Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എംവി ജയരാജനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതും പാർട്ടിക്കും സർക്കാരിനും ഇടയിലെ സൗഹൃദ പാലമാകാൻ; കണ്ണൂർ സെക്രട്ടറിയായി സഖാവ് മടങ്ങുമ്പോൾ ഇരു ചെവി അറിയാതെ മുൻ ഇൻകംടാക്സ് കമ്മിഷണറുടെ നിയമനം; പാർട്ടിക്കാരനല്ലാത്ത ആർ മോഹനൻ എങ്ങനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയെന്നതിന് കോടിയേരിക്കും ഉത്തരമില്ല; പൊലീസിലെ അഴിച്ചു പണിയേയും ഹാരിസണിനേയും എതിർത്ത നളിനി നെറ്റോയെ പുറത്താക്കാൻ നടന്നത് ആസൂത്രിത നീക്കങ്ങൾ; പിണറായിയുടെ ഓഫീസിലെ പുതിയ നിയമനം വിവാദത്തിൽ

എംവി ജയരാജനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതും പാർട്ടിക്കും സർക്കാരിനും ഇടയിലെ സൗഹൃദ പാലമാകാൻ; കണ്ണൂർ സെക്രട്ടറിയായി സഖാവ് മടങ്ങുമ്പോൾ ഇരു ചെവി അറിയാതെ മുൻ ഇൻകംടാക്സ് കമ്മിഷണറുടെ നിയമനം; പാർട്ടിക്കാരനല്ലാത്ത ആർ മോഹനൻ എങ്ങനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയെന്നതിന് കോടിയേരിക്കും ഉത്തരമില്ല; പൊലീസിലെ അഴിച്ചു പണിയേയും ഹാരിസണിനേയും എതിർത്ത നളിനി നെറ്റോയെ പുറത്താക്കാൻ നടന്നത് ആസൂത്രിത നീക്കങ്ങൾ; പിണറായിയുടെ ഓഫീസിലെ പുതിയ നിയമനം വിവാദത്തിൽ

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം. ലോക്സഭാ തെരെഞ്ഞടുപ്പിന് സ്ഥാനാർത്ഥികളെ നിശ്ചയിച്ചതു പോലും ഏകാധിപത്യ പരമായാണ് എന്ന വിമർശനം കമ്മിററികളിൽ ഉന്നയിക്കാതെ നേതാക്കൾ അടക്കം പറയുന്നതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ നിന്നും തന്നെ അമർഷം പുകയുന്നത്. സി പി എം സ്ഥാനാർത്ഥികളുടെ ലിസ്റ്റ പിണറായി കൊണ്ടു വന്നു ചർച്ചകൾക്ക് ഇടം കൊടുക്കാതെ നടപ്പിലാക്കിയതു കൊണ്ട് തന്നെ വിജയ പ്രതീക്ഷയുണ്ടായിരുന്ന പലരും പട്ടികയിൽ ഇടം പിടിക്കാതെ പോയത് പാർട്ടി കീഴ്ഘടകങ്ങളിലും ചർച്ചയായിട്ടുണ്ട്. ഇതിനിടെയാണ് പുതിയ വിവാദം തല പൊക്കിയിരിക്കുന്നത്. മുൻ ഇൻകംടാക്സ് കമ്മിഷണർ ആയ ആർ.മോഹനെ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറിയായി നിയോഗിച്ചത് പാർട്ടിയിൽ ചർച്ചചെയ്തിട്ടില്ല.

മാത്രമല്ല മുതിർന്ന നേതാക്കാളുമായും കൂടിയാലോചന പോലും നടത്തിയിട്ടില്ലന്ന് ഒരു ഉന്നത നേതാവ് പ്രതികരിച്ചു. സാധാരണ ഗതിയിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്റ്റാഫുകളെ നിശ്ചയിക്കുന്നത് പാർട്ടി സെക്രട്ടറിയേറ്റ് തീരുമാനം എടുത്താണ്. ആർ മോഹനന്റെ കാര്യത്തിൽ ഇതും ലംഘിക്കപ്പെട്ടു. പാർട്ടി സെന്ററിൽ ഉള്ളവർ പോലും നിയമനം അറിഞ്ഞത് ചാനലുകളിൽ ഫ്‌ളാഷ് ന്യൂസ് വന്നപ്പോഴാണ്. അതു കൊണ്ട് തന്നെ പ്രമുഖ നേതാക്കളിൽ പലരും അതൃപ്തരുമാണ്. തെരെഞ്ഞടുപ്പായതിനാൽ അതൃപ്തി പുറത്തു കാട്ടി ചർച്ചക്കിടകൊടുത്താൽ അത് ദോഷമാകുമെന്ന വിലയരുത്തലും ചില നേതാക്കൾ വെച്ചു പുലർത്തുന്നു. അതിനാൽ പാർട്ടിക്ക് പുറത്ത് ഇത് ഒരു ചർച്ചയായി വരാൻ നേതാക്കൾക്കാർക്കും താല്പര്യവും ഇല്ല. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പോലും എന്തിന് വേണ്ടിയാണ് ആർ മോഹനനെ നിയമിച്ചതെന്ന് അറിയില്ല.

സഹോദരനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കുമ്പോൾ നളിനി നെറ്റോ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി തുടരുന്നതിലെ ഔചിത്യക്കുറവുകൊണ്ടാണ് രാജിവച്ചതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചത്. അല്ലാതെ നളിനി നെറ്റോയ്ക്ക് ആരുമായും തർക്കമില്ലെന്ന് പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. എന്നാൽ മോഹനൻ എത്തിയാൽ നളിനി നെറ്റോ പോകുമെന്ന് മുഖ്യമന്ത്രിക്ക് നന്നായി അറിയാമായിരുന്നു. ഇത് മനസ്സിലാക്കിയാണ് മോഹനനെ ഓഫീസിൽ നിയമിച്ചത്. കോയമ്പത്തൂരിൽ ഇൻകം ടാക്‌സ് കമിഷണറായിരിക്കെ സ്വയം വിരമിച്ചു വ്യക്തിയാണ് മോഹനൻ. അതിന് ശേഷം തിരുവനന്തപുരം ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷനിൽ സീനിയർ കൺസൾടന്റും സിഡി.എസിൽ വിസിറ്റിങ് ഫെലോയുമാണ്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായതിനെ തുടർന്ന് എം വി ജയരാജൻ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം രാജിവെച്ച സാഹചര്യത്തിലാണ് പുതിയ നിയമനം.

കഴിഞ്ഞ വി എസ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്റ്റാഫുകളുടെ മുഴുവൻ നിയമനവും നടത്തിയത് അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയനായിരുന്നു. അന്ന് പാർട്ടിക്ക് വിധേയനാകാത്ത വി എസിനെ വിമർശിച്ച് വരുതിയിലാക്കിയ പിണറായിയാണ് ഇന്ന് മുഖ്യമന്ത്രി കസേരയിലിരുന്ന് ഏകാധിപതിയെ പോലെ പെരുമാറുന്നതെന്നാണ് നേതാക്കൾ പറയുന്നത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പിൾ സെക്രട്ടറിയായിരുന്ന നളിനി നെറ്റോയെ സമ്മർദ്ദത്തിലാക്കി രാജിവെയ്‌പ്പിക്കുകയായിരുന്നു വെന്നാണ്വിവരം. അടുത്ത കാലത്തായി പ്രധാന ഫയലുകളൊന്നും നളിനി നെറ്റോക്ക് നല്കാതിരുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണന്നാണ് സൂചന. അതിൽ മനം മടുത്തിരുന്ന നളിനി നെറ്റോയെ പുറത്തു ചാടിക്കാനാണ് ആർ മോഹനനെ പ്രൈവറ്റ് സെക്രട്ടറി ആക്കിയതെന്നാണ് വിവരം.

മോഹനനും നളിനി നെറ്റോയും സഹോദരങ്ങളാണെങ്കിലും ചെറിയ പ്രശ്‌നങ്ങളുണ്ട്. അങ്ങനെയുള്ളവർ ഒരുമിച്ചു ജോലി ചെയ്താൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉന്നതൻ നെറ്റോയെ ധരിപ്പിച്ചിരുന്നു. എം വി ജയരാജന് പകരം ഒരു പാർട്ടി നേതാവ് ചുമതലയേൽക്കേണ്ട പോസ്റ്റിൽ ആർ മോഹനനെ കൊണ്ടു വന്നത് തന്നെ നളിനി നെറ്റോ സ്വയം ഒഴിയാനാണന്നാണ് സൂചന. ചില വിവാദ ഫയലുകളിൽ മുഖ്യമന്ത്രിയുടെ താല്പര്യത്തിന് വിരുദ്ധമായി നളിനിനെറ്റോ നോട്ട് എഴുതിയതാണ് മുഖ്യമന്ത്രിയുടെയും വിശ്വസ്തരുടെയും നീരസത്തിന് വഴി വെച്ചത് എന്നു കരുതുന്നു. പൊലീസിലെ നിയമനവും മറ്റും തെരഞ്ഞെടുപ്പിന് ശേഷം മതിയെന്ന് നളിനി നെറ്റോ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ഇതിനൊപ്പം ഹാരിസണുമായുള്ള പ്രശ്‌നങ്ങളും ചർച്ചയാക്കി.

പിണറായി സർക്കാർ അധികാരമേറ്റ് ഒരു വർഷം പിന്നിടും മുൻപ് തന്നെ മുഖ്യമന്ത്രി ഓഫീസിനെയും ചില മന്ത്രിമാരുടെ ഓഫീസിനെയും പറ്റി പാർട്ടി കമ്മിറ്റികളിൽ പരാതി ഉയർന്നിരുന്നു. പാർട്ടി സഖാക്കൾ പൊതു ആവിശ്യങ്ങളുമായി സമീപിക്കുമ്പോൾ പ്രൈവറ്റ് സെക്രട്ടറിമാർ മോശമായി പെരുമാറുന്നു വേണ്ട പരിഗണന നല്കുന്നില്ല ഇങ്ങനെയൊക്കെയായിരുന്നു വിമർശനം. പരാതി മിക്കവാറുമുള്ള ജില്ലാ കമ്മിറ്റികളിൽ നിന്നും വന്നപ്പോൾ പിണറായി വിജയൻ തന്നെ അദ്ധ്യക്ഷനായി ഇരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയി സി പി എം സംസ്ഥാന കമ്മിറ്റി അംഗത്തെയും സഹകരണം, ആരോഗ്യം വ്യവസായം തുടങ്ങിയ വകുപ്പ് മന്ത്രി മാരുടെ പ്രൈവറ്റ് സെക്രട്ടറിമാരായി കുറഞ്ഞത് പാർട്ടി ഏര്യാ കമ്മിറ്റി അംഗമെങ്കിലും വേണം എന്നു തീരുമാനം എടുത്തു. അതിന്റെ ഭാഗമായാണ് എം വി ജയരാജനെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമിച്ചത്.

ജയരാജന് ഒപ്പം മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ ഓഫീസിൽ കല്ലറ മധുവും മന്ത്രി കെ കെ ഷൈലജയുടെ ഓഫീസിൽ അഡ്വ. സന്തോഷും മന്ത്രി ഇ പി ജയരാജന്റെ ഓഫീസിൽ പ്രകാശൻ മാസ്റ്ററും നിയമിതനാവുന്നത്. ഇവരുടെയൊക്കെ പ്രവർത്തനത്തിൽ പാർട്ടിക്ക് വലിയ മതിപ്പ് ഉണ്ടായരിക്കെയാണ് എം വി ജയരാജൻ കണ്ണൂർ ജില്ലാ സെക്രട്ടറി ആയി പോകുന്നത്. പകരം ഒരു പാർട്ടിക്കാരൻ തന്നെ പിണറായിയുടെ സെക്രട്ടറിയാവുമെന്ന് നേതാക്കൾ പ്രതീക്ഷിച്ചിരുന്നു. അതാണ് തെറ്റിയത്. നളിനി നെറ്റോയെ പുകച്ചു പുറത്തു ചാടിക്കാനാണ് മോഹനനെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിയോഗിച്ചതെന്ന അടക്കം പറച്ചിൽ സെക്രട്ടറിയേറ്റിലെ തന്നെ ഭരണ പക്ഷ യൂണിയൻകാർക്കിടയിലുണ്ട്

മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനപ്പെട്ട അധികാര കേന്ദ്രമായിരുന്നു സർവീസിൽ നിന്നും വിരമിച്ച നളിനി നെറ്റോ. നേരത്തെ ചീഫ് സെക്രട്ടറി ആയിരുന്നു ഇവർ. വിരമിച്ച ഉടനെ തന്നെ മിടുക്കിയായ ഉദ്യോഗസ്ഥയെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി പദവിയിൽ അവരെ നിയമിക്കുകയായിരുന്നു. പിണറായി വിജയൻ മുഖ്യമന്ത്രി പദവി ഏറ്റെടുത്ത ശേഷം നടത്തിയ പ്രധാന നിയമനങ്ങളിൽ ഒന്നായിരുന്നു നളിനി നെറ്റോയുടേത്. ആദ്യംകാലങ്ങളിൽ പ്രധാനപ്പെട്ട പല ഫയലുകളും കൈകാര്യം ചെയ്ത നളിനി നെറ്റോയക്ക് പക്ഷെ പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസിൽ പിടി അയഞ്ഞു തുടങ്ങിയിരുന്നു.ചില ഉദ്യോഗസ്ഥരുമായുള്ള പ്രശ്നമായിരുന്നു ഇതിന് കാരണം. ഇതോടെ ഫയലുകൾ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അടുത്തേക്ക് എത്താതായി.

ഇങ്ങനെ തർക്കങ്ങൾ ഉടലെടുത്തതോടെ മുഖ്യമന്ത്രിയുടെ ഓഫീസിലെ തർക്കങ്ങൾ പലപ്പോഴും പരിഹരിച്ചടിരുന്നത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സിപിഎം നേതാവുമായ എം വി ജയജയരാജനായിരുന്നു. എന്നാൽ, ജയരാജൻ ഇപ്പോൾ രാജിവെച്ച് കണ്ണൂർ ജില്ലാ സെക്രട്ടറി പദവി ഏറ്റെടുത്തതും കണ്ണൂരിലേക്ക് പോയതും നളിനി നെറ്റോയുടെ തീരുമാനം വേഗത്തിലാക്കിയെന്ന അഭിപ്രായവും സെക്രട്ടറിയേറ്റിൽ പറഞ്ഞു കേൾക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP