Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളം ഓപ്പറേഷൻ നയിക്കാൻ പിപി മുകുന്ദനെ അമിത് ഷാ തിരിച്ചെത്തിക്കുമോ? പാർട്ടിക്ക് പുറത്തുള്ള കണ്ണൂർ നേതാവിന് സംഘടനാ ചുമതലകൾ നൽകാൻ അണിയറ ചർച്ചകൾ; എതിർപ്പുമായി മുരളീധരൻ പക്ഷവും

കേരളം ഓപ്പറേഷൻ നയിക്കാൻ പിപി മുകുന്ദനെ അമിത് ഷാ തിരിച്ചെത്തിക്കുമോ? പാർട്ടിക്ക് പുറത്തുള്ള കണ്ണൂർ നേതാവിന് സംഘടനാ ചുമതലകൾ നൽകാൻ അണിയറ ചർച്ചകൾ; എതിർപ്പുമായി മുരളീധരൻ പക്ഷവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ ബിജെപിയുടെ സംഘടനയ്ക്ക് പുതുജീവൻ നൽകാൻ ദേശീയ അധ്യക്ഷൻ അമിത് ഷാ രഹസ്യായുധം തയ്യാറാക്കുന്നുണ്ടോ എന്ന് സംസ്ഥാനത്തെ ഔദ്യോഗിക നേതൃത്വത്തിന് ആശങ്ക.

ബിജെപിയുടെ അധ്യക്ഷ സ്ഥാനം വി മുരളീധരൻ ഒഴിയേണ്ട സാഹചര്യമുണ്ടായാൽ മാത്രമേ ഈ തന്ത്രം വെളിപ്പെടൂ. നിലവിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷവും ബിജെപി അധ്യക്ഷ പദവിയിൽ മുരളീധരന് സമയ പരിധിയുണ്ട്. രണ്ട് വർഷം ടേമെന്ന നിബന്ധനയുള്ളതിനാൽ അതിന് ശേഷം സ്ഥാനം ഒഴിഞ്ഞേ മതിയാകൂ. ഈ സാഹചര്യത്തിലാണ് ഔദ്യോഗിക നേതൃത്വത്തിനെ വെട്ടിലാക്കുന്ന ആശങ്ക പടർത്തുന്നത്. സംസ്ഥാനത്തെ ആർഎസ്എസിലെ പ്രബല വിഭാഗത്തിന്റെ മനസ്സ് അറിഞ്ഞാണ് നീക്കം. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പിപി മുകുന്ദനെ വീണ്ടും ബിജെപിയുടെ സംഘടനാ തലത്തിൽ സജീവമാക്കാൻ അമിത് ഷാ ശ്രമിക്കുന്നതായാണ് സൂചന. ആർഎസ്എസിന്റെ പിന്തുണയോടെയാണ് ഈ നീക്കമെന്നാണ് സൂചന.

കേരളത്തിൽ ബിജെപി രൂപീകരിച്ചതു മുതൽ മുന്നണിയിൽ നിന്ന് പ്രവർത്തിച്ച വ്യക്തിയാണ് പിപി മുകുന്ദൻ. കെജി മാരാർക്കൊപ്പം സംഘടന കെട്ടിപ്പെടുക്കാൻ ആർഎസ്എസ് നിയോഗിച്ച വ്യക്തി. എന്നാൽ ആർഎസ്എസ് നേതൃത്വവുമായി തെറ്റിയതോടെ ബിജെപിയിൽ നിന്ന് മുകുന്ദന് മാറി നിൽക്കേണ്ടി വന്നു. ആർഎസ്എസിന്റെ പഴയ നേതൃത്വത്തിന്റെ ശക്തമായ നിലപാട് മൂലം മുകുന്ദന് ആർഎസ്എസ് പ്രചാരക സ്ഥാനവും പോയി. ഇതോടെ സംഘപരിവാർ രാഷ്ട്രീയത്തിന് വിട നൽകി മുകുന്ദൻ വിശ്രമ ജീവിതത്തിലേക്ക് മാറി. എന്നാൽ ബിജെപി പ്രവർത്തകർക്കിടയിൽ മുകുന്ദന് നല്ല സ്വാധീനമുണ്ട്. കേരളത്തിലൂടനീളം ഇത് ഇപ്പോഴും ദൃശ്യവുമാണ്. കെ കരുണാകരനുമായി സന്ധിയുണ്ടാക്കി വോട്ട് മറിക്കൽ ഉൾപ്പെടെയുള്ള തന്ത്രങ്ങൾക്ക് ചുക്കാൻ പിടിച്ച മുകുന്ദന്റെ സംഘടനാ സ്വാധീനം വീണ്ടും ഉപയോഗിച്ച് ബിജെപിയെ കരുത്തരാക്കാനാണ് തീരുമാനം. ഒ രാജഗോപാലും മുകുന്ദനും തമ്മിലെ ഭിന്നതകളാണ് കേരളത്തിലെ പാർട്ടിയിൽ വിഭാഗീയത ശക്തമാക്കിയത്. മുകുന്ദനെ മാറ്റിയെങ്കിലും അത് പൂർണ്ണമായും പരിഹരിക്കപ്പെട്ടില്ല. മുകുന്ദൻ പോയതോടെ ബിജെപിക്ക് കരുത്തുറ്റ നേതാവിനേയും നഷ്ടമായി.

ഈ സാഹചര്യം തിരിച്ചറിഞ്ഞാണ് മുകുന്ദനെ തിരിച്ചു കൊണ്ടു വരാൻ ശ്രമം നടക്കുന്നത്. കണ്ണൂരിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മുകുന്ദൻ സജീവമായ ഇടപെടലുകൾ നടത്തിയിരുന്നു. പികെ കൃഷ്ണദാസ് അടക്കമുള്ള ബിജെപി നേതാക്കൾ ഇപ്പോഴും മുകുന്ദനുമായി വ്യക്തി ബന്ധം തുടരുന്നവരാണ്. ഈ വിഭാഗത്തിനും പിപി മുകുന്ദനെ തിരിച്ചുകൊണ്ടു വരാൻ താൽപ്പര്യമുണ്ട്. സംഘടനയെ നയിക്കാൻ മുകുന്ദനുള്ള കഴിവ് ആർഎസ്എസും അംഗീകരിക്കുന്നു. സംഘ നേതൃത്വത്തെ അംഗീകരിച്ചാൽ മുകുന്ദനെ ബിജെപിയിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിൽ അവർക്കും എതിർപ്പില്ല. എന്നാൽ ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന ചില നേതാക്കൾ മുകുന്ദന്റെ കാര്യത്തിൽ അത്ര അനുകൂലമല്ല. ബിജെപിയിൽ നിന്ന് വിട്ടുപോയവരെയെല്ലാം പാർട്ടിയിൽ തിരിച്ചെത്തിക്കാനാണ് അമിത് ഷായുടെ താൽപ്പര്യം. ഇതിന്റെ ഭാഗമായാണ് മുകുന്ദനേയും തിരിച്ചെത്തിക്കുന്നത് പരിഗണിക്കുന്നത്.

എന്നാൽ പിപി മുകുന്ദൻ തിരിച്ചെത്തിയാൽ അദ്ദേഹം സംഘടന പിടിക്കുമെന്ന ഭയം ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഔദ്യോഗിക പക്ഷത്തിനുണ്ട്. സംഘടനാ തലത്തിൽ മുകുന്ദന്റെ ശിഷ്യർ ഇപ്പോഴുമുണ്ട്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ശക്തമായ സ്വാധീനം ചെലുത്താൻ പോന്ന നേതാക്കളാണ് അവർ. മുകുന്ദനെ ഒതുക്കിയതോടെ സംഘടനാ പ്രവർത്തനത്തിൽ നിർജ്ജീവമായ അവർ തിരിച്ചുവരാൻ ആഗ്രഹിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിൽ തന്റെ കൈയിൽ നിന്ന് പാർട്ടിയുടെ നിയന്ത്രണം നഷ്ടമാകുമോ എന്ന ഭയം മുരളീധരനുണ്ട്. എന്നാൽ ആർഎസ്എസ് മുകുന്ദന് അനുകൂലമായ തീരുമാനം എടുത്താൽ അതിനെ അട്ടിമറിക്കാൻ മുരളീധരന് കഴിയുകയുമില്ല. ഏതായാലും മുകുന്ദനെ പാർട്ടിയിൽ സജീവമാക്കാനുള്ള ചർച്ചകൾക്ക് ഔദ്യോഗിക പക്ഷം മുൻകൈയെടുക്കില്ല.

ഈ സാഹചര്യത്തിലാണ് ആർഎസ്എസിന് വേണ്ടി ചില പ്രമുഖർ മുകുന്ദനുമായി സംസാരിച്ചത്. എസ്എൻഡിപി യോഗവും വെള്ളാപ്പള്ളി നടേശനുമെല്ലാം ബിജെപിയോടും സംഘപരിവാറിനോടും അടുക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് നീക്കം. ബിജെപി അധ്യക്ഷൻ അമിത് ഷായോട് ഈ തന്ത്രത്തിന്റെ സാധ്യതകളും ചർച്ച ചെയ്തിട്ടുണ്ട്. ആർഎസ്എസ് പ്രചാരകനെന്ന നിലയിൽ മുകുന്ദന്റെ സംഘടനാ മികവ് നേരിട്ട് അറിയാവുന്ന വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുകുന്ദനെ സംഘടനയിൽ സജീവമാക്കുന്നത് ഗുണകരമാകുമെന്ന നിരീക്ഷണം തന്നെയാണ് മോദിക്കുമുള്ളത്. സംസ്ഥാനത്തെ ആർഎസ്എസ് നേതൃത്വം മുകുന്ദനുമായി സമവായത്തിലെത്തിയാൽ അമിത് ഷായും മടങ്ങി വരവിന് പച്ചകൊടി നൽകും. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ ഈ നീക്കങ്ങളിൽ തീരുമാനം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

എന്നാൽ മുകുന്ദനെ പ്രചാരക സ്ഥാനത്ത് നിന്ന് നീക്കയവരുടെ പിന്തുണയോടെ ചർച്ചകളെ അട്ടിമറിക്കാനും ശ്രമമുണ്ട്. രാജഗോപാലും മുകുന്ദനുമായുള്ള ഭിന്നതയും മറ്റും വീണ്ടും ചർച്ചയാക്കാനാണ് നീക്കം. എന്നാൽ മുകുന്ദനെ തിരിച്ചു കൊണ്ടു വരുന്നതിനെ രാജഗോപാൽ എതിർക്കില്ലെന്നാണ് സൂചന. മുകുന്ദനുമായുള്ള ഭിന്നതകളുടെ പേരിൽ പാർട്ടിക്ക് പുറത്തായ കെ രാമൻപിള്ളയേയും ബിജെപിയിൽ മടക്കിക്കൊണ്ടു വരണമെന്നാണ് രാജഗോപാലിന്റെ ആവശ്യം. അതിനേയും കേന്ദ്ര നേതൃത്വം പിന്തുണയ്ക്കുമെന്നാണ് സൂചന. വിഭാഗീയത മാറ്റി വച്ച് കേരളത്തിൽ പ്രവർത്തിക്കാൻ മുകുന്ദനും രാമൻപിള്ളയും മടങ്ങിവരുന്നത് ഗുണം ചെയ്യുമെന്നാണ് രാജഗോപാൽ പക്ഷത്തിന്റേയും നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP