Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വള്ളിക്കാവ് ആശ്രമത്തിന്റെ ഭാഗമെങ്കിൽ ആരും തൊടില്ലെന്ന അവസ്ഥയ്ക്ക് മാറ്റമായോ? വയൽ നികത്തി അനുമതിയില്ലാതെ കെട്ടിടങ്ങൾ പണിതിട്ട് നികുതി പോലും ഈടാക്കാൻ പഞ്ചായത്തിന് മടി; ഡി വൈ എഫ് ഐ നേതാവ് പരാതിക്കാരൻ ആയപ്പോൾ അമൃതാ എഞ്ചിനിയറിങ് കോളേജിൽ റെയ്ഡ് നടത്തി വിജിലൻസ്

വള്ളിക്കാവ് ആശ്രമത്തിന്റെ ഭാഗമെങ്കിൽ ആരും തൊടില്ലെന്ന അവസ്ഥയ്ക്ക് മാറ്റമായോ? വയൽ നികത്തി അനുമതിയില്ലാതെ കെട്ടിടങ്ങൾ പണിതിട്ട് നികുതി പോലും ഈടാക്കാൻ പഞ്ചായത്തിന് മടി; ഡി വൈ എഫ് ഐ നേതാവ് പരാതിക്കാരൻ ആയപ്പോൾ അമൃതാ എഞ്ചിനിയറിങ് കോളേജിൽ റെയ്ഡ് നടത്തി വിജിലൻസ്

കരുനാഗപ്പള്ളി: കൊല്ലം വള്ളിക്കാവ് എഞ്ചിനീയറിങ്ങ് കോളേജിൽ വിജിലൻസ് റെയ്ഡ്. പഞ്ചായത്ത് ചട്ടം ലംഘിച്ച് അനധികൃതമായി നിലം നികത്തുകയും കെട്ടിടങ്ങൾക്ക് പഞ്ചായത്ത് ഒത്താശ ചെയ്ത് അനുമതി നൽകുകയും ചെയ്തു എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

ഏക്കറുകണക്കിന് വയലുകൾ നികത്തി നിരവധി കെട്ടിടങ്ങളാണ് അമൃത എഞ്ചിനീയറിങ്ങ് കോളേജ് മാനേജ്മെന്റ് നിർമ്മിച്ചിരിക്കുന്നത്. 2009-ൽ ചട്ടം ലംഘിച്ച് നിർമ്മിച്ച കെട്ടിടങ്ങളുടെ നികുതി മാനേജ്മെന്റ് പഞ്ചായത്തിലേക്ക് അടക്കുന്നില്ല എന്ന് കാട്ടി ക്ലാപ്പനയിലെ ഡിവൈഎഫ്ഐ നേതാവ് വിജേഷ് വിജിലൻസിൽ പരാതി നൽകിയിരുന്നു. അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് കോടതി നികുതി ഈടാക്കുവാൻ ഉത്തരവ് നൽകി. എന്നാൽ 2015ൽ ക്ലാപ്പന പഞ്ചായത്ത് അധികൃതർ നികുതിയിൽ ഇളവ് നൽകി മാനേജ്മെന്റിനെ സഹായിച്ചു. ഇതിനെതിരെയും വിജിലൻസ് അന്വേഷണം നടന്നു വരികയാണ്.

ഇതിന്റെ ഭാഗമായി ഇന്നലെ ക്ലാപ്പന പഞ്ചായത്തിൽ വിജിലൻസ് സി.ഐ പ്രദീപിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിൽ നിരവധി രേഖകൾ പിടിച്ചെടുത്തു. തുടർന്നാണ് അനധികൃത കെട്ടിട നിർമ്മാണം നടത്തിയ അമൃത കോളേജിലേക്ക് വിജിലൻസ് സംഘം റെയ്ഡിനായി പോയത്. വിജിലൻസ് റെയ്ഡിനായി എത്തുന്നതറിഞ്ഞ് പല രേഖകളും മാനേജ്മെന്റ് മാറ്റിയതായാണ് മറുനാടന് ലഭിച്ച വിവരം. ഉച്ചക്ക് തുടങ്ങിയ റെയ്ഡ് വൈകിട്ട് ആറുമണി വരെ നീണ്ടു. ഇന്ന് വീണ്ടും കൂടുതൽ തെളിവുകൾ കണ്ടെടുക്കാൻ വിജിലൻസ് സംഘം കോളേജിലെത്തും.

വർഷങ്ങളായി ക്ലാപ്പനയിലെ അമൃതാന്ദമയി മഠം നികുതി അടയ്ക്കാതിരിന്നു സാഹചര്യത്തിലാണ് സിപിഐ(എം) പ്രവർത്തകനായ വിജേഷ് നിയമ പോരാട്ടത്തിന് ഇറങ്ങുന്നത്. മഠം നടത്തിയ അഴിമതിക്കെതിരെ സധൈര്യം പോരാടിയ വിജേഷിന് പറയാനുള്ളത് രാഷ്ട്രീയക്കാർ ഒത്താശ ചെയ്തതിന്റെ കഥകളാണ്. മഠം അധികൃതർ പ്രദേശത്തെ യുഡിഎഫ് പ്രവർത്തകരെ വിലയ്ക്കെടുത്താണ് ഇത്രയും കാലം സംസ്ഥാനത്തെ കബളിപ്പിച്ചതെന്നാണ് വിജേഷ് പറയുന്നത്. അമൃതാനന്ദമയി മഠംത്തിന്റെ ആസ്ഥാനമായ കൊല്ലത്ത് ക്ലാപ്പനയിൽ വർഷങ്ങളായി തുടർന്ന് പോരുന്ന നികുതി വെട്ടിപ്പിനും അനധിക്യത നിർമ്മാണങ്ങൾക്കുമെതിരെ നിയമ നടപടികളും പ്രക്ഷോഭവുമായി മുന്നോട്ട് പോയി വിജയം കണ്ട വിജേഷ് വിജയാനന്ദൻ എന്ന പൊതു പ്രവർത്തകൻ താൻ നടത്തിയ സമരത്തെ കുറിച്ചും അതിലേക്ക് നയിച്ച സംഭവ വികാസങ്ങളെ കുറിച്ചും മറുനാടൻ മലയാളിയോട് നേരത്തെ തുറന്ന് പറഞ്ഞിരുന്നുു. മാവേലിക്കര എംഎൽഎ ആർ രാജേഷുമൊത്ത് ഹരിപ്പാട് പികെഎംഎം കോളേജിൽ വച്ച് എസ്എഫ്ഐ പ്രവർത്തനത്തിലൂടെയാണ് വിജേഷ് പൊതുരംഗത്തേക്ക് കടന്നു വരുന്നത്.

ഈ ആരോപണം ഉയരുമ്പോൾ യുഡിഎഫ് നേതൃത്വം നൽകുന്ന ഭരണസമിതിയാണ് ക്ലാപ്പന പഞ്ചായത്ത് ഭരിച്ചിരുന്നത്്. മഠത്തിന്റെ അനധികൃത ഇടപാടുകൾക്ക് സഹകരിക്കാത്ത ഇടതുപക്ഷ രാഷ്ട്രീയത്തെ പ്രദേശത്ത് നിന്നും ഇല്ലായ്മ്മ ചെയ്യുന്നതിനുള്ള സഹായം നൽകുന്നതിന്റെ പ്രത്യുപകാരമെന്നോണമാണ് യുഡിഎഫ് മഠത്തെ സഹായിച്ചതെന്നും വിജേഷ് ആരോപിച്ചിരുന്നുു. വിവരാവകാശ നിയമം വഴി ഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് നേടുകയും തൊഴിൽ കരം ഈടാക്കുന്നുണ്ടായിരുന്നെങ്കിലും സ്ഥാപനം പക്ഷെ നികുതി അടയ്ക്കുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് വിജേഷ് നിയമ പോരാട്ടം ആരംഭിക്കുന്നത്.

തുടർന്ന് പഞ്ചായത്ത് ഓഫീസിൽ തിരക്കിയെങ്കിലും കൃത്യമായ മറുപടി ലഭിച്ചിരുന്നില്ല. പിന്നീട് പഞ്ചായത്ത് ഓഫീസ് ഉപരോധം ഉൽപ്പടെയുള്ള പ്രക്ഷോഭ പരിപാടികൾ നടത്തിയെങ്കിലും ഫലമുണ്ടാകാത്തതിനെതുടർന്നാണ് കോടതിയെ സമീപിച്ചത്. പഞ്ചായത്ത് സെക്രട്ടറിയെ യും പഞ്ചായത്ത് പ്രസിഡന്റിനേയും ഒന്നും രണ്ടും പ്രതികളായി ഓംബുട്‌സ്മാൻ കേസ് ഫയൽ ചെയ്തു. തുടർന്ന് കോടതി നിർദ്ദേസമനുസരിച്ചാണ് അമൃതാന്ദമയി മഠത്തെയും കേസിൽ ഉൾപ്പെടുത്തിയത്. ഇതിനിടെ സംസ്ഥാനത്ത് ഭരണം മാറിയപ്പോൾ മാതാ അമൃതാനന്ദമയിക്കും അടിതെറ്റി തുടങ്ങി. ഒരിക്കൽ പോലും മഠം സന്ദർശിക്കാത്ത പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയതോടെ സർക്കാറിൽ നിന്നും ഇളവു ലഭിക്കുമെന്ന പ്രതീക്ഷയില്ലാതെ മഠം പണം അടച്ച് തടിതപ്പി. സംസ്ഥാന സർക്കാറിന്റെ ശക്തമായ സമർദ്ദത്തിന്റെ ഫലമായാണ് മഠം നികുതി നികുതി കുടിശ്ശിക തീർത്തത്.

കോടതിയിൽ കേസ് വാദിച്ചതും വിജേഷ് തന്നെയാണ്. സുഹൃത്തും അഭിഭാഷകനുമായ വി ഹരിലാലാണ് ആവശ്യമായ നിയമസഹായം നൽകിയത്. തുടർന്ന് കേസ് വിചാരണ നടക്കുന്ന വേളയിൽ 5 കെട്ടിടങ്ങൾ മാത്രമാണ് ഉള്ളതെന്ന രീതിയിൽ 17 ലക്ഷം രൂപ മഠം പഞ്ചായത്തിൽ നികുതി അടച്ചു. ഇത്രയും നികുതി അടച്ച രസീതിന്റെ പകർപ്പ് കോടതിയിൽ സമർപ്പിച്ച ശേഷം കേസ് പിൻവലിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ 5 കെട്ടിടങ്ങളല്ലെന്നും 15 ഏക്കർ നികത്താനുള്ള അനുമതിയിൽ 46 ഏക്കറോളം നികത്തിയതായി ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. തുടർന്ന് ചീഫ് ടൗൺ പ്ലാനറുടെ ഉത്തരവ് പ്രകാരം എഞ്ചിനീയറിങ്ങ് വിഭാഗത്തിന്റെ ഒരു അന്വേഷണ കമ്മീഷനെ നിയമിക്കുകയും നികത്തിയ 46 ഏക്കറിൽ അനുമതിയുള്ള 15 ഏക്കർ ഏതെന്നു കണ്ടെത്താനും പറയുകയായിരുന്നു.

കൊല്ലം ക്ലാപ്പന പഞ്ചായത്തിൽ മാത്രം ഒരു എഞ്ചിനീയറിങ് കോളേജ്, ഏഴു ബോയ്സ് ഹോസ്ററൽ കെട്ടിടങ്ങൾ, അഞ്ചു വർക്ക്ഷോപ്പ് കെട്ടിടങ്ങൾ, തൊഴിലാളികൾക്ക് താമസിക്കാൻ നിപതി കെട്ടിടങ്ങൾ,എട്ട് ഗോഡൗണുകൾ,നാല് ഗേൾസ് ഹോസ്ററലുകൾ ,ഒരു സബ്സ്റ്റേഷൻ,രണ്ടു മെസ്സ്,രണ്ടു പവർ ഹൗസ് ബിൽഡിങ്, ഒരു ടി ബി ഐ(ടെക്നോളജി ബിസിനസ്സ് ഇന്ക്യുബെറ്റർ) കെട്ടിടം എന്നിങ്ങനെ അമ്പതോളം കെട്ടിടങ്ങൾ അനധികൃതമായി നിർമ്മിച്ചതായി വർഷങ്ങൾക്ക് മുമ്പ് തന്നെ കണ്ടത്തിയിരുന്നു. 46 ഏക്കറോളം ഭൂമിയിൽ പ്രവർത്തിക്കുന്ന മഠം സ്ഥാപനങ്ങൾ നിലം നികത്തിയ ഭൂമിയിലാണ് കെട്ടിപൊക്കിയിരിക്കുന്നത്. ഇതിൽ തന്നെ 15 ഏക്കറിന് മാത്രമാണ് സർക്കാർ അനുമതി നൽകിയിട്ടുള്ളത്.

അമൃതാനന്ദ മയി മഠം ഒരുകോടി സർക്കാറിലേക്ക് അടയ്ക്കുന്നതിൽ നിർബന്ധിതനാക്കിയ വിജേഷ് തന്റെ പോരാട്ടങ്ങൾ അവിടം കൊണ്ടും അവസാനിപ്പിച്ചില്ല. അമൃതാനന്ദമയി മഠത്തിന്റെ അനധികൃത നിർമ്മാണങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജേഷ് സംസ്ഥാന വിജിലൻസ് മേധാവി ജേക്കബ് തോമസിന് പരാതി നൽകിയിട്ടുണ്ട്. ബന്ധപ്പെട്ട രേഖകൾ സഹിതമാണ് വിജേഷ് പരാതി നൽകിയിയത്. ഈ പരാതിയാണ് വിജിലൻസ് കാര്യമായെടുത്ത് നടപടിയെടുക്കുന്നത്. ഭയപ്പാട് ഏതുമില്ലാതെയാണ് വിജേഷ് അമൃതാനന്ദമയി മഠത്തിനെതിനെ നിയമപോരാട്ടം നടത്തിയത്.

2011 ലാണ് ഇതു സംബന്ധിച്ച് ഹൈക്കോടതിയിൽ കേസ് ഹർജിക്കാർ കേസ് ഫയൽ ചെയ്തത് മുതലുള്ള സമ്മർദ്ദങ്ങളൈ അദ്ദേഹം അതിജീവിക്കുകയും ചെയ്തു. കേസ് അട്ടിമറിക്കാൻ മഠം പഠിത്ത പണി പതിനെട്ടും നോക്കിയിട്ടും വിജേഷ് പോരാട്ട മുഖത്തിൽ നിന്നു പിന്മാറിയില്ല. ഒരു അന്വേഷണ കമ്മീഷനെ വച്ചാൽ നിയമലംഘനത്തിന്റെ മറ്റ് ചിത്രങ്ങൾ കൂടി വ്യക്തമാകുമെന്നാണ് വിജേഷ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP