Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വാടക നൽകിയില്ലെങ്കിൽ ജപ്തി വിമാനത്തിലും പതിക്കും! നോട്ടീസ് വലിച്ചു കീറിയാൽ പ്രോസിക്യൂഷനും; ഷൈസൺ തോമസിന്റെ എയർ പെഗസ്സസിനെ ഷെഡിൽ കയറ്റിയത് എലിക്‌സ് അസറ്റിന്റെ 'റീ പൊസെഷൻ' നടപടി; മലയാളി വ്യവസായി നേരിടുന്നത് കടുത്ത വെല്ലുവിളി

വാടക നൽകിയില്ലെങ്കിൽ ജപ്തി വിമാനത്തിലും പതിക്കും! നോട്ടീസ് വലിച്ചു കീറിയാൽ പ്രോസിക്യൂഷനും; ഷൈസൺ തോമസിന്റെ എയർ പെഗസ്സസിനെ ഷെഡിൽ കയറ്റിയത് എലിക്‌സ് അസറ്റിന്റെ 'റീ പൊസെഷൻ' നടപടി; മലയാളി വ്യവസായി നേരിടുന്നത് കടുത്ത വെല്ലുവിളി

മറുനാടൻ മലയാളി ബ്യൂറോ

ബംഗലുരു: മലയാളിയായ ഷൈസൺ തോമസിന്റെ എയർ പെഗസ്സസ് വിമാനക്കമ്പിനിയുടെ സർവ്വീസുകൾ റദ്ദാക്കിയത് ജപ്തി നടപടികളെ തുടർന്ന്. വിമാനം വാടകയ്ക്ക് എടുത്താണ് എയർ പെഗസ്സസ് സർവ്വീസുകൾ നടത്തിയിരുന്നത്. വാടക നൽകുന്നതിൽ വീഴ്ച വന്നതോടെ ഷൈസൺ തോമസിനായി പറന്നിരുന്ന വിമാനങ്ങളിൽ അതിന്റെ ഉടമസ്ഥരായ എലിക്‌സ് അസറ്റിനായി തിരിച്ചേറ്റടുക്കൽ നോട്ടീസ് പതിച്ചു. എയർ പെഗസ്സസുമായുണ്ടാക്കിയ കരാറിലെ വ്യവസ്ഥ പ്രകാരമായിരുന്നു ഇത്. വിമാനങ്ങളിൽ ഇതിനുള്ള നിയമപരമായ നോട്ടീസ് പതിച്ചതാണ് സർവ്വീസുകൾ റദ്ദാക്കാൻ കാരണം. എയർ പെഗസ്സിലുള്ള വിശ്വാസം നഷ്ടമായതിനാൽ എലിക്‌സ് അസറ്റ് ഇനി വിമാനങ്ങൾ വാടകയ്ക്ക് കൊടുക്കാൻ ഇടയില്ല. ഇതോടെ മലയാളിയുടെ വ്യോമയാന കമ്പനി പ്രവർത്തനം നിർത്തേണ്ടി വരുമെന്നാണ് സൂചന.

വാടകകുടിശ്ശിഖ വരുത്തിയാൽ പാട്ടത്തിന് നൽകിയ വിമാനം ഏറ്റെടുക്കാനുള്ള വകുപ്പ് ഉൾപ്പെടുത്തിയാണ് കരാർ ഉണ്ടാക്കിയിരുന്നത്. ഇത് അനുസരിച്ച് നിയമപരമായ നോട്ടീസ് വിമാനത്തിൽ ഒട്ടിച്ചാൽ വാടകക്കാരന് അത് ഉപയോഗിക്കാൻ കഴിയില്ല. നോട്ടീസ് വലിച്ചു കീറിയാൽ പോലും വ്യോമയാന നിയമങ്ങൾ പ്രകാരം പ്രോസിക്യൂഷൻ നടപടികൾ നേരിടേണ്ടി വരും. കരാറിലെ ഈ വകുപ്പ് ഉപയോഗിച്ചാണ് എയർ പെഗസ്സിന്റെ വിമാനങ്ങൾ എലിക്‌സ് ഏറ്റെടുത്തത്. വാടക കുടിശിഖ തീർക്കാനുള്ള തീയതി ജൂലൈ 21നായിരുന്നു. എന്നാൽ അപ്പോഴും കുടിശിഖ നൽകാത്ത സാഹചര്യത്തിലാണ് വിമാനങ്ങൾ ഏറ്റെടുത്തത്. നോട്ടീസ് പതിച്ചാൽ ഉടമസ്ഥന്റെ അനുമതിയോടെ മാത്രമേ വിമാനം പറത്താൻ പോലും കഴിയൂ. നോട്ടീസ് പതിച്ച വിമാനത്തിന്റെ മേൽനോട്ടത്തിന് സുരക്ഷാ ഉദ്യോഗസ്ഥരേയും എലിക്‌സ് നിയോഗിച്ചിട്ടുണ്ട്. എയർ പെഗസ്സുമായി ഇനിയൊരു ഒത്തുതീർപ്പില്ലെന്നാണ് എലിക്‌സ് നൽകുന്ന സൂചന.

കഴിഞ്ഞ വർഷം ഏപ്രിലിൽ ആരംഭിച്ച എയർ പെഗസ്സസ് തിരുവനന്തപുരവും കൊച്ചിയുമടക്കം ഏഴു ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്കാണു ബംഗളൂരുവിൽ നിന്നു സർവീസ് നടത്തിയിരുന്നത്. ഇന്ത്യയിലെ 11 വിമാനത്താവളങ്ങളിൽ ഗ്രൗണ്ട് ഹാൻഡ്‌ലിങ് രംഗത്തു പ്രവർത്തിക്കുന്ന ഡെകോർ എവിയേഷൻ ആണ് എയർ പെഗസ്സസ് എന്ന ഉപകമ്പനി രൂപീകരിച്ചു വ്യോമയാന രംഗത്തേക്കു കടന്നത്. ഷൈസൺ തോമസ് ആയിരുന്നു മാനേജിങ് ഡയറക്ടർ. സാമ്പത്തിക പ്രതിസന്ധിയിലായ കമ്പനിയുടെ ചില സർവീസുകൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നു വ്യോമയാന ഡയറക്ടർ ജനറൽ (ഡിജിസിഎ) കണ്ടെത്തിയിരുന്നു. അഞ്ചു പൈലറ്റുമാരെ ഡിജിസിഎ സസ്‌പെൻഡ് ചെയ്യുകയുമുണ്ടായി. ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ സർവീസ് നടത്താൻ അനുവദിക്കില്ലെന്നു കമ്പനിക്കു മുന്നറിയിപ്പും നൽകിയിരുന്നു. ഇതോടെയാണ് എർ പെഗസ്സിന്റെ കഷ്ടകാലം തുടങ്ങിയത്. യാത്രക്കാർ സർവ്വീസിനോട് താൽപ്പര്യം കാട്ടാതെ വന്നതോടെ കമ്പനി നഷ്ടത്തിലായി. ഇതോടെ വിമാനങ്ങളുടെ വാടക കൊടുക്കാൻ പോലും കഴിയാത്ത അവസ്ഥയായി.

വിമാന സർവീസുകൾ താൽകാലികമായാണ് റദ്ദാക്കിയതെന്നാണ് എയർ പെഗസ്സസിന്റെ ബംഗളൂരു ഓഫിസിലെ ജീവനക്കാർ പറയുന്നത്. എന്നാൽ വിമാനം തിരിച്ചെറ്റെടുക്കാനുള്ള നോട്ടീസ് പതിച്ചതിന്റെ തെളിവുകൾ മറുനാടൻ പുറത്തുവിടുന്നതോടെ എർ പെഗസ്സിന്റെ പ്രതിസന്ധിയും വ്യക്തമാവുകയാണ്. പ്രവർത്തനമാരംഭിച്ച് അധികം വൈകാതെ എയർ പെഗസ്സസ് നഷ്ടമില്ലാത്ത അവസ്ഥയിൽ എത്തിയ വിമാനക്കമ്പനിക്കെതിരെ വമ്പൻ ഗൂഢാലോചന നടന്നുവെന്നാണ് സൂചന. എറണാകുളം പറവൂർ സ്വദേശിയായ ഷൈസൺ തോമസ് തൃശൂർ സെന്റ് തോമസ് കോളജിൽ നിന്ന് എംകോം ബിരുദം നേടിയ ശേഷമാണ് ബംഗലുരുവിൽ എത്തുന്നത്. ഫെഡറൽ ബാങ്കിൽ ഓഫീസറായിരിക്കെ സിഎ പാസായി ചാർട്ടേഡ് അക്കൗണ്ടന്റായി. പ്രാക്ടീസിനിടെ 1998 ൽ വിമാനങ്ങളുടെ ഗ്രൗണ്ട്ഹാൻഡ്‌ലിങ് സർവീസിനായി ഡെക്കോർ ഏവിയേഷൻ ലിമിറ്റഡ് സ്ഥാപിച്ചു. 8,00 ലേറെ ജീവനക്കാരുള്ള ഡെക്കോർ ഏവിയേഷൻ 11 വിമാനത്താവളങ്ങളിൽ ഇന്ത്യയിലും വിദേശത്തുമുള്ള 21 വിമാനക്കമ്പനികൾക്ക് ഗ്രൗണ്ട് ഹാൻഡ്‌ലിങ് സേവനം നൽകിവരുന്നു.

ഈ രംഗത്തെ പരിചയമാണ് സ്വന്തമായൊരു വിമാനക്കമ്പനി എന്ന സ്വപ്‌നത്തിലേക്ക് ഷൈസൺ തോമസിനെ നയിച്ചത്. എട്ടു വർഷത്തെ ദീർഘമായ തയ്യാറെടുപ്പിന് ശേഷം 2015 മാർച്ച് 25 ന് എയർ ഓപറേറ്റർ പെർമിറ്റ് ലഭിച്ചു. ഏപ്രിൽ 12 മുതൽ എയർ പെഗസ്സസ് സർവീസ് തുടങ്ങി. സ്വന്തമായി ഗ്രൗണ്ട് ഹാൻഡ്‌ലിങ് വിഭാഗമുള്ളതിനാൽ എയർ പെഗസ്സസിന് കുറഞ്ഞ പ്രവർത്തനച്ചെലവേയുണ്ടായിരുന്നുള്ളൂ. ഇത് തന്നെയാണ് വമ്പന്മാരുടെ കണ്ണിലെ കരടാക്കിയതും. ലീസിന് എടുത്ത മൂന്ന് എടിആർ വിമാനങ്ങളാണ് സർവീസിന് ഉപയോഗിച്ചിരുന്നത്. 72 സീറ്റുകളുള്ള വിമാനം ഇന്ത്യൻ സാഹചര്യങ്ങൾക്കനുസരണമായി 66 സീറ്റായി ക്രമീകരിച്ചു. ഇന്ത്യയിലെ ഒരു വിമാനത്താവളത്തിലും എടിആർ വിമാനങ്ങൾക്ക് ലാൻഡിങ്, പാർക്കിങ് ഫീസ് ഇല്ലെന്നുള്ളതും കമ്പനിക്ക് നേട്ടമായി. എയർ പെഗസ്സസിന്റെ ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത് 1,234 രൂപയിലും. കമ്പനിയുടെ ഓരോ വിമാനത്തിലെയും 10 ശതമാനം സീറ്റുകൾ 1,234 നിരക്കിൽ മാറ്റിവയ്ക്കുകയായിരുന്നു. അടുത്ത സ്ലാബ് 2,500 രൂപയുടേതാണ്. മൂന്നാമത്തെ സ്ലാബ് 2850-3000 നിരക്കിലുമായിരുന്നു. ശരാശരി 3000 രൂപ വരുമാനം ലഭിക്കത്തക്ക രീതിയിലാണ് ടിക്കറ്റ് നിരക്കുകൾ നിർണയിച്ചത്. ഇതെല്ലാം വമ്പൻ കമ്പനികളുടെ കൊള്ളലാഭമെന്ന ലക്ഷ്യത്തെ തകർക്കുന്നതായിരുന്നു.

ദക്ഷിണേന്ത്യയിൽ ചുവടുറപ്പിച്ച ശേഷം രാജ്യത്തിന്റെ വടക്കും കിഴക്കും പടിഞ്ഞാറും മേഖലയിലേക്ക് സർവീസുകൾ വ്യാപിപ്പിക്കാനായിരുന്നു ഷൈസൺ തോമസിന്റെ ലക്ഷ്യം. പ്രധാന എയർപോർട്ടുകൾ ഒഴിവാക്കി പ്രാദേശിക എയർപോർട്ടുകൾ കേന്ദ്രമാക്കിയുള്ള വിമാന സർവീസുകളാണ് എയർ പെഗസ്സസിന്റെ വളർച്ചാതന്ത്രം. ഇതിന് കേന്ദ്ര സർക്കാർ നയത്തിന്റെ പിന്തുണ ഉണ്ടാകുമെന്നും തിരിച്ചറിഞ്ഞു. ഷൈസൺ തോമസിന്റെ ദീർഘവീക്ഷണം കേന്ദ്രം അംഗീകരിക്കുന്ന ഘട്ടത്തിലാണ് എയർ പെഗസ്സസ് വമ്പൻ പ്രതിസന്ധിയിലേക്കും അടച്ചുപൂട്ടലിലേക്കും പോകുന്നത്. അതുകൊണ്ട് തന്നെ ആഭ്യന്തര വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചുള്ള ചെറുകിട സർവ്വീസുകളുടെ കുത്തകയും വമ്പൻ കമ്പനികളിലേക്ക് വരുമെന്ന് ഉറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP