം നേരത്തെയുണ്ട്. അത് ശരിവക്കുന്നതാണ് നിലം നികത്തൽ ഉത്തരവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. റവന്യുമന്ത്രി അറിയാതെ ആവകുപ്പിലെ പ്രധാനപ്പെട്ട കാര്യത്തിൽ റവന്യു അഡീഷണൽ ചീഫ് സെക്രട്ടറിയെപ്പോലൊരു ഉദ്യഗസ്ഥൻ തിരുമാനമെടുക്കുമ്പോൾ ഇതിന് പിന്നിൽ നടന്ന ഗൂഢാലോചന വ്യക്തമാണ്.
എ ജി യുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് എറണാകുളം ജില്ലാ കളക്റ്റർ നിലം നികത്തുന്നതിനുള്ള അനുമതി നിഷേധിച്ചത്. എന്നാൽ അത് മറികടന്നാണ് നിലം നികത്താനുള്ള അനുമതി റവന്യു വകുപ്പ് നൽകിയത്. റവന്യു വകുപ്പിൽ നിന്നും നിയമവകുപ്പിലേക്ക് ഉപദേശം തേടാൻ അയച്ച ഫയൽ റവന്യു അഡീഷണൽ സെക്രട്ടറി മടക്കി വിളിച്ചാണ് കമ്പനിക്ക് അനുകൂലമായി ഈ ഉത്തരവ് നൽകിയത്. റവന്യുമന്ത്രി അറിയാതെ ഇത്തരത്തിലൊരു ഉത്തരവ് ഇറങ്ങിയതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന ആരോപണവും ശക്തമാണ്. മാത്രമല്ല സി പി എം ഉന്നത നേതാക്കളുമായി അടുത്ത് ബന്ധമുള്ള ഒരു വിവാദ വ്യവസായിക്ക് പങ്കാളിത്തമുള്ള കമ്പനിയാണ് നിലംനികത്തുന്നതെന്നും പറയപ്പെടുന്നു.
ഈ വസ്തുതകളെല്ലാം പുറത്തുകൊണ്ടുവരാൻ സമഗ്രമായ അന്വേഷണം കൂടിയേ തീരുവെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിലൊന്നും സർക്കാർ ഇതുവരെ വിശദീകരണത്തിന് തയ്യാറായിട്ടില്ല. ഇതിനിടെയാണ് ഫാരിസിന്റെ ബന്ധം ചർച്ചയാകുന്നതും.
