Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രൂപശ്രീയും വെങ്കിട്ടരമണയും ഒരേ സമയം ജോലിക്ക് കയറിയവർ; സൗഹൃദത്തിന് തെളിവായി വാട്‌സാപ്പ് സന്ദേശങ്ങൾ; മറ്റൊരാളുമായി കൂട്ടൂകാരിക്ക് അടുപ്പമുണ്ടെന്ന തോന്നൽ ഡ്രോയിങ് മാഷിന്റെ മനോനില തെറ്റിച്ചു; സാമ്പത്തിക തർക്കങ്ങൾ പ്രതികാരം ഇരട്ടിച്ചു; സ്‌കൂളിൽ വിളിച്ചു വരുത്തി വീട്ടിൽ കൊണ്ടു പോയി ബക്കറ്റിൽ തല മുക്കി കൊലപാതകം; കൂട്ടുകാരന്റെ സഹായത്താൽ കടലിൽ മൃതദേഹം ഉപേക്ഷിച്ചതും രക്ഷപ്പെടൽ തന്ത്രത്തിന്റെ ഭാഗം; മിയാപദവിലെ അദ്ധ്യാപികയുടെ കൊലയിൽ നിർണ്ണായകമായത് ഫോറൻസിക് പരിശോധന

രൂപശ്രീയും വെങ്കിട്ടരമണയും ഒരേ സമയം ജോലിക്ക് കയറിയവർ; സൗഹൃദത്തിന് തെളിവായി വാട്‌സാപ്പ് സന്ദേശങ്ങൾ; മറ്റൊരാളുമായി കൂട്ടൂകാരിക്ക് അടുപ്പമുണ്ടെന്ന തോന്നൽ ഡ്രോയിങ് മാഷിന്റെ മനോനില തെറ്റിച്ചു; സാമ്പത്തിക തർക്കങ്ങൾ പ്രതികാരം ഇരട്ടിച്ചു; സ്‌കൂളിൽ വിളിച്ചു വരുത്തി വീട്ടിൽ കൊണ്ടു പോയി ബക്കറ്റിൽ തല മുക്കി കൊലപാതകം; കൂട്ടുകാരന്റെ സഹായത്താൽ കടലിൽ മൃതദേഹം ഉപേക്ഷിച്ചതും രക്ഷപ്പെടൽ തന്ത്രത്തിന്റെ ഭാഗം; മിയാപദവിലെ അദ്ധ്യാപികയുടെ കൊലയിൽ നിർണ്ണായകമായത് ഫോറൻസിക് പരിശോധന

എം മനോജ് കുമാർ

കാസർകോട്: കാസർകോട് മഞ്ചേശ്വരം മിയാപദവിയിലെ അദ്ധ്യാപിക രൂപശ്രീയെ, പിടിയിലായ അദ്ധ്യാപകൻ വെങ്കിട്ടരമണ കരന്തര കൊലപ്പെടുത്തിയത് വീട്ടിൽ വച്ച്. ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കൊല്ലപ്പെട്ട രൂപശ്രീയും പിടിയിലായ അദ്ധ്യാപകനും തമ്മിൽ നേരത്തെ തന്നെ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. ഇതേച്ചൊല്ലിയുള്ള പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. നേരത്തെ പ്രതിയെ കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും വ്യക്തമായ തെളിവുകൾ കിട്ടാതിരുന്നതോടെ വിട്ടയക്കുകയായിരുന്നു.

രൂപശ്രീ ജോലി ചെയ്തിരുന്ന അതേ സ്‌കൂളിൽ സഹ അദ്ധ്യാപകനായിരുന്നു വെങ്കട്ടരമണ കരന്തര. ഇയാളുമായി രൂപശ്രീയ്ക്ക് നല്ല സൗഹൃദമുണ്ടായിരുന്നെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സൗഹൃദം പിന്നീട് ശല്യമായെന്നും ഇത് രൂക്ഷമായതിനെത്തുടർന്നാണ് കൊലപാതകമെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രൂപശ്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സമയത്ത് തന്നെ അവരുടെ സ്‌കൂളിലെ സഹ അദ്ധ്യാപകരെയും സുഹൃത്തുകളെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. അന്ന് സ്‌കൂളിലെ ഡ്രോയിങ് അദ്ധ്യാപകനായ വെങ്കട്ടരമണയുടെ പെരുമാറ്റത്തിൽ പൊലീസിന് സംശയം തോന്നിയിരുന്നു. ആദ്യം വെങ്കട്ടരമണയെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. പിന്നീട് കൃത്യമായ തെളിവുകൾ ശേഖരിച്ച ശേഷമാണ് വെങ്കട്ടരമണയെ പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തത്.

രൂപശ്രീയെ വീട്ടിലേക്ക് വിളിച്ച് വരുത്തിയ വെങ്കട്ടരമണ ബലംപ്രയോഗിച്ച് ബക്കറ്റിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നു. ഇതേത്തുടർന്ന് ഇയാൾ കാറിൽ മൃതദേഹം കൊണ്ടുവന്ന് കടലിൽ തള്ളുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇതുമായി ബന്ധപ്പെട്ട് വെങ്കട്ടരമണയുടെ വീട്ടിലെത്തി പൊലീസ് വിശദമായ ഫൊറൻസിക് പരിശോധനകൾ നടത്തി. കാറിന്റെ ഡിക്കിയിൽ നിന്ന് പൊലീസിന് രൂപശ്രീയുടെ മുടിയും ടയറിൽ നിന്ന് ശരീരസ്രവങ്ങൾ പോലുള്ള തെളിവുകളും കിട്ടിയിട്ടുണ്ടെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. രൂപശ്രീയും വെങ്കട്ടരമണയും ഏതാണ്ട് ഒരേസമയം ജോലിയിൽ പ്രവേശിച്ചവരാണ്. നല്ല സൗഹൃദവുമുണ്ടായിരുന്നു. എന്നാൽ രൂപശ്രീയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ട് എന്ന തരത്തിലുള്ള സംശയം വെങ്കട്ടരമണയ്ക്ക് ഉണ്ടാവുകയും അതിന്റെ പേരിൽ അവരെ വല്ലാതെ ശല്യം ചെയ്യുകയും ചെയ്തിരുന്നു. ഇത് കുടുംബാംഗങ്ങളോടടക്കം രൂപശ്രീ പറഞ്ഞിരുന്നതാണ്. സ്വന്തം മക്കളോടും അനുജത്തിയോടും, തനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി വെങ്കട്ടരമണയാകുമെന്ന് നേരത്തേ പറഞ്ഞിരുന്നു.

മരിച്ച നിലയിൽ രൂപശ്രീയെ കണ്ടെത്തിയ ശേഷം ഇത് കുടുംബാംഗങ്ങൾ പൊലീസിനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദ്യം വെങ്കട്ടരമണയെ പൊലീസ് ചോദ്യം ചെയ്തത്. എന്നാൽ കൃത്യമായ തെളിവുകൾ കിട്ടിയിട്ടില്ലാത്തതിനാൽ പൊലീസ് ഇയാളെ അന്ന് വിട്ടയച്ചു. എന്നാൽ പിന്നീട് ലോക്കൽ പൊലീസിൽ നിന്ന് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു. ഇതേത്തുടർന്നാണ് നിർണായകമായ തെളിവുകൾ ജില്ലാ ക്രൈംബ്രാഞ്ച് ശേഖരിക്കുകയും ഫൊറൻസിക് തെളിവുകൾ ഉൾപ്പടെ കണ്ടെത്തി വെങ്കട്ടരമണയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. രൂപശ്രീയെ വീട്ടിനകത്ത് വെച്ച് കൊലപ്പെടുത്തിയശേഷം കാറിൽ കോയിപ്പാടി കടപ്പുറത്തുകൊണ്ടുപോയി തള്ളുകയായിരുന്നു. തലമുടി മുറിച്ചുനീക്കിയ നിലയിലായിരുന്നു മൃതദേഹം.

രൂപശ്രീയുടെ ബാഗും ഐഡന്റിറ്റി കാർഡും ഒരു സ്മാർട്ട് ഫോണും കാണാതായിരുന്നു. ഇത് കേസന്വേഷണം വഴി തിരിച്ചുവിടാനായി ഇത് പലഭാഗങ്ങളിലായി വെങ്കിട്ടരമണ ഉപേക്ഷിക്കുകയായിരുന്നു. ബാഗും ഐഡന്റിറ്റി കാർഡും കണ്ണൂർ കടപ്പുറത്ത് ഉപേക്ഷിച്ചു. ഇത് കണ്ടെത്തിയിരുന്നു. കാണാതായ സ്മാർട്ട് ഫോൺ രൂപശ്രീയുടെ ബെഡ്റൂമിൽ നിന്നും കണ്ടെത്തി. രൂപശ്രീ മരിച്ചശേഷം ദൂരെയുള്ള ടവർ ലൊക്കേഷനാണ് ഫോൺ കാണിച്ചിരുന്നത്. ഈ ഫോൺ എങ്ങനെ അദ്ധ്യാപികയുടെ ബെഡ്റൂമിലെത്തി എന്നതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നാണ് അന്വേഷിക്കുന്നത്. രൂപശ്രീയെ കാണാതാകുന്നതിന് തൊട്ടുമുമ്പ് വെങ്കിട്ടരമണ ഫോണിൽ സംസാരിച്ചതും, ഒരുമിച്ച് ഉണ്ടായിരുന്നതിന്റെയും തെളിവുകൾ പൊലീസിന് ലഭിച്ചിരുന്നു.

കണ്ടെടുത്ത ഫോണിൽ നിന്നും ഇരുവരും തമ്മിലുള്ള വ്യക്തിപരമായ അടുപ്പം വെളിവാക്കുന്ന വാട്സ് ആപ്പ് സന്ദേശങ്ങളും പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. തെളിവുകൾ കിട്ടിയതോടെ സ്‌കൂളിലെ ഡ്രോയിങ് അദ്ധ്യാപകൻ വെങ്കിട്ടരമണ കരന്തരയെയും സഹായിയും ഡ്രൈവറുമായ നിരഞ്ജനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ജനുവരി 14നാണ് രൂപശ്രീയെ കാണാതായത്. അന്നേ ദിവസം രാവിലെ സ്‌കൂളിലെത്തിയ രൂപശ്രീ ഉച്ചയോടെ വെങ്കിട്ടരമണക്കൊപ്പം പ്രതിയുടെ വീട്ടിലേക്ക് പോയി. അവിടെ വെച്ച് രൂപശ്രീയെ ബക്കറ്റിലെ വെള്ളത്തിൽ തലമുക്കി കൊലപ്പെടുത്തുകയായിരുന്നു. ശേഷം ഡ്രൈവർ നിരഞ്ജനെ വിളിച്ചു വരുത്തി. നിരഞ്ജന്റെ സഹായത്തോടെ വാഹനത്തിൽ കയറ്റിയ മൃതദേഹം, മഞ്ചേശ്വരം നഗരത്തിലൂടെ കൊണ്ടു പോയി കോയിപ്പാടി കടപ്പുറത്ത് ഉപേക്ഷിക്കുകയായിരുന്നു.

അദ്ധ്യാപികയുടേത് മുങ്ങിമരണമാണെന്നായിരുന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ടിലും സൂചിപ്പിച്ചിരുന്നത്. എന്നാൽ രൂപശ്രീയുടെ മരണം കൊലപാതകമാണെന്ന് ബന്ധുക്കൾ ഉറപ്പിച്ചു പറഞ്ഞു. ലോക്കൽ പൊലീസിന് വ്യക്തമായ തെളിവു കണ്ടെത്താനാകാതിരുന്നതോടെ, കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു. ക്രൈംബ്രാഞ്ച് സംഘം നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇതുകൊലപാതകമാണെന്ന് തെളിഞ്ഞത്. മിയാപദവ് എസ്വിഎച്ച്എസ്എസിലെ അദ്ധ്യാപികയായിരുന്നു രൂപശ്രീ. കാണാതായതിന്റെ അന്ന് ഉച്ചയ്ക്ക് സ്‌കൂളിൽ നിന്ന് ഇറങ്ങിയ രൂപശ്രീ ഹൊസങ്കടിയിൽ സഹപ്രവർത്തകയുടെ ബന്ധുവിന്റെ വിവാഹച്ചടങ്ങിലും, മകൾ പഠിക്കുന്ന മഞ്ചേശ്വരത്തെ സ്‌കൂളിലും എത്തിയിരുന്നു. വൈകിട്ടു വീട്ടിലെത്താത്തതിനാൽ രൂപശ്രീയുടെ രണ്ടു ഫോണുകളിലും വിളിച്ചെങ്കിലും ഒരെണ്ണം സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.

മൂന്നു ദിവസത്തിന് ശേഷം അഴുകിത്തുടങ്ങിയ നിലയിൽ കുമ്പള കോയിപ്പാടി കടപ്പുറത്ത് രൂപശ്രീയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തലമുടി മുറിച്ചുനീക്കിയ നിലയിലായിരുന്നു മൃതദേഹം. കടപ്പുറത്ത് കൂടി നടന്നുപോവുകയായിരുന്ന മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. വിവാഹമോതിരം വച്ചാണു ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP