Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എങ്ങനെയും കേസ് എടുക്കാൻ കർശന നിർദ്ദേശവുമായി ഋഷിരാജ് സിങ്; തൊട്ടതിനും പിടിച്ചതിനുമെല്ലാം ഷാപ്പുകൾക്കെതിരെയും ബാറുകൾക്കെതിരെയും കേസ്; ഷാപ്പുകളിൽ പഞ്ചസാര കൊണ്ട് വച്ചു കള്ളക്കേസ് എടുത്ത് തൊഴിലാളികൾ നടത്തുന്ന ഷാപ്പുകൾ പൂട്ടിക്കാൻ ഉദ്യോഗസ്ഥർ: പരാതി പേടിച്ച് പാർട്ടിക്കാരുടെ വിഷയത്തിൽ പോലും മന്ത്രി ഇടപെടില്ല

എങ്ങനെയും കേസ് എടുക്കാൻ കർശന നിർദ്ദേശവുമായി ഋഷിരാജ് സിങ്; തൊട്ടതിനും പിടിച്ചതിനുമെല്ലാം ഷാപ്പുകൾക്കെതിരെയും ബാറുകൾക്കെതിരെയും കേസ്; ഷാപ്പുകളിൽ പഞ്ചസാര കൊണ്ട് വച്ചു കള്ളക്കേസ് എടുത്ത് തൊഴിലാളികൾ നടത്തുന്ന ഷാപ്പുകൾ പൂട്ടിക്കാൻ ഉദ്യോഗസ്ഥർ: പരാതി പേടിച്ച് പാർട്ടിക്കാരുടെ വിഷയത്തിൽ പോലും മന്ത്രി ഇടപെടില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഏറ്റവും കൂടുതൽ കുഴപ്പത്തിൽ ആയിരിക്കുന്നത് കള്ളുഷാപ്പു നടത്തുന്നവരാണ്. ലേലം വിളി നിർത്തി തൊഴിലാളികളെ ഷാപ്പ് ഏൽപ്പിച്ചിരുന്നു. തൊഴിലാളികളെ മനം മടുപ്പിച്ചു ഷാപ്പ് പൂട്ടിക്കാൻ ആണ് ശ്രമം. ലക്ഷ്യം തൊഴിലാളികൾ വേണ്ടന്ന് വച്ച് മുതലാളിമാർക്ക് കൊടുക്കാൻ ആണ്. ഋഷിരാജ് സിംഗിന്റെ മറവിൽ ഇത്തരം നീക്കം നടത്തുന്നത് ലോക്കൽ ഉദ്യോഗസ്ഥരാണ്. അവർ മിക്കയിടത്തും എത്തി പിരിവ് തുടങ്ങി. പണം കൊടുക്കാത്തവരുടെ പേരിൽ കേസ്. സ്വാധീനം ഉണ്ടെങ്കിലും ഊരാൻ പറ്റില്ല. പാർട്ടിക്കാർ നടത്തുന്ന ഷാപ്പുകളിൽ പോലും മന്ത്രി ഇടപെടില്ല. പാർട്ടിക്കാർ ചെന്നാൽ മൈൻഡ് ചെയ്യില്ല.

പുതിയ എക്‌സൈസ് കമ്മീഷണർ അബ്കാരി നിയമം നടപ്പാക്കുന്നതിൽ കർക്കശ നിലപാട് സ്വീകരിച്ചതോടെയാണ് എക്‌സൈസുകാർ വ്യാപക പിരിവ് തുടങ്ങിയത്. രാഷ്ട്രീയ നേതാക്കളുടെ സമ്മർദ്ദങ്ങൾ നടക്കില്ലെന്നതിനാൽ എക്‌സൈസ് കമ്മീഷണറുടെ കണ്ണിൽ പൊടിയിട്ട് പാവപ്പെട്ട തൊഴിലാളികളെ പീഡിപ്പിക്കുകയാണ് എക്‌സൈസുകാർ. ഋഷിരാജ് സിങ് വന്നതിന് ശേഷം ഗുണപരമായ ഏറെ തീരുമാനങ്ങൾ എടുത്തിരുന്നു. ഇതെല്ലാം തൊഴിലാളികൾ ഉടമകളായ കള്ളുഷാപ്പുകൾ നടപ്പിലാക്കുകയും ചെയ്തു. പുലർച്ചെ ഷാപ്പ് തുറന്ന് തലേ ദിവസത്തെ മിച്ചം വന്ന കള്ളു വിൽക്കുന്ന ഏർപ്പാട് നിർത്തലാക്കി. ഇപ്പോൾ മിച്ചം വരുന്ന കള്ള് കമിഴ്‌ത്തി കളയുകയാണ്. ബാറുകൾ അടച്ചതോടെ കള്ളുഷാപ്പുകളിൽ കച്ചവടം വർധിച്ചിരുന്നു. എക്‌സൈസ് കമ്മീഷണർ പിടിമുറുക്കിയതോടെ ഷാപ്പുകാരുടെ കൊയ്ത്തുകാലം അവസാനിച്ചു.

രാവിലെ ഒൻപത് മുതൽ രാത്രി ഒൻപത് വരെയാണ് കള്ളുഷാപ്പുകളുടെ പ്രവർത്തന സമയം. അതുപോലെ കള്ളുഷാപ്പുകളോടനുബന്ധിച്ച് ചാർത്ത് കെട്ടി അലങ്കരിച്ച് അതിനുള്ളിൽ നടത്തിയിരുന്ന കള്ളുവിൽപ്പനയും നിർത്തലാക്കി. ഇത്തരം കെട്ടിടങ്ങൾ അടച്ചുപൂട്ടി. ഷാപ്പിനോട് ചേർന്ന് ഹോട്ടലിനു സമാനമായ സൗകര്യങ്ങളോടു കൂടിയ സംവിധാനങ്ങൾ ഇല്ലാതായി. ലൈസൻസിൽ പറഞ്ഞിട്ടുള്ള കെട്ടിടത്തിൽ മാത്രമേ കള്ളുവിൽപ്പന പാടുള്ളൂ എന്നാണ് കമ്മീഷണറുടെ നിർദ്ദേശം. കള്ളു വരവിന്റെയും വിൽപ്പനയുടെയും ശരിയായ കണക്കും എഴുതി വയ്ക്കണമെന്നാണ് മറ്റൊരു കർശന നിർദ്ദേശം. ഉച്ചവരെ വിൽക്കുന്ന കള്ളിന്റെ കണക്ക് ഉച്ചയ്ക്കും വൈകുന്നേരം വരെ വിൽക്കുന്ന കണക്ക് ഷാപ്പ് അടയ്ക്കുന്നതിനു മുൻപും എഴുതി വയ്ക്കണം. അതുപോലെ വരവ് കള്ള് എത്രയെന്നും രേഖപ്പെടുത്തണം.

എക്‌സൈസ് ഉദ്യോഗസ്ഥർ ഏതു സമയത്തും പരിശോധനക്കു വരാമെന്നുള്ളതിനാൽ കൃത്യമായ കണക്ക് സൂക്ഷിക്കണം. കണക്ക് ശരിയല്ലെങ്കിലും ഇനി ലൈസൻസിക്കെതിരേ കേസെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇതെല്ലാം പാലിച്ചിട്ടും കള്ളു ഷാപ്പുകൾക്കെതിരെ കേസ് എടുക്കുകയാണ് എക്‌സൈസുകാർ. കമ്മീഷണർ നിയമം കടുപ്പിച്ചതോടെ പണപ്പിരിവിനുള്ള സാധ്യതകൾ എക്‌സൈസുകാർ പൊടിതട്ടിയെടുക്കുകയായിരുന്നു. വമ്പൻ മുതലാളിമാർക്ക് വേണ്ടിയാണെന്നാണ് വിമർശനം. ത്രീ സ്റ്റാർ ബാറുകൾ പൂട്ടിയതോടെ പല വിലയ അബ്കാരികൾക്കും കള്ളുഷാപ്പിനോട് താൽപ്പര്യം തുടങ്ങി. ഇത് മനസ്സിലാക്കിയാണ് എക്‌സൈസുകാർ പ്രവർത്തിക്കുന്നത്. ഷാപ്പുകളുടെ ചുമതലകൾ തൊഴിലാളികൾ വിട്ടാൽ വീണ്ടും ലേലം വരും. അപ്പോൾ ആർക്കുവേണമെങ്കിലും കള്ളു ഷാപ്പുകുളുടെ നടത്തിപ്പുകാരുമാകാം. ഇതിന് വേണ്ടിയാണ് കള്ളക്കേസുകളിൽ ഷാപ്പ് നടത്തുന്ന തൊഴിലാളികളെ പെടുത്തുന്നത്.

അപ്രായോഗികമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും കള്ളു ഷാപ്പിൽ നിന്നും ആളുകളെ അകറ്റാനാണ്. പല കള്ളു ഷാപ്പുകളിലും നല്ല ആഹാരമാണ് നൽകുന്നത്. ഇത് കഴിക്കാൻ കുടുംബ സമേതം പോലും ആളുകളെത്തുമായിരുന്നു. ഇതില്ലാതാക്കി ഷാപ്പുകളുടെ വരുമാനം കുറയ്ക്കാനുള്ള കള്ളക്കളികളും സജീവമാണ്. ഇതെല്ലാം വൻകിട ബാറുടമകളുടെ ഷാപ്പുകളിന്മേലുള്ള കണ്ണ് മനസ്സിലാക്കിയുള്ള എക്‌സൈസുകാരുടെ കള്ളക്കളിയാണ്. വ്യാജമദ്യം ഒഴിവാക്കാനായി ഋഷിരാജ് സിങ് എടുത്ത മുൻകരുതലുകളിൽ വെള്ളം ചേർത്ത് വൻകിടക്കാരെ വളർത്താനാണ് ഇവരുടെ ശ്രമം. ഇതിനെതിരെയാണ് എതിർപ്പ് ശക്തമാകുന്നത്. എക്‌സൈസ് ഓഫീസർമാരുെട കാര്യക്ഷമത ഉറപ്പാക്കാൻ എല്ലാ ദിവസം കേസുകളുണ്ടാക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും ഋഷിരാജ് സിങ് നിർദ്ദേശിച്ചിരുന്നു. എന്നാൽ കള്ളക്കേസുകളെടുത്ത് കമ്മീഷണറുടെ തീരുമാനത്തെ അട്ടിമറിക്കുകയാണ് ബഹുഭൂരിപക്ഷം ഉദ്യോഗസ്ഥരും. ചെറുകിട ബാറുകൾക്കെതിരെയും അനവധി കേസുകളാണ് നടത്തുന്നത്.

ഇന്നലെ പത്തനംതിട്ടയിലെ ഷാപ്പിൽ എത്തിയ എക്‌സൈസ് ഉദ്യോഗസ്ഥർ ഷാപ്പു നടത്തുന്ന തൊഴിലാളിയെ കസ്റ്റഡിയിൽ എടുത്തു കൊണ്ടു പോയി. പരിശോധന നടത്തിയവർക്ക് മായം കലർന്നതോ പഴയതോ ആയ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും കള്ള് കുടിക്കാൻ വന്ന ഒരാൾ വീട്ടിൽ കൊണ്ടു പോകാൻ വാങ്ങി കൊണ്ടു വന്ന രണ്ട് കിലോ പഞ്ചസാര എടുത്തു കൊണ്ടു പോയി കേസ് എടുക്കുക ആയിരുന്നു. തൊഴിലാളി പ്രതിനിധിയായി ഷാപ്പു നടത്തി കൊണ്ടിരുന്ന യുവാവിനെ ഇന്നലെ രാത്രി മുഴുവൻ എക്‌സൈസുകാർ തടവിൽ വച്ചു. റാന്നി എംഎൽഎ രാജു എബ്രഹാം അടക്കമുള്ളവർ ഇടപെട്ടെങ്കിലും റാന്നി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ രാജു വഴങ്ങിയില്ല. ഇന്ന് രാവിലെ മാത്രമാണ് വിട്ടയച്ചത്. കഴിഞ്ഞ ദിവസം പരിശോധനക്കെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുക്കാതിരുന്നതിന്റെ വാശിയിലാണ് ഇന്നലെ പ്രത്യേക റെയഡ് നടത്തിയതെന്നാണ് സൂചന. അനധികൃതമായി ഒന്നും ചെയ്യാത്തതുകൊണ്ട് കൈക്കൂലി നൽകുന്നത് എന്തിനാണ് സാറെ എന്നു ഷിചോദിച്ചതിനുള്ള പ്രതികാരമായാണ് ഇപ്പോഴത്തെ നടപടിയെന്ന് പിടിയിലായ യുവാവിന്റെ സുഹൃത്തുക്കൾ പറയുന്നു.

ഋഷിരാജ് സിംഗിന്റെ കർക്കശത്തിന്റെ പേരിൽ ഷാപ്പ് നടത്തിപ്പുകാരെ ബുദ്ധിമുട്ടിക്കുന്നത് ശീലമായതോടെ ഷാപ്പുകൾ അടഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇതോടെ ഷാപ്പുകൾ പഴയത് പോലെ ലേലം ചെയ്തു ബാറുകളുടെ കയ്യിൽ തന്നെ എത്തുമെന്നാണ് സൂചന. ബാറുകൾ അടഞ്ഞതോടെ ഷാപ്പുകളിൽ ചെലവ് കൂടിയതാണ് പഴയ ബാറുകളെ വീണ്ടും കള്ള് കച്ചവടത്തിലേക്ക് ആകർഷിക്കുന്നത്. തൊഴിലാളികളുടെ കയ്യിൽ നിന്നും കിട്ടുന്ന നക്കാപ്പിച്ചയേക്കാൾ നല്ലത് റേഞ്ച് പിടിക്കുന്ന ബാറുകളാണ് എന്ന തിരിച്ചറിവാണ് ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും. അതിലേക്കുള്ള വഴിയായി മാറുകയാണ് ഋഷിരാജ് സിംഗിന്റെ ഇപ്പോഴത്തെ റെയ്ഡ് നാടകങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP