Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്‌കൂൾ വാർഷികത്തിലെ ഡാൻസ് ഡ്രെസ് മണത്ത് കുതിച്ചു പാഞ്ഞു; നടപ്പാലത്ത് എത്തിയപ്പോൾ നിറഞ്ഞത് അന്വേഷിച്ചത് കണ്ടെത്തുമ്പോൾ പ്രകടിപ്പിക്കുന്ന സന്തോഷം; പാലത്തിന് അടുത്ത് നിന്നും മാറാത്തത് മണത്തിന്റെ ഉറവിടം കൃത്യമായി മനസ്സിലായതു കൊണ്ടും; എത്ര തെരഞ്ഞിട്ടും കുട്ടിയെ കണ്ടെത്താൻ കഴിയാത്തതിനാൽ സിഐഡി നായയുമായി അടുത്ത പറമ്പിലേക്ക് പോയി ഹാൻഡ്‌ലർമാർ; മൃതദേഹം കണ്ടെത്താൻ സഹായിച്ചതും ട്രാക്കർ ഡോഗിന്റെ ഘ്രാണശക്തിയിലെ വിശ്വാസം; റീനയെ തേടിയെത്തുന്നത് അഭിനന്ദനം മാത്രം

സ്‌കൂൾ വാർഷികത്തിലെ ഡാൻസ് ഡ്രെസ് മണത്ത് കുതിച്ചു പാഞ്ഞു; നടപ്പാലത്ത് എത്തിയപ്പോൾ നിറഞ്ഞത് അന്വേഷിച്ചത് കണ്ടെത്തുമ്പോൾ പ്രകടിപ്പിക്കുന്ന സന്തോഷം; പാലത്തിന് അടുത്ത് നിന്നും മാറാത്തത് മണത്തിന്റെ ഉറവിടം കൃത്യമായി മനസ്സിലായതു കൊണ്ടും; എത്ര തെരഞ്ഞിട്ടും കുട്ടിയെ കണ്ടെത്താൻ കഴിയാത്തതിനാൽ സിഐഡി നായയുമായി അടുത്ത പറമ്പിലേക്ക് പോയി ഹാൻഡ്‌ലർമാർ; മൃതദേഹം കണ്ടെത്താൻ സഹായിച്ചതും ട്രാക്കർ ഡോഗിന്റെ ഘ്രാണശക്തിയിലെ വിശ്വാസം; റീനയെ തേടിയെത്തുന്നത് അഭിനന്ദനം മാത്രം

വിനോദ് വി നായർ

കൊല്ലം : ദേവനന്ദ എവിടെ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം തന്നത് റീന നൽകിയിട്ടും മൃതദേഹം കണ്ടെത്താൻ വൈകിയത് നാട്ടുകാർക്കിടയിൽ ചർച്ചയാകുന്നു. ദേവനന്ദയുടെ മൃതദേഹം കണ്ടെത്താൻ വൈകിയതിന് കാരണം പൊലീസ് നായയുടെ മികവ് തിരിച്ചറിയാൻ പൊലീസിന് കഴിയാത്തതു കാരണമെന്നാണ് വിലയിരുത്തൽ. ഏന്തായാലും റീനയെ തേടി അഭിനന്ദനങ്ങൾ എത്തുകയാണ്.

കഴിഞ്ഞ ഫെബ്രുവരി 27ന് രാവിലെ പത്തരമുതൽ കേരളം മുഴുവൻ ദേവനന്ദയെ തിരയുമ്പോൾ കൊല്ലം സിറ്റി പൊലീസിലെ ലാബ്രഡോർ ഇനത്തിലുള്ള ട്രാക്കർ ഡോഗ് റീന എന്ന അമ്മു കൃത്യമായി കാട്ടിക്കൊടുത്തിരുന്നു ദേവനന്ദ എവിടെ ഉണ്ടാകുമെന്ന്. എ എസ് ഐ അനിൽകുമാറും സിവിൽ പൊലിസ് ഓഫീസർ ജി .അജേഷും അമ്മുവുമായി എത്തുമ്പോൾ നാട് മുഴുവൻ ദേവനന്ദയെ തിരയുകയായിരുന്നു. പിന്നെ റീന വഴികാട്ടിയായി. ദേവനന്ദയെത്തേടി പൊലിസ് നായ റീന പോയത് തലേദിവസം നൃത്തത്തിനുപയോഗിച്ച വസ്ത്രത്തിൽനിന്നും മണം പിടിച്ചായിരുന്നു. കൊല്ലം സിറ്റി പൊലീസിലെ ട്രാക്കർ ഡോഗ് റീന നടന്നത് ദേവനന്ദ മരണത്തിലേക്ക് പോയ വഴിയെയാണെന്നാണ് ഏവരും വിലയിരുത്തുന്നത്.

ദേവനന്ദയെ കാണാതായ ധനീഷ് ഭവനിൽ എത്തിയ ഡോഗ് സ്‌ക്വാഡ് കുട്ടിയെ കണ്ടെത്താനായി റീനയ്ക്ക് നൽകിയത് തലേദിവസം സ്‌കൂൾ വാർഷികത്തിന് നൃത്തം ചെയ്യാനായി ദേവനന്ദ ഉപയോഗിച്ച വസ്ത്രം . കുഞ്ഞിന്റെ വിയർപ്പുനിറഞ്ഞ ഈ വസ്ത്രത്തിൽ നിന്നും മണം പിടിച്ച് അടുക്കള വാതിലിലൂടെ പുറത്തുകടന്ന റീന ആദ്യം മാതാവ് ധന്യ തുണി അലക്കിക്കൊണ്ടിരുന്ന സ്ഥലത്തേയ്ക്കും തുടർന്ന് തൊട്ടടുത്ത ആളൊഴിഞ്ഞ വീട്ടിലേയ്ക്കുമാണ് പോയത്. ഒഴിഞ്ഞ വീടിനുപിന്നിലൂടെ മുൻവശത്തെത്തിയ റീന ഗേറ്റിന് മുന്നിൽ നിൽക്കുകയായിരുന്നു.

തുടർന്ന് ഉദ്യോഗസ്ഥർ ആ വീടും പരിസരവും പരിശോധിച്ചെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ റീനയ്ക്ക് അവിടെ നിന്നും മണം കിട്ടുന്നില്ലെന്ന് മനസിലാക്കിയ അജേഷ് ഗേറ്റിന് മുന്നിൽ വച്ച് വീണ്ടും വസ്ത്രം മണപ്പിക്കാനായി നൽകി. അതിൽ നിന്നും കിട്ടിയ തുടർമണം ഗേറ്റിന് വെളിയിലെ വഴിയിൽ ശക്തമായി കിട്ടിയ റീന തുടർന്ന് ആ വഴിയിലൂടെ തൊട്ടടുത്തുള്ള വീടും കടന്ന് റബ്ബർ എസ്റ്റേറ്റിനും ഇത്തിക്കരയാറിനും ഇടയിലൂടെയുള്ള വിജനമായ വഴിയിലൂടെ മുന്നോട്ട് പോയി. മനുഷ്യന്റെ ഘ്രാണശക്തിയേക്കാൾ നാൽപ്പതുമടങ്ങ് ഘ്രാണശക്തിയുള്ള നായയ്ക്ക് ശക്തമായ മണം കിട്ടുന്നതായി മനസിലാക്കിയ അജേഷ് റീന പോയ വഴിയേ പിന്നാലെ പോയി.

അത് എത്തിനിന്നത് താൽക്കാലികമായി കെട്ടിയുണ്ടാക്കിയ നടപ്പാലത്തിനു സമീപവും. തുടർന്ന് തൊട്ടടുത്തുള്ള പൊന്തക്കാട്ടിലേയ്ക്ക് കയറിയ റീനയെ അജേഷ് എടുത്ത് കാടിനു വെളിയിൽ എത്തിച്ചെങ്കിലും നായ അവിടെത്തന്നെ നിലയുറപ്പിക്കുകയായിരുന്നു. മണത്തിന്റെ ഉറവിടം കൃത്യമായി മനസിലാക്കിയതാണ് റീന അവിടെനിന്നും മാറാത്തതെന്ന് ഇതോടെ പൊലിസ് ഉദ്യോഗസ്ഥർക്ക് വ്യക്തമായി. താൻ അന്വേഷിച്ച വസ്തു കണ്ടെത്തുമ്പോൾ പ്രകടിപ്പിക്കുന്ന സന്തോഷം റീന പ്രകടിപ്പിച്ചത് അജേഷും അനിൽകുമാറും മനസിലാക്കിയെങ്കിലും കുട്ടിയെ കണ്ടെത്താൻ സാധിക്കാത്തതിനാൽ പാലം കടത്തി റീനയെ അടുത്ത പറമ്പിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു.

തുടർന്ന് അന്വേഷണോദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം ആ പരിസരം മുഴുവൻ അന്വേഷിക്കാൻ ഡോഗ് സ്‌ക്വാഡ് തീരുമാനിക്കുകയായിരുന്നു. പാലം കടന്ന് റബ്ബർ എസ്റ്റേറ്റിലൂടെ മുന്നോട്ടുപോയ റീന ആളൊഴിഞ്ഞ വീടിന് പിന്നിലാണ് പിന്നീട് നിലയുറപ്പിച്ചത്. പാലത്തിന്റെ ഇരുവശങ്ങളിലും അന്വേഷണം നടത്തിയ മുങ്ങൽവിദഗ്ദ്ധരും പൊലീസും പാലത്തിന്റെ അടിവശം പരിശോധിച്ചില്ല എന്നത് കുട്ടിയെ കണ്ടെത്താൻ വൈകിയതിനു കാരണമാകാം എന്നാണ് അനുമാനം. സന്ധ്യയോടെ തിരച്ചിൽ അവസാനിപ്പിച്ച് സംഘം മടങ്ങുകയും രാത്രിയോടെ അടിയൊഴുക്ക് ശക്തമായ ഈ പാലത്തിന്റെ അടിയിൽ കുടുങ്ങിക്കിടന്ന കുട്ടിയുടെ മൃതദേഹം ഒഴുകി അൻപതു മീറ്റർ മാറി കരയിൽ നിന്നും പുഴയിലേക്ക് ചാഞ്ഞുകിടന്ന കമ്പിൽ തട്ടി നിൽക്കുകയുമായിരുന്നിരിക്കാമെന്നും വാദമുയരുന്നുണ്ട്.

ഏതായാലും ട്രാക്കർ ഡോഗായ റീന തന്റെ ജോലി കൃത്യമായി ചെയ്യുമെന്ന് അറിയാവുന്ന പൊലിസ് അതെ സ്ഥലത്ത് വീണ്ടും പരിശോധന നടത്താൻ തയ്യാറായതോടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്താൻ സാധിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP