Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കണ്ണൂർ ഡിസിസി ഓഫീസ് അടിച്ചു തകർത്തതിന് പിന്നിൽ കോൺഗ്രസുകാർ തന്നെ! കന്നുകുട്ടിയെ പരസ്യമായി കശാപ്പ് ചെയ്ത് സസ്‌പെൻഷനിലായ റിജിൽ മാക്കുറ്റിയെന്ന് മുൻ ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറിയുടെ ആരോപണം; സിപിഎമ്മിനെ പ്രതിക്കൂട്ടിൽ നിർത്താൻ നടത്തിയ വീട് അക്രമിക്കൽ നാടകത്തിന് ശേഷമിറക്കിയ പുതിയ തിരക്കഥ

കണ്ണൂർ ഡിസിസി ഓഫീസ് അടിച്ചു തകർത്തതിന് പിന്നിൽ കോൺഗ്രസുകാർ തന്നെ! കന്നുകുട്ടിയെ പരസ്യമായി കശാപ്പ് ചെയ്ത് സസ്‌പെൻഷനിലായ റിജിൽ മാക്കുറ്റിയെന്ന് മുൻ ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറിയുടെ ആരോപണം; സിപിഎമ്മിനെ പ്രതിക്കൂട്ടിൽ നിർത്താൻ നടത്തിയ വീട് അക്രമിക്കൽ നാടകത്തിന് ശേഷമിറക്കിയ പുതിയ തിരക്കഥ

രഞ്ജിത് ബാബു

കണ്ണൂർ: കണ്ണൂർ ഡി.സി.സി. ഓഫീസ് തകർത്ത സംഭവത്തിൽ ദുരൂഹത. അടുത്ത കാലത്ത് പാർട്ടിയിൽ നിന്നും സസ്പെന്റ് ചെയ്യപ്പെട്ട ഒരു യുവ നേതാവാണ് ഇതിന് പിറകിലെന്ന സൂചനയും പുറത്ത് വരുന്നുണ്ട്. മുൻ കണ്ണൂർ ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി പ്രശാന്ത് ബാബു കണ്ണൂർ ടൗൺ സിഐ മുമ്പാകെ ചില സൂചനകൾ നൽകിയതായി വിവരമുണ്ട്. ഇത് സംബന്ധിച്ച് അദ്ദേഹം പരാതിയും നൽകിയിട്ടുണ്ട്. പ്രശാന്ത് ബാബു താമസിക്കുന്നത് ഡി.സി.സി. ഓഫീസിൽ നിന്നും അല്പം അകലെ മാത്രമാണ്.

കന്നു കുട്ടിയെ പരസ്യമായി പ്രദർശിപ്പിച്ച് കശാപ്പ് ചെയ്ത സംഭവത്തിന് നേതൃത്വം നൽകിയ റിജിൽ മാക്കുറ്റിയാണ് സംഭവത്തിന് പിന്നിലെന്ന് പ്രശാന്ത് ബാബു മറുനാടൻ മലയാളിയോട് പറഞ്ഞു. നെഹ്റു കോളേജ് മാനേജുമെന്റുമായി ചർച്ചയ്ക്ക് പാലക്കാട്ടേക്ക് പോയ സംഭവത്തിൽ കെ.സുധാകരനെ ചെർപ്പുളശ്ശേരിയിൽ വെച്ച് ഡിവൈഎഫ്ഐ ക്കാർ തടഞ്ഞിരുന്നു. അതിന്റെ പ്രതിഷേധ പ്രകടനം കണ്ണൂരിൽ നടന്നപ്പോൾ സസ്പെന്റ് ചെയ്യപ്പെട്ട റിജിൽ മാക്കുറ്റി പ്രകടനത്തിന് നേതൃത്വം നൽകിയിരുന്നു.

കശാപ്പ് സംഭവത്തിൽ യൂത്ത് കോൺഗ്രസ്സിന്റെ കണ്ണൂർ ലോകസഭാ മണ്ഡലം പ്രസിഡണ്ട് സ്ഥാനത്തു നിന്നും റിജിൽ മാക്കുറ്റിയെ നീക്കം ചെയ്യുകയും നടപടിയെടുക്കുകയും ചെയ്തു. രാഹുൽ ഗാന്ധി നേരിട്ട് ഇടപെട്ട് എ.ഐ.സി.സി. കമ്മീഷനെ നിയോഗിക്കുകയും അവരുടെ റിപ്പോർട്ട് അനുസരിച്ച് സംസ്ഥാന യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി മുഖേന നടപടിയെടുക്കുകയുമായിരുന്നു. ഈ നടപടിക്കെല്ലാം വിധേയനായെങ്കിലും ഇയാൾ കണ്ണൂർ ഡി.സി.സി. ഓഫീസിലെ നിത്യ സന്ദർശകനായിരുന്നു. എന്നാൽ ചില നേതാക്കൾ ഇയാളുടെ നീക്കത്തെ എതിർത്തിരുന്നു. കണ്ണൂരിൽ തങ്ങൾ നിർജീവമായാൽ പാർട്ടിക്ക് കനത്ത തിരിച്ചടി നേരിടുമെന്ന അഭിപ്രായം ഇയാൾ അണികളെ ധരിപ്പിച്ചിരുന്നു. അതിനെ സാധൂകരിക്കാൻ കലങ്ങിയ വെള്ളത്തിൽ മീൻ പിടിക്കാനുള്ള ശ്രമമാണ് ഇതിന് പിറകിലെന്ന് സംശയിക്കുന്നു.

കെ.സുധാകരന്റെ അടുത്ത അനുയായിയായ റിജിൽ നേരത്തെ കണ്ണൂർ താണക്ക് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന വീട് അക്രമിക്കപ്പെട്ടിരുന്നു. സിപിഐ.(എം.) കാരാണ് അക്രമികളെന്നായിരുന്നു പ്രചരിപ്പിക്കപ്പെട്ടത്. എന്നാൽ സംഭവുമായി ബന്ധമില്ലാതിരുന്ന സി.പിഐ.(എം.) പ്രാദേശിക ഘടകം അന്വേഷണം ആരംഭിക്കുകയും സംഭവത്തിൽ പങ്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. അതോടെ റിജിൽ സിപിഐ.(എം.) നോട് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. സ്വയം സൃഷ്ടിച്ച ഒരു അക്രമകഥ ഇതിലൂടെ പൊളിയുകയും ചെയ്തു. പാർട്ടി അധികാര സ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ടതിനെ തുടർന്നുണ്ടായ നിരാശയിൽ നിന്നും ഉടലെടുത്തതാണ് ഈ അക്രമവുമെന്ന് ഇപ്പോഴും കോൺഗ്രസ്സുകാരനായ പ്രശാന്ത് ബാബു ആരോപിക്കുന്നു.

രാഷ്ട്രീയ പ്രതിയോഗികളാണ് ഡി.സി.സി. ഓഫീസ് അക്രമിച്ചതെന്ന് ആരോപിച്ച് പ്രസിഡണ്ട് സതീശൻ പാച്ചേനിയുടെ നേതൃത്വത്തിൽ കണ്ണൂർ നഗരത്തിൽ പ്രകടനവും പ്രതിഷേധ യോഗവും നടന്നിരുന്നു. അതിലും റിജിൽ മാക്കുറ്റി പങ്കെടുത്തിരുന്നു. ജില്ലയിൽ സമീപകാലത്തെ അക്രമസംഭവങ്ങളിലൊന്നും കോൺഗ്രസ്സിന് പങ്കാളിത്തമുണ്ടായിരുന്നില്ല. എന്നിട്ടും ജില്ലാ കോൺഗ്രസ്സ് ഓഫീസിന് നേരെ അക്രമം നടന്നത് ആസൂത്രിതമാണെന്ന് സതീശൻ പാച്ചേനി ആരോപിക്കുന്നു.

കണ്ണൂർ തെക്കി ബസാറിൽ എൻ.ജി.ഒ. അസോസിഷൻ കെട്ടിടത്തിലാണ് ഡി.സി.സി. ഓഫീസ് പ്രവർത്തിക്കുന്നത്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങളും പൊലീസ് പരിശോധിച്ച് വരികയാണ്. ഈ സംഭവത്തിന്റെ പശ്ത്താലത്തിൽ കണ്ണൂരിലെ കോൺഗ്രസ്സിൽ ചേരി തിരിവ് ശക്തമാവുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP