Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എന്റെ കൈയും കാലും വെട്ടാനേ അവർക്കു കഴിഞ്ഞുള്ളു; എന്നെ തോൽപ്പിക്കാനായിട്ടില്ല; സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും കേളീരംഗമായി മാറേണ്ട സ്ഥലങ്ങളാണ് വിദ്യാലയങ്ങൾ; അക്രമത്തിന്റെ മാർഗ്ഗത്തിലേക്ക് കുട്ടികളെ കൈപിടിച്ച് ഉയർത്തുന്നത് മത, രാഷ്ട്രീയ സംഘടനകളെ തീവ്രവാദികൾ എന്നുതന്നെ വിളിക്കും: പോപ്പുലർ ഫ്രണ്ടുകാർ കൈപ്പത്തി വെട്ടിമാറ്റിയതിന്റെ വേദന മറന്ന് അഭിമന്യുവിന്റെ കൊലപാതകത്തിനെതിരെ ശക്തമായി പ്രതികരിച്ച് മഹാരാജാസിലെ പൂർവവിദ്യാർത്ഥി കൂടിയായ ജോസഫ് മാഷ്

എന്റെ കൈയും കാലും വെട്ടാനേ അവർക്കു കഴിഞ്ഞുള്ളു; എന്നെ തോൽപ്പിക്കാനായിട്ടില്ല; സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും കേളീരംഗമായി മാറേണ്ട സ്ഥലങ്ങളാണ് വിദ്യാലയങ്ങൾ; അക്രമത്തിന്റെ മാർഗ്ഗത്തിലേക്ക് കുട്ടികളെ കൈപിടിച്ച് ഉയർത്തുന്നത് മത, രാഷ്ട്രീയ സംഘടനകളെ തീവ്രവാദികൾ എന്നുതന്നെ വിളിക്കും: പോപ്പുലർ ഫ്രണ്ടുകാർ കൈപ്പത്തി വെട്ടിമാറ്റിയതിന്റെ വേദന മറന്ന് അഭിമന്യുവിന്റെ കൊലപാതകത്തിനെതിരെ ശക്തമായി പ്രതികരിച്ച് മഹാരാജാസിലെ പൂർവവിദ്യാർത്ഥി കൂടിയായ ജോസഫ് മാഷ്

പ്രകാശ് ചന്ദ്രശേഖർ

മൂവാറ്റുപുഴ : എന്റെ കൈയും കാലും വെട്ടാനേ അവർക്കു കഴിഞ്ഞുള്ളു. പക്ഷേ എന്നേ തോൽപ്പിക്കാനായിട്ടില്ല. ഞാൻ ഇപ്പോഴും സന്തോഷത്തോടെ കഴിയുന്നു. എഴുന്നേറ്റ് നിന്ന് രണ്ടു കൈയും കാലും ചലിപ്പിച്ച് പുഞ്ചിരിയോടെ ഇതു പറയുബോൾ പ്രൊഫ. ജോസഫിന്റെ മുഖത്ത് പ്രകടമായത് വിജയത്തിളക്കം.

പോപ്പുലർ ഫ്രണ്ടിന്റെ വിദ്യാർത്ഥി വിഭാഗമായ ക്യാമ്പസ് ഫ്രണ്ട് കേരളത്തെ നടുക്കിക്കൊണ്ട് എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലക്കത്തിക്ക് ഇരയാക്കിയതിന് പിന്നാലെയാണ് ജോസഫ് മാഷിന്റെ അടുത്ത് ഞങ്ങൾ എത്തുന്നത്. തന്റെ ജീവിതത്തെ മാറ്റി മറിച്ച ദുരന്ത ദിനത്തിന്റെ എട്ടാം വാർഷിക ദിനത്തിൽ കഴിഞ്ഞ സംഭവങ്ങളെയും ആനുകാലിക സംഭവ വികാസങ്ങളെയും കുറിച്ച് അദ്ദേഹം മറുനാടനോട് മനസ്സുതുറന്നു.

തൊടുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകനായിരിക്കെ മതനിന്ദ ആരോപിച്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രെഫ. ജോസഫിന്റെ ഒരു കൈപ്പത്തി വെട്ടിമാറ്റുകയും മറ്റെ കൈയിലും കാലിലും വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തിട്ട് ഇന്നേയ്ക്ക് എട്ടു വർഷം പൂർത്തിയായി. അതിജീവനത്തിന്റെ എട്ടുവർഷങ്ങൾ പിന്നിടുമ്പോഴും ഇപ്പോൾ അഭിമന്യു കൊലചെയ്യപ്പെട്ട മഹാരാജാസിൽ നിന്നുതന്നെ പഠിച്ചിറങ്ങിയ ജോസഫ് മാസ്റ്റർക്കും അന്നത്തെ സംഭവങ്ങൾ നടുക്കുന്ന ഓർമ്മയാണ്. കേരളം കണ്ട മതമൗലികവാദികളുടെ മറ്റൊരു ക്രൂരമായ ആക്രമണമാണ് എട്ടുവർഷം മുമ്പ് അരങ്ങേറിയത്.

അനുഭവിച്ച വേദനയുടെ പേരിൽ ഒരു സംഘടനയേയോ അതിലെ കുറച്ച് ആളുകളെയോ കുറ്റപ്പെടുത്താനില്ല. അവരോട് മനസ്സുകൊണ്ട് ക്ഷമിച്ചു കഴിഞ്ഞു. അന്നത്തെ കാര്യങ്ങളിൽ ഇനിയൊരു പ്രതികരണത്തിനും തയ്യാറല്ല. വെട്ടിമാറ്റിയ കൈയുടെ ചലനശേഷി ഒട്ടുമുക്കാലും വീണ്ടു കിട്ടി. ഇപ്പോൾ ഞാൻ അവശനാണെന്ന് ആരുടെ മുമ്പിലും അറിയിക്കാൻ ഇഷ്ടപ്പെടുന്നില്ല. മുറിവേറ്റ കൈ കാണിക്കാൻ പറയുന്നവരോടും ഇപ്പോൾ നോ പറയും.- പ്രൊഫ. ജോസഫിന്റെ പ്രതികരണം ഇങ്ങനെ.

വ്യത്യസ്ത രാഷ്ട്രീയ ആശയങ്ങളുള്ള സംഘടനകളിൽ പ്രവർത്തിക്കുന്ന വിദ്യാർത്ഥികൾ ആശയപരമായിട്ടാണ് ഏറ്റുമുട്ടേണ്ടത്. കയികമായി നേരിടുന്നത് ഒരു തരത്തിലും ന്യായികരിക്കാനാവില്ലെന്നും മഹാരാജാസിലെ വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതകത്തെ പരാമർശിച്ച് പ്രൊഫ. ജോസഫ് വ്യക്തമാക്കി.

അക്രമവാസന വളർത്തുകയും എതിരാളികളെ കായികമായി നേരിടുന്നത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവരെയാണ് ഭീകരവാദികൾ എന്ന് ഞാൻ വിളിക്കുന്നത്. മഹാരാജാസിൽ നിന്നും പഠിച്ചിറങ്ങിയ ആളാണ് ഞാൻ. അവിടുത്തെ രാഷ്ട്രീയ ആക്രമണത്തിന്റെ ബലിയാടായ സൈമൺ ബ്രിട്ടോ സുഹൃത്താണ്. അദ്ദേഹം പറഞ്ഞു. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും കേളീരംഗമായി മാറേണ്ട സ്ഥലങ്ങളാണ് വിദ്യാലയങ്ങൾ. അവിടെ അക്രമങ്ങളും മനുഷ്യത്വത്തിന് നിരക്കാത്ത പ്രവർത്തനങ്ങളും വേദനാജനകമാണ്. ആശയപരമായ സമീപനമാണ് വിദ്യാർത്ഥികൾ സ്വീകരിക്കേണ്ടത്. അക്രമത്തിന്റെ മാർഗ്ഗത്തിലേക്ക് അവരെ കൈപിടിച്ച് ഉയർത്തുന്നത് മത സംഘടകളായാലും രാഷ്ട്രീയ സംഘടനകളായാലും അവരെ തീവ്രവാദികൾ എന്നുവിളിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.

മഹാരാജിസിൽ ഞാനും പഠിച്ചിരുന്നു .എന്റെ ജീവിതത്തിലെ ഏറ്റവും നല്ലതും മധുരമുള്ളതുമായ നാളുകൾ അതായിരുന്നു. ഇന്ന് ഇവിടെ നിന്നും കേൾക്കുന്ന കാര്യങ്ങൾ വേദനാജനകമാണ്. സഹജീവികളെ മുറിപ്പെടുത്തുന്ന, അവരുടെ ജീവന് തന്നെ ഹാനികരമാവുന്നതെന്തും കാമ്പസുകളിൽ നിന്നും തുടച്ച് മാറ്റപ്പെടണം. കുട്ടികളിൽ അക്രമവാസനകൾ വളർത്തുന്നവരെ തൂത്തെറിയണം. അവരുടെ മനസ്സിൽ നാമ്പെടുക്കുന്ന ഇത്തരം വാസനകളെ വേരൊടെ പിഴുതെറിയാൻ ഉത്തരവാദിത്വപ്പെട്ട സംഘടനാ നേതാക്കൾ തന്നെ തയ്യാറാവണം - അദ്ദേഹം ആവശ്യപ്പെട്ടു.

ആശയങ്ങൾകൊണ്ട് പൊരുതി തോൽക്കുന്നവരാണ് അക്രമം വളർത്തി വിജയം കൊയ്യാൻ ഇറങ്ങുന്നത്. ഇത്തരക്കാർ ആരായാലും അവർ തീവ്രവാദികൾ തന്നേ മാറ്റമില്ല. അദ്ദേഹം തുടർന്ന് പറഞ്ഞു. ആരെയെങ്കിലും ഭയപ്പെടുന്നതുകൊണ്ടാണോ ഒരു സംഘടനയുടെ പേരെടുത്തുപറയാൻ മടിക്കുന്നത് എന്ന് ചോദിച്ചപ്പോൾ ഞാൻ നേരത്തെയും ഭയപ്പെട്ടിരുന്നില്ലന്നും വരുന്നതെന്തും നേരിടാനുള്ള മനക്കരുത്തുമായിട്ടാണ് അക്രമം നേരിടുന്ന നാൾവരെ വീട്ടിൽ കഴിഞ്ഞതെന്നുമായിരുന്നു പ്രൊഫ.ജോസഫിന്റെ പ്രതികരണം.

പോപ്പുലർ ഫ്രണ്ട് അക്രമികളുടെ ആ വിളയാട്ടം നടന്നിട്ട് ഇന്നേക്ക് എട്ടുവർഷം

2010 ജൂലൈ നാലിനാണ് ജോസഫിന്റെ കൈകൾ തീവ്രവാദിസംഘം വീടിനു സമീപത്തുള്ള റോഡിൽ വെട്ടിയിട്ടത്. കൊച്ചിയിലെ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിൽ എത്തിച്ച് അദ്ദേഹത്തിന്റെ അറ്റുപോയ കൈപ്പത്തി തുന്നിച്ചേർക്കുകയും ചെയ്തു. പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ വെട്ടിമാറ്റിയ കൈ തുന്നിച്ചേർത്തെങ്കിലും ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാതെ ബുദ്ധിമുട്ടി തൊടുപുഴ ന്യൂമാൻസ് കോളേജിലെ മുൻ അദ്ധ്യാപകനായ പ്രൊഫ. ടി ജെ ജോസഫ്. ഒന്നിനു പിറകെ മറ്റൊന്നായി പ്രതിസന്ധികൾ അദ്ദേഹത്തെ തേടിയെത്തി.

കുപ്രചരണങ്ങളാലും മനോവിഷമത്താലും ഭാര്യ സലോമി ആത്മഹത്യ ചെയ്തു. അതിന് പിന്നാലെ തൊഴിൽപരമായ പ്രതിസന്ധികളും അദ്ദേഹം നേരിട്ടിരുന്നു. അർഹിച്ച അനൂകുല്യം നിഷേധിക്കുന്ന നിലപാടാണ് കോളേജ് അധികാരികൾ സ്വീകരിച്ചത്. ഇതിന് ശേഷം സർക്കാറുകളും ജോസഫ് മാഷിനോട് ക്രൂരത കാണിച്ചു. നിയമപരമായി കിട്ടേണ്ട ചികിത്സാസഹായത്തിന് സർക്കാർ കനിഞ്ഞില്ല. ചികിത്സയ്ക്കു ചെലവായ നാലുലക്ഷം രൂപയാണ് തൊടുന്യായങ്ങൾ പറഞ്ഞ് മാറിമാറിവരുന്ന സർക്കാരുകൾ നൽകിയില്ല. ആക്രമണത്തിനിരയായി ഏഴുവർഷം കഴിഞ്ഞിട്ടും ചികിത്സയ്ക്കായി സ്വന്തം പോക്കറ്റിൽനിന്നു ചെലവഴിച്ച നാലുലക്ഷം രൂപയുടെ ബിൽ പാസാക്കിക്കൊടുക്കാതെ ആയിരുന്നു പീഡനം.

കേരളത്തെ നടുക്കിയ സംഭവമായിരുന്നു പ്രവാചക നിന്ദ ആരോപിച്ച് അദ്ധ്യാപകന്റെ കൈ വെട്ടിമാറ്റിയ സംഭവം.2010 ജൂലൈ നാലിന് ഞായറാഴ്ച രാവിലെ 8.05ന് മൂവാറ്റുപുഴയിലെ വീടിനടുത്തുവച്ചായിരുന്നു നാടിനെ നടുക്കിയ ആക്രമണം നടന്നത്. വീടിനടുത്തുള്ള നിർമല മാതാപള്ളിയിൽ നിന്ന് കുർബാന കഴിഞ്ഞ് കാറിൽ മടങ്ങുമ്പോാഴാണ് പ്രൊഫ. ജോസഫ് ആക്രമിക്കപ്പെട്ടത്. മാരുതി ഓംനി വാനിൽ എത്തിയ എട്ടംഗസംഘം തോട്ടപൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമം നടത്തുകയായിരുന്നു. കാറിൽ ജോസഫിന്റെ അമ്മ ഏലിക്കുട്ടിയും സഹോദരി സിസ്റ്റർ മേരിസ്റ്റെല്ലയും ഉണ്ടായിരുന്നു.

ആനിക്കാട് പഞ്ചായത്തിലെ ഹോസ്റ്റൽ ജങ്ഷനിൽ നിർമല പബ്ലിക് സ്‌കൂളിന് മുൻവശത്തുള്ള റോഡിലായിരുന്നു സംഭവം. ഇവിടെ നിന്ന് 100 മീറ്റർ മുകളിലാണ് ജോസഫിന്റെ വീട്. തോട്ടപൊട്ടിച്ച് പുകമറ സൃഷ്ടിച്ച ശേഷം, ഡ്രൈവിങ് സീറ്റിലായിരുന്ന പ്രൊഫ. ജോസഫിനെ അക്രമിസംഘം റോഡിലേക്ക് വലിച്ചിട്ടു. കാറിന്റെ ചില്ലുകൾ തകർക്കുകയും ചെയ്തു. കൈകൾ ബലമായി പിടിച്ചുവെച്ച് മഴുപോലുള്ള ആയുധംകൊണ്ട് തുരുതുരാ വെട്ടി. അറ്റുവീണ കൈപ്പത്തി അടുത്ത വീടിന്റെ മുറ്റത്തേക്കെറിഞ്ഞു. അതു കണ്ട് നിലവിളിയോടെ ഇറങ്ങിവന്ന ഏലിക്കുട്ടിയേയും സിസ്റ്റർ മാരിസ്റ്റെല്ലയേയും സംഘം പിടിച്ചുതള്ളുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

ബഹളംകേട്ട് ജോസഫിന്റെ ഭാര്യ സലോമിയും മകൻ മിഥുനും ഓടിയെത്തി. സംഘം ഇവരെ തോട്ടകാണിച്ച് ഭീഷണിപ്പെടുത്തി. മിഥുനെ സംഘം താഴെ സ്‌കൂൾ ഗ്രൗണ്ടിലേക്ക് തള്ളിയിടുകയും ചെയ്തു. തുടർന്ന് സംഘം രക്ഷപ്പെടുകയായിരുന്നു. ജോസഫിന്റെ അറ്റുപോയ വലതുകൈപ്പത്തിക്ക് മുകളിലും ഇടതുകൈയ്ക്കും കാലിനുമെല്ലാം ആഴത്തിൽ മുറിവേറ്റു. എറണാകുളം സ്‌പെഷലിസ്റ്റ്‌സ് ആശുപത്രിയിലെത്തിച്ച് ഉടൻതന്നെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അറ്റുപോയ വലതു കൈപ്പത്തി തുന്നിപ്പിടിപ്പിക്കുകയായിരുന്നു. ടിജെ ജോസഫ് 2015ലാണ് സർവ്വീസിൽ നിന്നും വിരമിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP