Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പനീർശെൽവത്തെയും സംഘത്തെയും കൊണ്ടുവന്ന് പൊലീസിനെ വിന്യസിപ്പിക്കാനുള്ള നീക്കം പിണറായി തടഞ്ഞു; കോടിയേരിയെ കണ്ട് പൊലീസിനെ ആവശ്യപ്പെട്ട് ബിജു രമേശ്; പിണറായിയും സുധീരനും വിവാഹ മാമാങ്കത്തിൽ നിന്നും വിട്ടുനിൽക്കും; കോടിയേരിയും കടകംപള്ളിയും കോൺഗ്രസ് നേതാക്കളും പങ്കെടുക്കും

പനീർശെൽവത്തെയും സംഘത്തെയും കൊണ്ടുവന്ന് പൊലീസിനെ വിന്യസിപ്പിക്കാനുള്ള നീക്കം പിണറായി തടഞ്ഞു; കോടിയേരിയെ കണ്ട് പൊലീസിനെ ആവശ്യപ്പെട്ട് ബിജു രമേശ്; പിണറായിയും സുധീരനും വിവാഹ മാമാങ്കത്തിൽ നിന്നും വിട്ടുനിൽക്കും; കോടിയേരിയും കടകംപള്ളിയും കോൺഗ്രസ് നേതാക്കളും പങ്കെടുക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്നു വൈകുന്നേരം തലസ്ഥാനത്ത് നടക്കുന്ന വിവാഹ ധൂർത്തിൽ പങ്കെടുക്കുന്നത് സംബന്ധിച്ച തർക്കം തുടരുന്നു. ഇടത് വലതു ബിജെപി നേതൃത്വത്തിലെ മിക്ക നേതാക്കൾക്കും ബിജു രമേശും അടൂർ പ്രകാശും നേരിട്ട് ക്ഷണം നൽകിയിട്ടുണ്ടെങ്കിലും സംഭവം വിവാദമായതോടെ പങ്കെടുക്കുമെന്ന് ഉറപ്പായ പല നേതാക്കളും പിൻവലിഞ്ഞതായി റിപ്പോർട്ടുണ്ട്. ഇടതു-വലത് നേതാക്കൾക്കിടയിൽ ആശയക്കുഴപ്പം തുടരുകയാണ്.

തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ചുമതലയുള്ള പനീർശെൽവവും മന്ത്രിമാരുമടങ്ങുന്ന അൻപതോളം എഐഎഡിഎംകെ നേതാക്കളും പങ്കെടുക്കുമെന്ന് ഉറപ്പായതോടെ സുരക്ഷ സംബന്ധിച്ചും ആശയക്കുഴപ്പം തുടരുകയാണ്. തമിഴ്‌സംഘത്തെ ക്ഷണിച്ചതിന്റെ പ്രധാന ഉദ്ദേശം തന്നെ വൻ പൊലീസ് സന്നാഹത്തെ എത്തിക്കുക എന്നതായിരുന്നു. എന്നാൽ അത്യാവശ്യ സുരക്ഷ ഒഴികെ പൊലീസിനെ വിട്ടുകൊടുക്കരുതെന്ന് മുഖ്യമന്ത്രി ഡിജിപിയോട് നേരിട്ട് പറഞ്ഞതായാണ് മറുനാടന് ലഭിച്ച വിവരം. കൂടുതൽ പൊലീസിന്റെ ആവശ്യം ഉണ്ടെങ്കിൽ വിട്ടാൽ മതിയെന്നും യൂണിഫോം അണിഞ്ഞ ഉന്നത ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കണമെന്നുമാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. അന്യസംസ്ഥാന മന്ത്രിമാർ സംഘടിപ്പിക്കുമ്പോൾ പാലിക്കേഡ് പ്രോട്ടോക്കോൾ അനുസരിച്ചുള്ള സുരക്ഷ മാത്രമേ ഒരുക്കാവൂ എന്നാണ് പിണറായി വിജയൻ ഇന്നലെ നിർദ്ദേശം നൽകിയത്.

വിവരം അറിഞ്ഞ ബിജു രമേശ് ഇന്നലെ ധൃതിപിടിച്ച് സിപിഐ(എം) സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നേരിട്ട് കണ്ട് സഹായം അഭ്യർത്ഥിച്ചതായാണ് റിപ്പോർട്ട്. കോടിയേരി മുഖ്യമന്ത്രിയുമായി സംസാരിച്ചെങ്കിലും മുഖ്യമന്ത്രി നിലപാട് മാറ്റിയില്ല എന്നാണ് സൂചന. തലസ്ഥാനത്തുള്ള മുഖ്യമന്ത്രിയെ എങ്ങനെയെങ്കിലും വിവാഹത്തിൽ പങ്കെടുപ്പിക്കാനുള്ള ബിജു രമേശിന്റെ ശ്രമം തുടരുകയാണ്. ഇക്കാര്യവും കോടിയേരി മുഖ്യമന്ത്രിയുമായി സംസാരിച്ചതായാണ് സൂചന. മുഖ്യമന്ത്രിയുടെ വിശ്വസ്തനും ബിജു രമേശിന്റെ വിശ്വസ്തനുമായ കടകംപള്ളി സുരേന്ദ്രനെ ഉപയോഗിച്ചും സമ്മർദ്ദം ചെലുത്തുന്നുണ്ട്. എന്നാൽ വിവാദമായ വിവാഹ ധൂർത്തിൽ പങ്കെടുക്കില്ല എന്നാണ് മുഖ്യമന്ത്രിയുടെ തീരുമാനം.

കോൺഗ്രസിലും ഇത് സംബന്ധിച്ച തർക്കം തുടരുകായാണ്. രമേശ് ചെന്നിത്തല അടക്കമുള്ള പ്രമുഖ നേതാക്കൾ എല്ലാം പങ്കെടുക്കമെന്ന് ഉറപായിട്ടുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ തന്റെ പ്രതിഷേധം തുടരുകയാണ്. പരസ്യമായി തൽക്കാലം പ്രതികരിക്കേണ്ടെന്നാണ് തീരുമാനം ഇല്ലെങ്കിലും ഒരു കാരണവശാലും സുധീരൻ പങ്കെടുക്കില്ല എന്നു അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. കോൺഗ്രസിലെയും ഇടതുപക്ഷത്തെയും പലരും അവസാന നിമിഷം വിട്ടു നിൽക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്ന് വ്യക്തമായ സൂചനകൾ ലഭിച്ചു. ഇന്നലെ സോഷ്യൽ മീഡിയ സംഭവം ഏറ്റെടുത്തതോടെയാണ് മന്ത്രിമാർ അടക്കമുള്ളവരുടെ മനസ് മാറിയത്.

അനധികൃതമായ പാർവതി പുത്തനാർ നികത്തിയ സ്ഥലത്താണ് ഇപ്പോൾ ആത്യാർഭാഢ പൂർവം നൂറു കോടി ചിലവഴിച്ചുള്ള വിവാഹം നടക്കുന്നതെന്ന ആരോപണവുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് പിണറായി വിവാഹത്തിൽ നിന്നും വിട്ടുനിൽക്കാൻ ഒരുങ്ങുന്നത്.ഈ ഭൂമിയിലെ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് കോടതി ഉത്തരവിറക്കിയിട്ടുള്ളതാണ്. എന്നാൽ, അതൊന്നും വകവച്ചില്ലെന്നും ആക്ഷേപമുണ്ട്. കർണാടകയിലെ ഖനി രാജാവ് ജനാർദ്ധന റെഡ്ഡി കോടികൾ മുടക്കിയുള്ള വിവാഹം ഏറെ വിവാദത്തിന് ഇടയാക്കിയിരുന്നു. ഈ വിവാഹം ബിജെപിയുടെ പ്രതിച്ഛായ കെടുത്തുകയും ചെയ്തു. പിണറായി വിജയൻ വിവാഹത്തിൽ പങ്കെടുത്താൽ സമാനമായ വിധത്തിൽ ആരോപണങ്ങൾ കേൾക്കേണ്ടി വരുമെന്നത് ഉറപ്പാണ്. ഈ സാഹചര്യത്ിൽ കൂടിയാണ് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അദ്ദേഹം വിവാഹത്തിൽ നിന്നും വിട്ടു നിൽക്കാൻ ഒരുങ്ങുന്നത്.

അതേസമയം കർണ്ണാടകത്തിൽ മുൻബിജെപി മന്ത്രി ജനാർദ്ദന റെഡ്ഡി 500 കോടി പൊടിച്ച് മകളുടെ വിവാഹം നടത്തിയ കാര്യത്തിൽ ഫേസ്‌ബുക്കിലൂടെ ചോദ്യം ഉന്നയിച്ച രമേശ് ചെന്നിത്തല ശരിക്കും പെട്ടിരിക്കയാണ്. ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കാൻ നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോൾ ഇദ്ദേഹത്തിന് എവിടെ നിന്നാണ് ഈ തുക ലഭിച്ചത്? ജനാർദ്ദന റെഡ്ഡി ബാങ്കിന് മുന്നിൽ ക്യൂ നിന്നാണോ തുക വാങ്ങിയത്. ഇതാണോ ബിജെപിക്കാരുടെ ലളിത ജീവിതം എന്നായിരുന്നു ചെന്നിത്തലയുടെ ചോദ്യം. ഇങ്ങനെ വിമർശനം ഉന്നയിച്ചെങ്കിലും ചെന്നിത്തല ബിജു രമേശിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കും. അടൂർ പ്രകാശ് ഐ ഗ്രൂപ്പുകാരനായതു കൊണ്ടു കൂടിയാകും അദ്ദേഹം വിവാഹത്തിൽ പങ്കെടുക്കുക. അതേസമയം വിവാഹ വേദിയിൽ എത്താതെ വീട്ടിൽ പോയികണ്ട് മടങ്ങാനും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പദ്ധതിയിടുന്നുണ്ട്.

അതേസമയം ഭരണപരിക്ഷ്‌ക്കരണ കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ വിവാഹത്തിന് എത്തിയേക്കുമെന്നാണ് അറിയുന്നത്. വിഎസും ബിജുവും തമ്മിൽ നല്ലബന്ധമാണുള്ളത്. എന്നാൽ, വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അദ്ദേഹം മറിചിന്തിച്ചേക്കുമോ എന്ന കാര്യത്തിൽ ഇനിയും അറിവായിട്ടില്ല. തിരുവനന്തപുരം ആനയറ കിംസ് ആശുപത്രിക്ക് എതിർ വശമുള്ള രാജധാനി ഗാർഡൻസിന്റെ എട്ടേക്കറിലാണ് പടുകൂറ്റൻ ആഡംബര വിവാഹപന്തൽ ഒരുങ്ങിയത്. ഇന്ന് വൈകീട്ട് ആറ് മണിക്കാണ് വിവാഹം.

വമ്പൻ ബോളിവുഡ് ഷൂട്ടിങ് സെറ്റുകൾക്ക് സമാനമായി തയ്യാറാക്കുന്ന വേദിക്ക് 120 അടി നീളവും 50 അടി പൊക്കവുമാണുള്ളത്. മൈസൂർ കൊട്ടാരത്തിന്റെ രീതിയിലാണ് വിവാഹപ്പന്തലിന്റെ കവാടം തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രമായ അക്ഷർധാമിന്റെ മാതൃകയിലാണ് വധൂവരന്മാർ ഇരിക്കുന്ന വേദിയുടെ നിർമ്മാണം. ആകെ 80000 സ്‌ക്വയർ ഫീറ്റിലാണ് വിവാഹവേദി ഒരുക്കിയിരിക്കുന്നത്. ഏകദേശം ഇരുപതിനായിരം പേർക്ക് കല്യാണ ചടങ്ങുകൾ കാണാൻ കഴിയുന്ന തരത്തിലാണ് ക്രമീകരണം. വിവാഹ പന്തലിൽ ഗായിക ശ്വേതാ മോഹന്റെ നേതൃത്വത്തിലുള്ള ഗാനമേളയും ബെന്നറ്റ് ആൻഡ് ദി ബാന്റിന്റെ മ്യൂസിക് ഫ്യൂഷൻ ഉൾപ്പെടെയുള്ള പരിപാടികളും അരങ്ങേറും.

അഞ്ഞൂറോളം ഇതര സംസ്ഥാന തൊഴിലാളികൾ അടക്കമുള്ളവർ ചേർന്ന് ഒരു മാസത്തിലേറെ ചെലവിട്ടാണ് ഈ പടുകൂറ്റൻ പന്തലൊരുക്കിയത്. ആറായിരം പേർക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാവുന്ന തരത്തിലാണ് വിവാഹപന്തൽ തയ്യാറാക്കിയിരിക്കുന്നത്. സൽക്കാരത്തിന് വിളമ്പുന്നത് നൂറിലധികം വിഭവ സമൃദ്ധമായ വിഭവങ്ങളാണ്. നാൽപ്പത്തഞ്ച് മിനിറ്റിൽ 600 കിലോ ചിക്കൻ ബിരിയാണി അടക്കം 15 വിഭവങ്ങൾ തത്സമയം തയ്യാറാക്കിയാണ് വിളമ്പുന്നത്. ഇതിനായി ജർമ്മനിയിൽ നിന്നുള്ള പ്രത്യേക സംഘത്തെയും ബിജു രമേശ് എത്തിച്ചിട്ടുണ്ട്. ചാർട്ടേഡ് അക്കൗണ്ടന്റാണ് വിവാഹിതനാകുന്ന അജയ് കൃഷ്ണൻ. അടൂരിൽ ഹോട്ടൽ ഉൾപ്പെടെയുള്ള അടൂർ പ്രകാശിന്റെയും കുടുംബത്തിന്റെയും ബിസിനസ് നോക്കി നടത്തുന്നത് അജയ് കൃഷ്ണനാണ്. ബിജു രമേശിന്റെ രണ്ടാമത്തെ മകളാണ് മേഘാ ബി രമേശ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP