Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മേൽഘടകത്തിന്റെ സഹായത്തിന് ശുപാർശ കത്തിന് എത്തിയവർ നിരാശരായി; പാർട്ടി അംഗത്തിന്റെ പരാതിയിൽ ഫോണിൽ കാര്യം തിരിക്കിയ മുതിർന്ന നേതാക്കളോട് പറഞ്ഞത് അത്യാവശ്യ കാര്യത്തിന് ഒരിടം വരെ പോയെന്ന് മാത്രം; മൂകാംബികയിലെ ഫോട്ടോ ഫെയ്സ് ബുക്കിലെത്തിയപ്പോൾ പാർട്ടി നേതൃത്വം കണ്ടെത്തിയത് പൊറുക്കാനാവാത്ത തെറ്റും; 28 വർഷമായി മുടങ്ങാതെ ശബരിമലയിൽ പോയിട്ടും പിടിക്കാത്ത പുലിവാലിൽ വെള്ളറട ലോക്കൽ സെക്രട്ടറിയും; പികെ ബേബിക്ക് പണി കിട്ടിയതിന് പിന്നിലെ വസ്തുത ഇങ്ങനെ

മേൽഘടകത്തിന്റെ സഹായത്തിന് ശുപാർശ കത്തിന് എത്തിയവർ നിരാശരായി; പാർട്ടി അംഗത്തിന്റെ പരാതിയിൽ ഫോണിൽ കാര്യം തിരിക്കിയ മുതിർന്ന നേതാക്കളോട് പറഞ്ഞത് അത്യാവശ്യ കാര്യത്തിന് ഒരിടം വരെ പോയെന്ന് മാത്രം; മൂകാംബികയിലെ ഫോട്ടോ ഫെയ്സ് ബുക്കിലെത്തിയപ്പോൾ പാർട്ടി നേതൃത്വം കണ്ടെത്തിയത് പൊറുക്കാനാവാത്ത തെറ്റും; 28 വർഷമായി മുടങ്ങാതെ ശബരിമലയിൽ പോയിട്ടും പിടിക്കാത്ത പുലിവാലിൽ വെള്ളറട ലോക്കൽ സെക്രട്ടറിയും; പികെ ബേബിക്ക് പണി കിട്ടിയതിന് പിന്നിലെ വസ്തുത ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മൂകാംബികയിൽ പോയതിനല്ല വെള്ളറടയിലെ ലോക്കൽ കമ്മറ്റി സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തതെന്ന് പറയുമ്പോഴും സിപിഎമ്മിനെ ഈ വിവാദം വിടാതെ പിന്തുടരുകയാണ്. ലോക്കൽ സെക്രട്ടറിയുടെ മൂകാംബിക യാത്ര പാർട്ടി ഏര്യാ കമ്മറ്റി ചർച്ച ചെയ്തിരുന്നു. അനുമതി വാങ്ങാതെ ക്ഷേത്രദർശനത്തിനു പോയതാണ് തിരുവനന്തപുരം വെള്ളറട ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.കെ.ബേബിക്ക് വനിയാകുന്നത്. പാർട്ടി അംഗത്വത്തിൽ നിന്ന് 6 മാസത്തേക്ക് ഏരിയാ കമ്മിറ്റി സസ്പെൻഡ് ചെയ്തത്.

സിപിഎമ്മിന്റെ കേഡർ സ്വഭാവം അനുസരിച്ച് ലോക്കൽ കമ്മറ്റി സെക്രട്ടറിയുടെ പദവി വളരെ വലുതാണ്. എന്തും ഏതും നടക്കണമെങ്കിൽ സിപിഎം ഭരണത്തുള്ളപ്പോൾ ലോക്കൽ സെക്രട്ടറിയുടെ കത്ത് വേണം. അഡ്‌മിഷൻ സമയത്ത് നിരവധി കുട്ടികൾക്ക് പാർട്ടിയിലെ സംസ്ഥാന നേതാക്കളിൽ നിന്നും കത്ത് ലഭിക്കാൻ ലോക്കൽ സെക്രട്ടറിയുടെ ശുപാർശ ആവശ്യമാണ്. ബേബി മാറിനിന്ന സമയത്ത് ചില വിദ്യാഭ്യാസ ആവശ്യങ്ങൾക്കു പാർട്ടിയുടെ കത്തു വാങ്ങാനെത്തിയവർ ലോക്കൽ സെക്രട്ടറിയെ കാണാതെ വലഞ്ഞു. കാര്യം തിരക്കിയ നേതാക്കന്മാരോട് ഒരു ആവശ്യത്തിന് മാറി നിൽക്കുകയാണെന്നാണ് ബേബി പറഞ്ഞത്. മറ്റ് വിശദാംശങ്ങളൊന്നും പറഞ്ഞതുമില്ല.

മൂകാംബിക ദർശനത്തിന്റെ കാര്യം ബേബി രഹസ്യമാക്കിയെങ്കിലും ഫേസ്‌ബുക്കിൽ പരസ്യമായി. ഒപ്പം പോയവർ ചിത്രം ഫെയ്സ് ബുക്കിൽ ഇട്ടതായിരുന്നു ഇതിന് കാരണം. ഇതോടെ വിഷയം ഏര്യാ കമ്മറ്റിക്ക് മുമ്പിലെത്തി. ഇതോടെ അച്ചടക്കലംഘനത്തിനു ബേബിക്കെതിരെ നടപടി വേണമെന്ന അഭിപ്രായം ശക്തമായി. തുടർന്ന് ഞായറാഴ്ച ചേർന്ന ഏരിയാ കമ്മിറ്റി യോഗമാണു സസ്പെൻഡ് ചെയ്തത്.കഴിഞ്ഞയാഴ്ച ഏരിയാ കമ്മിറ്റി വിളിച്ചു ചേർത്ത ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരുടെ യോഗത്തിൽ ഈ സംഭവം ചർച്ചയായി. ഇതേ തുടർന്ന് ലോക്കൽ കമ്മിറ്റിയിൽ വാക്കേറ്റമുണ്ടായി. ഇതൊന്നും സസ്പെന്റ് ചെയ്യാൻ പോന്ന കാര്യമല്ലെന്ന വാദം ബേബി ഉയർത്തിയെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല.

പാർട്ടിയെ അറിയിക്കാതെ മുംകാംബിക ക്ഷേത്രത്തിൽ പോയതിനാണ് സസ്പെൻഷൻ എന്ന് വ്യക്തമാക്കുന്ന വെള്ളറട ഏര്യാ സെക്രട്ടറിയുടെ വാക്കുകളും. പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാൾ സ്ഥലത്തു നിന്നും മാറി നിൽക്കുമ്പോൾ എവിടെ പോകുന്നു എന്നത് പാർട്ടി മേൽ ഘടകത്തെ കൃത്യമായി അറിയിക്കാത്തതാണ് ബേബിക്കെതിരെ നടപടിയെടുക്കാൻ കാരണമെന്ന് വെള്ളറട ഏരിയ സെക്രട്ടറി ഡി.കെ. ശശി പറഞ്ഞു. മൂകാംബികയിൽ പോയതിനല്ല മറിച്ച് സംഘടനാപരമായ ചർച്ചകളുടെ ഭാഗമായാണ് ബേബിക്ക് സസ്പെൻഷൻ നൽകിയതെന്നും ശശി പറഞ്ഞു. കഴിഞ്ഞ മാസം 27നാണ് ബേബിയും ഏതാനും സുഹൃത്തുക്കളും ചേർന്ന് മൂകാംബികയിൽ പോയത്. തിരിച്ചുവന്നപ്പോൾ പാർട്ടി മീറ്റിങ്ങിൽ ഇത് വിഷയമായി എന്ന് ബേബിയും സമ്മതിക്കുന്നു.

പാർട്ടി വിശ്വാസത്തിന് എതിരല്ല. ക്ഷേത്രത്തിൽ വിശ്വസിക്കുന്നവർക്ക് അതാകാം, പള്ളിയിൽ പോകുന്നവർക്ക് അവരുടെ വിശ്വാസവും പിൻതുടരാം. ഞാൻ വിശ്വാസിയായതല്ല പാർട്ടിക്ക് പ്രശ്നമായത്. പറയാതെ പോയതാണ്. കുറച്ചുദിവസം മാറിനിൽക്കുമെന്ന് മുതിർന്ന സഖാവിനോട് പറഞ്ഞിരുന്നു. എന്നാൽ എവിടേക്കാണ് പോകുന്നതെന്ന് പറഞ്ഞില്ല. എന്നാൽ മൂകാംബികയ്ക്ക് വന്ന സഹയാത്രികർ ഫോട്ടോകൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. പാർട്ടിയിൽ ഒരു പദവി വഹിക്കുന്നയാൾ ഉത്തരവാദിത്തമില്ലാതെ പോയത് പാർട്ടിക്ക് ഇഷ്ടപ്പെട്ടില്ല-ഇതാണ് ബേബിയുടെ വിഷയത്തിലെ പ്രതികരണം.

ഞാൻ ഹിന്ദുവിശ്വാസിയാണ്. അമ്പലത്തിൽ പോകാറുണ്ട്. 28 വർഷമായി ശബരിമലയിലും പോകാറുണ്ട്. പാർട്ടി ഇത്തരം ആരാധനാസ്വാതന്ത്ര്യങ്ങളെ വിലക്കാറില്ല. എന്നാൽ ഇതൊന്നും സസ്പെൻഡ് ചെയ്യാൻ തക്ക കാരണമല്ലെന്നും ബേബി കൂട്ടിച്ചേർക്കുന്നു. അപ്പോഴും വിഷയത്തിൽ മൂകാംബിക ക്ഷേത്രം ഇല്ലെന്നാണ് സൈബർ സഖാക്കൾ പ്രചരിപ്പിക്കുന്നത്. അവരുടെ പ്രചരണം നടക്കുമ്പോഴാണ് എന്താണ് നടന്നതെന്ന് വ്യക്തമാകുന്നതും. പാർട്ടിവിരുദ്ധ പ്രവർത്തനവും അച്ചടക്കലംഘനവും ചൂണ്ടിക്കാട്ടിയാണ് ബേബിയെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. എന്നാൽ സസ്പെൻഷന്റെ കാരണം പാർട്ടി ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ മാസം 27-ാം തീയതി വൈകിട്ടുള്ള മാവേലി എക്സ്‌പ്രസിലാണ് പി.കെ. ബേബിയും സുഹൃത്തുക്കളായ വെള്ളറട വാർഡ് മെമ്പർ നെല്ലിശ്ശേരി പ്രദീപ്, പാർട്ടി അംഗമായ അഡ്വക്കേറ്റ് അരുൺ, മറ്റൊരു സുഹൃത്ത് എന്നിവർ മൂകാംബികയ്ക്ക് പോയത്. രണ്ടു ദിവസത്തേക്ക് സ്ഥലത്തുണ്ടാവില്ല എന്നു പറഞ്ഞെങ്കിലും എവിടേക്കാണ് പോകുന്നത് എന്ന് പാർട്ടി ഘടകത്തെ അറിയിച്ചിരുന്നില്ല. മൂകാംബികയ്ക്ക് പോയ നാൽവർ സംഘത്തിൽ ബേബിക്കെതിരെ മാത്രമാണ് പാർട്ടി നടപടി എടുത്തിരിക്കുന്നത്. മറ്റു രണ്ടുപേർക്കും എതിരെ നടപടിയെടുത്തിട്ടുമില്ല. ഇതുയർത്തിയാണ് ഇത് വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമല്ലെന്ന് സൈബർ സഖാക്കൾ വാദിക്കുന്നത്. എന്നാൽ ബേബി മാത്രമാണ് പാർട്ടിയുടെ ഔദ്യോഗിക പദവിയിലുള്ളത്. അതുകൊണ്ടാണ് ബേബിക്കെതിരെ നടപടി എടുത്തതെന്നാണ് സൂചന.

ആരുടേയും ആരാധനാ സ്വാതന്ത്ര്യം പാർട്ടി വിലക്കിയിട്ടില്ല, പാർട്ടിക്കകത്തുള്ള വിഷയമായതിനാൽ സസ്പെൻഷനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പറയാനാവില്ല എന്നും ഏര്യാസെക്രട്ടറി ഡി.കെ. ശശി പറഞ്ഞു. ആറു മാസത്തെ സസ്പെൻഷൻ കാലാവധി കഴിഞ്ഞാൽ പി.കെ. ബേബിക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി സ്ഥാനത്തെക്ക് തിരിച്ചു വരാമെന്നും ശശി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP