Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മംഗളത്തിലെ പണി തെറിച്ചപ്പോൾ മാണിയെ സോപ്പിട്ട് റിട്ടയർമെന്റ് ഇല്ലാത്ത വകുപ്പ് തലവനായി; ഡിപ്ലോമ പോലും ഇല്ലാത്തയാൾക്ക് ജേർണലിസ്റ്റ് പ്രൊഫസർ പദവി; എം ജി യൂണിവേഴ്സിറ്റിയുടെ വകുപ്പ് തലവനായി വിലസുമ്പോഴും കെ എം മാണിയുടെ മാസികയുടെ പത്രാധിപരായി; യോഗ്യതകൾ തൊട്ടുതീണ്ടിയിട്ടില്ലാത്ത പ്രൊഫ. മടവന ബാലകൃഷ്ണനെ തൊടാൻ ആർക്കാണ് പേടി?

മംഗളത്തിലെ പണി തെറിച്ചപ്പോൾ മാണിയെ സോപ്പിട്ട് റിട്ടയർമെന്റ് ഇല്ലാത്ത വകുപ്പ് തലവനായി; ഡിപ്ലോമ പോലും ഇല്ലാത്തയാൾക്ക് ജേർണലിസ്റ്റ് പ്രൊഫസർ പദവി; എം ജി യൂണിവേഴ്സിറ്റിയുടെ വകുപ്പ് തലവനായി വിലസുമ്പോഴും കെ എം മാണിയുടെ മാസികയുടെ പത്രാധിപരായി; യോഗ്യതകൾ തൊട്ടുതീണ്ടിയിട്ടില്ലാത്ത പ്രൊഫ. മടവന ബാലകൃഷ്ണനെ തൊടാൻ ആർക്കാണ് പേടി?

കോട്ടയം: മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ ജേർണലിസം ഡിപ്പാർട്ട്‌മെന്റിൽ അഡ്‌മിഷൻ കിട്ടിയാൽ ജേർണലിസം പഠിക്കാൻ ആഗ്രഹിക്കുന്ന ഏതെങ്കിലും ഒരു വിദ്യാർത്ഥി പോവാതിരിക്കുമോ? എന്നാൽ കേട്ടോളൂ.. എംജി യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ പ്രവർത്തിക്കുന്നു എന്നതും യൂണിവേഴ്‌സിറ്റി സർട്ടിഫിക്കറ്റ് നൽകുന്നു എന്നതുമല്ലാതെ ഇവിടെ പുഠിക്കുന്നതുകൊണ്ട് ഒരു കാര്യവുമില്ല. ഒരു സ്വകാര്യ ട്യൂഷൻ സെന്ററിന് അപ്പുറത്തേയ്ക്ക് ഒരു വിലയും ഇല്ലാത്ത ഒരു സ്ഥാപനം ആണിത്. യൂണിവേഴ്‌സിറ്റിയുടെ ആയതിനാൽ സർക്കാർ സ്ഥാപനം എന്നു ജനത്തെ തെറ്റിദ്ധരിപ്പിച്ച് പ്രവർത്തിക്കുന്ന ഒരു സ്വാശ്രയ സ്ഥാപനം.

മറുനാടൻ ഇന്നലെ പുറത്തുകൊണ്ടുവന്ന തിരിമറികളുടെ ഈ കേന്ദ്രത്തിന്റെ നടത്തിപ്പുകാർക്ക് സർവ്വകലാശാല അദ്ധ്യാപകൻ ആകാനുള്ള പിഎച്ച്ഡി പോയിട്ട് ഒരു പോസ്റ്റ് ഗ്രാജുവേറ്റ് പോലുമില്ല. ജേർണലിസത്തിൽ ഡിപ്ലോമ പോലും ഇല്ലാത്തയാളാണ് വകുപ്പ് തലവനും റിട്ടയർമെന്റ് ഇല്ലാത്ത ആജീവനാന്ത ഡയറക്ടറും. അപ്പോൾ പിന്നെ അദ്ധ്യാപകരുടെ കാര്യം പറയേണ്ടതുണ്ടോ? വിദ്യാർത്ഥികളെ പറ്റിച്ച് കഴിയുന്ന ഈ സ്വാശ്രയ സ്ഥാപനം കോടതി വിധികളെ പോലും ലംഘിച്ചാണ് സർക്കാർ സ്ഥാപനം എന്ന ലേബലിൽ വിലസുന്നത്. അദ്ധ്യാപകനായും 'ആയുഷ്‌കാല' ഡയറക്ടറായുമുള്ള മാടവനയുടെ യോഗ്യത തേടി പോയവരും അതിനെതിരേ സമരം ചെയ്തവരുമെല്ലാം ഒടുവിൽ കുമ്പിടുകയായിരുന്നു. കാരണം ഉന്നതങ്ങളിലെ പിടിപാടുതന്നെ. ഇടതു വലതു മുന്നണികളിൽ മാറിമാറി ചേക്കേറി ജേണലിസത്തെ ജീർണലിസമാക്കി മാറ്റിയിരിക്കുകയാണ് ഇവിടെ. തരം പോലെ സമുദായ രാഷ്ട്രീയ കാർഡുകളിറക്കുന്ന ജേണലിസം വകുപ്പിൽ ചാതൂർവർണ്യം കൊടികുത്തിവാഴുന്നു.

ദലിത് സംവരണം ഇവിടെ കേട്ടുകേൾവി പോലുമില്ല, മൂസ്ലീം സമുദായവും പിൻബഞ്ചിൽ. സർവകലാശാലയുടെ കീഴിലുള്ള ജേണലിസം വകുപ്പ് റെഗുലറൈസ് ചെയ്യണമെന്ന് 2004 ലെ കോടതി ഉത്തരവുണ്ട്. പക്ഷേ അത് പ്രാബല്യത്തിൽ വന്നില്ല. കാരണം, കോടതി വിധി നടപ്പായാൽ അക്കാദമിക യോഗ്യതയില്ലാത്ത ഡയറക്ടർക്കായിരിക്കും ആദ്യം കസേര ഒഴിയേണ്ടി വരിക. കൂടാതെ യുജിസി മാനദണ്ഡം പാലിച്ച് നിയമനം നടത്തണം. എം ഫില്ലും നെറ്റും, പ്രായോഗിക പരിചയവമുള്ള അദ്ധ്യാപകരെ നിയമിക്കണം. വിരമിക്കൽ പ്രായം കഴിഞ്ഞവർക്കു തുടരാനാവില്ല. അതുകൊണ്ടു മാടവന സ്‌കൂൾ ഓഫ് ജേണലിസത്തിൽ അത് നടപ്പായില്ല. ഇരിക്കുന്ന കൊമ്പ് മാടവന മുറിക്കുമോ. ജാതി പറഞ്ഞുള്ള കളിയാക്കലും പരിഹസിക്കലും ഇവിടെ പതിവാണ്. വാചക കസർത്താണ് മാടവനയക്ക് ദൈവം കനിഞ്ഞു നൽകിയ വരദാനം. മാടവനയുടെ യോഗ്യതയെപ്പറ്റിയും എഴുപതുകഴിഞ്ഞും തുടരുന്ന സേവനത്തെപ്പറ്റിയും എല്ലാം വെളിച്ചത്തുകൊണ്ടുവരാൻ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് വിദ്യാർത്ഥികളുടെ പക്ഷം. ചുരുക്കിപ്പറഞ്ഞാൽ ഡയറക്ടർക്കുവേണ്ടി മാത്രമായി നടത്തുന്ന കോഴ്‌സ്.

35 സീറ്റാണ് ജേണലിസം ബിരുദാന്തര ബിരുദത്തിന് ഇവിടെയുള്ളത്. ഒരു വർഷം 40,000 രൂപ ഫീസ്. അടിസ്ഥാന സൗകര്യം ഒന്നും തന്നെയില്ല. നവയുഗമാണെങ്കിലും ഇന്റർനെറ്റില്ല. ആവശ്യത്തിന് കംപ്യൂട്ടറില്ല. ഇത്തരം ആശയവിനിമത്തിലൊന്നും ഡയറക്ടർ വിശ്വസിക്കുന്നുമില്ല. പേനയും പേപ്പറും തന്നെ ധാരാളം. പിന്നെ കാളമൂത്രം പോലെ പോരും. വിഷ്വൽ കമ്യൂണിക്കേഷൻ പഠിപ്പിക്കാൻ സ്റ്റുഡിയോ ഇല്ല. ക്യാമറ കുട്ടികൾ കണികണ്ടിട്ടില്ല. സിലബസുപോലും കാലാനുസൃതമായി പരിഷ്‌കരിച്ചിട്ടില്ല. എട്ടു കേസും സാമ്പത്തിക ക്രമക്കേട് ആരോപിച്ച് ഒരു വിജിലൻസ് കേസുമാണ് ഇതുവരെ മാടവനയ്ക്ക് എതിരായി വന്നത്. എല്ലാം വിരട്ടിയും സമ്മർദം ചെലുത്തിയും തേച്ചുമാച്ചു. മാടവന സർവവ്യാപിയാണ്. രാഷ്ട്രീയം കാര്യസാധ്യത്തിനുള്ള ഉപാധി മാത്രം.

കോട്ടയത്തെ മാദ്ധ്യമസർക്കിളുകളിൽ ആദ്യം മാടവന പരിചയപ്പെടുത്തിയിരുന്നതുകൊട്ടാരക്കര പിള്ള ഫാമിലിയുടെ ബന്ധുവെന്നാണ്. സ്‌കൂപ്പുകളുടെ രാജാവെന്നാണ് സ്വയം അറിയപ്പെടാൻ ഇഷ്ടം. ദോഷം പറയരുതല്ലോ, ദീപികയുടെ ഒന്നാം പേജിൽ ഒറ്റക്കോളത്തിൽ, യു ആർ അനന്തമൂർത്തി എം ജി വൈസ് ചാൻസലറാകുമെന്ന സ്‌കൂപ്പടിച്ചത് മാടവനയെന്ന ബ്യൂറോ ചീഫായിരുന്നു. കേരളാ കോൺഗ്രസിലെ പിള്ളയുഗത്തിന് അസ്തമനമായെന്ന് തോന്നിയതോടെ രണ്ടില തളിർക്കുന്ന മാണിഗ്രൂപ്പിലേക്ക് കുടിയേറി. കോട്ടയത്ത് പാർട്ടിയുടെ മുഖപത്രമായ പ്രതിച്ഛായ നന്നാക്കലായി ജോലി. സർവകലാശാല ശമ്പളം വാങ്ങുന്നതിനിടെ പാർട്ടി പത്രത്തിൽ പണിയാകാമോ എന്നു സംശയിച്ചാൽ രക്ഷയില്ല. കാരണം ഇത് മാടവനയാണ്. അവിടെ പത്തുവർഷത്തോളം സേവനം ചെയ്തു.

ഡോ. കുര്യാസ് കുമ്പളക്കുഴി തിരിച്ചു വന്നതോടെ മാടവന അടുത്ത ലാവണം തേടി. പാലായിൽ ചെന്ന് കാലുപിടിച്ച് സർവകലാശാല സിൻഡിക്കേറ്റ് അംഗമായി. യുഡിഎഫ് സർക്കാരിന്റെ അവസാനകാലത്തായിരുന്നു അത്. പക്ഷേ ഇടതു സിൻഡിക്കേറ്റ് അംഗങ്ങളുടെ എതിർപ്പുകാരണം സിൻഡിക്കേറ്റ് ചേർന്നില്ല. ഇടയ്ക്ക് ഒരു മണിക്കൂറോളം സിൻഡിക്കേറ്റ് ചേർന്നു. അങ്ങനെ മാടവന സിൻഡിക്കേറ്റ് അംഗമായി. ഇടതുസർക്കാർ സിൻഡിക്കേറ്റ് അഴിച്ചു പണിതതോടെ മാടവന പുറത്തായി. അപ്പോഴാണ് ഭരണകാറ്റിന് അനുസൃതമായി ചിന്താഗതി പോകണമെന്ന് ചിന്ത ബലപ്പെട്ടത്. മാടവന കേരളാ കോൺഗ്രസ് എം കുപ്പായം അഴിച്ചു വച്ചു. അല്ലെങ്കിലും കേരളാ കോൺഗ്രസ എം ഇപ്പോൾ ചേരിചേരാ നയത്തിലാണല്ലോ. മാടവന പക്ഷേ വ്യക്തമായി ചേരി ചേർന്നു. സിപിഎമ്മിലെ ഉന്നതനും അയൽവാസിയുമായ നേതാവിനെ കണ്ട് പരിചയവും ലോഹ്യവും പുതുക്കി.

പ്രതിച്ഛായയുടെ പത്രാധിപരായിരിക്കെ കോൺഗ്രസിനെതിരെ ആവത് എഴുതിയതാണ് പിള്ള. ബാർകേസിൽ പ്രതിച്ഛായയിൽ വന്ന ലേഖനങ്ങളുടെ കർത്താവ് പിള്ളയാണെന്നാണ് സംസാരം. അതുകൊണ്ട് കോൺഗ്രസിനോട് ഇഷ്ടം കൂടാൻ പിള്ള പോയിട്ടില്ല. പിള്ള സിൻഡിക്കേറ്റിൽ ഇല്ലെങ്കിലും അദ്ദേഹത്തിന്റെ സ്വന്തം ആൾ ഉണ്ടെന്നാണ് സംസാരം. അതുകൊണ്ടു തന്നെ എതിരായ ഒന്നും അജണ്ടയിൽ പോലും എത്തില്ല. ഇപ്പോൾ ഇടത് നേതാവാണ് സ്വന്തം. സ്വന്തം സ്ഥാപനത്തിൽ മുസ്‌ലീം ദലിത് സംവരണം ഇല്ലെങ്കിൽ ആപത്തിൽ ആരുടെയും തുണയാകാമല്ലോ. കൂടാതെ ചങ്ങനാശേരിയുടെ കറകളഞ്ഞ സമുദായ നേതാവിന്റെ ഏറ്റവും അടുത്തബന്ധുവായ സിൻഡിക്കേറ്റ് അംഗവും മാടവനയുടെ സ്വന്തം ആളാണ്. പിന്നെ പോരെ പൂരം!

മാടവന ബാലകൃഷ്ണപിള്ളയ്ക്ക് പ്രായം എഴുപതായെങ്കിലും അദ്ദേഹത്തിന്റെ നെറ്റ് മേൽവിലാസമായ ബ്‌ളോഗിൽ ചെറുചെറുപ്പം. നെറ്റിൽ സെർച്ച് ചെയ്താൽ ലഭിക്കുക ഇതാണ് പ്രഫ. അഡ്വ. മാടവന ബാലകൃഷ്ണപിള്ള. പ്രൊഫസറാണ് അഭിഭാഷകനുമാണ്. എന്നാൽ ജേണലിസത്തിൽ എന്തുണ്ട് അക്കാദമിക്ക് യോഗ്യത. ബ്‌ളോഗിൽ അരച്ചുപരതിയാലും ഒന്നും കിട്ടില്ല. ജേണലിസം മേഖലയിൽ നാലുപതിറ്റാണ്ടു പൂർത്തിയാക്കിയെന്നാണ്. കാരണം ബിഎസ് സി ബിരുദമാണ് അടിസ്ഥാന യോഗ്യത. ഇടയ്ക്ക് പുറത്തെ സർവകലാശാലയിൽ എംഎ ജേണലിസത്തിന് ചേർന്നെങ്കിലും വാചകമടിയല്ല പരീക്ഷ എന്നു മനസിലായതോടെ സമർഥമായി പിന്മാറി. പിന്നെ കൈമുതലായുള്ളത് മംഗളത്തിലും ദീപികയിലും വർഷങ്ങളോളം എഴുതിയെന്ന് അവകാശപ്പെടുന്ന കോളങ്ങളാണ്. ഈ കോളങ്ങളാണ് എംജി സർവകലാശാലയുടെ ജേണലിസം വകുപ്പ് തലപ്പത്ത് വാണരുളാൻ അവസരമൊരുക്കിയത്.

26 വർഷമായി അവിടെ കഴിയുന്നു. റിട്ടയർമന്റില്ല. സ്ഥലം മാറ്റമില്ല. സ്ഥാനചലനമില്ല. നിയമങ്ങളെല്ലാം മാടവനയ്ക്ക് ഇവിടെ സല്യൂട്ട് അടിക്കുന്നു. 26 വർഷം മുമ്പ്, അദ്ധ്യാപകനാകും മുമ്പ്, 13 വർഷമെങ്കിലും അദ്ധ്യാപനപരിചയമില്ലാതെ പ്രൊഫസർ മാടവന എന്നു വച്ചതെങ്ങനെയെന്നു ചോദിച്ച് മനോരമ പത്രം അന്നു വാർത്ത കൊടുത്തിരുന്നു. കരയുന്നവർക്കു മുമ്പിൽ മനസലിയുന്ന മാത്തുക്കുട്ടിച്ചായനുണ്ടായിരുന്നതിനാൽ ഉത്തരം കിട്ടിയില്ല. ചുക്കില്ലാത്ത കഷായമില്ലെന്ന് പറഞ്ഞപോലെയാണ് മാടവനയുടെ കഥ. കോട്ടയത്ത് എതു പൊതുപരിപാടി സംഘടിപ്പിച്ചാലും മാടവനയുണ്ടാകും. ഇതേക്കുറിച്ച് തമാശകഥകളാണ് അധികവും. ഇരിക്കാൻ ഇടം കിട്ടിയാൽ എങ്ങനെയും അധ്യക്ഷനാവും. സമാനയോഗ്യതയുള്ള ചിലരാണ് ഇദ്ദേഹത്തിന്റെ കൂട്ടുകാർ.

പ്രായം പിന്നിട്ടിട്ടും സ്ഥാപനതലപ്പത്ത് അള്ളിപ്പിടിച്ചിരിക്കുന്ന ചിലർ. പ്രസ്‌ക്‌ളബിന്റെ മുൻ ഭാരവാഹിയാണെങ്കിലും അവിടെ അധികം വിലസാൻ മാടവന പോകാറില്ല.അധികം വിളിക്കാറുമില്ല. അവിടെ അദ്ധ്യാപനവും ഇല്ല. കാരണം രക്തം രക്തത്തെ തിരിച്ചറിയുമല്ലോ. ഇനി മാടവനയ്ക്ക് ആഗ്രഹം വിസി പദമാണെന്നാണ് അണിയറ സംസാരം. അതിനായി കഴിഞ്ഞ ഭരണകാലത്ത് ശ്രമിച്ചതാണ്. പക്ഷേ നടന്നില്ല. ആ ആഗ്രഹം സിൻഡിക്കേറ്റിൽ ഉടഞ്ഞു വീണു. ഇക്കുറി അതിനു കഴിയുമോ എന്നാണ് നോട്ടം. പരിശ്രമം ചെയ്യുകിൽ എന്തിനേയും വശത്തിലാക്കാമെന്നുള്ള കവി വാക്യത്തിൽ ഉറച്ചുവിശ്വസിക്കുന്ന മാടവന സാർ അതും നേടുമെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP