Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആ പെൺകുട്ടിയെ കാറിൽ കയറ്റി കൊണ്ടുവരുന്നതും കൊല്ലുന്നതും ഒന്നും അമ്പൂരിക്കാർ കണ്ടിട്ടില്ല; അവർ മൂന്നു പേരും ആർഎസ്എസ്-ബിജെപി പ്രവർത്തകരായ ഉറ്റ സുഹൃത്തുക്കളും; വർഷങ്ങൾക്ക് മുമ്പുണ്ടായ ഉരുൾപൊട്ടലിൽ കരഞ്ഞ കൊച്ചു ഗ്രാമം ഇപ്പോൾ തേങ്ങുന്നത് രാഖിയുടെ ദുരഭിമാനക്കൊലയുടെ പേരിൽ; അഖിലിനേയും സഹോദരനേയും സഹായിക്കാൻ ആദർശ് എത്തിയത് സൗഹൃദത്തിലെ ആത്മബന്ധം മൂലം; അമ്പൂരിയുടെ തലവര മാറ്റിമറിച്ച് കോൾ സെന്റർ യുവതിയുടെ കൊല

ആ പെൺകുട്ടിയെ കാറിൽ കയറ്റി കൊണ്ടുവരുന്നതും കൊല്ലുന്നതും ഒന്നും അമ്പൂരിക്കാർ കണ്ടിട്ടില്ല; അവർ മൂന്നു പേരും ആർഎസ്എസ്-ബിജെപി പ്രവർത്തകരായ ഉറ്റ സുഹൃത്തുക്കളും; വർഷങ്ങൾക്ക് മുമ്പുണ്ടായ ഉരുൾപൊട്ടലിൽ കരഞ്ഞ കൊച്ചു ഗ്രാമം ഇപ്പോൾ തേങ്ങുന്നത് രാഖിയുടെ ദുരഭിമാനക്കൊലയുടെ പേരിൽ; അഖിലിനേയും സഹോദരനേയും സഹായിക്കാൻ ആദർശ് എത്തിയത് സൗഹൃദത്തിലെ ആത്മബന്ധം മൂലം; അമ്പൂരിയുടെ തലവര മാറ്റിമറിച്ച് കോൾ സെന്റർ യുവതിയുടെ കൊല

എം മനോജ് കുമാർ

തിരുവനന്തപുരം: ഇണപിരിയാത്ത സൗഹൃദങ്ങൾ കൊലപാതകത്തിലേക്ക് നയിച്ച കഥയിലേക്കാണ് രാഖിയുടെ കൊലപാതകം വിരൽ ചൂണ്ടുന്നത്. ഉറ്റ സുഹൃത്തിന്റെ ജീവിതം പ്രതിസന്ധിയിലായപ്പോൾ കാരണക്കാരിയായ പെൺകുട്ടിയെ തീർത്ത് കളയാനും ഇവർക്ക് പ്രേരണയായത് ഇവർ തമ്മിൽ നിലനിന്ന സൗഹൃദവും ബന്ധങ്ങളും തന്നെ. വിവാഹം കഴിക്കാൻ ആവശ്യപ്പെട്ട രാഖിയെ കൊലപ്പെടുത്തുന്ന ദൗത്യത്തിനു രാഖിയുടെ കാമുകനായ അഖിലിനെയും സഹോദരനായ രാഹുലിനെയും സഹായിക്കാൻ സുഹൃത്തായ ആദർശിന് പ്രേരണയായത് ഇവർ തമ്മിൽ നിലനിന്ന ഇതേ ഉറ്റബന്ധം തന്നെ.

സജീവ ആർഎസ്എസ്-ബിജെപി പ്രവർത്തകർകൂടിയാണ് ഇവർ മൂന്നുപേരും. സൈനികനായ അഖിലിന് വിവാഹം ഉറച്ചപ്പോൾ കാമുകി രാഖി തടസമാകുമെന്നു കണ്ടപ്പോഴാണ് രാഖിയെ വകവരുത്താൻ അഖിലും രാഹുലും തീരുമാനിക്കുകയും ആദർശ് അതിനു കൂട്ടുനിൽക്കുകയും ചെയ്തത്. അച്ഛൻ മണിയന്റെ പിന്തുണയും തുണയായി. ദുരഭിമാനമാണ് കൊലയിലേക്ക് കാര്യങ്ങളെത്തിച്ചത്. പെൺകുട്ടിയുടെ പ്രായക്കൂടുതലും അച്ഛനെ ചൊടിപ്പിച്ചിരുന്നു. സൈനികനായ മകൻ നല്ല സ്ത്രീധനം വാങ്ങി കെട്ടുന്നതിനോടായിരുന്നു അച്ഛന് താൽപ്പര്യം. ഈ കൊലപാതകം അമ്പൂരിയെ ആകെ ഞെട്ടിക്കുകയാണ്.

'വർഷങ്ങൾക്ക് മുൻപ് നടന്ന അമ്പൂരിയിലെ ഉരുൾപൊട്ടലിനു ശേഷം അമ്പൂരിയെ ഞെട്ടിച്ച ഒരേയൊരു സംഭവമാണ് ഇപ്പോൾ നടന്നതെന്ന് അമ്പൂരി പഞ്ചായത്ത് പ്രസിഡന്റ് ഷാജി മറുനാടനോട് പറഞ്ഞു. കൊലപാതകങ്ങൾ ഇല്ലാത്ത നാടായിരുന്നു അമ്പൂരി. ആ അമ്പൂരിയുടെ ചരിത്രം തന്നെ അഖിലിന്റെ കുടുംബം തിരുത്തികുറിച്ചിരിക്കുന്നു-ഷാജി പറയുന്നു. നാട്ടുകാരുടെ വേദനയും അമർഷവും പ്രസിഡന്റിന്റെ വാക്കുകളിലേക്കും എത്തി. വാർത്തകളിൽ വളരെ കുറച്ചു മാത്രമേ ഈ ഗ്രാമം ഇടം നേടാറുള്ളൂ. രാഖിയുടെ മരണത്തോടെ ചാനലുകളും പത്രങ്ങളും വീണ്ടും അമ്പൂരിയിൽ സജീവമായി.

എനിക്ക് നേരിട്ട് അറിയാവുന്ന കുടുംബമാണ് ഇവരുടേത്. പഞ്ചായത്ത് ഓഫീസിനു തൊട്ടരികിലായാണ് ഇവരുടെ വീട്ടിലുള്ളത്. സജീവ ആർഎസ്എസ്-ബിജെപി പ്രവർത്തകർ എന്ന രീതിയിൽ ഇവരെ അറിയാം. ഇവർ തമ്മിൽ ഉറ്റബന്ധവുമുണ്ട്. അതും അറിയാം. പക്ഷെ ഇവർ നമ്പൂരിയുടെ പേര് മോശമാക്കി. സിനിമാ സ്‌റ്റൈൽ കൊലപാതകം അമ്പൂരിയിൽ എന്നൊക്കെ പറയുമ്പോൾ അമ്പൂരിക്ക് അത് ചീത്തപ്പേരാണ്. നല്ല മനുഷ്യർ ഉള്ള സ്ഥലമാണ് അമ്പൂരി. ആ നല്ല മനുഷ്യർക്ക് അഖിലിന്റെ കുടുംബം ചീത്തപ്പേരുണ്ടാക്കിയിരിക്കുന്നു. അമ്പൂരി ഒറ്റപ്പെട്ട സ്ഥലം കൂടിയാണ്. ഇവർ ആ പെൺകുട്ടിയെ കാറിൽ കയറ്റി കൊണ്ടുവരുന്നതും കൊല്ലുന്നതും ഒന്നും അമ്പൂരിക്കാർ കണ്ടിട്ടില്ല-എന്തായാലും അത് വളരെ ചീത്തപ്പേര് തന്നെയാണ് അമ്പൂരിക്ക് അഖിലിന്റെ കുടുംബം കൊണ്ടുവന്നിരിക്കുന്നത്-ഷാജി പറയുന്നു.

രാഖിയെ കെട്ടിയാൽ സാമ്പത്തികവും ജാതിയും പ്രതിബന്ധമാകുമെന്നു കണ്ടപ്പോഴാണ് രാഖിയെ തീർക്കാൻ തന്നെ ഇവർ തീരുമാനവും എടുത്തത്. രാഖി നാടാർ ക്രിസ്ത്യൻ ആണ്. അഖിൽ നായരും. അതുകൊണ്ട് തന്നെ രാഖിയെ കാമുകിയായി നിലനിർത്താൻ മാത്രമാണ് അഖിൽ ഉദ്ദേശിച്ചത്. പക്ഷെ വിവാഹം കഴിക്കുക എന്നതിൽ കവിഞ്ഞു ഒന്നിനും രാഖി തയ്യാറായിരുന്നില്ല. അപ്പോഴാണ് പ്രതിവിധിയായി കൊലപാതകം എന്ന തീരുമാനത്തിലേക്ക് ഇവർ നീങ്ങുന്നത്. ഒരു പരാതിയും അഖിലിന്റെ കുടുംബത്തെക്കുറിച്ച് ഇതുവരെ അമ്പൂരിയിൽ ഉയർന്നിട്ടില്ല. അഖിലിന്റെ വീട്ടിലെ സാമ്പത്തിക അവസ്ഥ മെച്ചപ്പെട്ടത് സൈനികൻ എന്ന നിലയിൽ അഖിലിന് ജോലി കിട്ടിയതോടെയാണ്.

അഖിലിന്റെ അച്ഛനു ജോലിയില്ല.ആശ്രയിക്കുന്നത് അഖിലിന്റെ ജോലിയും വരുമാനമാണ്. സഹോദരൻ രാഹുൽ ടിവി-സിനിമകളുടെ അണിയറ പ്രവർത്തകനായി ജോലി ചെയ്യുകയാണ്. ഇപ്പോൾ പണിതീർത്ത, രാഖിയെ കൊന്നു കുഴിച്ചിട്ട വീട് ഇവർ വാങ്ങുന്നത് അഖിലിന്റെ പണം കൊണ്ടാണ്. ഈ ഘട്ടത്തിൽ തന്നെയാണ് അഖിലിന് ഒരു വിവാഹാലോചനയും വരുന്നത്. സാമ്പത്തികമായ നല്ല നിലയിലുള്ള ഈ ബന്ധം ഉറയ്ക്കുകയും ചെയ്തിരുന്നു. അപ്പോഴാണ് നിനച്ചിരിക്കാതെ രാഖിയുടെ പ്രതിഷേധം വരുന്നത്. രാഖി ഉടക്ക് ഉണ്ടാക്കിയാൽ ഈ വിവാഹം തകരുമെന്ന് മൂവരും കണക്കുകൂട്ടുകയും ചെയ്തിരുന്നു. പക്ഷെ രാഖി ഉടക്ക് ഉണ്ടാക്കി എന്ന് മാത്രമല്ല അഖിലിന്റെ വധുവിനെ നേരിട്ട് കണ്ടു വിവാഹത്തിൽ നിന്നും പിൻവാങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് കൊലപാതക തീരുമാനത്തിന് ഗതിവേഗം വന്നത്.

അഖിലിന്റെ ഏകദേശം പണി തീർന്നു കഴിഞ്ഞ വീട്ടിൽ ഒരു കുഴി കുത്തുന്നത് പരിസരവാസികൾ കണ്ടിട്ടുണ്ട്. ഇത്തവർ ചോദിക്കുകയും ചെയ്തിട്ടുണ്ട്. തെങ്ങു നടാൻ കുഴി എടുക്കുകയാണ് എന്നാണ് അഖിൽ അടക്കമുള്ളവർ അപ്പോൾ പറഞ്ഞത്. അതുകൊണ്ട് തന്നെ നാട്ടുകാർക്ക് ഒരു സംശയവും തോന്നിയതുമില്ല. അഖിലിന്റെ വീട്ടിനു കുറച്ചകലെയാണ് രാഖിയെ കൊന്ന വസ്തുവുള്ളത്. ഈ വസ്തുവിലാണ് ഇപ്പോൾ ഇവർ വീട് വയ്ക്കുന്നത്. ഈ പറമ്പിനു അപ്പുറത്ത് ഒരു വീടുണ്ട്. അവരും രാഖിയെ കൂട്ടിക്കൊണ്ടു വരുന്നതോ കൊല്ലുന്നതോ ഒന്നും കണ്ടതേയുമില്ല. കാറിനു അകത്തിട്ടു തന്നെയാണ് രാഖിയെ കൊന്നതാണ് എന്നാണ് ലഭിക്കുന്ന വിവരം. രാഖിയെ കൊന്ന ശേഷമാണ് ആദർശ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ആദർശിൽ നിന്നുമാണ് കൊലപാതക വിവരങ്ങൾ പൊലീസ് ശേഖരിച്ചത്.

രാഖിയും അഖിലും തമ്മിൽ പരിചയപ്പെട്ടത് മൊബൈൽ ഫോണിലെ മിസ്ഡ് കോളിലൂടെയെന്ന് പൊലീസ്. മൊബൈൽ ഫോണിൽ നിന്നാണ് രാഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട തുമ്പ് പൊലീസ് ലഭിച്ചതും. രാഖിയും അഖിലുമായി വർഷങ്ങളായി പ്രണയത്തിലായിരുന്നതായി ബന്ധുക്കൾ പറയുന്നു. എറണാകുളത്ത് ഒരു കോൾ സെന്ററിൽ ജോലി ചെയ്തു വരികയായിരുന്നു രാഖി. തന്നെ വിവാഹം ചെയ്യാൻ രാഖി അഖിലിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നതറിഞ്ഞ് അഖിലിനെ രാഖി തേടിയെത്തുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. രാഖിയെ ഒഴിവാക്കാനായി ശ്രമിച്ചെങ്കിലും വഴങ്ങാത്തതിനാൽ മറ്റൊരാളുടെ സഹായത്തോടെ കൊലപ്പെടുത്തി ഉപ്പു ചേർത്ത് വീട്ടുവളപ്പിൽ കുഴിച്ചിട്ടുവെന്നാണ് പൊലീസിന്റെ നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് സമീപവാസിയും ബന്ധുവുമായ ആദർശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഖിലും പിതാവും സഹോദരനും ഒളിവിലാണ്.

അമ്പൂരി തട്ടാന്മുക്കിൽ അഖിലിന്റെ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ പിൻഭാഗത്തു നിന്ന് ജീർണ്ണിച്ച നിലയിലാണ് പൂവാർ സ്വദേശി രാഖിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. അഖിൽ ഡൽഹിയിൽ സൈനികനാണ്. അഖിലിന്റെ സഹോദരനും അച്ഛനും കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് നിഗമനം. രാഖിയെ ജൂൺ 21നാണ് കാണാതായത്. അന്ന് നെയ്യാറ്റിൻകരയിൽ കാറുമായെത്തിയ അഖിലിനൊപ്പം യുവതി അമ്പൂരിയിലേക്കു പോകുകയായിരുന്നു. അവിടെവച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. നഗ്നമായ നിലയിലുള്ള മൃതദേഹത്തിൽ ഉപ്പു വിതറിയിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ പുരയിടം മുഴുവൻ പുല്ലുവെട്ടി കിളയ്ക്കുകയും കമുകിന്റെ തൈകൾ വച്ചുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അഖിലിന് മറ്റൊരു വിവാഹം നിശ്ചയിച്ചതറിഞ്ഞ് രാഖി, ആ പെൺകുട്ടിയെ നേരിൽകണ്ട് വിവാഹത്തിൽനിന്നു പിന്മാറണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിനു ശേഷം യുവതിയുടെ സിം മറ്റൊരു ഫോണിലുപയോഗിച്ച്, കൊല്ലം സ്വദേശിക്കൊപ്പം താൻ പോകുന്നുവെന്ന വ്യാജ സന്ദേശവും പ്രതികൾ അയച്ചതായി പൊലീസ് അറിയിച്ചു. അന്വേഷണം വഴിമുട്ടിക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് പൊലീസ് നിഗമനം.

രാഖിയെ കാണാതായെന്ന പരാതിയിൽ പൊലീസ് അന്വേഷണം നടന്നുവരികയായിരുന്നു. ഇതിനിടെയാണ് അമ്പൂരി പ്രദേശത്താണ് രാഖിയുടെ ഫോൺ അവസാനം പ്രവർത്തിച്ചതെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണമാണ് അഖിലിലേക്ക് എത്തിയത്. കഴിഞ്ഞ 27ന് അഖിൽ ഡൽഹിയിലെ ജോലിസ്ഥലത്തേക്ക് പോയെന്ന് ബന്ധുക്കൾ ബന്ധുക്കൾ പറഞ്ഞെങ്കിലും അവിടെ എത്തിയില്ലെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP