Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പി.എസ്.സിയുടെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ പരീക്ഷയിലും നടന്നത് വമ്പൻ കള്ളക്കളി; നൂറ് മാർക്കിന്റെ പരീക്ഷയിൽ 80 മാർക്കിന്റെ ചോദ്യങ്ങളും വന്നത് യൂണിവേഴ്‌സൽ പബ്‌ളിക്കേഷൻസിന്റെ ഗൈഡിൽ നിന്നും; വിനയകുമാർ ഗുപ്തയുടെ ഗൈഡിലെ ചോദ്യങ്ങൾ വരുമെന്ന സൂചന ലഭിച്ചവരും നിരവധി; ഡിവൈഎസ്‌പി റാങ്കും ശമ്പളം അതുക്കും മേലെയുള്ള പോസ്റ്റിലേക്ക് നടന്ന പരീക്ഷ റദ്ദാക്കാതെയും ഉരുണ്ടുകളി; ഗൈഡിലെ ചോദ്യങ്ങളുടെ പേരിൽ പരീക്ഷ റദ്ദാക്കിയ പാരമ്പര്യമുള്ള പി.എസ്.സിയിൽ വീണ്ടും അടിമുടി ക്രമക്കേടുകൾ

പി.എസ്.സിയുടെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ പരീക്ഷയിലും നടന്നത് വമ്പൻ കള്ളക്കളി; നൂറ് മാർക്കിന്റെ പരീക്ഷയിൽ 80 മാർക്കിന്റെ ചോദ്യങ്ങളും വന്നത് യൂണിവേഴ്‌സൽ പബ്‌ളിക്കേഷൻസിന്റെ ഗൈഡിൽ നിന്നും; വിനയകുമാർ ഗുപ്തയുടെ ഗൈഡിലെ ചോദ്യങ്ങൾ വരുമെന്ന സൂചന ലഭിച്ചവരും നിരവധി; ഡിവൈഎസ്‌പി റാങ്കും ശമ്പളം അതുക്കും മേലെയുള്ള പോസ്റ്റിലേക്ക് നടന്ന പരീക്ഷ റദ്ദാക്കാതെയും ഉരുണ്ടുകളി; ഗൈഡിലെ ചോദ്യങ്ങളുടെ പേരിൽ പരീക്ഷ റദ്ദാക്കിയ പാരമ്പര്യമുള്ള പി.എസ്.സിയിൽ വീണ്ടും അടിമുടി ക്രമക്കേടുകൾ

എം മനോജ് കുമാർ

തിരുവനന്തപുരം: പിഎസ് സിയുടെ വിശ്വാസ്യത സംശയ നിഴലിൽ നിൽക്കെ വീണ്ടും ചോദ്യപേപ്പർ ചോർന്നതായി ആരോപണം. പിഎസ് സി ഈ ജനുവരിയിൽ നടത്തിയ അസിസ്റ്റന്റ്‌റ് പബ്ലിക് പ്രോസിക്യൂട്ടർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായാണ് ആരോപണം ഉയർന്നിരിക്കുന്നത്. പൊലീസ് കോൺസ്റ്റബിൾ പരീക്ഷയ്ക്ക് പിഎസ് സി നടത്തിയ പരീക്ഷയിൽ ക്രമക്കേട് നടന്നെന്നും ചോദ്യപേപ്പർ ചോർന്നുവെന്നും വ്യക്തമായതോടെ പിഎസ് സി സംശയ നിഴലിൽ തുടരവേ തന്നെയാണ് അസിസ്റ്റന്റ്‌റ് പബ്ലിക് പ്രോസിക്യുട്ടർ പരീക്ഷയെക്കുറിച്ചും ആരോപണം ഉയരുന്നത്.

യൂണിവേഴ്‌സൽ പബ്‌ളിക്കേഷൻസ് ഇറക്കിയ വിനയകുമാർ ഗുപ്തയുടെ ഗൈഡിൽ നിന്നുള്ള 80 മാർക്കിന്റെ ചോദ്യങ്ങൾ അതേ രീതിയിൽ എപിപി പരീക്ഷയ്ക്ക് കോപ്പിയടിക്കപ്പെട്ടു എന്നതാണ് ആരോപണം വന്നിരിക്കുന്നത്. ഒരു പേജിൽ നിന്ന് മൂന്നു ചോദ്യങ്ങൾ വരെ ഈ ഗൈഡിൽ നിന്നും വന്നിട്ടുണ്ട്. എപിപി പരീക്ഷയുടെ ചോദ്യങ്ങളിൽ വലിയ പങ്കും വിനയകുമാർ ഗുപ്തയുടെ ഈ ഗൈഡിൽ നിന്നാണ് വരാൻ പോകുന്നത് എന്ന സൂചനകൾ പരീക്ഷയ്ക്ക് മുൻപേ തന്നെ അഭിഭാഷകരുടെ ഗ്രൂപ്പുകളിൽ ശക്തമായിരുന്നു. അതുകൊണ്ട് തന്നെ പരീക്ഷയ്ക്ക് മുൻപ് കൂടുതൽ ഉദ്യോഗാർത്ഥികളും വാങ്ങി പഠിച്ചത് ഗുപ്തയുടെ പുസ്തകമായിരുന്നു. പരീക്ഷയ്ക്ക് മുൻപ് തന്നെ ഉയർന്ന ശ്രുതികൾ ശരിവെച്ച് ഏറ്റവും കൂടുതൽ മാർക്കിന്റെ ചോദ്യങ്ങൾ വന്നതും ഗുപ്തയുടെ പുസ്തകത്തിൽ നിന്നുമായിരുന്നു. ഇതെല്ലാം തന്നെ ചോദ്യപേപ്പർ ചോർച്ച വ്യക്തമാക്കുന്നതാണ്.

ചോദ്യപേപ്പർ ചോർന്നതായി ചൂണ്ടിക്കാട്ടി ഉദ്യോഗാർത്ഥികൾ തെളിവ് സഹിതം പിഎസ് സിക്ക് പരാതി നൽകിയിട്ടും ഈ കാര്യത്തിൽ ഉരുണ്ടുകളിക്കുന്ന സമീപനം തന്നെയാണ് പിഎസ് സി അനുവർത്തിക്കുന്നത്. എപിപി പരീക്ഷയ്ക്കുള്ള ചോദ്യങ്ങൾ പലർക്കും മുൻപ് തന്നെ ലഭിച്ചെന്നു വ്യക്തമായിട്ടും പരീക്ഷയിൽ ഉറച്ചു നിൽക്കാൻ തന്നെയാണ് പിഎസ് സി തീരുമാനം. പൊലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ കൃത്രിമം നടന്നെന്നു വ്യക്തമായ സാഹചര്യത്തിൽ എപിപി പരീക്ഷയെക്കുറിച്ചും ആരോപണങ്ങൾ ഉയരുന്നത് പിഎസ് സിയുടെ വിശ്വാസ്യത ബാധിക്കും എന്നതിന്റെ അടിസ്ഥാനത്തിലാണ് എപിപി പരീക്ഷ റദ്ദ് ചെയ്യാതിരിക്കാൻ പിഎസ് സി തയ്യാറാകാത്തത് എന്നാണ് ലഭിക്കുന്ന സൂചനകൾ. പരീക്ഷയ്ക്ക് മുൻപ് ഈ പഠന സഹായി ഉദ്യോഗാർത്ഥികളിലേക്ക് വ്യാപകമായി എത്തിയതിന് തെളിവില്ലെന്നാണ് പി.എസ്.സിയുടെ കണ്ടെത്തൽ. ഈ 'കണ്ടെത്തലി'ൽ ഉറച്ചു നിൽക്കാൻ തന്നെയാണ് പിഎസ്‌സിയിൽ നിന്നും വരുന്ന തീരുമാനവും. അതുകൊണ്ട് തന്നെ പരീക്ഷ റദ്ദാക്കണം എന്ന ഉദ്യോഗാർത്ഥികളുടെ ആവശ്യം പിഎസ് സി തള്ളിയേക്കാനാണ് സാധ്യതകൾ നിലനിൽക്കുന്നത്.

പിഎസ് സി പരീക്ഷയിൽ ക്രമക്കേട് വ്യക്തമായതോടെ പിഎസ്‌സി പരിക്ഷാ തട്ടിപ്പിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും സമീപകാലത്തെ എല്ലാ നിയമനങ്ങളും പരിശോധിക്കണമെന്നും സർക്കാരിന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ഹൈക്കോടതിയുടെ ഈ നിർദ്ദേശം മുന്നിൽ നിൽക്കേ തന്നെയാണ് അസിസ്റ്റന്റ്‌റ് പബ്ലിക് പ്രോസിക്യുട്ടർ പരീക്ഷയും സംശയ നിഴലിൽ തുടരുന്നത്. 80 മാർക്കിന്റെ ചോദ്യങ്ങൾ അതേ രീതിയിൽ ഗുപ്തയുടെ ഗൈഡിൽ നിന്നും കോപ്പിയടിക്കപ്പെട്ടു എന്നത് ആരോപണങ്ങളുടെ വിശ്വാസ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. സാധാരണ ഗതിയിൽ വിവിധ വ്യക്തികളിൽ നിന്നും ചോദ്യങ്ങൾ സ്വീകരിക്കുകയാണ് ചെയ്യുന്നത് എന്ന പിഎസ് സിയുടെ സ്ഥിരം വാദങ്ങളും എപിപി പരീക്ഷയ്ക്ക് അടിസ്ഥാനമായില്ല എന്നാണ് ലഭിക്കുന്ന വിവരം.

കൊച്ചിയിലെ ഒരു അദ്ധ്യാപകൻ തന്നെയാണ് എപിപിയുടെ മിക്ക ചോദ്യങ്ങളും തയ്യാറാക്കിയത് എന്ന സൂചനയും ശക്തമാണ്. കുറച്ചു ചോദ്യങ്ങൾ തയ്യാറാക്കി നൽകണം എന്ന് ഈ അദ്ധ്യാപകൻ ചിലരോട് ആവശ്യപ്പെട്ടിരുന്നു. ഇവരൊക്കെ തന്നെ ചോദ്യങ്ങൾ തയ്യാറാക്കി നൽകുകയും ചെയ്തു. ഈ ചോദ്യങ്ങൾ തയ്യാറാക്കി നൽകുമ്പോൾ തന്നെ ഇതൊക്കെ എപിപി പരീക്ഷയ്ക്ക് വരാൻ പോകുന്ന ചോദ്യങ്ങൾ ആണെന്നും ശ്രുതി പരന്നിരുന്നു. തൊട്ടു പിറകെ തന്നെ വിനയകുമാർ ഗുപ്തയുടെ ഗൈഡിൽ നിന്നുള്ള ചോദ്യങ്ങളും അപ്പാടെ ആവർത്തിക്കപ്പെടും എന്നും വാർത്തകൾ പരന്നു. ഇതോടെ ഉദ്യോഗാർത്ഥികൾ ഗുപ്തയുടെ പുസ്തകം തേടി പരക്കം പായുകയും പുസ്തകം സ്വന്തമാക്കി പഠനം തുടരുകയും ചെയ്തു. ഉദ്യോഗാർത്ഥികളുടെ നിഗമനങ്ങൾ തെറ്റാതെ 80 മാർക്കിനുള്ള ചോദ്യങ്ങൾ ഗൈഡിൽ നിന്നും വരുകയും ചെയ്തു.

എപിപി പരീക്ഷയുടെ ചോദ്യങ്ങൾക്കുള്ള ഗൈഡ് അല്ല വിനയകുമാർ ഗുപ്തയുടെ പുസ്തകം അല്ലെങ്കിലും ഈ സമയം ഏറ്റവും കൂടുതൽ വിറ്റുപോയത് ഗുപ്തയുടെ പുസ്തകമായിരുന്നു. ഇത് ശരിവെയ്ക്കുന്നതാണ് എപിപി പരീക്ഷയ്ക്ക് വന്ന ഗുപ്തയുടെ ഗൈഡിലെ ചോദ്യം. മുസ്ലിം വിമൻസ് പ്രൊട്ടക്ഷൻ ഓഫ് ഡിവോഴ്‌സ് ആക്റ്റ് ഇതും എപിപി പരീക്ഷയ്ക്ക് വന്നു. ഇത് സിലബസിൽ പോലും ഇല്ലാത്ത ചോദ്യമായിരുന്നു. കോപ്പിയുടെ കൂട്ടത്തിൽ ഈ ചോദ്യവും കടന്നുവന്നതാണ്. എപിപി പരീക്ഷയ്ക് ഉള്ള ചോദ്യങ്ങൾ അല്ല തയ്യാറാക്കി നൽകാൻ അദ്ധ്യാപകൻ ആവശ്യപ്പെട്ടത്. അതുകൊണ്ട് തന്നെ അദ്ധ്യാപകന് ചോദ്യം തയ്യാറാക്കി നൽകിയ വ്യക്തി ഈ ചോദ്യവും ഉൾപ്പെടുത്തുകയായിരുന്നു.

അതുകൊണ്ട് തന്നെ എപിപിയുടെ ചോദ്യപേപ്പറിൽ ഈ ചോദ്യവും ഉൾപ്പെട്ടു പോയി. വിനയകുമാർ ഗുപ്തയുടെ ബുക്കിൽ നിന്നും ചോദ്യങ്ങൾ എന്ന് ശ്രുതി വന്നപ്പോൾ ഈ ഗൈഡിനു വൻ ഡിമാൻഡായി. പരീക്ഷ കഴിഞ്ഞപ്പോൾ ചില അഭിഭാഷകർ തന്നെ സുഹൃത്തുക്കളോടു പറഞ്ഞത് എപിപി പരീക്ഷയിൽ ഞാൻ എന്തായാലും കടന്നുകൂടുമെന്നാണ്. പരീക്ഷ എളുപ്പമായി എന്ന് പോലും പ്രതികരിക്കാതെയാണ് തങ്ങൾ കടന്നുകൂടുമെന്നു അഭിഭാഷകർ സുഹൃത്തുക്കളോട് പറഞ്ഞത്. ഇതെല്ലാം ചോദ്യപേപ്പർ ചോർച്ചയിലേക്ക് വിരൽ ചൂണ്ടുകയാണ്. ഇത്തവണ എപിപി പരീക്ഷയുടെ 55-60 ആണ് കട്ട് ഓഫ് എന്നാണ് അറിയാൻ കഴിഞ്ഞത്. ബുക്ക് ചോർന്നില്ലെങ്കിൽ കട്ട് ഓഫ് ഇത്രയും വരില്ല. മാർക്ക് 55 നു മുകളിലുള്ള ആളുകളെ വിളിക്കാൻ തന്നെയാണ് സാധ്യതകൾ വരുന്നതും.

ഓണം വെക്കേഷനിൽ എപിപിയുടെ റാങ്ക് ലിസ്റ്റ് പുറത്തിറക്കാനാണ് പിഎസ് സിയുടെ നീക്കം. പക്ഷെ ചോദ്യം പലർക്കും ആദ്യമേ ലഭിച്ചതിനാൽ പരീക്ഷ റദ്ദാക്കണം എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് ഉദ്യോഗാർത്ഥികൾ. അതുകൊണ്ട് തന്നെ പൊലീസ് കോൺസ്റ്റബിൾ പരീക്ഷയ്ക്ക് പിന്നാലെ എപിപി പരീക്ഷ ചോദ്യപേപ്പർ ചോർച്ചയും നിയമ നടപടികളിലേക്കും നീങ്ങിയേക്കും. പിഎസ് സി ഈ കാര്യത്തിൽ എന്ത് ചെയ്യും എന്ന് ഉറ്റു നോക്കുകയാണ് വിദ്യാർത്ഥികൾ. 2012ൽ നടത്തിയ എപിപി പരീക്ഷയെക്കുറിച്ച് സമാനമായ ആരോപണങ്ങൾ ഉയർന്നിരുന്നു.

അന്ന് ഒരു ഗൈഡിൽ നിന്നും 42 മാർക്കിന്റെ ചോദ്യങ്ങൾ ഒരു ബുക്കിൽ നിന്നും വന്നു.ഇത് വിവാദമായപ്പോൾ പിഎസ് സി പരീക്ഷ റദ്ദാക്കി വീണ്ടും മറ്റൊരു പരീക്ഷ തന്നെ പിഎസ് സി നടത്തി. അന്ന് ഒരു ഗൈഡിൽ നിന്നും വന്നത് 2012-ൽ 42 മാർക്കിന്റെ ചോദ്യങ്ങളായിരുന്നു. ഇതിൽ അപകടം മണത്താണ് വിശ്വാസ്യത സംരക്ഷിക്കാൻ പിഎസ് സി വീണ്ടും പരീക്ഷ നടത്തിയത്. അന്ന് 42 മാർക്കിന്റെ ചോദ്യങ്ങൾ വന്നപ്പോൾ തന്നെ റീ എക്‌സാം നടത്തി. ഇപ്പോൾ 80 മാർക്കിന്റെ ചോദ്യങ്ങൾ ആണ് ഗുപ്തയുടെ ഗൈഡിൽ നിന്നും വന്നത്. ഒരു പേജിൽ നിന്ന് മൂന്നു ചോദ്യങ്ങൾ വരെ പരീക്ഷയ്ക്ക് വരുകയും ചെയ്തു. എന്നിട്ടും പിഎസ്‌സി പുലർത്തുന്ന മൗനവും നടപടികളും ദുരൂഹമാണ്-ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP