Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണ്ണൂരിലെ പാർട്ടിയിൽ പിടിമുറുക്കുന്ന 'ക്വട്ടേഷൻ ഗുണ്ടകളെ' വളർത്താൻ കൂട്ടു നിൽക്കരുത്; കുഴൽപ്പണ മാഫിയയ്ക്കും സ്വാധീനം ശക്തം; അറിഞ്ഞോ അറിയാതെയോ ക്രിമിനലുകളുടെ വളർത്തുന്നതും 'പിജെ'യുടെ പാർട്ടി സ്‌നേഹം; ക്രിമിനലിസം അതിരുവിടുന്നത് തടയാനുള്ള ഇടപെടലിന് പാർട്ടിക്ക് മുഖ്യമന്ത്രിയുടെ കത്ത്; കീഴ്ഘടകങ്ങളിൽ സജീവ ചർച്ചയായി പിണറായിയുടെ സ്വയം വിമർശനം; ലക്ഷ്യമിടുന്നത് ജയരാജനെ എന്ന് മറുവിഭാഗം; സിപിഎമ്മിനുള്ളിൽ പിണറായിയുടെ കത്ത് ചർച്ച സജീവമാകുമ്പോൾ

കണ്ണൂരിലെ പാർട്ടിയിൽ പിടിമുറുക്കുന്ന 'ക്വട്ടേഷൻ ഗുണ്ടകളെ' വളർത്താൻ കൂട്ടു നിൽക്കരുത്; കുഴൽപ്പണ മാഫിയയ്ക്കും സ്വാധീനം ശക്തം; അറിഞ്ഞോ അറിയാതെയോ ക്രിമിനലുകളുടെ വളർത്തുന്നതും 'പിജെ'യുടെ പാർട്ടി സ്‌നേഹം; ക്രിമിനലിസം അതിരുവിടുന്നത് തടയാനുള്ള ഇടപെടലിന് പാർട്ടിക്ക് മുഖ്യമന്ത്രിയുടെ കത്ത്; കീഴ്ഘടകങ്ങളിൽ സജീവ ചർച്ചയായി പിണറായിയുടെ സ്വയം വിമർശനം; ലക്ഷ്യമിടുന്നത് ജയരാജനെ എന്ന് മറുവിഭാഗം; സിപിഎമ്മിനുള്ളിൽ പിണറായിയുടെ കത്ത് ചർച്ച സജീവമാകുമ്പോൾ

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം: സിപിഎം കണ്ണൂർ ഘടകത്തിലെ ക്രിമിനലിസം അതിരുവിടുന്നുവെന്ന് സംസ്ഥാന നേതൃത്വത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. ഒരു മാസം മുമ്പാണ് ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സിപിഎമ്മിന് മുഖ്യമന്ത്രി കത്ത് നൽകിയത്. ഇത്തരം പ്രവർത്തനങ്ങൾ ഇനി അനുവദിക്കാനാകില്ലെന്ന് മുഖ്യമന്ത്രി കത്തിൽ വിശദീകരിക്കുന്നതായാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ കീഴ് ഘടകങ്ങളിൽ റിപ്പോർട്ടിങ് നടക്കുകയാണ്. പി ജയരാജനെ കുറ്റപ്പെടുത്തുന്ന തരത്തിലാണ് പിണറായിയുടെ കത്ത് സിപിഎമ്മിന് ലഭിച്ചിരിക്കുന്നത്. കണ്ണൂർ ജയിലിൽ പൊലീസും ജയിൽ വകുപ്പും ചേർന്ന് നടത്തിയ റെയ്ഡിന്റെ ബാക്കി പത്രം കൂടിയാണ് ഇതെന്നാണ് സൂചന. 

കണ്ണൂർ രാഷ്ട്രീയത്തിൽ അക്രമം എന്നും ഉണ്ടായിട്ടുണ്ട്. അത് പലപ്പോഴും രാഷ്ട്രീയ കൊലയ്ക്കും സാഹചര്യമൊരുക്കി. അപ്പോഴൊന്നും ക്വട്ടേഷൻ ഗുണ്ടാ സംഘങ്ങളുടെ കടന്നു കയറ്റം ജില്ലയിൽ ഉണ്ടായിട്ടില്ല. എന്നാൽ പാർട്ടിയുടെ പേരിൽ പലരും ക്വട്ടേഷൻ ഗുണ്ടകളായി മാറിയെന്നാണ് പിണറായി കുറ്റപ്പെടുത്തുന്നത്. ഈ സാഹചര്യം അംഗീകരിക്കാനാകില്ല. എങ്ങനേയും ഈ ക്രിമിനൽവത്കരണം തടയണം. പാർട്ടി രക്തസാക്ഷികളെന്ന മുഖമുണ്ടാക്കി കുറ്റകൃത്യത്തിന് പാർട്ടി സംരക്ഷണം നേടാൻ പലരും ശ്രമിക്കുന്നു. ഇത്തരക്കാർ പി ജയരാജന്റെ പാർട്ടിയോടുള്ള കൂറിനെ മോശമായി ഉപയോഗിക്കുന്നുണ്ടോ എന്ന സംശയമാണ് പിണറായി കത്തിലൂടെ ചർച്ചയാക്കുന്നത്.

കള്ളപ്പണ മാഫിയയും സ്വർണ്ണക്കടത്തും എല്ലാം കണ്ണൂരിൽ വ്യാപകമാണ്. പാർട്ടി അടിത്തറയെ തകർക്കുന്ന തരത്തിലേക്ക് ഇത് മാറുന്നു. കേഡർ സ്വഭാവമുള്ള പാർട്ടിക്ക് ഇത് വച്ചു പുലർത്താനാകില്ലെന്ന വിലയിരുത്തലാണ് സിപിഎം സംസ്ഥാന നേതൃത്വത്തിനുമുള്ളത്. പാർട്ടി പത്രവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ആളിന്റെ സഹോദരനാണ് കള്ളപ്പണ മാഫിയയെ നിയന്ത്രിക്കുന്നത്. ഇതിനെല്ലാം കണ്ണൂർ ജില്ലയിലെ ഒരു വിഭാഗം നേതാക്കൾ അറിഞ്ഞോ അറിയാതെ ഓശാന പാടുന്നു. പാർട്ടി പ്രവർത്തകരോട് ജയരാജന് ഉള്ള സ്നേഹം ഇക്കൂട്ടർ ദുരുപയോഗം ചെയ്യുന്നുവെന്നാണ് പിണറായിയുടെ കുറ്റപ്പെടുത്തൽ. ഇത് സിപിഎം സംസ്ഥാന നേതൃത്വം വിശദമായി ചർച്ച ചെയ്തു. അതിന് ശേഷം കണ്ണൂർ ജില്ലയിലെ എല്ലാ ഘടകങ്ങളിലും റിപ്പോർട്ട് ചെയ്യുകയാണ്.

ഗുണ്ടാ പ്രവർത്തനവും മറ്റ് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും അംഗീകരിക്കാനാകില്ലെന്നാണ് പിണറായി അണികൾക്ക് നൽകുന്ന നിർദ്ദേശം. കണ്ണൂരിൽ പി ജയരാജൻ പിടിമുറുക്കിയ സാഹചര്യത്തിലാണ് ഈ കത്തുമായി പിണറായി എത്തിയതെന്നും ജില്ലയിലെ അണികൾ സംശയിക്കുന്നുണ്ട്. ജയരാജനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയ കുതന്ത്രത്തിന്റെ തുടർച്ചയാണിതെന്നും പറയുന്നു. എന്നാൽ ഹവാല-മയക്കുമരുന്ന്-കള്ളപ്പണ റാക്കറ്റിന് പിന്തുണയുണ്ടാകില്ലെന്ന സന്ദേശമാണ് പിണറായി നൽകുന്നത്. പാർട്ടി ഭരണത്തിലുണ്ടെന്ന് കരുതി എന്തും ചെയ്യുന്നവർക്കുള്ള താക്കീതായും ഇതിനെ ഉയർത്തിക്കാട്ടുന്നു.

സിപിഎം ജില്ലാ നേതൃത്വം കൂടുതൽ കരുതലോടെ പ്രവർത്തിക്കണമെന്നും സിപിഎം സംസ്ഥാന നേതൃത്വത്തിന് അഭിപ്രായമുണ്ട്. പാർട്ടി സെക്രട്ടറിയിലേക്ക് അധികാരം കേന്ദ്രീകരിക്കപ്പെടണം. അതിന് അപ്പുറത്തേക്ക് ആരും പാർട്ടിയെ നിയന്ത്രിക്കരുതെന്നാണ് ആഗ്രഹം. ആന്തൂരിലും മറ്റും എംവി ഗോവിന്ദന്റെ ഭാര്യയായ നഗരസഭാ ചെയർപേഴ്സൺ ശ്യമാളയെ സാജൻ പാറയിൽ വിഷയത്തിൽ തെറ്റുകാരിയാക്കിയത് പി ജയരാജനാണ്. അതുകൊണ്ട് തന്നെയാണ് ഇത്തരമൊരു നിർദ്ദേശം പോകുന്നതും. ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും ചെയ്യണ്ട കാര്യങ്ങൾ മറ്റാരും ചെയ്യുന്നത് ഇനി അനുവദിക്കില്ല.

കണ്ണൂർ ജയിലിലെ ക്രിമിനൽ പ്രവർത്തനങ്ങളേയും ഗൗരവത്തോടെയാണ് കാണുന്നത്. കൊടി സുനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ പാർട്ടിയെയാണ് ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ജയിൽ ഭരണത്തിൽ സിപിഎം നേതാക്കളെ ഇനി ഇടപെടാനും അനുവദിക്കില്ല. ഇതിന്റെ സൂചനകളും ജില്ലാ നേതൃത്വത്തിന് സിപിഎം സംസ്ഥാന നേതൃത്വം നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP