Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഷ്ടമുടി കായലിന്റെ തീരത്ത് രവിപിള്ള പഞ്ചനക്ഷത്ര ഹോട്ടൽ തീർത്തത് സർവ്വ നിയമങ്ങളും ലംഘിച്ച്; ഒരു നിർമ്മാണവും അനുവദിക്കാത്ത സ്ഥലത്ത് കായൽ നികത്തി സൗധം പണിതത് അധികാരത്തിന്റെ തിണ്ണമിടുക്ക് മൂലം; മോഹൻലാലിനേയും ഷാരൂഖ് ഖാനേയും ഉദ്ഘാടകരാക്കിയും രാഷ്ട്രപതിയെ അതിഥിയാക്കിയും ആഘോഷമാക്കിയ റാവീസ് ഇടിച്ചുപൊളിച്ച് കളയേണ്ട കെട്ടിടമെന്ന് തീരദേശ പരിപാലന അഥോറിറ്റി

അഷ്ടമുടി കായലിന്റെ തീരത്ത് രവിപിള്ള പഞ്ചനക്ഷത്ര ഹോട്ടൽ തീർത്തത് സർവ്വ നിയമങ്ങളും ലംഘിച്ച്; ഒരു നിർമ്മാണവും അനുവദിക്കാത്ത സ്ഥലത്ത് കായൽ നികത്തി സൗധം പണിതത് അധികാരത്തിന്റെ തിണ്ണമിടുക്ക് മൂലം; മോഹൻലാലിനേയും ഷാരൂഖ് ഖാനേയും ഉദ്ഘാടകരാക്കിയും രാഷ്ട്രപതിയെ അതിഥിയാക്കിയും ആഘോഷമാക്കിയ റാവീസ് ഇടിച്ചുപൊളിച്ച് കളയേണ്ട കെട്ടിടമെന്ന് തീരദേശ പരിപാലന അഥോറിറ്റി

എം എസ് സനിൽകുമാർ

തിരുവനന്തപുരം: ശതകോടീശ്വരൻ രവി പിള്ളയുടെ പഞ്ചനക്ഷത്രഹോട്ടലായ റാവിസ് ഇടിച്ചുപൊളിച്ചുകളയേണ്ട കെട്ടിടമാണെന്ന് തീരദേശപരിപാലന അഥോറിറ്റി. തീരദേശ പരിപാലനവുമായി ബന്ധപ്പെട്ട ഒരു നിബന്ധനയും പാലിക്കാതെയാണ് ഈ ഫൈവ്സ്റ്റാർ ഹോട്ടൽ പണിതുയർത്തിരിക്കുന്നത്. കൊല്ലത്ത് അഷ്ടമുടിക്കായലിന് തീരത്താണ് റാവിസ് എന്ന ഫൈവ് സ്റ്റാർ ഹോട്ടൽ രവി പിള്ള നിർമ്മിച്ചിരിക്കുന്നത്. 2011 ലാണ് ഹോട്ടൽ ഉദ്ഘാടനം ചെയ്തത്.

ബോളിവുഡ് താരം ഷാരൂഖ്ഖാനും പ്രമുഖ നടൻ മോഹൻലാലും ചേർന്നാണ് വലിയ ആഘോഷത്തോടെ ഹോട്ടൽ ഉദ്ഘാടനം നിർവ്വഹിച്ചത്. രണ്ടുലക്ഷം ചതുരശ്ര അടിയിലാണ് ഹോട്ടലിന്റെ നിർമ്മാണം. 90 മുറികളാണ് ഹോട്ടലിലുള്ളത്. നാല് റസ്‌റ്റൊറന്റുകളും പ്രവർത്തിക്കുന്നു. 9 സ്യൂട്ട് റൂമുകളും ഹോട്ടലിലുണ്ട്. വമ്പൻ ആഡംബര സൗകര്യത്തോടെയാണ് ഹോട്ടൽ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. എന്നാൽ ഇതെല്ലാം നിയമം ലംഘിച്ചാണെന്നാണ് സംസ്ഥാന സർക്കാറിന്റെ ശാസ്ത്രസാങ്കേതിക വകുപ്പും തീരദേശ പരിപാലന അഥോറിറ്റിയും ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇതേക്കുറിച്ച് അന്വേഷിച്ച ശാസ്ത്രസാങ്കേതിക വകുപ്പിന്റെ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് മറുനാടൻ മലയാളിക്ക് ലഭിച്ചു.

കുസാറ്റിലെ പ്രൊഫസറായ ഡോ.എ. രാമചന്ദ്രൻ, കേരള സർവ്വകലാശാലയിലെ അക്വാട്ടിക് ബയോളജി പ്രൊഫസർ, ഡോ. കെ. പത്മകുമാർ, കെ.എസ്.സി.എസ്.ടി കോസ്റ്റൽ വിഭാഗം ഹെഡ് ഡോ. കമലാക്ഷൻ കോക്കൽ എന്നിവരാണ് അന്വേഷണ സമിതിയിൽ ഉണ്ടായിരുന്നത്. കേന്ദ്രസർക്കാരും കേരള സർക്കാരും തയ്യാറാക്കിയ സമഗ്രമായ തീരദേശ പരിപാലന നിയമം ലംഘിച്ചുകൊണ്ടാണ് ഹോട്ടലിന്റെ നിർമ്മാണം നടന്നിരിക്കുന്നതെന്ന് സ്ഥലം സന്ദർശിച്ച ശേഷം സമിതി തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. കെട്ടിടങ്ങളെല്ലാം അനധികൃതമായാണ് ഉണ്ടാക്കിയിരിക്കുന്നത്. തൃക്കടവൂർ ഗ്രാമപഞ്ചായത്തിലാണ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്.

ഒരു നിർമ്മാണപ്രവർത്തനവും നടത്താൻ പാടില്ലാത്ത സി .ആർ.ഇസഡ് ഏരിയയിലാണ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. അതുപോലെ തന്നെ ഹോട്ടലിനുവേണ്ടിയും ബോട്ട് ജെട്ടി നിർമ്മിക്കാനും അഷ്ടമുടിക്കായൽ നികത്തിയെടുത്തിട്ടുണ്ട്. ഹോട്ടൽ നിൽക്കുന്ന സ്ഥലത്തെ ബഹുനില കെട്ടിടം തീരദേശപരിപാലന അഥോറിറ്റിയുടെ മുൻകൂർ അനുമതി വാങ്ങാതെ നിർമ്മിച്ചവയാണെന്നും സമിതി കണ്ടെത്തി. സ്ഥലപരിശോധന കൂടാതെ ബഹിരാകാശത്തുനിന്നുള്ള ഗൂഗിൾ ഇമേജ്‌ സമിതി പരിശോധിച്ചു. ഇതിലും സ്ഥലം കൈയേറിയാണ് ഹോട്ടൽ റാവിസ് നിർമ്മിച്ചിരിക്കുന്നതെന്ന് വ്യക്തമായതായി സമിതി റിപ്പോർട്ടിൽ പറയുന്നു.

2003, 2009, 2011, 2014 വർഷങ്ങളിലെ ഗൂഗിൾ ചിത്രങ്ങളാണ് സമിതി പരിശോധിച്ചത്. ഇതിൽ 2003 ൽ അഷ്ടമുടിയിലുണ്ടായിരുന്ന ചെറിയ കെട്ടിടങ്ങൾ വൻതോതിൽ നിർമ്മാണപ്രവർത്തനങ്ങൾ നടത്തി ഹോട്ടൽ റാവിസ് വലുതാക്കിയതായി ബോധ്യപ്പെട്ടു. ഈ സ്ഥലത്ത് ഒരു വലിയ നീന്തൽക്കുളവും നിർമ്മിച്ചിട്ടുണ്ട്. ഇതെല്ലാം നിയമവിരുദ്ധമായാണ്. കായലിന്റെ തീരത്തുനിന്ന് നൂറ് മീറ്ററിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ പാടില്ലെന്നാണ് തീരദേശ പരിപാലന നിയമം അനുശാസിക്കുന്നത്. എന്നാൽ ഇതിനെയെല്ലാം നഗ്‌നമായി ലംഘിച്ചുകൊണ്ടാണ് ഹോട്ടൽ റാവിസിന്റെ നിർമ്മാണം നടന്നിരിക്കുന്നതെന്നാണ് ഇപ്പോൾ തീരദേശ പരിപാലന അഥോറിറ്റി കണ്ടെത്തിയിരിക്കുന്നത്.

ഭരണതലങ്ങളിലുള്ള സ്വാധീനവും പണക്കൊഴുപ്പുംകൊണ്ടാണ് രവിപിള്ളയ്ക്ക് അഷ്ടമുടിയിൽ ഹോട്ടൽ റാവിസ് നിർമ്മിക്കാനായതെന്ന് വ്യക്തമാക്കുന്നതാണ് തീരദേശ പരിപാലന അഥോറിറ്റിയുടെ അന്വേഷണ റിപ്പോർട്ട്. ഹോട്ടൽ തുടങ്ങിയ സമയത്ത് നിർമ്മാണം സംബന്ധിച്ച ചെറിയ ചില വിവാദങ്ങൾ ഉയർന്നുവന്നിരുന്നു. എന്നാൽ ഇതെല്ലാം രവിപിള്ള ഇടപെട്ട് ഒതുക്കുകയായിരുന്നു. അന്നത്തെ പ്രസിഡന്റായിരുന്നു പ്രതിഭാപാട്ടീലിനെ ഒരു സ്വകാര്യ ചടങ്ങിന്റെ പേരിൽ ഹോട്ടൽ റാവിസിൽ കൊണ്ടുവന്ന് ആഡംബര സ്യൂട്ടിൽ താമസിപ്പിക്കുകയും സംസ്ഥാനത്ത് അപൂർവ്വമായാണ് ഒരു പ്രസിഡന്റ് ഗവർണ്ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന് പുറത്ത് താമസിക്കുന്നത്. പ്രസിഡന്റ് താമസിച്ച ഹോട്ടലെന്ന് ഖ്യാതിയും ഇതോടെ റാവിസിന് നേടിക്കൊടുക്കാൻ രവിപിള്ളയ്ക്ക് കഴിഞ്ഞു.

പ്രസിഡന്റുവരെ വന്ന് താമസിച്ച ഹോട്ടലിനെ തൊടാൻ അധികൃതർക്ക് മടിയായിരുന്നു. അതിനിടയാണ് ഹോട്ടലിന്റെ നിർമ്മാണം സംബന്ധിച്ച ചില പരാതികൾ ഉയർന്നത്. ശാസ്ത്രസാങ്കേതിക വകുപ്പിന് ലഭിക്കുന്നത്. തുടർന്നായിരുന്നു അന്വേഷണ കമ്മീഷൻ രൂപീകരിച്ചതും സമിതി വിദഗ്ധ പരിശോധന നടത്തിയതും. അടിസ്ഥാനത്തിൽ ഹോട്ടലിന്റെ ഉടൻ പ്രവർത്തനം നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹോട്ടൽ റാവിസിന് നോട്ടീസ് നൽകിയിരിക്കുകയാണ് ഇപ്പോൾ. ഇതിനെതിരെ ഹോട്ടൽ ഉടമകൾ കോടതിയെയും സമീപിച്ചുകഴിഞ്ഞു. ഈ നിയമപോരാട്ടമാകും ഹോട്ടലിന്റെ ഭാവി നിശ്ചയിക്കുക. ഈ ഹോട്ടലിൽ കേരള പൊലീസിന്റെ സൈബർ സുരക്ഷ സെമിനാർ ഈയിടെ നടന്നിരുന്നു. ഇതും വലിയ വിവാദങ്ങൾക്ക് ഇട നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP