Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇടത് തീവ്ര സ്വതന്ത്ര ചിന്ത സിരകളിൽ നിറഞ്ഞപ്പോൾ മുഹമ്മദ് റിൻഷാദ് റാഡിക്കൽ സ്റ്റുഡന്റ്‌സ് ഫോറത്തിന് രൂപം നൽകി; മുൻ എസ് എഫ് ഐ പ്രവർത്തകൻ മലപ്പുറം കോളേജിൽ തീവ്ര ചിന്തകളുടെ വിത്ത് വിതച്ച നേതാവ്; സംഘടനയ്ക്കുള്ള പ്രവർത്തനാനുമതി നിഷേധിച്ചത് ഇന്ത്യൻ ദേശീയത ജനങ്ങളുടെ സ്വാതന്ത്ര്യം ഹനിക്കുകയാണെന്ന നിലപാട് കാരണം; പുൽവാമയിലെ പോസ്റ്ററിൽ അറസ്റ്റിലായത് ദേശീയതയെ വെല്ലുവിളിച്ചതിന്; കുടുങ്ങുന്നത് കാശ്മീരിനും മണിപ്പൂരിനും ഫലസ്തീനും സ്വാതന്ത്ര്യം സ്വപ്‌നം കണ്ട നേതാവ്

ഇടത് തീവ്ര സ്വതന്ത്ര ചിന്ത സിരകളിൽ നിറഞ്ഞപ്പോൾ മുഹമ്മദ് റിൻഷാദ് റാഡിക്കൽ സ്റ്റുഡന്റ്‌സ് ഫോറത്തിന് രൂപം നൽകി; മുൻ എസ് എഫ് ഐ പ്രവർത്തകൻ മലപ്പുറം കോളേജിൽ തീവ്ര ചിന്തകളുടെ വിത്ത് വിതച്ച നേതാവ്; സംഘടനയ്ക്കുള്ള പ്രവർത്തനാനുമതി നിഷേധിച്ചത് ഇന്ത്യൻ ദേശീയത ജനങ്ങളുടെ സ്വാതന്ത്ര്യം ഹനിക്കുകയാണെന്ന നിലപാട് കാരണം;  പുൽവാമയിലെ പോസ്റ്ററിൽ അറസ്റ്റിലായത് ദേശീയതയെ വെല്ലുവിളിച്ചതിന്; കുടുങ്ങുന്നത് കാശ്മീരിനും മണിപ്പൂരിനും ഫലസ്തീനും സ്വാതന്ത്ര്യം സ്വപ്‌നം കണ്ട നേതാവ്

എം പി റാഫി

മലപ്പുറം: പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുന്ന പോസ്റ്റർ മലപ്പുറം ഗവ.കോളേജ് കാമ്പസിൽ പതിച്ചത് 'റാഡിക്കൽ സ്റ്റുഡന്റ്‌സ് ഫോറം (ആർ.എസ്.എഫ്) എന്ന സംഘടനയുടെ പേരിൽ. അറസ്റ്റിലായ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥി പാണ്ടിക്കാട് പന്തല്ലൂർ സ്വദേശി മുഹമ്മദ് റിൻഷാദാണ് ഈ സംഘടനയുടെ മുന്നണി പോരാളി. പാണക്കാട് സ്വദേശി മുഹമ്മദ് ഹാരിസിലാണ് റിൻഷാദിൽ ഉറ്റ പങ്കാളിയെ കിട്ടിയത്. ഇവരോടൊപ്പം കസ്റ്റഡിയിലെടുത്ത രണ്ട് പെൺകുട്ടികളെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ പെൺകുട്ടികൾക്ക് പങ്കില്ലാത്തതു കൊണ്ടായിരുന്നു ഇത്.

ആദ്യം എസ് എഫ് ഐ പ്രവർത്തകനായിരുന്നു റിൻഷാദ്. പിന്നീട് സ്വന്തം സംഘടന തന്നെ രൂപീകരിക്കുകയായിരുന്നു തീവ്ര ഇടത് ആശയങ്ങൾ അടങ്ങുന്ന രാജ്യസുരക്ഷയെ ബാധിക്കുന്ന സന്ദേശങ്ങളും കുറിപ്പുകളും റിൻഷാദിന്റെ ഫേസ്‌ബുക്ക്, വാട്‌സ് ആപ്പ് അടക്കമുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് പൊലീസ് കണ്ടെത്തി. മാവോയിസ്റ്റ് നേതാക്കളിൽ പലരുമായി റിൻഷാദ് കൂടിക്കാഴ്ച നടത്തിയതായി പൊലീസ് കണ്ടെത്തി. ലെഫ്റ്റ് എക്‌സ്ട്രീമിസ്റ്റ് ചിന്താഗതികളാണ് ഇവർ പ്രചരിപ്പിച്ചതെന്നും കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും മലപ്പുറം ഡിവൈഎസ്‌പി മറുനാടൻ മലയാളിയോടു പറഞ്ഞു. താൻ ഉൾകൊള്ളുന്ന ലെഫ്റ്റ് എക്‌സ്ട്രീമിസവും, ലെഫ്റ്റ് ഫ്രീഡം ഓഫ് തിങ്കിങ് തുടങ്ങിയ ആശയങ്ങളിൽ അടിയുറച്ച് നിൽക്കുകയും ആഴത്തിലുള്ള അവഗാഹവും അറസ്റ്റിലായ മുഹമ്മദ് റിൻഷാദിന് ഉണ്ടെന്ന് ചോദ്യം ചെയ്യലിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ പറയുന്നു.

ലെഫ്റ്റ് ഫ്രീഡം ഓഫ് തിങ്കിങ് ചൂണ്ടിക്കാട്ടി രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിൽ തന്റേതായ വ്യാഖ്യാനങ്ങളും നിലപാടുകളും രൂപപ്പെടുത്തുകയായിരുന്നു രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിയായ റിൻഷാദ്. കാമ്പസിൽ എത്തിയത് മുതൽ തന്നെ തീവ്ര ആശയം റിൻഷാദിനുണ്ടായിരുന്നു. മറ്റു വിദ്യാർത്ഥികളിലേക്ക് ആശയം പകരാൻ ശ്രമിച്ചെങ്കിലും ആരും ഉൾകൊള്ളാൻ തയ്യാറായിരുന്നില്ല. ഇതോടെ സ്വന്തമായി 'റാഡിക്കൽ സ്റ്റുഡന്റ്‌സ് ഫോറം (ആർ.എസ്.എഫ്) എന്ന സംഘടനക്ക് രൂപം നൽകിയായിരുന്നു കടന്നുവരവ്.

രണ്ട് മാസം മുമ്പ് ആർ.എസ്.എഫ് രൂപീകരിച്ച് പ്രിൻസിപ്പലിന്റെ അനുമതിക്കായി അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും പിൻസിപ്പൽ അപേക്ഷ തള്ളി. ബൈലോ എത്തിക്കാൻ പ്രിൻസിപ്പൽ ആവശ്യപ്പെട്ടു. ശേഷം ബൈലോ തയ്യാറാക്കിയിരുന്നെങ്കിലും പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നില്ല. മറ്റു സംഘടനകളാന്നും ശരിയല്ലെന്നും ജനങ്ങളുടെ സ്വാതന്ത്ര്യത്തിനായി പോരാടുകയാണ് ലക്ഷ്യമെന്നും ഇന്ത്യൻ ദേശീയത ജനങ്ങളുടെ സ്വാതന്ത്ര്യം ഹനിക്കുകയാണ് തുടങ്ങിയ കാര്യങ്ങളാണ് സംഘടന മുന്നോട്ടു വെയ്ക്കുന്ന ആശയങ്ങൾ.

മറ്റു സംഘടനയിൽ പ്രവർത്തിക്കുന്നവരെയും സംഘടയില്ലാത്തവരെയും വലവീശുന്നതിനായി റിൻഷാദിന്റെ നേതൃത്വത്തിൽ കാമ്പസിനുള്ളിൽ വിവിധചർച്ചകളും സെമിനാറുകളും സംഘടിപ്പിച്ചു. ഇതിൽ ഏതാനും പേർ സംഘടനയിൽ ചേർന്നതായാണ് പൊലീസ് നൽകുന്ന വിവരം. മാവോയിസ്റ്റ് നേതാക്കളുമായി നിരന്തരം റിൻഷാദ് കൂടിക്കാഴ്ച നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. ആർ.എസ്.എഫിന്റെ പ്രവർത്തനം കാമ്പസിനുള്ളിൽ രഹസ്യമായി നടത്തുന്നതിനിടെയാണ് പുൽവാമയിൽ സൈനികർക്കു നേരെ ഭീകരാക്രമണമുണ്ടാകുന്നത്. പുൽവാമ ആക്രമണത്തിനു ശേഷം കാശ്മീരികൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ പ്രതിഷേധിക്കുവാൻ ആവശ്യപ്പെട്ടായിരുന്നു റിൻഷാദിന്റെ നേതൃത്വത്തിൽ പ്രചാരണം നടത്തിയത്.

സമാന ആശയക്കാരനും റിൻഷാദിന്റെ പ്രവർത്തനങ്ങളിൽ സഹായിക്കുന്ന ആളുമാണ് ഒന്നാം വർഷ വിദ്യാർത്ഥിയായ ഹാരിസ്. ഇരുവരും ചേർന്ന് കാമ്പസിൽ പോസ്റ്റർ ഒട്ടിച്ചതോടെയാണ് കോളേജ് അധികൃതരും ഞെട്ടിയത്. ഉടനെ കോളേജ് പ്രിൻസിപ്പൽ പൊലീസിൽ വിവരമറിയിക്കുകയും പരാതി നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.ഇവരോടൊപ്പം രണ്ട് പെൺകുട്ടികളെയും കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്ത ശേഷം ഇവരെ വിട്ടയക്കുകയായിരുന്നു.

മുഹമ്മദ് റിൻഷാദ് ആണ് സംഭവത്തിന്റെ സൂത്രധാരനെന്ന് പൊലീസ് പറഞ്ഞു. 'പുൽവാമ ആക്രമണത്തിന് ശേഷം ഇന്ത്യയിൽ കശ്മീരികൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിക്കുക' എന്ന പോസ്റ്റർ ഇരുവരും ചേർന്ന് കോളേജ് ക്യാമ്പസിൽ പതിപ്പിക്കുകയായിരുന്നു. 'ഫ്രീഡം ഫോർ കാശ്മീർ, ഫ്രീഡം ഫോർ ഫലസ്തീൻ, ഫ്രീഡം ഫോർ മണിപ്പൂർ ' എന്ന പോസ്റ്ററും ഒട്ടിച്ചു. ഇന്ത്യൻ ദേശീയത ജനങ്ങളുടെ സ്വതന്ത്ര്യ ജീവിതത്തിന് എതിരാണെന്നുമുള്ള സന്ദേശങ്ങൾ ഉൾകൊള്ളുന്നതാണ് പോസ്റ്റർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP